ആഘ മുഹമ്മദ് ഖാൻ ഖജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഘ മുഹമ്മദ് ഖാൻ ഖജർ
1820-ലെ ആഘാ മുഹമ്മദ് ഖാൻ ഖജറിന്റെ ഛായാചിത്രം.
ഇറാനിലെ ഷാ
ഭരണകാലം 1789 – 17 June 1797
കിരീടധാരണം March 1796
മുൻഗാമി ലോത്ഫ് അലി ഖാൻ
പിൻഗാമി ഫത്-അലി ഷാ ഖജർ
Viziers
ജീവിതപങ്കാളി മറിയം ഖാനോം
മക്കൾ
None
പേര്
ആഘ മുഹമ്മദ് ഖാൻ ഖജർ
പിതാവ് മുഹമ്മദ് ഹസൻ ഖാൻ ഖജർ
മാതാവ് ജീരൻ ഖാനും
ഒപ്പ്
മതം Twelver Shia Islam

ആഘ മുഹമ്മദ് ഖാൻ ഖജർ (പേർഷ്യൻ: آقا محمد خان قاجار; 14 March 1742 – 17 June 1797),, അദ്ദേഹത്തിന്റെ രാജകീയ നാമമായ മുഹമ്മദ് ഷാ (حمآمه, حمه مه) എന്നും അറിയപ്പെടുന്നു. ഇറാനിലെ ഖ്വജർ രാജവംശത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. 1789 മുതൽ 1797 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം പേർഷ്യയിലെ രാജാവായി (ഷാ) ഭരണം നടത്തി. ഖജർ ഗോത്രത്തിന്റെ ഖുവാൻലു ശാഖയുടെ യഥാർത്ഥ തലവനായിരുന്ന ആഘ മുഹമ്മദ് ഖാൻ 1789-ൽത്തന്നെ ഇറാനിലെ രാജാവായി അവരോധിതനായിരുന്നെങ്കിലും 1794-ൽ സാൻഡ് രാജവംശത്തിലെ ലോത്ഫ് അലി ഖാനെ സ്ഥാനഭ്രഷ്ടനാക്കുന്ന 1796 മാർച്ച് വരെ ഔദ്യോഗികമായി കിരീടമണിഞ്ഞിരുന്നില്ല. പ്രസിദ്ധ നപുംസക ചക്രവർത്തിയായിരുന്ന ആഘ മുഹമ്മദ് ഖാൻ ഖജറിന് കുട്ടികളില്ലായിരുന്നു. 1797 ജൂൺ 17-ന് അദ്ദേഹം വധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ അനന്തരവൻ ഫത്-അലി ഷാ ഖജർ അധികാരമേറ്റെടുത്തു.

ആഘ മുഹമ്മദ് ഖാന്റെ ഭരണം ഒരു കേന്ദ്രീകൃതവും ഏകീകൃതവുമായ ഇറാന്റെ തിരിച്ചുവരവിനും തലസ്ഥാനം നിലവിൽ സ്ഥിതിചെയ്യുന്ന ടെഹ്‌റാനിലേക്ക് മാറ്റിയതിൻറേയും പേരിൽ ശ്രദ്ധേയമാണ്. ക്രൂരനും ദുർമോഹിയുമെന്ന നിലയിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം പ്രത്യേകിച്ച് ജോർജ്ജിയയെ വീണ്ടും കീഴ്പ്പെടുത്തുന്ന സമയത്ത് തൻറെ ദുഷ്ടവാസനകൾ പ്രകടമാക്കിയിരുന്നു. അദ്ദേഹം ജോർജ്ജിയയുടെ തലസ്ഥാനമായ ടിബിലിസി കൊള്ളയടിക്കുകയും അവിടുത്തെ നിരവധി നിവാസികളെ കൂട്ടക്കൊല ചെയ്യുകയും 15,000 ജോർജിയൻ തടവുകാരെ ഇറാന്റെ പ്രധാന ഭൂപ്രദേശത്തേക്ക് തടവുകാരായി പിടിച്ചുകൊണ്ടുവരുകയും ചെയ്തു.

