സുകുമാരി നരേന്ദ്രമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുകുമാരി നരേന്ദ്ര മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ കർണാടക സംഗീതജ്ഞയാണ് സുകുമാരി നരേന്ദ്രമേനോൻ . കേരള കലാ മണ്ഡലത്തിന്റെ നൃത്ത സംഗീതത്തിനുള്ള 2017 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1944ൽ പാലക്കാട്‌ ജില്ലയിലെ മണ്ണൂരിൽ പാരമ്പര്യ സംഗീതകുടുംബത്തിലായിരുന്നു അവരുടെ ജനനം. രാമവർമ്മ തമ്പാന്റെയും ചിന്നമണി നേത്യാരുടെയും മകളാണ്. അമ്മയും അമ്മൂമ്മയും സംഗീതജ്ഞരായിരുന്നു. പ്രമുഖ സംഗീതജ്ഞനായ മണ്ണൂർ രാജകുമാരനുണ്ണി സഹോദരനാണ്. ടൈഗർ വരദാചാരിയുടെ ശിഷ്യനായ പി.ആർ. സുബ്രഹ്മണ്യം, മുസിരി സുബ്രഹ്മണ്യയ്യർ, തിരുപ്പാമ്പരംസ്വാമിനാഥ പിള്ളൈ, ചിറ്റൂർ സുബ്രഹ്മണ്യപിള്ളൈ, ടി.ബൃന്ദ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരുടെ ശിക്ഷണത്തിലും സംഗീതം അഭ്യസിച്ചു. ചെമ്പൈവൈദ്യനാഥ ഭാഗവതരിൽ നിന്ന്‌ ഏതാനും കൃതികളും സ്വായത്തമാക്കി. ചെന്നൈ അഡയാറിലെ സെൻട്രൽ കോളേജ്‌ ഓഫ്‌ കർണ്ണാടിക്‌ മ്യൂസിക്കിൽനിന്ന്‌ ഫസ്റ്റ്‌ ക്ലാസ്സോടെ സംഗീത വിദ്വാൻ പാസ്സായി. 1960ൽ നീലേശ്വരം രാജാസ്‌ ഹൈസ്ക്കൂളിലും പിന്നീട്‌ പാലക്കാട്‌ മ്യൂസിക്ക്‌ കോളേജിലും സംഗീതാധ്യാപികയായി. 1963 മുതൽ കേരള കലാമണ്ഡലത്തിൽ സംഗീതാധ്യാപികയായി. കലാമണ്ഡലത്തിലെ നൃത്തവിദ്യാർത്ഥികളുടെ കൂടെ പാടാൻ വേണ്ടി കലാമണ്ഡലത്തിൽനിന്ന്‌ നൃത്തസംഗീതം പഠിച്ചു. 1975ൽ കവി പി.ടി. നരേന്ദ്രമേനോൻ വിവാഹം കഴിച്ചു. വിവാഹശേഷം കലാമണ്ഡലത്തിലെ ജോലി അവർ രാജിവച്ചു. 1962 മുതൽക്കുതന്നെ സുകുമാരി കച്ചേരികൾ അവതരിപ്പിച്ചിരുന്നു. യുകെ,യുഎസ്‌എ, യുഎഇ, ഫ്രാൻസ്‌, മലേഷ്യ, സിംഗപ്പൂർ, മൗറീഷ്യസ്‌, നൈജീരിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലും അവർ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിനിടെ ശ്രീലങ്കൻ ടിവി ചാനലായ രൂപവാഹിനിക്കുവേണ്ടിയും സുകുമാരി പാടി. എംടിയുടെ നിർമ്മാല്യം എന്ന ചിത്രത്തിൽ അവർ ആലപിച്ച 'പനിമതി മുഖി ബാലെ....' എന്ന സ്വാതിതിരുനാൾ പദം ശ്രദ്ധേയമായിരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത എംടിയുടെ നാലുകെട്ട്‌ എന്ന സീരിയലിലും അവർ പാടിയിട്ടുണ്ട്‌.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള കലാ മണ്ഡലത്തിന്റെ നൃത്ത സംഗീതത്തിനുള്ള 2017 ലെ പുരസ്കാരം[2]
  • ഭാരത സർക്കാർ സാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • വിദ്യാധിരാജ പുരസ്ക്കാരം

അവലംബം[തിരുത്തുക]

  1. https://www.madhyamam.com/local-news/thrissur/566890
  2. http://www.kalamandalam.org/Admin/Downloads/341_8567.pdf