ഷാരോഖ് ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാരോഖ് ഷാ
شاهرخ‌ شاه
ഷാ

1750-1755 കാലഘട്ടത്തിൽ മഷാദ് എന്ന സ്ഥലത്ത് ഷാരോഖ് ഷായുടെ പേരിൽ അച്ചടിച്ച നാണയം.
ഖൊറാസാൻ ഭരണാധികാരി
1st Reign 1 October 1748–January 1750
മുൻഗാമി ആദെൽ ഷാ
പിൻഗാമി Suleiman II (Safavid dynasty)
2nd Reign 20 മാർച്ച് 1750–1796
മുൻഗാമി സുലൈമാൻ II
പിൻഗാമി ആഘ മുഹമ്മദ് ഖാൻ ഖജർ (ഖജർ രാജവംശം)
ജീവിതപങ്കാളി Unnamed Jalayir wife
മക്കൾ
നസ്‌റല്ല മിർസ
നാദിർ മിർസ
പിതാവ് റെസ കോലി മിർസ അഫ്ഷർ
മാതാവ് ഫത്തേമ സോൾട്ടൻ ബെഗോം
മതം Twelver Shia Islam

ഷാരോഖ് മിർസ (പേർഷ്യൻ: شاهرُخ‌میرزا; 1734–1796), ഷാരോഖ് ഷാ (شاهرخ شاه) എന്ന അദ്ദേഹത്തിന്റെ രാജവംശ പദവിയാൽ കൂടുതൽ അറിയപ്പെടുന്ന, ഖൊറാസന്റെ പടിഞ്ഞാറൻ ഭാഗത്ത്, 1750 മുതൽ 1796 വരെയുള്ള കാലഘട്ടത്തിൽ (രണ്ട് മാസത്തെ ഇടവേള) ഭരിച്ചിരുന്ന അഫ്‌ഷാരിദ് രാജവംശത്തിലെ ഒരു രാജാവായിരുന്നു (ഷാ) ആയിരുന്നു.

ജനനവും വംശപരമ്പരയും[തിരുത്തുക]

1730-ൽ ഇറാന്റെ ഷാ ആയി സഫാവിദ് രാജകുമാരൻ തഹ്മാസ്പ് II ൻറെ കിരീടധാരണത്തിനുശേഷം, നാദിർ ഷാ അദ്ദേഹത്തിൻറെ സഹോദരിമാരിൽ ഒരാളെ വിവാഹം കഴിച്ചപ്പോൾ മൂത്ത മകൻ റെസ കോലി മിർസ അഫ്ഷർ മറ്റൊരു സഹോദരിയായ ഫാത്തിമെ സോൾത്താൻ ബെഗോമിനെയും വിവാഹം കഴിച്ചു. 1734 മാർച്ചിൽ, റെസാ കോലി അഫ്ഷറിന്റെയും ഫാത്തിമെ സോൾത്താൻ ബെഗോമിൻറേയും പുത്രനായി ഷാരൂഖ് ജനിച്ചു. നൗറൂസ് (ഇറാനിയൻ പുതുവത്സരം) ദിനത്തിൽ ഈ വാർത്ത ഇസ്ഫഹാനിലെ രാജകൊട്ടാരത്തിലെത്തി. നാദിർ ഷാ പിൽക്കാലത്ത് ഷാരോഖിനെ ഹെറാത്ത് നഗരത്തിന്റെ ഭരണാധികാരിയായി നിയമിച്ചു.[1] പാതി സഫാവിദ് പരമ്പരയായ ഷാരോഖിന്റെ ജനനത്തോടെ, നാദിർ ഷായ്ക്ക് പിൻഗാമിയുടെ നിയമസാധുത ഉറപ്പിക്കാൻ കഴിഞ്ഞു.[2]

1740-ൽ, തന്റെ ഇന്ത്യയിലെ സൈനികപ്രവർത്തനത്തിനുശേഷം മടങ്ങിയെത്തിയ നാദിർ ഷാ ഹെറാത്തിൽ ഷാരോഖിന്റെ പേരിൽ നാണയങ്ങൾ പുറത്തിറക്കി.[2][3] 1747-ൽ, നാദിർ ഷാ കൂടുതൽ മനോവിഭ്രാന്തനായപ്പോൾ, ഷാരോഖിനെ കാലാട്ട് കോട്ടയിലേക്ക് അയച്ചു.[3][4] നാദിർ ഷാ പിന്നീട് 1747 ജൂൺ 21-ന് രാജ്യത്തെ കലാപകാരികളാൽ വധിക്കപ്പെട്ടു.[4][5] അദ്ദേഹത്തിന്റെ മരണം ഭരണകൂടത്തിൻറെ ഒരു ശക്തിക്ഷയത്തിന് കാരണമായതോടെ വിശാലമായ സാമ്രാജ്യം വിവിധ പരമാധികാരികൾക്കിടയിലായി വിഭജിക്കപ്പെട്ടു.[6]

അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൻറെ കിഴക്കൻ ഭാഗങ്ങൾ നാദിർ ഷായുടെ ഒരു മുൻ ഉസ്ബെക്ക് കമാൻഡർ മുഹമ്മദ് റഹീം ഖാൻ മംഗിതിൻറെ നേതൃത്വത്തിൽ ഉസ്‌ബെക്ക്, അഫ്ഗാൻ പരമാധികാരികൾ പിടിച്ചെടുക്കുകയും അബു അൽ-ഫൈസ് ഖാനെ സ്ഥാനഭ്രഷ്ടനാക്കി അയാൾ ബുഖാറയുടെ പുതിയ ഭരണാധികാരിയാകുകയും ചെയ്തപ്പോൾ അബ്ദാലി ഗോത്രത്തിന്റെ നേതാവും മുമ്പ് നാദിർ ഷായുടെ സൈന്യത്തിന്റെ അഫ്ഗാൻ കേഡറിന്റെ ഭാഗവുമായിരുന്ന അഹ്മദ് ഖാൻ, കാണ്ഡഹാറിലെ നാദിരാബാദ് നഗരത്തിലേക്ക് പലായനം ചെയ്തു. അവിടെ അദ്ദേഹം ദുർ-ഇ ദുറാൻ ("പേൾ ഓഫ് പേൾ") എന്ന പദവി ഏറ്റെടുക്കുകയും അങ്ങനെ തന്റെ അബ്ദാലി ഗോത്രത്തിന്റെ പേര് "ദുറാനി" എന്നാക്കി മാറ്റുകയും ചെയ്തു. അഹ്മദ് ഖാൻ (ഇപ്പോൾ അഹ്മദ് ഷാ എന്ന് പേര്) പിന്നീട് സഫാവിദുകൾക്കും മുഗൾ സാമ്രാജ്യത്തിനും ഇടയിൽ ഒരു അതിർത്തി പ്രദേശമായി പ്രവർത്തിച്ചിരുന്ന ഒരു ഭൂഭാഗം കീഴടക്കി.[6]

മഷാദിൽ, അതിന്റെ സിവിൽ ഗവർണറും ഇമാം റെസ ദേവാലയത്തിന്റെ സൂപ്രണ്ടുമായ മിർ സയ്യിദ് മുഹമ്മദ് അഫ്ഗാനികളെ നഗരത്തിന് പുറത്താക്കി, അമ്മാവന്റെ കൊലപാതകത്തിൽ പങ്കുണ്ടായിരിക്കാവുന്ന നാദിർ ഷായുടെ അനന്തരവൻ അലി-കോലി ഖാന് വേണ്ടി നഗരം സുരക്ഷിതമാക്കി..[7][8] അയാൾ നാദിർ ഷായുടെ ഘാതകരെ തന്റെ സേവനത്തിലേക്ക് സ്വീകരിച്ചു, കൂടാതെ മിർ സയ്യിദ് മുഹമ്മദിൽ നിന്ന് മഷാദിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. 1747 ജൂലൈ 6-ന്, അലി-ഖോലി ഖാൻ സിംഹാസനാരോഹണം നടത്തുകയും സോൾട്ടാൻ അലി ആദേൽ ഷാ എന്ന രാജനാമം സ്വീകരിക്കുകയും ചെയ്തു.[9][8] ഏതാണ്ട് ഇതേ സമയത്തുതന്നെ അദ്ദേഹം കാലാട്ടിനെ കീഴടക്കാൻ ഒരു ചെറിയ സൈന്യത്തെ അയച്ചു. ഏതാണ്ട് അഭേദ്യമായിരുന്ന കോട്ടയുടെ ടവറുകളിലൊന്നിന്റെ അരികിൽ ഉപേക്ഷിക്കപ്പെട്ട ഗോവണി ഉപയോഗിച്ചാണ് അക്രമികൾ അകത്ത് കടന്നത് എന്നതിൽനിന്ന് അവർക്ക് ഉള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. അദേൽ ഷായുടെ പടയാളികൾ നാദിർ ഷായുടെ പതിനാറ് പിൻഗാമികളെ കൂട്ടക്കൊല ചെയ്തു. നാദിർ ഷായുടെ മൂന്ന് മക്കളെയും റെസ കോലി മിർസയുടെ അഞ്ച് മക്കളെയും നസ്‌റല്ല മിർസയുടെ എട്ട് മക്കളെയും അവർ വധിച്ചു. നാദിർ ഷായുടെ രണ്ട് മക്കളായ നസ്‌റൊല്ല മിർസയും ഇമാം കോലി മിർസയും ഷാരോഖിനൊപ്പം (അന്ന് 14 വയസ്സായിരുന്നു) വിജയകരമായി രക്ഷപ്പെട്ടുവെങ്കിലും അവർ താമസിയാതെ മാർവ് നഗരത്തിനടുത്തുവച്ച് പിടിക്കപ്പെട്ടു.[10] മറ്റുള്ളവരെ വധിച്ചപ്പോൾ, സഫാവിദ് വംശ പരമ്പര ഉപയോഗപ്പെട്ട ഷാരോഖ് മാത്രമാണ് ഒഴിവാക്കപ്പെട്ടത്.[11][12] അദ്ദേഹത്തെ കാലാട്ടിലേക്ക് തിരിച്ചയച്ച്, അവിടെ തടവിലാക്കി. താമസിയാതെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പുറത്ത് വന്നു.[11]

മഷ്‌ഹദിൽ സുഖലോലുപത ഇഷ്ടപ്പെട്ട അദേൽ ഷാ തന്റെ ഇളയ സഹോദരൻ ഇബ്രാഹിം മിർസയെ ഇസ്ഫഹാനിന്റെയും പരിസരത്തിന്റെയും ഗവർണറായി നിയമിച്ചു.[8][13] താമസിയാതെ, ഇബ്രാഹിം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് അസർബൈജാൻ ഗവർണറായിരുന്ന കസിൻ അമീർ അസ്ലൻ ഖാൻ അഫ്ഷറുമായി സഖ്യത്തിലായി. ഒടുവിൽ ആദേൽ ഷാ തന്റെ സഹോദരനെതിരെ സൈനിക നടപടിയ്ക്കിറങ്ങിയെങ്കിലും കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയതോടെ (ജൂണിൽ 1748) അദ്ദേഹം പരാജിതനായി ടെഹ്‌റാൻ നഗരത്തിലേയ്ക്ക് പലായനം ചെയ്തു. ടെഹ്‍റാനിൽവട്ട് അതിന്റെ ഗവർണർ മിർസ മൊഹ്‌സെൻ ഖാൻ അദ്ദേഹത്തെ പിടികൂടി അന്ധനാക്കി, മിർ സയ്യിദ് മുഹമ്മദിന് കൈമാറി. അയാൾ അദെൽ ഷായെ മഷാദിലേക്ക് തിരികെ കൊണ്ടുപോയി. മഷാദിൽ അവിടെ ഒരു കൂട്ടം തുർക്കിക്, കുർദിഷ്, അറബ് ഗോത്ര നേതാക്കൾ അദെൽ ഷായുടെ അഭാവം മുതലെടുത്തുകൊണ്ട് ഒക്ടോബർ 1 ന് ഷാരൂഖിനെ പുതിയ ഷായായി പ്രഖ്യാപിച്ചു.[14][6][8] ഷാരോഖിന്റെയും നസ്‌റോള മിർസയുടെ അമ്മയുടെയും അഭ്യർത്ഥന മാനിച്ച് അദേൽ ഷാ വധിക്കപ്പെട്ടു.[15] ഷാരോഖിന്റെ അനുകമ്പയുള്ള പെരുമാറ്റവും പൈതൃകമായി ലഭിച്ച നിധിയും ഖൊറാസന്റെ സ്ഥിരതയെ സഹായിച്ചു. അദ്ദേഹത്തിന്റെ സഫാവിദ് വംശപരമ്പരയും അദ്ദേഹത്തിന് വലിയ അനുയായികളെ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയവും മതപരവുമായ ആശയങ്ങൾ മുത്തച്ഛന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. നാദിർ ഷായിൽനിന്ന് വ്യത്യസ്ഥമായി, ഷാരൂഖ് തന്റെ നാണയങ്ങളിലും മുദ്രകളിലും രേഖകളിലും ട്വെൽവർ ഷിയയിസത്തിന്റെ തീവ്ര സംരക്ഷകനായി സ്വയം പ്രതിനിധീകരിച്ചു.[16]