ആദ്യകാലം (1742–1779)[തിരുത്തുക]

കുടുംബവും യുവത്വവും[തിരുത്തുക]

1742-ൽ അസ്തറാബാദിലാണ് ആഘ മുഹമ്മദ് ഖാൻ ജനിച്ചത്. ഖജാർ ഗോത്രത്തിലെ ഖുവാൻലു (ഖ്വവൻലു എന്നും അറിയപ്പെടുന്നു) ശാഖയിൽ പെട്ടയാളായിരുന്നു അദ്ദേഹം. പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ ഏഷ്യാമൈനറിൽ ഉടലെടുക്കുകയും വ്യാപിക്കുകയും ചെയ്ത യഥാർത്ഥ തുർക്കോമാൻ ഖിസിൽബാഷ് ഗോത്രങ്ങളിൽപ്പെട്ടവരായിരുന്നു ഖജറുകൾ.[1] സഫാവിദ്  രാജവംശത്തിന്റെ ആദ്യകാലം മുതൽക്കുതന്നെ അവർ സഫാവിഡുകൾക്ക് പിന്തുണ നൽകി.[2] മറ്റ് നിരവധി ശാഖകൾ ഉണ്ടായിരുന്ന ഗോത്രത്തിലെ, ഏറ്റവും പ്രധാനപ്പെട്ട ശാഖകളിലൊന്നായിരുന്ന ദേവേലു പലപ്പോഴും ഖ്വുവാൻലുവിനെതിരെ പോരാടിയിരുന്നു. ഖുവാൻലു വംശത്തിന്റെ തലവനായിരുന്ന മുഹമ്മദ് ഹസൻ ഖാൻ ഖജറിന്റെ മൂത്ത പുത്രനും ഷാ തഹ്മാസ്പ് രണ്ടാമന്റെ ((1736-ൽ ഇറാൻ സിംഹാസനം പിടിച്ചടക്കിയ ശേഷം അഫ്‌ഷാരിദ് രാജവംശത്തിന്റെ അടിത്തറ അടയാളപ്പെടുത്തിയ നാദിർ ഷാ എന്നറിയപ്പെട്ട നാദർ കോലി ബേഗിന്റെ നിർബന്ധത്താലായിരിക്കാം) ഉത്തരവുകളാൽ വധിക്കപ്പെട്ട ഒരു പ്രമുഖ പ്രഭുവായിരുന്ന ഫത്-അലി ഖാൻ ഖജറിന്റെ ചെറുമകനുമായിരുന്നു ആഘ മുഹമ്മദ് ഖാൻ.[3] ആഘ മുഹമ്മദ് ഖാന് ഹൊസൈൻ ഖ്വോലി ഖാൻ, മൊർതേസ ഖ്വോലി ഖാൻ, മൊസ്തഫ ഖ്വോലി ഖാൻ, റെസ ഖ്വോലി ഖാൻ, ജാഫർ ഖ്വോലി ഖാൻ, മെഹ്ദി ഖ്വോലി ഖാൻ, അബ്ബാസ് ഖ്വോലി ഖാൻ, അലി ഖ്വോലി ഖാൻ എന്നിങ്ങനെ നിരവധി അർദ്ധസഹോദരന്മാരും പൂർണ്ണസഹോദരന്മാരും ഉണ്ടായിരുന്നു.[4]

