സാമുവൽ റോഡ്മാൻ ഇർവിൻ
ഒരു അമേരിക്കൻ നേത്രരോഗവിദഗ്ദ്ധൻ ആയിരുന്നു സാമുവൽ റോഡ്മാൻ "റോഡ്" ഇർവിൻ (ജീവിതകാലം: 5 ഡിസംബർ 1906, സാൾട്ട് ലേക്ക് സിറ്റി, യൂട്ടാ - 27 ഫെബ്രുവരി 1999, ലഗൂണ ബീച്ച്, കാലിഫോർണിയ). ഇർവിൻ-ഗാസ് സിൻഡ്രോമിന്റെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്.[1][2]
ഇർവിൻ 1928-ൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദവും 1932-ൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് എം.ഡി.യും നേടി. 1936-ൽ മസാച്ചുസെറ്റ്സ് ഐ ആൻഡ് ഇയർ ഇൻഫർമറിയിൽ നിന്ന് നേത്രരോഗ റെസിഡൻസി പൂർത്തിയാക്കി.
റെസിഡൻസിക്ക് ശേഷം അദ്ദേഹം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ പിതാവിന്റെ പ്രാക്ടീസിൽ ചേർന്നു. എന്നാൽ താമസിയാതെ അദ്ദേഹം ഇന്ത്യയിലേക്ക് പോയി. അവിടെ 1936 മുതൽ 1937 വരെ മദ്രാസിലെ ബ്രിട്ടീഷ് ഗവൺമെന്റ് ഹോസ്പിറ്റലിൽ കേണൽ റൈറ്റിനൊപ്പം ജോലിചെയ്തു. നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ യൂറോപ്പിലെ പ്രധാന നേത്ര ക്ലിനിക്കുകൾ സന്ദർശിച്ച അദ്ദേഹം ലോസ് ഏഞ്ചൽസിലെ പ്രാക്ടീസിലേക്ക് തിരിച്ചെത്തി. അദ്ദേഹവും പിതാവും (പിന്നീട് സഹോദരൻ സാൻഡിയും) സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഫാക്കൽറ്റിയിൽ ചേർന്നു. അദ്ദേഹത്തിന്റെ രോഗികളിലൊരാളായ എസ്റ്റെല്ലെ ഡൊഹെനിയുടെ ഉദാരമായ സഹായത്തോടെ അവർ സതേൺ കാലിഫോർണിയ സർവകലാശാലയിൽ ഡൊഹെനി ഐ ഫൗണ്ടേഷൻ സ്ഥാപിച്ചു. കാലിഫോർണിയ സർവകലാശാല, ലോസ് ഏഞ്ചൽസ് വികസിച്ചുവന്നപ്പോൾ, അവിടത്തെ ക്ലിനിക്കൽ ചെയർ എന്ന നിലയിൽ നേത്രവിഭാഗം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. നേത്രരോഗവിഭാഗം ഒരു മുഴുസമയ അധ്യാപന സ്ഥാപനത്തിന്റെ തലത്തിലേക്ക് വികസിച്ചപ്പോൾ, സ്വകാര്യ പ്രാക്ടീസിൽ തുടരാൻ അദ്ദേഹം തീരുമാനിച്ചു. ഡിപ്പാർട്ട്മെന്റിന്റെ ചുമതല ബ്രാഡ്ലി സ്ട്രാറ്റ്സ്മയ്ക്ക് കൈമാറിയെങ്കിലും അദ്ദേഹം ക്ലിനിക്കൽ പ്രൊഫസറായി തുടർന്നു.[2]
1942 മുതൽ 1946 വരെ ഇർവിൻ അമേരിക്കൻ ഐക്യനാടുകളുടെ വ്യോമസേനയിൽ മേജർ ആയിരുന്നു. 1950–1951 അധ്യയനവർഷത്തിൽ അദ്ദേഹം വിൽമർ ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. അവിടെ കോർണിയയിലെ വടുക്കളിൽ സ്റ്റിറോയിഡുകൾ ചെലുത്തുന്ന ഫലങ്ങൾ പഠിക്കുന്നതിനായി അദ്ദേഹം മുയലുകളിൽ പരീക്ഷണങ്ങൾ നടത്തി.[3] കൂടാതെ, റെസിഡന്റുകളെ ഒപ്റ്റിക്സും റിഫ്രാക്ഷനും പഠിപ്പിക്കുകയും ചെയ്തു. 2000 രോഗികളിൽ നടത്തിയ ക്ലിനിക്കൽ പഠനത്തെ അടിസ്ഥാനമാക്കി, തിമിരശസ്ത്രക്രിയയെത്തുടർന്ന് ഉണ്ടാകുന്ന, പുതുതായി നിർവചിക്കപ്പെട്ട ഒരു സിൻഡ്രോമിനെക്കുറിച്ച് (സിസ്റ്റോയ്ഡ് മാക്കുലാർ എഡീമ അഥവാ ഇർവിൻ-ഗാസ് സിൻഡ്രോം) 1952 സെപ്റ്റംബറിൽ അദ്ദേഹം റിപ്പോർട്ട് ചെയ്തു.