ആദ്യ ഭരണം[തിരുത്തുക]

ഷാരൂഖിനെ വ്യക്തിപരമായി ഷാ ആയി അംഗീകരിക്കാൻ അവർ ഇബ്രാഹിമിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. പകരം ഷാരൂഖിനെ പിന്തുണയ്ക്കുന്നതായി നടിച്ചുകൊണ്ട് ഇബ്രാഹിം അദ്ദേഹത്തെ ഇസ്ഫഹാനിൽ സ്ഥാനമേറ്റെടുക്കാന് ക്ഷണിച്ചു. ഖുറാസാനിലെ പ്രഭുക്കന്മാർ, അയാളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട്, ഇബ്രാഹിമിനോട് നല്ല മനസ്സോടെ മഷാദിൽ എത്താൻ അഭ്യർത്ഥിച്ചു. ചർച്ചകളിൽ കൂടുതൽ പുരോഗതിയില്ലെന്ന് കണ്ട, ഇബ്രാഹിം തന്റെ യഥാർത്ഥ അജണ്ട വെളിപ്പെടുത്തിക്കൊണ്ട് അസർബൈജാനിലെ തബ്രിസ് നഗരത്തിലേക്ക് പോകുകയും അവിടെ 1748 ഡിസംബർ 8-ന് ഷാ ആയി കിരീടധാരണം നടത്തുകയും ചെയ്തു.[17][13] ഗോത്ര നേതാക്കളുടെ ഉപദേശത്തെ തുടർന്ന് ഷാരൂഖ് ഷാ, മൂസാ ഖാൻ അഫ്ഷർ തരോമിയെ ഇബ്രാഹിം ഷായെ തോൽപ്പിക്കാൻ ചുമതലപ്പെടുത്തി. 1749 ജൂണിലോ ജൂലൈയിലോ സെമ്‌നാന്റെ പരിസരത്തുവച്ച് ഉടലെടുത്ത ഒരു യുദ്ധത്തിൽ ഇബ്രാഹിം ഷായുടെ സൈനികർക്കിടയിൽ കലാപം വ്യാപിച്ചതിൻറെ ഫലമായി അയാൾ പിൻവാങ്ങാൻ നിർബന്ധിതനായി.[18] അയാളുടെ ചില അഫ്ഗാൻ, ഉസ്ബെക്ക് സൈനികർ ഷാരോഖിൻറെ പക്ഷം ചേർന്നപ്പോൾ മറ്റുള്ളവർ പലായനം ചെയ്തു. എന്നാൽ ക്വാലാ-യി കാലാപൂരിലെ കോട്ടയിലേക്ക് പലായനം ചെയ്ത ഇബ്രാഹിം ഷായെ ഉടൻ തന്നെ പിടികൂടി മൂസ ഖാൻ അഫ്ഷർ തരോമിയെ ഏൽപ്പിക്കുകയും അദ്ദേഹത്തെ അന്ധനാക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ മഷാദിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരിച്ചു.[13][17]

