വിസരണം
വളരെ ചെറിയ തടസ്സങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസമാണ് വിസരണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം റെയ്‌ലീ വിസരണം (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നു. ഒരു മരത്തിന്റെ തണലിൽ ഇരുന്ന് പുസ്തകം വായിക്കാൻ കഴിയുന്നത് അന്തരീക്ഷത്തിലെ വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാൽ ചന്ദ്രനിൽ നിഴൽപ്രദേശം ഇരുട്ടിലായിരിക്കും.
ആകാശനീലിമ
[തിരുത്തുക]തരംഗദൈർഘ്യം കൂടിയ നിറങ്ങൾക്ക് വിസരണം കുറവായിരിക്കും. എന്നാൽ തരംഗദൈർഘ്യം കുറയുന്നതിനനുസരിച്ച് വിസരണത്തിന്റെ തോതും വർദ്ധിക്കുന്നു. ആകാശത്തിന്റെ നീലനിറത്തിനു കാരണവും ഈ പ്രതിഭാസമാണ്. തരംഗദൈർഘ്യം കുറഞ്ഞ നീല പകൽസമയത്ത് കൂടുതൽ വിസരണം ചെയ്യപ്പെടുകയും ആ വിസരിതപ്രകാശം കൂടുതലായി നമ്മുടെ കണ്ണിലെത്തുകയും ചെയ്യുന്നു. ഇതാണ് ആകാശനീലിമയ്ക്കുള്ള കാരണം.
പ്രഭാതത്തിലും സന്ധ്യാ സമയത്തുമുള്ള ചുവപ്പു നിറം
[തിരുത്തുക]സന്ധ്യാസമയത്തും പ്രഭാതത്തിലും സൂര്യരശ്മികൾക്ക് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. തരംഗദൈർഘ്യം കുറഞ്ഞ നീലപോലെയുള്ള നിറങ്ങൾ അന്തരീക്ഷത്തിൽ വിസരിച്ച് നഷ്ടപ്പെടുന്നു. എന്നാൽ തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് , മഞ്ഞ തുടങ്ങിയ നിറങ്ങൾക്ക് അധികം വിസരണം സംഭവിക്കുന്നുമില്ല. ഇതു കൊണ്ടു തന്നെ നമ്മുടെ കണ്ണിലെത്തുന്ന രശ്മികളിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ കൂടുതലായി കാണപ്പെടുകയും ചെയ്യും.
പൂർണ്ണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ ചുമപ്പ് നിറം
[തിരുത്തുക]പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ ഇരുണ്ട ചുമപ്പ് നിറത്തിൽ കാണാൻ സാധിക്കും. രക്തചന്ദ്രൻ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം. ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനിൽ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികൾ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിയ്ക്കുമ്പോൾ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുമ്പോൾ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു.