ഷ്രോഡിങ്ങറുടെ പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനായ ഇർവിൻ ഷ്രോഡിങ്ങർ 1935 ൽ[1] രൂപം കൊടുത്ത ഒരു ചിന്താപരീക്ഷണമാണ് ഷ്രോഡിങ്ങറുടെ പൂച്ച എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിനെ ഒരു വിരോധാഭാസമായും കണക്കാക്കാറുണ്ട്. സൂക്ഷ്മകണങ്ങൾക്ക് ബാധകമായ ക്വാണ്ടം മെക്കാനിക്സിന്റെ ചില വ്യാഖ്യാനങ്ങൾ ദൈനംദിന വസ്തുക്കളിൽ പ്രയോഗിച്ചതിന്റെ ഫലമാണ് ഈ വിരോധാഭാസം. ഈ പരീക്ഷണം ഒരേസമയം ജീവനുള്ളതും ചത്തതുമായ ഒരു സാങ്കൽപ്പിക പൂച്ചയെ അവതരിപ്പിക്കുന്നു.[2][3][4]

ഷ്രോഡിങ്ങറുടെ[പ്രവർത്തിക്കാത്ത കണ്ണി] പൂച്ച:  

ഒരു അടച്ച പെട്ടിയിൽ ഒരു പൂച്ചയോടൊപ്പം വിഷവാതകം നിറച്ച ഒരു ഫ്ലാസ്ക്, ഒരു റേഡിയോ ആക്ടീവ് സ്രോതസ്സ് എന്നിവ ക്രമീകരിക്കുന്നു. റേഡിയോ ആക്ടീവ് സ്രോതസിൽ നിന്ന് വികിരണം പുറത്തു വരികയാണെങ്കിൽ പെട്ടിയിലെ ഒരു ഡിറ്റക്ടർ അത് കണ്ടെത്തുകയും അപ്പോൾ തന്നെ അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലാസ്ക് പൊട്ടി വിഷവാതകം പുറത്തുവന്ന് പൂച്ച ചാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. റേഡിയോ ആക്ടീവായ കണത്തിൽ നിന്ന് എപ്പോൾ വികിരണം സംഭവിക്കുമെന്ന് പ്രവചിക്കാനുമാവില്ല. ക്വാണ്ടം മെക്കാനിക്സിന്റെ നിലവിൽ ഏറ്റവും അംഗീകരിക്കപ്പെട്ട കോപ്പൻഹേഗൻ വ്യാഖ്യാനം സൂചിപ്പിക്കുന്നത് പെട്ടി അടച്ചുകഴിഞ്ഞാൽ അതിലെ പൂച്ച ഒരേസമയം ജീവനോടെയും കൊല്ലപ്പെട്ടും ഇരിക്കും എന്നാണ്. പക്ഷെ, ഒരാൾ പെട്ടി തുറന്ന് നോക്കിയാൽ ഏതെങ്കിലും ഒരാവസ്ഥയിലെ പൂച്ചയെ മാത്രമേ കാണാനാവൂ. അതായത് ജീവനോടെയോ ചത്തതായോ.

കോപ്പൻഹേഗൻ വ്യാഖ്യാന[5]മനുസരിച്ചു ഒരു ക്വാണ്ടം വ്യവസ്ഥ ബാഹ്യലോകവുമായി ആശയവിനിമയം നടത്തുന്നതു വരെയോ അല്ലെങ്കിൽ ആ വ്യവസ്ഥയെ പുറത്തുനിന്നു നിരീക്ഷിക്കുന്നതു വരെയോ അത് നിരവധി അവസ്ഥകളുടെ ഒരു സൂപ്പർപൊസിഷനിലാണ് നിലനിൽക്കുക. എന്നാൽ ബാഹ്യലോകവുമായി സമ്പർക്കം നടന്നു കഴിഞ്ഞാൽ അത് സൂപ്പർപൊസിഷൻ വെടിഞ്ഞു സാധ്യമായ ഒരൊറ്റ അവസ്ഥ കൈവരിക്കുന്നു. എപ്പോൾ, എങ്ങനെയാണ് കൃത്യമായി ക്വാണ്ടം സൂപ്പർപൊസിഷൻ അവസാനിക്കുകയും യാഥാർത്ഥ്യം ഒരു സാധ്യതയിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്യുന്നതെന്നത് നിർണായകമായ ചോദ്യമാണ്.

തത്ത്വത്തിൽ, സൂപ്പർപൊസിഷനിലുള്ള ഒരു ക്വാണ്ടം കണത്തെ (പെട്ടിയിലെ റേഡിയോ ആക്റ്റീവ് കണം) ആശ്രയിച്ച് വലിയ തോതിലുള്ള ഒരു സിസ്റ്റത്തിൽ എങ്ങനെ സൂപ്പർപൊസിഷൻ സൃഷ്ടിക്കാമെന്ന് ഈ പരീക്ഷണത്തിലൂടെ ഷ്രോഡിങ്ങർ വിവരിച്ചു.[6]

അവലംബം[തിരുത്തുക]

  1. https://doi.org/10.1007%2FBF01491891
  2. Moring, Gary (2001). The Complete Idiot's Guide to Theories of the Universe. Penguin. pp. 192–193. ISBN 1440695725.
  3. "Understanding Information and Computation: From Einstein to Web Science - Philip Tetlow - Google Libros". 2015-05-19. ശേഖരിച്ചത് 2020-07-06.
  4. "In Search of Schrodinger's Cat: Quantam Physics And Reality - John Gribbin - Google Libros". 2015-05-17. ശേഖരിച്ചത് 2020-07-06.
  5. Wimmel, Hermann (1992). Quantum Physics & Observed Reality: A Critical Interpretation of Quantum Mechanics (ഭാഷ: ഇംഗ്ലീഷ്). World Scientific. ISBN 978-981-02-1010-6.
  6. https://ui.adsabs.harvard.edu/abs/1935NW.....23..807S

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷ്രോഡിങ്ങറുടെ_പൂച്ച&oldid=3646454" എന്ന താളിൽനിന്ന് ശേഖരിച്ചത്