അദേൽ ഷായും ഇബ്രാഹിം ഷായും മരിച്ചതോടെ, ഷാരോഖ് തന്റെ എല്ലാ എതിരാളികളിൽ ഒഴിവായതായി തോന്നി. ഖ്വജർ തലവൻ മുഹമ്മദ് ഹസൻ ഖാൻ ഖ്വജർ ആദ്യം അദ്ദേഹത്തെ ധിക്കരിച്ചുവെങ്കിലും, ഒടുവിൽ ഷാരോഖിന്റെ സൈന്യാധിപരിൽ ഒരാളോട് അയാൾ കീഴടങ്ങി.[3] എന്നിരുന്നാലും ഷാരൂഖ് ഒരു പാവ ഭരണാധികാരി മാത്രമായിരിക്കുകയും യഥാർത്ഥ അധികാരങ്ങൾ കുർദിഷ്, അറബിക്, തുർക്കി ഗോത്ര നേതാക്കളുടെ കൈകളിലാകുകയും ചെയ്തു. തുല്യ അധികാരം പങ്കിടാതിരുന്ന ഈ ഗോത്ര നേതാക്കളിലെ പാർശ്വവത്കരിക്കപ്പെട്ടവർ ഷാരോഖിനെതിരെ ശത്രുക്കളോടൊപ്പം ചേർന്നു. ഈ വിമതർ ഉടൻ തന്നെ മിർ സയ്യിദ് മുഹമ്മദിന് ചുറ്റും അണിനിരന്നതോടെ, അദ്ദേഹത്തിന്റെ വംശപരമ്പര ഷാരൂഖിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്തു. സഫാവിദ് ഷാ സുൽത്താൻ ഹുസൈന്റെ (ആർ. 1694-1722) കീഴിൽ ഉന്നത ഓഫീസുകൾ വഹിച്ചിരുന്ന മിർസ ദാവൂദ് ആയിരുന്നു മിർ സയ്യിദ് മുഹമ്മദിൻറെ പിതാവ് എന്നതോടൊപ്പം സുൽത്താൻറെ സഹോദരി ഷഹർബാനു ബീഗോമിനെ (മിർ സയ്യിദിനമ്‍റെ മാതാവ്) അദ്ദേഹം വിവാഹവും ചെയ്തിരുന്നു.[3]

ഷാരൂഖും മിർ സയ്യിദ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിലെ വിവരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർ ഷാരൂഖിനെ മിർ സയ്യിദ് മുഹമ്മദിനെ കൊല്ലാൻ ശ്രമിച്ച ഒരു ആത്മവഞ്ചകനായി ചിത്രീകരിക്കുമ്പോൾ മറ്റുള്ളവർ മിർ സയ്യിദ് മുഹമ്മദിനെ ഒരു അട്ടിമറിക്കാരനും സൂത്രശാലിയും സിംഹാസനം പിടിച്ചെടുക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നവനുമായി ചിത്രീകരിക്കുന്നു. മിർ സയ്യിദ് മുഹമ്മദിനെ കൊലപ്പെടുത്തുന്നതിന് പകരമായി വക്കീൽ (റീജന്റ്) ആക്കാമെന്ന് ഷാരോഖ് ഷാ ബെഹ്ബുദ് ഖാനോട് വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, ബെഹ്ബുദ് ഖാൻ വിസമ്മതിച്ചതിൻറെ ഫലമായി അടുത്ത ദിവസം കൊട്ടാരത്തിന് മുന്നിൽവച്ച് അയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ അറസ്റ്റിന്റെ ഫലമായി, അറബ് ഗോത്ര നേതാവ് മിർ ആലം ഖാൻ ഖുസൈമയും മറ്റ് പതിനാറ് നേതാക്കളും 1749 ഡിസംബർ 30-ന് മിർ സയ്യിദ് മുഹമ്മദിനെ സമീപിച്ചുകൊണ്ട് അദ്ദേഹത്തിന് സിംഹാസനം വാഗ്ദാനം ചെയ്യുകയും അദ്ദേഹം വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. 1750 ജനുവരി 14-ന് മിർ സയ്യിദ് മുഹമ്മദിനെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുന്നതിനിടെ തുർക്കി ഗോത്ര നേതാവ് യൂസഫ് അലി ഖാൻ ജലായിറിന്റെ (ഷാരോഖിന്റെ പ്രധാന പിന്തുണക്കാരൻ) മഷ്ഹദിന്റെ അസാന്നിധ്യം മുതലെടുത്ത ഗൂഢാലോചനക്കാർ, 1750 ജനുവരി 14-ന് മിർ സയ്യിദ് മുഹമ്മദിനെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുന്നതിനെ ഷാരൂഖിനെ തടവിലാക്കി. സഫാവിദ് സിംഹാസനത്തിന്റെ അവകാശിയെന്ന നിലയിൽ മിർ സയ്യിദ് മുഹമ്മദ് സുലൈമാൻ II എന്ന ഭരണനാമം സ്വീകരിച്ചുകൊണ്ട് അധികാരത്തിലേറി.[12]

