Jump to content

സ്റ്റാർട്ടപ്പ് കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നൂതന ഉൽ‌പ്പന്നമോ സേവനമോ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനായി ഒന്നോ അതിലധികമോ സംരംഭകർ ചേർന്ന് സ്ഥാപിക്കുന്ന ഒരു യുവ കമ്പനിയെയാണ് സ്റ്റാർട്ടപ്പ് കമ്പനി (സ്റ്റാർട്ടപ്പ് അല്ലെങ്കിൽ സ്റ്റാർട്ട്-അപ്പ്) അഥവാ നവ സംരംഭം എന്നുപറയുന്നത്. ഇതുവഴി ഒരു വിപണന ആവശ്യം നിറവേറ്റാൻ ആ കമ്പനി ശ്രമിക്കുന്നു. സ്റ്റാർട്ടപ്പുകൾ ഒരു ഏക സ്ഥാപനം എന്നതിനപ്പുറം, വലിയ വളർച്ച കൈവരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസുകളെയാണ് സൂചിപ്പിക്കുന്നത്. മികച്ച സംരംഭങ്ങൾക്ക് മുതൽമുടക്കാനും വിപണനസാധ്യതകൾ ഉറപ്പാക്കാനും വിവിധ ഏജൻസികളും സർക്കാരും ഏഞ്ചൽ ഇൻവെസ്റ്റേഴ്സും തയ്യാറായി മുന്നോട്ട് വന്നത് ആധുനിക കാലത്ത് സ്റ്റാർട്ടപ്പ് കമ്പനികൾ തഴച്ചുവളരാൻ സഹായകമായി. ബെർലിന് ശേഷം സ്റ്റാർട്ടപ്പുകൾക്കായി ഏറ്റവും കൂടുതൽ വെഞ്ച്വർ ഫണ്ട്‌ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ന് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ജോലി അന്വേഷിക്കുന്നതിനുപകരം തൊഴിൽ സംരംഭാകരാവുന്ന പ്രവണത രാജ്യത്തെമ്പാടും വർധിച്ചുവരുന്നു. [1]

ഒരു സ്റ്റാർട്ടപ്പ് സാധാരണയായി ഒരു ചെറിയ ബിസിനസ്സ് പങ്കാളിത്തം അല്ലെങ്കിൽ ഒരു ഓർഗനൈസേഷനാണ്. ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇത്തരത്തിലുള്ള കമ്പനികൾ ലക്ഷ്യമിടുന്നത്. മിക്കപ്പോഴും, സ്റ്റാർട്ടപ്പ് കമ്പനികൾ ഇന്റർനെറ്റ്, ഇ-കൊമേഴ്‌സ്, കമ്പ്യൂട്ടറുകൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവ ഉപയോഗിക്കുന്നു. ഉയർന്ന തോതിലുള്ള പരാജയനിരക്കും അനിശ്ചിതമായ ഫലങ്ങളും കാരണം ദീർഘകാലാടിസ്ഥാനത്തിലുള്ള പരിശ്രമം പ്രത്യേകിച്ചും വെല്ലുവിളിയാണ്. 1990കളുടെ അവസാനത്തിൽ ധാരാളം ഇന്റർനെറ്റ് അധിഷ്ഠിത സ്റ്റാർട്ടപ്പ് കമ്പനികൾ രൂപീകരിക്കപ്പെട്ടു. [2]

ഇൻകുബേറ്റർ

[തിരുത്തുക]

