Jump to content

അകാരാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരമാലാക്രമത്തിന് വാക്കുകളെ അടുക്കിയിട്ടുള്ള നിഘണ്ടു എന്ന് ശബ്ദാർഥം. ഭാരതീയ ഭാഷകളിലെ അക്ഷരമാലാക്രമമനുസരിച്ച് അക്ഷരമാല 'അ'യിൽ തുടങ്ങുന്നതുകൊണ്ടാണ് ഇതിന് അകാരാദി എന്നു പേരുണ്ടായത്. ഉർദു ഒഴികെയുള്ള എല്ലാ ഭാരതീയ ഭാഷകളിലെയും അക്ഷരമാല അ, ആ, ഇ, ഈ, ഉ, ഊ എന്നീ ക്രമത്തിലാകയാൽ ആ ഭാഷകളിലെ ശബ്ദാവലിയുടെ ക്രമീകരണവും അത്തരം അക്ഷരമാലാക്രമത്തിൽ തന്നെയാണ്. ഇംഗ്ളീഷിൽ A, B,C,D എന്നീ ക്രമത്തിലും ഗ്രീക്കിൽ ആൽഫാ, ബീറ്റാ എന്നീ രീതിയിലുമാണ് ലിപിസംവിധാനം.

അകാരാദി, നിഘണ്ടു, കോശം, ഡിക്ഷണറി (Dictionary), ലക്സിക്കൺ (Laxicon) എന്നിങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം സ്വഭാവത്തിൽ അല്പസ്വല്പം ഭിന്നമാണെങ്കിലും സ്വരൂപത്തിൽ സമാനങ്ങൾ തന്നെയാണ്. ചരിത്രപരവും വിദ്യാഭ്യാസപരവുമായവ, പൊതുവിജ്ഞാനത്തിനുതകുന്നവ, ഉച്ചാരണപരങ്ങളായവ, സാങ്കേതികപദാവലിയോടുകൂടിയവ, പര്യായവാചികളായവ എന്നിങ്ങനെ 'അകാരാദി' പലതരത്തിലുണ്ട്. ഇവ കൂടാതെ ലോകോക്തികോശം, ബഹുഭാഷാകോശം, പുസ്തകപദകോശം (ഒരു പുസ്കത്തിനകത്ത് പ്രയോഗിച്ചിട്ടുള്ള വാക്കുകൾ മാത്രം അടങ്ങുന്ന കോശം), ജീവചരിത്രകോശം, കഥാകോശം, സാഹിത്യകോശം, ശാസ്ത്രകോശം, വിശ്വകോശം എന്നീ കോശങ്ങളും 'അകാരാദി'യുടെ വിഭാഗത്തിൽ പെടുന്നവ തന്നെ.

അകാരാദിയുടെ ചരിത്രം ഭാഷകളുടെ വികാസത്തിന്റെ ഒരു ഭാഗംകൂടിയാണ്. ബി.സി. 1,000 മുതൽ എ.ഡി. 1,000 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ പല അകാരാദികളും ഉണ്ടായിട്ടുള്ളതായി പരാമർശങ്ങൾ കാണുന്നുണ്ടെങ്കിലും അമരകോശം, മേദിനീകോശം എന്നിവ മാത്രമേ പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളു. പാശ്ചാത്യദേശത്ത് ബി.സി. 1,000-നു മുമ്പ് ഈ ഇനത്തിൽപെടുത്താവുന്ന അകാരാദി ഉണ്ടായതായി കാണുന്നില്ല. എ.ഡി. 16-ാം ശ. മുതൽ വിവിധതരത്തിലുള്ള നിഘണ്ടുക്കൾ നിർമ്മിക്കപ്പെട്ടു.

അകാരാദിക്രമം-പൊതുവേ

[തിരുത്തുക]

മോണിയർ വില്യംസിന്റെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ആപ്തേയുടെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ളീഷ് നിഘണ്ടു, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി, കാശീ നാഗരീ പ്രചാരണീസഭയുടെ ഹിന്ദി ശബ്ദസാഗർ, മലയാള മഹാനിഘണ്ടു എന്നീ ഒന്നാംകിട നിഘണ്ടുക്കളിലെ പദ്ധതികൾ പരിശോധിച്ച്, ധ്വനിശാസ്ത്രമനുസരിച്ച് കാലികമായ അല്പം ചില മാറ്റങ്ങൾ വരുത്തി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് സർവവിജ്ഞാനകോശത്തിൽ സ്വീകരിച്ചിട്ടുള്ളത്.

അക്ഷരം, വർണം, ലിപി എന്നീ മൂന്നു പദങ്ങൾ വിഭിന്നവും ക്പ്തവുമായ മൂന്ന് ആശയങ്ങളെ കുറിക്കുന്നുവെങ്കിലും പലപ്പോഴും ഇവയുടെ പ്രയോഗത്തിൽ വേണ്ടത്ര നിഷ്കർഷ പാലിച്ചുകാണുന്നില്ല. അതിനാൽ 'വർണമാല' എന്ന അർത്ഥത്തിലും 'ലിപിക്രമം' എന്ന അർത്ഥത്തിലും 'അക്ഷരമാല' എന്ന് പ്രയോഗിക്കുക സാധാരണമായിത്തീർന്നിരിക്കുന്നു. തനിയെ ഉച്ചരിക്കാൻ കഴിയുന്ന ചെറിയ ഏകകം (Unit) ആണ് അക്ഷരം. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും അക്ഷരഗണത്തിൽ ഉൾപ്പെടും. മറ്റു ഭാരതീയഭാഷകളിൽ എന്നപോലെ മലയാളത്തിലും 'അ' എന്ന സ്വരം ചേർത്താണ് വ്യഞ്ജനങ്ങൾ അക്ഷരമാലയിൽ രേഖപ്പെടുത്തുന്നതും ഉച്ചരിക്കുന്നതും. 'ക' എന്ന അക്ഷരം 'ക്' എന്ന ശുദ്ധവ്യഞ്ജനവും 'അ' എന്ന സ്വരവും ചേർന്നതാണ്. ഈ രണ്ടു ശബ്ദങ്ങൾ തനിയെ വ്യവഹരിക്കപ്പെടുമ്പോൾ അവയ്ക്കു വർണം (Phoneme) എന്നു പറയുന്നു. ' ്' എന്ന ചന്ദ്രക്കലാചിഹ്നം അകാരത്തെ മാറ്റി ശുദ്ധവ്യഞ്ജനത്തെ കാണിക്കുവാൻ ഉപയോഗിക്കുന്നു. ഉദാ. ക്, ച്, ട്. വർണത്തെയോ അക്ഷരത്തെയോ ദൃശ്യരൂപത്തിൽ വരച്ചുകാട്ടുന്നതിനുപയോഗിക്കുന്ന ചിഹ്നമാണ് ലിപി. ഓരോ ഭാഷയിലും ലിപികളുടെ സമൂഹം ഒരു പ്രത്യേകക്രമത്തിൽ എഴുതുന്ന കീഴ്വഴക്കം ഉണ്ട്. ഇതിന് അകാരാദി എന്നും അക്ഷരമാലാക്രമം എന്നും പറയുന്നു. ഈ ക്രമങ്ങൾക്ക് ശാസ്ത്രീയാടിസ്ഥാനം ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.

ഇംഗ്ളീഷിൽ പ്രചാരത്തിലിരിക്കുന്ന റോമൻ ലിപിയും മലയാളത്തിലെ ലിപിയും ഇവയിലെ ക്രമങ്ങളും താരതമ്യം ചെയ്യുമ്പോൾ ചില വ്യത്യാസങ്ങൾ മനസ്സിലാക്കാം.

