സ്വതന്ത്ര ഭാരതം (പത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതന്ത്ര്യ സമര കാലത്ത്(1942 - 43) മാതൃഭൂമിയുടെ ബോംബെ പ്രതിനിധിയായിരുന്ന വി.എ. കേശവൻ നായർ ആരംഭിച്ച് പ്രവർത്തിപ്പിച്ചിരുന്ന അണ്ടർഗ്രൗണ്ട് പത്രമായിരുന്നു സ്വതന്ത്ര ഭാരതം. മാതൃഭൂമി മാനേജരായിരുന്ന എൻ. കൃഷ്ണൻ നായരായിരുന്നു ഈ പേര് നിർദേശിച്ചത്. ഒരു ചെറിയ അച്ചടി യന്ത്രം ഈ ആവശ്യത്തിന് വിട്ടു കൊടുക്കുകയും ചെയ്തു. വാരികയായിട്ടായിരുന്നു സ്വതന്ത്ര ഭാരതം പുറത്തു വന്നത്.[1] പിന്നീട് എൻ.വി. കൃഷ്ണവാരിയരുടെ നേതൃത്വത്തിൽ പുറത്തിറങ്ങി. കോൺഗ്രസിലെ തീവ്രവാദഭാഗത്തിന്റെ പത്രമായിരുന്നു ഇത്. സ്വതന്ത്രഭാരതം ഒളിവിൽനിന്നു പ്രസിദ്ധീകരിക്കുന്ന ചുമതലയോടെ ആയിരുന്നു എൻ.വി.യുടെ വിപ്ളവപ്രവർത്തനങ്ങൾക്ക് തുടക്കം. 1942 ൽ അധ്യാപക  ജോലി രാജിവെച്ചാണ് ഒളിവിൽ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തിയത്.[2] റബ്ബർറോളർവെച്ച് അമർത്തി ഉരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്റെ റിപ്പോർട്ടറും എഡിറ്ററും അച്ചുനിരത്തുകാരനും പ്രിൻററും വിതരണക്കാരനും എല്ലാം എൻ.വി. ഒരാളായിരുന്നു. ഉറവിടമെവിടെയെന്നറിയാതിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.[3] പോലീസ് പിന്നാലെ ഉള്ളതിനാൽ അച്ചും റോളറും ബെഡ്ഡും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം നിത്യേന അച്ചടികേന്ദ്രം മാറ്റുമായിരുന്നു.[4] ഇതു പിന്നീട് നിരോധിക്കുകയുണ്ടായി.

സ്വാതന്ത്ര ഭാരതം പത്രിക കേസ്[തിരുത്തുക]

സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്ന മറ്റുള്ള പത്രങ്ങളെല്ലാം നിന്നു പോവുകയോ അടപ്പിക്കുകയോ ചെയ്തു. പക്ഷേ സ്വതന്ത്ര ഭാരത പത്രിക നാട്ടിലുടനീളം വ്യാപിച്ചു. സർക്കാരിനെതിരെയുള്ള കവിതകളും ലേഖനങ്ങളുമാണ് ഇതിൽ പ്രധാനമായി പ്രസിദ്ധീകരിക്കപ്പെട്ടത്. സഞ്ജയന്റെ നിരവധി കവിതകളും ലേഖനങ്ങളും ഇതിലൂടെ പുറത്തു വന്നു.[5] ബ്രിട്ടീഷ് സർക്കാരിനു "സ്വതന്ത്ര ഭാരതം" ഒരു തലവേദന തന്നെ സൃഷ്ടിച്ചു കുടകിൽ വെച്ച് ഈ പ്രസ്സിന്റെ അച്ചുകൂടവും പത്ര താളുകളും നശിപ്പിക്കുകയും നേതാക്കൻ മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ പത്രികയുടെ അടുത്ത ലക്കവും പുറത്തിറങ്ങി. പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. അതിനെത്തുടർന്ന് അച്ചുകൂടം കുടകിൽ നിന്ന് മാഹിയിലേക്ക് മാറ്റാൻ ആലോചിച്ചു. മാറ്റുന്നതിന് മുൻപ് രഹസ്യ യോഗത്തിൽ അച്ചുകൂടം കീഴരിയൂരിൽ സൂക്ഷിക്കാൻ തീരുമാനമായി.

അവലംബം[തിരുത്തുക]

  1. പ്രൊഫസർ കെ. ഗോപാലകൃഷ്ണൻ (2005). എൻ.വി. കൃഷ്ണവാരിയർ. തിരുവനന്തപുരം: സാസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. pp. 50–60. ISBN 81-88087-31-9.
  2. "Krishna Warrier. N.V." keralamediaacademy.org. keralamediaacademy. Retrieved 13 May 2021.
  3. രത്നാകരൻ, മാങ്ങാട് (22 May 2021). "വാഗ്ദേവിയാൽ സംലാളിതൻ". മാതൃഭൂമി ആഴ്ചപ്പതിപ്പ്. {{cite journal}}: |access-date= requires |url= (help)
  4. സി. രാധാകൃഷ്ണൻ (12 May 2017). "മനീഷിയും മഹർഷിയും". മാതൃഭൂമി. Archived from the original on 2021-02-28. Retrieved 12 May 2021.
  5. ഉണിത്തിരി, എൻ.വി.പി. "സംഭവബഹുലമായൊരു ജീവിതം" (PDF). http://www.nvkrishnawarrior.org. www.nvkrishnawarrior.org. Retrieved 13 May 2021. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=സ്വതന്ത്ര_ഭാരതം_(പത്രം)&oldid=3800712" എന്ന താളിൽനിന്ന് ശേഖരിച്ചത്