1747-ൽ നാദിർ ഷായുടെ മരണത്തേത്തുടർന്ന്, ഇറാനിലെ അഫ്‌ഷരിദ് ഭരണം തകർന്നത് മുഹമ്മദ് ഹസന് അസ്തറാബാദ് പിടിച്ചെടുക്കാനുള്ള അവസരം നൽകിയതോടെ, നാദിർ ഷായുടെ അനന്തരവനായിരുന്ന ആദെൽ ഷാ, മുഹമ്മദ് ഹസനെ പിടികൂടുന്നതിനായി മഷാദിൽ നിന്ന് നഗരത്തിലേക്ക് മാർച്ച് ചെയ്തു. ഹസനെ പിടികൂടുന്നതിൽ പരാജയപ്പെട്ടെ ആദേൽ ഷാ നേരത്തെ കൊല്ലാൻ പദ്ധതിയിട്ടിരുന്ന ആഘ മുഹമ്മദ് ഖാനെ പിടികൂടുന്നതിൽ വിജയിച്ചു. പിന്നീട് തൻറെ തീരുമാനത്തിൽ മാറ്റം വരുത്തിയ അദ്ദേഹം ആഘ മുഹമ്മദ് ഖാനെ വെറുതെ വിടാൻ തീരുമാനിക്കുകയും കൊല്ലുന്നതിനു പകരം അദ്ദേഹത്തെ ഷണ്ഢനാക്കി മോചിപ്പിക്കുകയും ചെയ്തു. "Agha" (آقا) എന്നതിന്റെ പൊതുവായ അക്ഷരവിന്യാസം സാധാരണയായി "സർ" അല്ലെങ്കിൽ "മിസ്റ്റർ" എന്ന് വിവർത്തനം ചെയ്ത ഒരു തലക്കെട്ടായി ഉപയോഗിക്കുമ്പോൾ, ഭരണാധികാരികളിലെ നപുംസകങ്ങളെ സാധാരണയായി വിശേഷിപ്പിക്കുന്നതിനായി ആഘ മുഹമ്മദ് ഖാന്റെ തലക്കെട്ട് (آغا) എന്ന് വ്യത്യസ്ഥമായിട്ടാണ് എഴുതിയിരിക്കുന്നത്.[3][5][6]\

മുഹമ്മദ് ഹസന്റെ മരണം[തിരുത്തുക]

തുടർന്നുള്ള 10 വർഷങ്ങളിൽ, ഖൊറാസാനിലെ അഫ്‌ഷാരിദ് ഭരണം എതിരാളികളായിരുന്ന സാമന്തന്മാർ തമ്മിലുള്ള യുദ്ധത്താലും ഖാന്ദഹാറിലെ ദുറാനി ഭരണാധികാരി അഹ്മദ് ഷാ ദുറാനിയുടെ അധിനിവേശത്താലും വളരെയധികം കഷ്ടപ്പെട്ടു. ഈ കാലയളവിൽ, നാദിർ ഷായുടെ മുൻ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തിന്റെ ആധിപത്യം നേടുന്നതിനായി മുഹമ്മദ് ഹസൻ പഷ്തൂൺ സൈനിക നേതാവായിരുന്ന ആസാദ് ഖാൻ അഫ്ഗാൻ, സാൻഡ് ഭരണാധികാരി കരിം ഖാൻ എന്നിവർക്കെതിരേ പോരാടി. എന്നിരുന്നാലും, 1759-ൽ ഒരു സാൻഡ് സൈന്യത്താൽ അദ്ദേഹം പരാജിതനായി. സ്വന്തം അനുയായികളാൽ വഞ്ചിക്കപ്പെട്ട അദ്ദേഹത്തെ പഴയ എതിരാളിയായിരുന്ന സവാദ്കുഹിലെ മുഹമ്മദ് ഖാൻ വധിച്ചു.[3][4] ആഘ മുഹമ്മദ് ഖാന്റെ ഷണ്ഡത്വം അദ്ദേഹത്തിന്, പകരം സഹോദരൻ ഹൊസൈൻ ഖ്വോലി ഖാനെ ഖുവൻലുവിന്റെ പുതിയ തലവനായി നിയമിക്കുന്നതിലേയ്ക്ക് നയിച്ചു.[7] താമസിയാതെ അസ്തറാബാദ് കരീം ഖാന്റെ നിയന്ത്രണത്തിലായിത്തീരുകയും, അദ്ദേഹം ഖജാർ ഗോത്രത്തിലെ ദേവേലു ശാഖയിലെ ഹൊസൈൻ ഖാൻ ദേവേലുവിനെ ഗവർണറായി നിയമിച്ചു. അതിനിടെ, ആഘ മുഹമ്മദ് ഖാനും സഹോദരൻ ഹുസൈൻ ഖ്വോലി ഖാനും സ്റ്റെപ്പി പ്രദേശത്തേയ്ക്ക് ഓടിപ്പോയി. ഒരു വർഷത്തിനുശേഷം, ആഘാ മുഹമ്മദ് ഖാൻ അസ്തറാബാദിനെതിരെ ഒരു നുഴഞ്ഞുകയറ്റം നടത്തിയെങ്കിലും, നഗരത്തിന്റെ ഗവർണർ തുരത്തിയതിനാൽ ഓടിപ്പോകാൻ നിർബന്ധിതനായി.[3] ആഘ മുഹമ്മദ് ഖാന് അഷ്‌റഫിലെത്താൻ കഴിഞ്ഞുവെങ്കിലും ഒടുവിൽ പിടിയ്ക്കപ്പെടുകയും കരീം ഖാൻറെ ഭരണത്തിലുള്ള ടെഹ്‌റാനിലേക്ക് ബന്ദിയായി അയയ്ക്കുകയും ചെയ്തു. താമസിയാതെ ഹൊസൈൻ ഖ്വോലി ഖാനും പിടിയിലാകുകയും കരീം ഖാന്റെ അടുത്തേക്ക് തന്നെ അയയ്ക്കപ്പെടുകയും ചെയ്തു.

