സംവൃതോകാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാധാരണയായി ദ്രാവിഡഭാഷകളിൽ കാണുന്ന ഒരു സ്വരശബ്ദമാണ് സംവൃതോകാരം. പ്ലാവ്, തേക്ക് തുടങ്ങിയ വാക്കുകളെല്ലാം ഈ സ്വരത്തിലാണ് അവസാനിക്കുന്നത്. മലയാളത്തിൽ എന്ന ചന്ദ്രക്കല അഥവാ മീത്തൽ ഉപയോഗിച്ചാണ് സംവൃതോകാരം സൂചിപ്പിക്കുന്നത്. വിരളമായി, ഉകാരത്തിന്റെ ഉപലിപിമം കൂടി ചന്ദ്രക്കലക്കു മുന്നിൽ ചേർത്ത് ു് എന്ന ചിഹ്നസംയുക്തമായും സംവൃതോകാരം സൂചിപ്പിക്കുന്നു.

പഴയകാല മലയാളത്തിൽ സംവൃതോകാരത്തെ സൂചിപ്പിക്കാൻ പ്രത്യേക ചിഹ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അത്, ഇത്, എന്നിവ യഥാക്രമം അത, ഇത എന്നിങ്ങനെ എഴുതിപ്പോരുകയും വായിക്കുമ്പോൾ സന്ദർഭമനുസരിച്ച് അകാരമായോ സംവൃതോകാരമായോ ഉച്ചരിക്കുകയുമാണ് ചെയ്തിരുന്നത്. പിൽക്കാലത്ത് പാശ്ചാത്യ മിഷനറിമാർ മലയാളം അച്ചടി പ്രചരിപ്പിച്ചപ്പോൾ സംവൃതോകാരത്തെ വിവൃതോകാരമായി എഴുതുന്ന രീതിയാണ് അവലംബിച്ചത്. ഈ രീതി അനുസരിച്ച് അത്, ഇത് എന്നിവ യഥാക്രമം അതു, ഇതു എന്നിങ്ങനെ എഴുതിപ്പോന്നു. ഈ രീതിയാണ് പാതിരിമലയാളം എന്ന് വിളിക്കപ്പെടുന്നത്. പിൽക്കാലത്ത് സംവൃതോകാരത്തെ സൂചിപ്പിക്കാൻ ു് (ഉകാരത്തിന്റെ ചിഹ്നവും ചന്ദ്രക്കലയും ചേർന്ന രൂപം) എന്ന ചിഹ്നം ഉപയോഗിച്ച് അതു്, ഇതു് എന്നിങ്ങനെ എഴുതുന്ന രീതി വ്യാപകമായി.[അവലംബം ആവശ്യമാണ്] ലിപി പരിഷ്ക്കരണത്തിനുശേഷമാണ് ഇന്നത്തേതു പോലെ മീത്തൽ മാത്രം ഉപയോഗിക്കുന്ന രീതി വ്യാപകമായത്.

മലയാളത്തിൽ സംവൃതോകാരത്തിന് വ്യാകരണമൂല്യം പ്രകടമാകയാൽ[അവലംബം ആവശ്യമാണ്] അതിന് അകാരാദിയിൽ അംഗീകാരം നൽകിയിരിക്കുന്നു.

വിശദാംശങ്ങൾ[തിരുത്തുക]

സംവൃതോകാരം എല്ലാ ദ്രാവിഡ ഭാഷകളിലും ഉണ്ടു് . എന്നാൽ മലയാളമൊഴികെ മറ്റെല്ലാ ഭാഷകളിലും സംവൃതോകാരം ഉച്ചാരണത്തിൽ വ്യത്യാസമുണ്ടാക്കുകയേ ചെയ്യുന്നുള്ളൂ.[അവലംബം ആവശ്യമാണ്] മലയാളത്തിൽ സംവൃതത്തിന്റെ ഉപയോഗം ഉച്ചാരണഭേദവും അർത്ഥഭേദവും വ്യാകരണഭേദവും ഉണ്ടാക്കുന്നു. അതായതു് മലയാളത്തിൽ കാലങ്ങളെക്കുറിക്കുന്ന സന്ദർഭത്തിൽ ഭൂതകാലത്തെ കുറിക്കുന്ന കുറിക്കുന്ന വാക്കുകളിൽ സംവൃതമാണോ വിവൃതമാണോ ('ഉ'കാരം) ചേർക്കുന്നതു് എന്നതനുസരിച്ചു് ക്രിയയ്ക്കു് (പ്രവൃത്തിയ്ക്കു്) വ്യത്യാസം ഉണ്ടാക്കുന്നു. ഈ വ്യത്യാസമാണു് ക്രിയ മുറ്റുവിനയോ (പൂർണ്ണക്രിയ) പറ്റുവിനയോ (അപൂർണ്ണക്രിയ) എന്നു് നിർണ്ണയിക്കുന്നതു്.

"https://ml.wikipedia.org/w/index.php?title=സംവൃതോകാരം&oldid=1842597" എന്ന താളിൽനിന്ന് ശേഖരിച്ചത്