സൂര്യാസ്തമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യാസ്തമയത്തിനു തൊട്ടുമുൻപ് - കേരളത്തിലെ ശംഖുമുഖം ബീച്ചിൽ നിന്നും

ദിനംതോറും സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുന്ന പ്രതിഭാസം. ഭൂമിയുടെ സ്വയംഭ്രമണം മൂലമാണ് സൂര്യാസ്തമയം സംഭവിക്കുന്നത്. ജ്യോതിശ്ശാസ്ത്രപരമായി സൂര്യബിംബം പൂർണ്ണമായും ചക്രവാളത്തിൽ മറയുമ്പോഴാണ് സൂര്യൻ അസ്തമിച്ചു എന്നു പറയുക. വളരെ മനോഹരമായ ഒരു കാഴ്ചയാണ് സൂര്യാസ്തമയം. ചിത്രകാരികളും സാഹിത്യകാരികളും തങ്ങളുടെ കലാസൃഷ്ടികൾക്കുള്ള പ്രചോദനമായി സൂര്യാസ്തമയത്തെ വിശേഷിപ്പിക്കാറുണ്ട്.

അസ്തമയം എന്ന വാക്കും പ്രചാരത്തിലുണ്ടെങ്കിലും അസ്തമയം എന്ന വാക്കിന്റെ തെറ്റായ രൂപവും പ്രയോഗവുമാണതു്.[1]

അസ്തമയസൂര്യന്റെ നിറം[തിരുത്തുക]

ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾക്കാണ് സൂര്യാസ്തമയസമയത്ത് പ്രാമുഖ്യം. സൂര്യബിംബത്തിനും അന്തരീക്ഷത്തിനും ഈ നിറഭേദം പ്രകടമായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സൂര്യരശ്മികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാലാണ് മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾക്ക് പ്രാമുഖ്യം വരുന്നത്. വിസരണം മൂലം വൈലറ്റ്, നീല, ഇൻഡിഗോ, പച്ച തുടങ്ങിയ നിറങ്ങളിൽ ഭൂരിഭാഗവും ചിതറിപ്പോവുകയും നമ്മുടെ കണ്ണിലെത്താതിരിക്കുകയും ചെയ്യും. എന്നാൽ തരംഗദൈർഘ്യം കൂ‌ടിയ മറ്റു നിറങ്ങൾക്ക് അധികം വിസരണം സംഭവിക്കാതെ നമ്മു‌ടെ കണ്ണിലെത്തുകയും ചെയ്യും. സൂര്യോദയസമയത്തും ഇതുതന്നെയാണ് സംഭവിക്കുന്നത് അന്തരീക്ഷമലിനീകരണം ഇല്ലാത്തയിടങ്ങളിൽ അസ്തമയസമയത്ത് മഞ്ഞ കൂടിയ നിറങ്ങളായിക്കും പ്രത്യക്ഷമാവുക, മലിനീകരണത്തിന്റെ തോത് കൂടുന്നതിനനുസരിച്ച് ചുവപ്പുനിറത്തിനു പ്രാമുഖ്യം വരികയും ചെയ്യാം. [2] സമുദ്രതീരങ്ങളിലെ അസ്തമയസമയത്ത് തീരത്തിനും ചുവന്ന നിറം തോന്നിക്കും. തിരമാലകളിലും തീരെത്തെ മണൽപ്പരപ്പിലും അസ്തമയസൂര്യന്റെ പ്രകാശം തട്ടിപ്രതിഫലിക്കുന്നതിനാൽ വളരെ ഭംഗിയേറിയ കാഴ്ചയാണ് സമുദ്രതീരങ്ങളിലെ അസ്തമയം. കടൽത്തീരങ്ങളിൽ സൂര്യസ്തമയവും സൂര്യോദയവും കാണാൻ നിരവധി ആളുകൾ എത്തിച്ചേരാറുണ്ട്.

സൂര്യനസ്തമിക്കാത്ത ഇടങ്ങൾ[തിരുത്തുക]

ഭൂമിയിലെ ചില സ്ഥലങ്ങളിൽ വർഷത്തിൽ രണ്ടുതവണ സൂര്യാസ്തമയം ഉണ്ടാകാറില്ല. ധ്രുവ്വപ്രദേശങ്ങളിലും അതിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലുമാണ് ഇങ്ങനെ കാണപ്പെടുന്നത്.

സൂര്യാസ്തമയം മറ്റുഗ്രഹങ്ങളിൽ[തിരുത്തുക]

ഭൂമിയിൽ മാത്രമല്ല, മറ്റു ഗ്രഹങ്ങളിലും ഭ്രമണം മൂലം സൂര്യാസ്തമയം സംഭവിക്കാറുണ്ട്. ഗ്രഹങ്ങളുടെ അന്തരീക്ഷസ്ഥിതി അനുസരിച്ച് പ്രതിഭാസത്തിന്റെ കാഴ്ചയിൽ വ്യത്യാസം ഉണ്ടാവും. ചൊവ്വയിലെ സൂര്യാസ്തമയ സമയത്ത് ഭൂമിയിൽ കാണപ്പെടുന്ന സൂര്യന്റെ മൂന്നിൽ രണ്ട് വലിപ്പം മാത്രമേ സൂര്യനുണ്ടാകൂ. [3]

ചൊവ്വയിലെ സൂര്യാസ്തമയം

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സി. മാധവൻ പിള്ള (1995) [മേയ് 1977]. അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്. അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896) (ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ പതിപ്പ്.). കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1. {{cite book}}: Cite has empty unknown parameters: |chapterurl= and |coauthors= (help); Unknown parameter |month= ignored (help)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-26.
  3. "A Moment Frozen in Time". Jet Propulsion Laboratory. June 10, 2005. ശേഖരിച്ചത് September 7, 2011. This article incorporates text from this source, which is in the public domain.
"https://ml.wikipedia.org/w/index.php?title=സൂര്യാസ്തമയം&oldid=3800595" എന്ന താളിൽനിന്ന് ശേഖരിച്ചത്