തടവ്[തിരുത്തുക]

മിർ ആലം ഖാനും (വക്കീലായി നിയമിക്കപ്പെട്ടു) പ്രമുഖ പ്രഭുക്കന്മാരും ഉടൻ തന്നെ ഷാരൂഖിനെ ജീവനോടെ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നിരുന്നാലും, സുലൈമാൻ II ഇതിനെ എതിർക്കുകയും ഷാരൂഖിനെ തടവിലാക്കിയ ചാഹർബാഗ് കൊട്ടാരത്തിന്റെ വാർഡനായി മുൻ ഇഷികാഖാസി ബാഷി (അന്തപ്പുര കാര്യസ്ഥൻ) മുഹമ്മദ് റെസാ ബേഗിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, സുലൈമാൻ രണ്ടാമൻ റദ്‌കാനിൽ വേട്ടയാടാൻ പോയപ്പോൾ, മീർ ആലം ഖാൻ മുഹമ്മദ് റെസാ ബേഗിനോട് എത്താൻ കൽപ്പിക്കുകയും അമീർ ഖാൻ ഖറായ്‌യും അമീർ മെഹ്‌റാബ് ഖാനും യാതൊരു ചെറുത്തുനിൽപ്പും നേരിടാതെ ചഹാർബാഗിൽ പ്രവേശിച്ചുകൊണ്ട് അന്തഃപുരത്തിൽ ഷാരൂഖിനെ അന്ധനാക്കി. കുപിതനായ സുലൈമാൻ രണ്ടാമൻ ഗൂഢാലോചനക്കാരെ പിരിച്ചുവിട്ടുവെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം അവരെ പഴയ ജോലികളിലേയ്ക്ക് പുനഃസ്ഥാപിച്ചു.[19]

താമസിയാതെ തന്റെ പ്രജകൾക്കിടയിൽ അനഭിമതനായ സുലൈമാൻ രണ്ടാമൻ ഷാരോഖിന്റെ സ്ഥാനഭ്രംശം കാരണം പല ഗോത്ര നേതാക്കളുമായി കലഹത്തിലാകുകയും മൂന്ന് വർഷത്തേക്ക് ജനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിൽ സമ്പന്നരായ ഭൂവുടമകൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അധികം താമസിയാതെ, സുലൈമാൻ രണ്ടാമന്റെ എതിരാളികൾ, യൂസഫ് അലി ഖാൻ ജലായിറിന്റെ നേതൃത്വത്തിൽ, മിർ ആലം ഖാന്റെ ബന്ധു അമീർ മെഹ്‌റാബ് ഖാന്റെ ശവസംസ്‌കാരസമയം മുതലെടുത്തുകൊണ്ട് ചാഹർബാഗിൽ ആക്രമണം നടത്തുകയും കാലാട്ടിൽ തടവിലാക്കപ്പെട്ട സുലൈമാൻ രണ്ടാമനെ അന്ധനാക്കുകയും ചെയ്തു. ഷാരൂഖ് അന്ധനായിട്ടില്ലെന്ന് ഗൂഢാലോചനക്കാരെ ബോധ്യപ്പെടുത്തിയിരുന്നതിൽ വിജയിച്ച ഷാരോഖിന്റെ ജലയിർ വംശജയായ ഭാര്യയായിരുന്നു ഈ അട്ടിമറിക്ക് പിന്നിലെ പ്രധാന വ്യക്തി. ഷാരൂഖ് ശരിക്കും അന്ധനാണെന്ന് ഗോത്ര നേതാക്കൾ കണ്ടെത്തിയെങ്കിലും അവർ അദ്ദേഹത്തെ സിംഹാസനത്തിൽ അവരോധിക്കുകയുംയ (1750 മാർച്ച് 20-ന്), അദ്ദേഹം അന്ധനല്ലെന്നും ഭരിക്കാൻ കഴിവുള്ളവനാണെന്നും എല്ലാവരേയും വിശ്വസിപ്പിക്കുകയും ചെയ്തു.[20] മീർ ആലം ഖാൻ മഷാദിൽ നിന്ന് പലായനം ചെയ്തപ്പോൾ മറ്റ് പ്രഭുക്കന്മാർ ഷാരോഖിന്റെ ഭരണം അംഗീകരിച്ചു.[8]