സ്റ്റാർട്ടപ്പ് കമ്പനികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളാണ് ഇൻകുബേഷൻ സെന്ററുകൾ (ഇങ്കുബേറ്റർ). തിരുവനന്തപുരം ടെക്നോപാർക്കും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ചേർന്ന് 2006ൽ ടെക്നോപാർക്കിൽ ആരംഭിച്ച ടെക്നോളജി ബിസ്നെസ്സ് ഇൻകുബേറ്ററാണ് (ടി ടി ബി ഐ) കേരളത്തിൽ സ്റ്റാർട്ടപ്പ് വിപ്ലവത്തിനു തുടക്കം കുറിച്ചത്. കളമശ്ശേരി കിൻഫ്ര ക്യാമ്പസ്സിലും ഒരു സ്റ്റാർട്ടപ്പ് വില്ലേജ് ആരംഭിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ ഒരു കമ്പനിക്ക് വേണ്ടത്ര വ്യവസായ ബന്ധങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടാകണമെന്നില്ല. ഇൻകുബേറ്ററുകൾ സഹായകമാകുന്നത് ഇവിടെയാണ്. സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായോ ചെറിയ നിരക്കുകളിലോ ലഭിക്കും. ബ്രാൻഡിങ്ങിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും ഇൻകുബേറ്ററുകൾ സഹായിക്കും. സ്റ്റാർട്ടപ്പ് അക്സിലറേറ്റർ പ്രോഗ്രാമുകൾ, മത്സരങ്ങൾ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനും ഇത്തരം സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളെ സഹായിക്കും. [3] എത്ര ആസൂത്രണത്തോടെ ആരംഭിച്ചാലും കമ്പനി വേണ്ടത്ര ശ്രദ്ധ നേടിയില്ലന്നു വരും. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനം കൂടിയാണ് ഇൻകുബേഷൻ സെന്ററുകളും നൽകുന്നത്. ജോലികിട്ടാത്തതുകൊണ്ടല്ലേ കമ്പനി തുടങ്ങിയതെന്നുൽപ്പടെ പല ചോദ്യങ്ങളും നേരിടേണ്ടിവരാം. പക്ഷെ ഇത്തരം പ്രതിസന്ധികളെ നേരിട്ടു മികച്ച വിജയം സ്വാന്തമാക്കുന്ന ഒട്ടേറെ സ്റ്റർട്ടുപ്പുകൾ കേരളത്തിലുണ്ടെന്നതു ശ്രദ്ധേയം. പല എൻജിനിയറിങ് കോളേജുകളും സഹായവും നൽകുന്നുണ്ട്.

സർക്കാർ സഹായം

[തിരുത്തുക]

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ സ്റ്റർട്ടുപ്പുകൾക്കു സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം 10,000 പദ്ധതികൾക്കു സഹായവുമായി രംഗത്തുണ്ട്. ആദ്യഘട്ടത്തിൽ മൂലധനം കണ്ടെത്താൻ ഇതെല്ലാം സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നു. വിദ്യാർത്ഥിസംരംഭരകർക്ക് ഗ്രേസ് മാർക്കും ഹാജരും നൽകുന്ന സംരംഭക നയവുമായി സംസ്ഥാന സർക്കാരും രംഗത്തുണ്ട്. [4]

വഴികാട്ടാൻ ഇന്നവേഷൻ സോൺ

[തിരുത്തുക]

ഇൻകുബേഷൻ സെന്ററുകളോടു ചേർന്ന് ഇന്നവേഷൻ സോണുകളും ഇന്നുണ്ട്. വേറിട്ട ആശയങ്ങളുള്ളവർക്ക് അവ യാഥാർഥ്യമാക്കാനുള്ള സാങ്കേതിക സഹായം നൽകുന്ന ഇടങ്ങളാണിവ. പല പരീക്ഷണങ്ങൾക്കും ആവശ്യമായ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ പക്കലുണ്ടാകണമെന്നില്ല. ഇതിനുള്ള സൗകര്യങ്ങളാകും ഇന്നവേഷൻ സോണുകൾ ഒരുക്കുക. [5]

ആക്സിലറേറ്റർ

[തിരുത്തുക]

സ്റ്റാർട്ടപ്പ് തുടങ്ങി കുറച്ചു കഴിയുമ്പോൾ പഴയ ഊർജ്ജം ഉണ്ടാകണമെന്നില്ല. ഇവർക്കു കരുത്തേകാനാണ് ഗൂഗിൾ ഉൾപ്പെടെയുള്ളവയുടെ ആക്സിലറേറ്റർ സെന്ററുകളും പ്രോഗ്രാമുകളും. സ്റ്റർട്ടുപ്പുകൾക്കു പങ്കെടുക്കാവുന്ന മത്സരങ്ങളോ പ്രത്യേക പരിശീലന പദ്ധതികളോ ഉണ്ടാകും. മത്സരത്തിൽ വിജയിക്കുന്നവർക്കു വൻകിട കമ്പനികളുടെ സഹായവും പിന്തുണയും ലഭിക്കും. [6]