[4] 1950-കളുടെ അവസാനത്തിൽ, റെറ്റിനൽ ഡിറ്റാച്ച്മെന്റിനുള്ള സർജിക്കൽ ഡയാതെർമിയെക്കുറിച്ചും അത് വിട്രിയസിനെയും മറ്റ് നേത്രകലകളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പഠനം നടത്തി.[5]
63-ാം വയസ്സിൽ ശസ്ത്രക്രിയാ പ്രാക്ടീസിൽ നിന്ന് വിരമിച്ച അദ്ദേഹം ലഗൂണ ബീച്ചിലേക്ക് താമസം മാറി. അവിടെ അദ്ദേഹം കൺസൾട്ടിംഗ് നേത്രരോഗവിദഗ്ദ്ധനും യു.സി. ഇർവിന്റെ ക്ലിനിക്കൽ ഫാക്കൽറ്റി അംഗവുമായി.
മരണസമയത്ത് അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ടായിരുന്നു. എസ്. റോഡ്മാൻ ഇർവിന്റെ ഇളയ സഹോദരൻ അലക്സാണ്ടർ "സാൻഡി" റേ ഇർവിൻ ജൂനിയർ 1996-ൽ അന്തരിച്ചു.[6]
പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]- 1952 - ഫ്രാൻസിസ് I. പ്രോക്ടർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ഇൻ ഒഫ്താൽമോളജി
- 1978 - അമേരിക്കൻ ഒഫ്താൽമോളജിക്കൽ സൊസൈറ്റിയുടെ ഹോവ് മെഡൽ
അവലംബം
[തിരുത്തുക]- ↑ Straatsma, Bradley R. (2000). "S. Rodman Irvine, MD". Transactions of the American Ophthalmological Society. 98: 9–10. PMC 1298207.
- 1 2 Irvine, Alexander (2000). "S. Rodman Irvine, MD (1906-1999". Archives of Ophthalmology. 118 (6): 863. doi:10.1001/archopht.118.6.863.
- ↑ Irvine SR; Irvine MD.; Kastner C (1951). "The effect of cortisone on the primary secondary aqueous and on corneal vascularization in rabbits". Bulletin of the Johns Hopkins Hospital. 89 (4): 288–302. PMID 14869917.
- ↑ Irvine SR (1953). "A newly defined vitreous syndrome following cataract surgery: Interpreted according to recent concepts of the structure of the vitreous, the seventh Francis I. Proctor lecture". American Journal of Ophthalmology. 36 (5): 599–619. doi:10.1016/0002-9394(53)90302-x. PMID 13040458.
- ↑ Irvine SR; Knoll HA (1957). "The Thermal Effect on Ocular Tissues of Surgical Diathermy Currents with Frequencies Used in Treatment of Detached Retina". Transactions of the American Ophthalmological Society. 55: 123–144. PMC 1312669. PMID 13556815.
- ↑ Rao NA (1996). "Alexander Ray Irvine, Jr., MD". Transactions of the American Ophthalmological Society. 94: 11–12. PMC 1312084.