  1. ഇംഗ്ളീഷിലെ 'ആൽഫബെറ്റി'ൽ സ്വരങ്ങളും വ്യഞ്ജനങ്ങളും ഇടകലർത്തിയിരിക്കുന്നു. മലയാളത്തിൽ, ഇതര ഭാരതീയ ഭാഷകളിലെന്നപോലെ, സ്വരങ്ങളെല്ലാം കഴിഞ്ഞശേഷമാണ് വ്യഞ്ജനങ്ങൾ തുടങ്ങുന്നത്;
  2. b,c,f,k എന്നിങ്ങനെ രേഖപ്പെടുത്തുന്ന റോമൻ ലിപിയിൽ വർണങ്ങൾ മാത്രമാണ് സൂചിതം; അവ ഉച്ചരിക്കുമ്പോൾ വ്യഞ്ജനത്തിനു മുമ്പോ പിമ്പോ സ്വരം ചേർക്കുന്നുവെങ്കിലും ക, ച, പ എന്നിങ്ങനെയുള്ള ലിപികളാകട്ടെ, കേവലം വർണങ്ങളെയല്ല, അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്;
  3. റോമൻ ലിപിയിൽ ചിഹ്നങ്ങൾ 26 മാത്രമാണെങ്കിലും (ചെറിയക്ഷരം മാത്രമെടുക്കുമ്പോൾ) അവയുടെ സങ്കലനം മൂലവും പ്രയോഗസന്ദർഭം മൂലവും ശബ്ദങ്ങൾ വളരെയധികം ലഭിക്കുന്നു. ഇതിൽനിന്നാണ് ഇംഗ്ളീഷിൽ 'സ്പെല്ലിങ്' (Spelling) പദ്ധതി ഉണ്ടായിരിക്കുന്നത്. മലയാളത്തിൽ ഒരു വർണത്തിന് ഒരു ലിപി എന്ന രീതി പ്രായേണ സ്വീകരിക്കപ്പെട്ടിരിക്കുന്നതുമൂലം വലിയ സൌകര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ അക്കാരണംകൊണ്ടുതന്നെ കൂടുതൽ ചിഹ്നങ്ങൾ അകാരാദിയിൽ കൈകാര്യം ചെയ്യേണ്ടതായി വന്നിരിക്കുന്നു.

മലയാളത്തിൽ പിന്നെയും ചില പ്രത്യേകതകളുണ്ട്:

  1. വ്യഞ്ജനങ്ങളോടു ചേരുന്ന സ്വരങ്ങൾക്കു ചില പുതിയ ചിഹ്നങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഉദാ. ാ (ആ), ി (ഇ),ു (ഉ).....
  2. അക്ഷരാന്ത 'മ'കാരകമായ അനുസ്വാരത്തിനും (ം) 'ഹ' കാരത്തിന്റെ ബന്ധുവായ വിസർഗത്തിനും (ഃ) പ്രത്യേകചിഹ്നങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അനുസ്വാരവും വിസർഗവും സ്വരമോ വ്യഞ്ജനമോ എന്നതും വിവാദാസ്പദമാണ്.
  3. ണ, ന, റ, ല, ള എന്നിവയോട് ദൃഢബന്ധമുള്ള ചില്ലുകൾക്ക് യഥാക്രമം ൺ, ൻ, ർ, ൽ, ൾ എന്നീ ചിഹ്നങ്ങൾ ഉണ്ട്.
  4. കൂട്ടക്ഷരങ്ങൾ വരുമ്പോൾ യുക്തിക്ക് നിരക്കാത്ത ചില സങ്കലിത ചിഹ്നങ്ങൾ സ്വീകരിക്കേണ്ടതായും വന്നിട്ടുണ്ട് ഉദാ. ങ്ക (ങ് + ക), മ്പ (മ് + പ) .........

റോമൻ ലിപിക്രമത്തോട് താരതമ്യപ്പെടുത്തുമ്പോൾ മലയാളത്തിലെ അകാരാദി ക്രമം തിട്ടപ്പെടുത്തുന്നത് വളരെയധികം പ്രയാസങ്ങളും പ്രശ്നങ്ങളും നിറഞ്ഞതാണെന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ള നിഘണ്ടുക്കളിൽ പൂർണമായ ഐകരൂപ്യം ഈ വിഷയത്തിൽ കാണാതിരിക്കുന്നത്. എങ്കിൽത്തന്നെയും അവയിൽ 95 ശ.മാ.-ത്തോളം ഐകരൂപ്യം ഉണ്ടെന്നത് ആശ്വാസദായകമാണ്. സ്വരങ്ങളും വ്യഞ്ജനങ്ങൾ അഞ്ചുവർഗങ്ങളും അടുക്കിനു മാറ്റമില്ലാതെ എല്ലാ നിഘണ്ടുക്കളിലും കാണുന്നു. പിന്നെ ചില വ്യത്യാസങ്ങളുണ്ട്. ഗുണ്ടർട്ട് 'ര' കഴിഞ്ഞയുടനെ 'റ' കൊടുക്കുന്നു. ശബ്ദതാരാവലിയും മലയാളം ലെക്സിക്കനും ഏറ്റവും ഒടുവിലാണ് 'റ' കൊടുത്തിരിക്കുന്നത്. ('ഴ'യ്ക്കുശേഷം). ശബ്ദതാരാവലിയിൽ 'ക്ഷ' (ക് + ഷ എന്ന രണ്ടു വ്യഞ്ജനങ്ങൾ ചേർന്നത്) ഒരു പ്രത്യേക വ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. അതിനടിസ്ഥാനം പഴയ ഒരു വഴക്കമല്ലാതെ ശാസ്ത്രീയപരിഗണനയല്ല. വർത്സ്യവർഗത്തിലെ റ (റ്റ)യും 'ന' യും ഓരോ നിഘണ്ടുവിലും ഓരോ തരത്തിൽ സ്വീകൃതമായിരിക്കുന്നു. ആകയാൽ മലയാളത്തിൽ പ്രയോഗത്തിലുള്ള വർണങ്ങൾ കുറേക്കൂടെ ശാസ്ത്രീയമായി ക്രമപ്പെടുത്തേണ്ടത് ആവശ്യമായിരിക്കുന്നു. പദങ്ങളിലെ ഓരോ വർണവും വേർതിരിച്ചുകാണുവാൻ റോമൻ ലിപിയെ അടിസ്ഥാനമാക്കിയുള്ള ഫോണറ്റിക് സ്ക്രിപ്റ്റിൽ എഴുതിനോക്കുന്നത് സഹായകമാവും.

സർവവിജ്ഞാനകോശത്തിൽ സ്വീകരിച്ചിരിക്കുന്ന ക്രമം

[തിരുത്തുക]

പൊതുപ്രമാണങ്ങൾ

[തിരുത്തുക]
  1. അകാരാദി എന്നും അക്ഷരമാലാക്രമം എന്നും പറയുമ്പോൾ വർണങ്ങൾ (phonemes) ആയി പിരിച്ച് അവയുടെ ക്രമമാണ് നോക്കേണ്ടത്.

ഉദാ. ഗ്രാമം = ഗ് + ര് + ആ + മ് + അ + മ് ഇവിടെ ആറു വർണങ്ങളുടെ ക്രമം നോക്കിയാണ് ഗ്രാമം എന്ന പദം അകാരാദിയിൽ ഏതു സ്ഥാനത്തുപോകും എന്നു നിർണയിക്കേണ്ടത്.

  1. വർണങ്ങളുടെ ക്രമം പരിഗണിക്കുമ്പോൾ ലിപിസ്വരൂപമല്ല ധ്വനിമൂല്യമാണ് നിർണായകഘടകം. ഉദാ. സംഗീതം -- കീഴ്വഴക്കമനുസരിച്ചെഴുതുന്ന രീതി. സംഗീതം -- വർണങ്ങൾ ധ്വനിശാസ്ത്രപ്രകാരം എഴുതേണ്ട രീതി. ഇവയിൽ രണ്ടാമത്തേതാണ് സ്വീകാര്യമായ ക്രമം. അതായത് എഴുതുന്നത് കീഴ്വഴക്കമനുസരിച്ചാണെങ്കിലും അകാരാദിയിൽ ചേർക്കുന്നത് വർണങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കും. 'നോട്ടം', 'നോവൽ' ഇവിടെ ആദ്യത്തെ 'ന' കാരം ദന്ത്യവും രണ്ടാമത്തേത് വർത്സ്യവുമാണ്. എങ്കിലും രണ്ടും അകാരാദിയിൽ ഒരു സ്ഥലത്തുതന്നെ ചേർത്തിരിക്കും. കാരണം, വർത്സ്യവർഗത്തിന് അകാരാദിയിൽ സ്ഥാനം കിട്ടിയിട്ടില്ല.
  2. ഗുണ്ടർട്ടിന്റെ നിഘണ്ടുവിലെ ക്രമമാണ് പ്രായേണ സർവവിജ്ഞാനകോശത്തിൽ സ്വീകരിച്ചിരിക്കുന്നത്. ര, ർ, റ എന്നീ മൂന്നക്ഷരങ്ങൾ ഗുണ്ടർട്ട് ഈ ക്രമത്തിൽ തന്നെ കൊടുത്തിരിക്കുന്നു. മറ്റു നിഘണ്ടുകർത്താക്കൾ ര, ർ എന്നീ രണ്ടു ലിപികളും ഈ ക്രമത്തിൽ അടുത്തടുത്തും, 'റ' വ്യഞ്ജനങ്ങളുടെ ഒടുവിലായും ചേർത്തിരിക്കുന്നു. ഈ മൂന്നു വർണങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമുള്ളതിനാൽ ഇവ ക്രമത്തിൽ കൊടുക്കുക യുക്തിക്കു ചേർന്നതാണ്. അർക്കൻ (Arkkan) കഴിഞ്ഞ് 'ല, ശ, സ'കളിൽ അനേകം പദങ്ങൾ വന്നശേഷം അറ (Ara) കൊടുക്കുന്നതിന് ഉപപത്തിയില്ല.

രൂപസാദൃശ്യംകൊണ്ട് വർത്സ്യവർഗത്തിലെ അനുനാസികം ('ന') ദന്ത്യത്തിൽ ഉൾപ്പെട്ടപ്പോൾ, വർത്സ്യത്തിലെ ഖരം (റ്റ്) മാത്രം മാറ്റി ഇടണമെന്നില്ല. 'റ'യോടും 'ര'യോടുമാണ് ഇതിനു അടുത്ത ബന്ധം. അതിനാൽ ര, ർ, റ എന്നിവയ്ക്കുശേഷം അവസാനമായി വർത്സ്യവർഗഖരം (റ്റ) പോകുന്നതാണ് ഉചിതം എന്നു വരുന്നു. (ര, ർ, റ, റ്റ)

ഗുണ്ടർട്ട് സ്വീകരിച്ചിരിക്കുന്ന പദ്ധതി ചെറിയ രണ്ടു വ്യത്യാസങ്ങളോടുകൂടി സർവവിജ്ഞാനകോശം സ്വീകരിച്ചിട്ടുണ്ട്:

  1. ചില്ലുകൾ വന്നശേഷമാണ് അതിനോടു ബന്ധമുള്ള വർണം വരുന്നത്. അവൻ കഴിഞ്ഞ് അവനി, അൾ കഴിഞ്ഞ് അളി (Avan-Avani;Al-Ali). ഗുണ്ടർട്ടിൽ മറിച്ചാണ് കാണുന്നത്.
  2. അനുസ്വാരം ഒരു ശുദ്ധവ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. (ം = മ്) അതിനാൽ 'കനകം' കഴിഞ്ഞേ 'കനം' വരൂ. (Kanakam-Kanam). ഗുണ്ടർട്ടിൽ നേരെ മറിച്ചാണ് കാണുന്നത്.

സംവൃതോകാരം

[തിരുത്തുക]

മലയാളത്തിൽ സംവൃതോകാരത്തിന് വ്യാകരണമൂല്യം പ്രകടമാകയാൽ അതിന് അകാരാദിയിൽ അംഗീകാരം നൽകിയിരിക്കുന്നു. പട്ട, പട്ട്, പട്ടു. വന്ന, വന്ന്, വന്നു. ചാർ - ചാറ -ചാറി -ചാറ് -ചാറുക ഈ ക്രമത്തിലാണ് അകാരാദി കണക്കാക്കേണ്ടത്.

അകാരാദിക്രമം

[തിരുത്തുക]

സർവവിജ്ഞാനകോശത്തിൽ അംഗീകരിച്ചിരിക്കുന്ന അകാരാദിക്രമം താഴെ ചേർക്കുന്നു. അക്ഷരങ്ങളുടെ ലിപിചിഹ്നമാണ് കൊടുത്തിരിക്കുന്നതെങ്കിലും അവയുടെ വർണമൂല്യം മാത്രമേ എടുക്കേണ്ടതുള്ളൂ.

അ.ആ.ഇ.ഈ.ഉ് (സംവൃതം) ഉ.ഊ.ഋ.എ.ഏ.ഐ.ഒ.ഓ.ഔ.

ക. ഖ. ഗ. ഘ. ങ.

ച. ഛ. ജ. ഝ. ഞ.

ട. ഠ. ഡ. ഢ. (ൺ-ണ)

ത. ഥ. ദ. ധ. (ൻ-ന)

പ. ഫ. ബ. ഭ. (ം-മ)

യ. (ര ർ റ റ്റ) (ൽ-ല) വ

ശ. ഷ. സ. (ഃ-ഹ)

(ൾ-ള) ഴ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകാരാദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകാരാദി&oldid=2331435" എന്ന താളിൽനിന്ന് ശേഖരിച്ചത്