Jump to content

സഹോപകാരിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുവന്ന കൊക്കുള്ള ഓക്സ്പെക്കർ ഇംപാലയുടെ ശരീരത്തിലുള്ള പേനുകളെ കൊത്തിത്തിന്നുന്നു. ഇതു വഴി ഇംപാലക്ക് ചൊറിച്ചിലിൽ നിന്ന് മോചനം കിട്ടുകയും ഓക്സ്പെക്കർക്ക് ഭക്ഷണം ലഭിക്കുകയും ചെയ്യുന്നു.

രണ്ട് വ്യത്യസ്ത ജീവജാലങ്ങൾ ഇരുവർക്കും ഗുണം ലഭിക്കുന്ന തരത്തിൽ ഏർപ്പെടുന്ന ഒരു ജീവശാസ്ത്ര ബന്ധമാണ് സഹോപകാരിത (ആംഗലേയം: മൂച്വലിസം). ഒരു സ്പീഷീസിനകത്തെ ഇത്തരത്തിലുള്ള ബന്ധത്തെ പരസ്പര സഹകരണം എന്നു വിളിക്കുന്നു. സഹോപകാരിത ഒരു തരം സഹജീവനമാണ്. സഹജീവനം വിശാലമായതും സഹഭോജിത, പരാദജീവനം, സഹോപകാരിത എന്നീ ബന്ധങ്ങളെല്ലാം ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ സഹോപകാരിത അതിലൊന്നു മാത്രമാണ്.

ബൊവൈൻ പോലെയുള്ള അംഗുലേറ്റകളും അവയുടെ ഉദരത്തിലുള്ള ബാക്റ്റീരിയകളും തമ്മിലുള്ള ബന്ധം സഹോപകാരിതക്ക് ഒരുദാഹരണമാണ്. ബാക്റ്റീരിയ ഉത്പാദിപ്പിക്കുന്ന സെല്ലുലേസ് അംഗുലേറ്റകളുടെ ദഹനത്തെ സഹായിക്കുന്നു. അതേ സമയം ബാക്റ്റീരിയക്ക് ഉദരത്തിൽ നിന്ന് നിരവധി പോഷകങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

സഹോപകാരിതക്ക് ആവാസ വ്യവസ്ഥയിൽ പ്രധാന പങ്കാണുള്ളത്. 48%ഓളം ഭൗമ സസ്യങ്ങൾക്കും ഫംഗസുകളുമായി മൈകോറൈസൽ ബന്ധമുണ്ട്. പരാഗണം വഴിയുള്ള സഹോപകാരിതാ ബന്ധങ്ങൾ സഹ പരിണാമം പോലുള്ള പ്രതിഭാസങ്ങൾക്കും കാരണമാകുന്നു.[1] എങ്കിലും മറ്റു ജീവശാസ്ത്ര ബന്ധങ്ങളായ ഇരപിടുത്തത്തിനേയും പരാദജീവനത്തിനേയും സംബന്ധിച്ച് സഹോപകാരിത കുറച്ചേ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളൂ.[2][3]

വിവിധ തരം ബന്ധങ്ങൾ

[തിരുത്തുക]

വിഭവ - വിഭവ സഹോപകാരിത

[തിരുത്തുക]

ഇത്തരത്തിലുള്ള സഹോപകാരിതയാണ് പ്രകൃതിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇവിടെ രണ്ട് പങ്കാളികൾ പരസ്പരം വിഭവങ്ങൾ വിൽക്കുന്നു. സസ്യങ്ങളുടെ വേരും ഫംഗസും തമ്മിലുള്ള മൈകോറൈസാ ബന്ധം ഇതിനൊരു നല്ല ഉദാഹരണമാണ്. മൈകോറൈസയിൽ സസ്യങ്ങൾ ഫംഗസുകൾക്ക് ധാന്യകങ്ങൾ നൽകുന്നു. പകരം ഫംഗസ് സസ്യങ്ങൾക്ക് ഫോസ്ഫേറ്റ്, നൈട്രജൻ സംയുക്തങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നു. പയറു വർഗ്ഗ സസ്യങ്ങളും റൈസോബിയം ബാക്റ്റീരിയയും തമ്മിലുള്ള ബന്ധവും വിഭവ - വിഭവ സഹോപകാരിതയാണ്. റൈസോബിയം പയറു ചെടിക്ക് നൈട്രജൻ ലഭ്യത ഉറപ്പ് വരുത്തുമ്പോൾ ചെടി ബാക്റ്റീരിയക്ക് ധാന്യകങ്ങൾ എത്തിക്കുന്നു.

സേവന - വിഭവ സഹോപകാരിത

[തിരുത്തുക]
ഹമ്മിംഗ്ബേഡ് ഡയാന്തസിൽ നിന്ന് തേൻ കുടിക്കുന്നു. പരാഗണം സേവന - വിഭവ സഹോപകാരിതക്കുള്ള നല്ലൊരു ഉദാഹരണമാണ്.