ഏഞ്ചൽ ഇൻവെസ്റ്റർ

[തിരുത്തുക]

സ്റ്റർട്ടുപ്പുകളുടെ സഹായകരാണ് ഏഞ്ചൽ ഇൻവെസ്റ്റർമാർ. സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ട പ്രവർത്തങ്ങൾക്കു ശേഷം ഉത്പന്നവും സേവനവും വിപണിയിലെത്തിക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിലായാണ് എഞ്ചൽ ഇൻവെസ്റ്റർമാർ രക്ഷക്കെത്തുന്നത്. ഭാവിയിൽ കമ്പനി തന്നെ സ്വന്തമാക്കാനുള്ള സാധ്യതകളും ഇവരുടെ മനസ്സിലുണ്ടാകും. രത്തൻ ടാറ്റ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഏഞ്ചൽ ഇൻവെസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടനകളുണ്ട്. [7]

യുണിക്കോൺ സ്റ്റാർട്ടപ്പുകൾ

[തിരുത്തുക]

സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ എപ്പോഴും പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന വാക്കാണ് യുണിക്കോൺ സ്റ്റാർട്ടപ്പുകൾ. പ്രവർത്തനം തുടങ്ങി അതിവേഗത്തിൽ ഒരു ബില്ല്യൺ ഡോളർ മൂല്യം (6350 കോടി രൂപ) കൈവരിക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് യുണികോൺ സംരംഭങ്ങൾ എന്ന് വിളിക്കാറുള്ളത്. ഒരു ബില്ല്യൺ ഡോളറിൽ ഒരു സ്റ്റാർട്ടപ്പിന് മൂല്യം കൈവരുകയെന്നത് അസാധാരണമായ കാര്യമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വേറിട്ട പേരിൽ വിളിക്കുന്നത്. [8]

തുടക്കം

[തിരുത്തുക]

2013ൽ ഐലിൻ ലീ എന്ന വെഞ്ച്വർ കാപ്പിറ്റലിസ്റ്റാണ് യുണികോൺ സ്റ്റാർട്ടപ്പ് എന്ന പദം ആദ്യമായി അവതരിപ്പിച്ചത്. ആ സമയത്ത് ലോകത്ത് ആകെ 39 കമ്പനികളാണ് യുണികോൺ വിശേഷണത്തിന് അർഹമായിട്ടുണ്ടായിരുന്നത്. 2017ൽ 57 സ്റ്റാർട്ടപ്പുകളാണ് യുണികോൺ പട്ടികയിൽ ചേർത്തപ്പെട്ടത്. ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഉബർ ആണ് ഏറ്റവും വലിയ യുണികോൺ സ്റ്റാർട്ടപ്പ്. മൂല്യം 70 ബില്ല്യൺ ഡോളർ. രണ്ടാം സ്ഥാനത്തുള്ളത് ചൈനയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ദിദി ചക്ഷിംഗ് ആണ്. മൂല്യം 56 ബില്ല്യൺ ഡോളർ.

ഇന്ത്യയിലെ യുണിക്കോൺ സ്റ്റാർട്ടപ്പുകൾ

[തിരുത്തുക]

10 യുണികോൺ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. പേമെന്റ് സർവീസായ പേടിഎം, ആപ്പ് അധിഷ്ഠിത സംരംഭം ഒല, മൊബീൽ അഡ്വർടൈസിംഗ് സ്റ്റാർട്ടപ്പായ ഇൻമൊബി, സൊമാറ്റോ, മുസിഗ്മ, ക്വിക്കർ, ഷോപ്പ്ക്ലൂസ്, ഹൈക്ക്, സ്‌നാപ്ഡീൽ എന്നീ സംരംഭങ്ങളാണ് ഇന്ത്യയിൽ നിന്നും യുണികോൺ പട്ടികയിലിടം നേടിയത്. [9]

ഇതും കാണുക

[തിരുത്തുക]

ഡിജിറ്റൽ ഇന്ത്യ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റാർട്ടപ്പ്_കമ്പനി&oldid=3307259" എന്ന താളിൽനിന്ന് ശേഖരിച്ചത്