രാജസഭയിലെ ജീവിതം[തിരുത്തുക]

ടെഹ്‌റാനിലെ താമസകാലത്ത്, കരീം ഖാൻ ആഘ മുഹമ്മദ് ഖാനോട് ദയയോടെയും മാന്യമായും പെരുമാറുകയും ആയുധങ്ങൾ താഴെയിടാൻ അദ്ദേഹത്തിൻ ബന്ധുക്കളെ പ്രേരിപ്പിക്കുകയും ചെയ്തു. തുടർന്ന് കരിം ഖാൻ അവരെ ദംഗാനിൽ താമസിപ്പിച്ചു. 1763-ൽ ആഘാ മുഹമ്മദ് ഖാനെയും ഹൊസൈൻ ഖ്വോലി ഖാനെയും സാൻഡ് തലസ്ഥാനമായ ഷിറാസിലേക്ക് അയച്ചു, അവിടെ കരീം ഖാന്റെ അന്തഃപുരത്തിന്റെ ഭാഗമായിരുന്ന അവരുടെ പിതൃസഹോദരി ഖദീജാ ബീഗം താമസിച്ചിരുന്നു.[3][4] ആഘ മുഹമ്മദ് ഖാന്റെ അർദ്ധസഹോദരന്മാരായ മൊർട്ടെസ ഖ്വോലി ഖാനും മൊസ്തഫ ഖ്വോലി ഖാനും അവരുടെ അമ്മ നഗരത്തിലെ ഗവർണറുടെ സഹോദരിയായതിനാൽ അസ്തറാബാദിൽ താമസിക്കാൻ അനുമതി നൽകപ്പെട്ടു. അദ്ദേഹത്തിന്റെ ഖസ്‌വിനിലേക്ക് അയയ്ക്കപ്പെട്ട അദ്ദേഹത്തിൻറെ ശേഷിച്ച സഹോദരങ്ങളും മാന്യമായി പരിഗണിക്കപ്പെട്ടു.[4]

കരീം ഖാന്റെ കൊട്ടാരത്തിൽ ഒരു ബന്ദിയെന്നതിനേക്കാൾ ഒരു ആദരണീയ വ്യക്തിയായാണ് ആഘ മുഹമ്മദ് ഖാനെ കണ്ടിരുന്നത്. കൂടാതെ, കരീം ഖാൻ ആഘ മുഹമ്മദ് ഖാന്റെ രാഷ്ട്രീയപരമായ അറിവ് അംഗീകരിക്കുകയും രാജ്യ ഭരണത്തിൽ അദ്ദേഹത്തോട് ഉപദേശം തേടുകയും ചെയ്തു. ഷാ നാമ എന്ന ഐതിഹാസിക പുരാണത്തിലെ  തുറാനിയൻ രാജാവായ അഫ്രാസിയാബിന്റെ ബുദ്ധിമാനായ ഒരു ഉപദേഷ്ടാവിനെ പരാമർശിച്ച് അദ്ദേഹം ആഘ മുഹമ്മദ് ഖാനെ തന്റെ "പിരാൻ-ഇ വിസെഹ്" എന്ന് പേരിട്ട് വിളിച്ചു.[3] ഖസ്‌വിനിലുണ്ടായിരുന്ന ആഘ മുഹമ്മദ് ഖാന്റെ രണ്ട് സഹോദരന്മാരെയും ഈ കാലയളവിൽ ഷിറാസിലേക്ക് അയച്ചു.[4] 1769 ഫെബ്രുവരിയിൽ, കരീം ഖാൻ ഹുസൈൻ ