Jump to content

സംയോജനാത്മകതലവും സാദൃശ്യാത്മകതലവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിഖ്യാത ഭാഷാശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി സൊസ്യൂറിന്റെ ഒരു ദ്വന്ദ്വപരികല്പനയാണിത് . ഭാഷയിലെ ചിഹ്നങ്ങൾ അഥവാ പദങ്ങൾ തമ്മിലുള്ള പരസ്പരബന്ധം നിലനിൽക്കുന്നത് രണ്ട് തലങ്ങളിലായിട്ടാണെന്നാണ് സൊസ്സൂർ കണ്ടെത്തിയിട്ടുള്ളത്. അവയെ സംയോജനാത്മകതലമെന്നും(syntagmatic) സാദൃശ്യാത്മകതലമെന്നും(paradigmatic) അദ്ദേഹം വിളിക്കുന്നു. നാമങ്ങൾ,സർവനാമങ്ങൾ ,ക്രിയകൾ തുടങ്ങിയ ഘടനാപരമായി തുല്യതയുള്ള പദങ്ങൾ തമ്മിലുള്ള ബന്ധമാണ് സാദൃശ്യാത്മകതലത്തിലുള്ളത്. പുഴ, നദി, സമുദ്രം, കായൽ എന്നിങ്ങനെയുള്ള പദങ്ങൾ തമ്മിൽ പലപ്രകാരത്തിലുള്ള സാദൃശ്യ ബന്ധങ്ങളുമുണ്ട്. ഒരു വാക്യഘടനയിൽ വരുമ്പോൾ ഇവയെ മാറിമാറി ഉപയോഗിക്കാൻ കഴിയും. പുഴ വറ്റി എന്നിടത്ത് കടൽ വറ്റി എന്നെഴുതാൻ കഴിയുന്നതിനാൽ ഈ പദങ്ങൾക്കുതമ്മിൽ ഘടനാപരമായ തുല്യതയുണ്ടെന്നു പറയാം. ഇംഗ്ലീഷിലാണെങ്കിൽ a, an, the എന്നീ articles തുല്യതയുള്ള ഒരേ ഗണത്തിൽപ്പെട്ട പദങ്ങളാണെങ്കിലും തിരഞ്ഞെടുപ്പിന് നിബന്ധനകളുണ്ട്. സാദൃശ്യാത്മകതലത്തിലുള്ള ഭാഷാഘടകങ്ങളെ ഒന്നിനു പകരം മറ്റൊന്ന് എന്ന മട്ടിൽ അടുക്കിപ്പെറുക്കി വയ്ക്കാമെന്നതിനാൽ ഇതിനെ ഭാഷാഘടനയുടെ ലംബതലം എന്ന് വിളിക്കാം. ഭാഷാഘടകങ്ങളെ രേഖീയമായി , അനുക്രമമായി മാത്രം ബന്ധിപ്പിക്കുവാൻ കഴിയുന്ന തലത്തെയാണ് സംയോജനാത്മകതലമെന്നു പറയുന്നത്. ചിഹ്നങ്ങൾ മുൻ പിൻ ക്രമത്തിൽ കണ്ണി ചേർക്കപ്പെടുന്നത് ഭാഷയിലെ ഈ തിരശ്ചീനതലത്തിലാണ്. ഭാഷയിൽ ആകാംക്ഷ,വർണ്ണവിന്യാസം, വ്യാകരണം എന്നൊക്കെ വിളിക്കുന്നത് ഇതിനെയാണ്. പദതലമെന്നും വ്യാകരണതലമെന്നും സാമാന്യമായി പറയാവുന്ന ഒരു സങ്കല്പനമാണിത്. സാദൃശ്യാത്മകതലത്തിലും സംയോജനാത്മകതലത്തിലും ഉള്ള പരസ്പരബന്ധത്തിലൂടെയാണ് ഭാഷയുടെ സിസ്റ്റം രൂപപ്പെടുന്നത്. സാദൃശ്യാത്മകതലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പും സംയോജനാത്മകതലത്തിലുള്ള കൂട്ടിച്ചേർക്കലും വഴിയാണ് സാധുവായ ഭാഷാഘടന രൂപവത്കരിക്കപ്പെടുന്നത്. എങ്കിലും ഓരോഭാഷയിലും ഈ തിരഞ്ഞെടുപ്പിനും കൂട്ടിച്ചേർക്കലിനും സംയോജനപരമായ നിയന്ത്രണങ്ങൾ ഉണ്ട്.[1]. അതു കൊണ്ടാണ് ഓരോ ഭാഷയുടേയും വ്യാകരണനിയമങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. സി.ജെ.ജോർജ്ജ്, ചിഹ്നശാസ്ത്രവും ഘടനാവാദവും,(2001)പുറം.44-47, ഡി.സി ബുക്സ്. കോട്ടയം