ഇത്തരത്തിലുള്ള ബന്ധങ്ങളും പ്രകൃതിയിൽ കാണപ്പെടാറുണ്ട്. ഈ ബന്ധത്തിൽ ഒരു പങ്കാളി മറ്റൊന്നിന് വിഭവ ലഭ്യമാക്കുമ്പോൾ മറ്റേ പങ്കാളി തിരികെ ഒരു സേവനം ഉറപ്പു വരുത്തുന്നു. പരാഗണം ഇത്തരത്തിലുള്ളൊരു ബന്ധമാണ്.

പരാഗണ ബന്ധത്തിൽ പരാഗ രേണുവിന്റെ വിതരണത്തിനു (സേവനം) പകരമായി സസ്യങ്ങൾ പങ്കാളികൾക്ക് (പക്ഷികൾ, തേനീച്ചകൾ മുതലായവ) തേൻ, പൂമ്പൊടി (ഭക്ഷ്യ വിഭവം) എന്നിവ നൽകുന്നു. അഫിഡുകളും സസ്യങ്ങളും തമ്മിൽ മറ്റൊരു തരത്തിലുള്ള പരാഗണ ബന്ധവും കാണാവുന്നതാണ്.

കാക്കയും പശുവും തമ്മിലുള്ള ബന്ധവും ഇത്തരത്തിൽ പെട്ടതാണ്. കാക്ക പശുവിന്റെ പുറത്തുള്ള ചെള്ളി, പേൻ എന്നിവയെ കൊത്തിത്തിന്നുന്നു. ഇത് പശുവിനെ കീടങ്ങളിൽ നിന്ന് സംരക്ഷണവും (സേവനം) കാക്കക്ക് ഭക്ഷണവും (വിഭവം) നൽകുന്നു.

സേവന - സേവന സഹോപകാരിത

[തിരുത്തുക]

ഇത്തരത്തിലുള്ള ബന്ധങ്ങൾ പ്രകൃതിയിൽ വളരെ അത്യപൂർവ്വമാണ്. ഈ ബന്ധത്തിൽ പങ്കാളികൾ പരസ്പരം സേവനം വിൽക്കുന്നു.

സീ അനിമോണും പൊമാസെൻട്രിഡേ കുടുംബത്തിലെ അനിമോൺ മത്സ്യവും തമ്മിലുള്ള ബന്ധം ഇത്തരത്തിലുള്ള സഹോപകാരിതക്ക് ഒരുദാഹരണമാണ്. അനിമോൺ മത്സ്യത്തെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുമ്പോൾ മത്സ്യം അനിമോണിനെ ശലഭമത്സ്യത്തിന്റെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നു.

ഗണിതശാസ്ത്ര രൂപം

[തിരുത്തുക]

1989ൽ ഡേവിഡ് ഹാമിൽട്ടൺ സഹോപകാരിതയെ ഗണിതശാസ്ത്ര സമവാക്യം ഉപയോഗിച്ച് വിശദീകരിച്ചു. ഇതിനായി ലോക്റ്റ-വോൾട്ടെറ സമവാക്യമാണ് ഹാമിൽട്ടൺ ഉപയോഗിച്ചത്. ലോക്റ്റ-വോൾട്ടെറ സമവാക്യത്തിൽ βM/K എന്നൊരു പദം കൂടി ചേർത്താണ് ഹാമിൽട്ടൺ ഇത് രൂപപ്പെടുത്തിയത്.[4]

സഹോപകാരിത സമവാക്യം :

ഇവിടെ:

  • N, M = ജനസംഖ്യാ സാന്ദ്രത.
  • r = ജനസംഖ്യാ വളർച്ചാ നിരക്ക്.
  • K = പ്രാദേശിക പരിസ്ഥിതിയുടെ ഉൾക്കൊള്ളാവുന്ന അളവ്.
  • β = ഒരു സ്പീഷീസിലെ ജീവി മറ്റൊരു സ്പീഷീസ് ജീവിയുമായി പോരാട്ടത്തിലേർപ്പെടുന്ന സമയത്ത് ഉപയോഗിക്കുന്ന ഗുണാങ്കം.

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Thompson, J. N. 2005 The geographic mosaic of coevolution. Chicago, IL: University of Chicago Press.
  2. Bronstein, JL. 1994. Our current understand of mutualism. Quarterly Review of Biology 69 (1): 31-51 March 1994
  3. Begon, M., J.L. Harper, and C.R. Townsend. 1996. Ecology: individuals, populations, and communities, Third Edition. Blackwell Science Ltd., Cambridge, Massachusetts, USA.
  4. Wright, David Hamilton. 1989. A Simple, Stable Model of Mutualism Incorporating Handling Time. The American Naturalist, Vol. 134, No. 4, pp. 664-667.
"https://ml.wikipedia.org/w/index.php?title=സഹോപകാരിത&oldid=1776484" എന്ന താളിൽനിന്ന് ശേഖരിച്ചത്