രണ്ടാം ഭരണം[തിരുത്തുക]

ഈ സംഭവങ്ങൾ ഖുറാസാനിലെ രാഷ്ട്രീയ സാഹചര്യം അസ്ഥിരമാക്കി. ഗോത്രത്തലവന്മാർ ഷാരൂഖിനെ ഫലപ്രദമായി ഒരു പാവയാക്കിക്കൊണ്ട് പരസ്പരം പോരടിക്കാൻ തുടങ്ങി. ഷാരൂഖിനെ സിംഹാസനത്തിലേക്ക് പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെ, അഹ്മദ് ഷാ ദുറാനി ഖൊറാസാനിലേക്ക് ഒരു അധിനിവേശം നടത്തുകയും നിരവധി മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം ഹെറാത്ത് പിടിച്ചെടുക്കുകയും ചെയ്തു.[21] നവംബർ 10 ന് നിഷാപൂരിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം മഷാദിനെ ഉപരോധിച്ചു. കഠിനമായ തണുപ്പ് അദ്ദേഹത്തിന്റെ ആളുകൾക്കിടയിൽ നാശം വിതച്ചതും ഗവർണർ ജാഫർ ഖാൻ ബയാത്തിന്റെ നേതൃത്വത്തിലുള്ള ചെറുത്തുനിൽപ്പും 1751-ന്റെ തുടക്കത്തിൽ ഉപരോധം ഉപേക്ഷിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി.[22] അഹമ്മദ് ഷാ ദുറാനി പോയതോടെ പ്രാദേശിക തലവൻമാർക്കിടയിൽ വീണ്ടും സംഘർഷം ആരംഭിച്ചു.

1751-ൽ, മെർവിലെ ബെഗ്ലർബെഗി (പ്രവിശ്യാ ഗവർണർ) അലി നഖി ഖാൻ ഖ്വജർ, യൂസഫ് അലി ഖാൻ ജലായിറിനെ മഷ്ഹദിൽ നിന്ന് പുറത്താക്കി. പിന്നീട് മിർ ആലം ഖാനും ചെനാരനിലെ കുർദിഷ് പ്രധാനിയായ ജാഫർ ഖാൻ സഫറാൻലുവും തമ്മിലുള്ള ഒരുു സഖ്യം അലി നഖി ഖാനിൽ നിന്ന് മഷാദിനെ മോചിപ്പിച്ചു.[23] 1752 ലെ വസന്തകാലത്ത് മിർ ആലം ഖാൻ ജാഫർ ഖാൻ സഫറാൻലുവിനെ മഷാദിൽ നിന്ന് പുറത്താക്കിക്കൊണ്ട് യൂസഫ് അലി ഖാനുമായി സഖ്യമുണ്ടാക്കി. നാല് മാസങ്ങൾക്ക് ശേഷം ജാഫർ ഖാൻ സഫറാൻലു മഷ്ഹദ് നഗരത്തെ വീണ്ടെടുത്തു. ഇസ്ലാമിക വർഷമായ 1166-ൽ (നവംബർ 1752 - ഒക്ടോബർ 1753), മിർ ആലം ഖാൻ മഷാദിനെ വീണ്ടെടുക്കുകയും യൂസഫ് അലി ഖാൻ, ജാഫർ ഖാൻ സഫറാൻലു, അമീർ ഖാൻ ഖറായ് എന്നിവരെ തടവിലാക്കി അന്ധരാക്കി. ഈ ഗോത്രത്തലവന്മാർ സഹായത്തിനായി അഹ്മദ് ഷാ ദുറാനിയുടെ അടുത്തേക്ക് തിരിഞ്ഞതോടെ 1754 മെയ് 1-ന് അഹ്മദ് ഷാ കാണ്ഡഹാർ നഗരം വിട്ട് ഖൊറാസാനിലേക്ക് സൈന്യത്തെ നയിച്ചു.[24] 1754 ജൂൺ-ജൂലൈ മാസങ്ങളിൽ ടുൺ കീഴടക്കിയതോടെ ജൂലൈ 23 ന് അദ്ദേഹം മഷാദ് നഗരത്തിനുനേരേ ഉപരോധം തുടങ്ങി. 1754 ലെ ശരത്കാലത്തെ ഉപരോധസമയത്ത് മിർ ആലം ഖാനെ സബ്‌സേവാറിലെ ജനസംഖ്യ പിടികൂടി കൈമാറിയ അദ്ദേഹത്തെ മുൻ ഇരകൾ പിടികൂടി വധിച്ചു. ഡിസംബർ 1-ന് മഷാദ് നഗരം അഹമ്മദ് ഷായ്ക്ക് കീഴടങ്ങുകയും 1755 മെയ് 9-ന് ഷാരൂഖ് ഷായെ ഔദ്യോഗികമായി രാജാവായി പുനഃസ്ഥാപിക്കുകയും ചെയ്തു.[25]

അവലംബം[തിരുത്തുക]

 1. Barati 2019, പുറങ്ങൾ. 51–52.
 2. 2.0 2.1 Tucker 2006, പുറം. 75.
 3. 3.0 3.1 3.2 3.3 Barati 2019, പുറം. 52.
 4. 4.0 4.1 Tucker 2006, പുറങ്ങൾ. 102–103.
 5. Axworthy 2006, പുറങ്ങൾ. 279–281.
 6. 6.0 6.1 6.2 Nejatie 2017, പുറം. 496.
 7. Barati 2019, പുറം. 45.
 8. 8.0 8.1 8.2 8.3 8.4 Perry 1984, പുറങ്ങൾ. 587–589.
 9. Barati 2019, പുറങ്ങൾ. 45–46.
 10. Barati 2019, പുറം. 46.
 11. 11.0 11.1 Barati 2019, പുറങ്ങൾ. 46, 52.
 12. 12.0 12.1 Perry 1979, പുറങ്ങൾ. 22.
 13. 13.0 13.1 13.2 Perry 1997, പുറങ്ങൾ. 75–76.
 14. Barati 2019, പുറങ്ങൾ. 49–50.
 15. Barati 2019, പുറം. 49.
 16. Tucker 2006, പുറം. 106.
 17. 17.0 17.1 Barati 2019, പുറം. 50.
 18. Barati 2019, പുറങ്ങൾ. 50–51.
 19. Barati 2019, പുറം. 55.
 20. Barati 2019, പുറം. 56.
 21. Karimi, Christine-Noelle (2014). The Pearl in Its Midst: Herat and the Mapping of Khurasan (15th-19th Centuries). Austrian Academy of Sciences. pp. 110–127. ISBN 9783700172024.
 22. Karimi, Christine-Noelle (2014). The Pearl in Its Midst: Herat and the Mapping of Khurasan (15th-19th Centuries). Austrian Academy of Sciences. pp. 110–127. ISBN 9783700172024.
 23. Karimi, Christine-Noelle (2014). The Pearl in Its Midst: Herat and the Mapping of Khurasan (15th-19th Centuries). Austrian Academy of Sciences. pp. 110–127. ISBN 9783700172024.
 24. Karimi, Christine-Noelle (2014). The Pearl in Its Midst: Herat and the Mapping of Khurasan (15th-19th Centuries). Austrian Academy of Sciences. pp. 110–127. ISBN 9783700172024.
 25. Karimi, Christine-Noelle (2014). The Pearl in Its Midst: Herat and the Mapping of Khurasan (15th-19th Centuries). Austrian Academy of Sciences. pp. 110–127. ISBN 9783700172024.
"https://ml.wikipedia.org/w/index.php?title=ഷാരോഖ്_ഷാ&oldid=3819699" എന്ന താളിൽനിന്ന് ശേഖരിച്ചത്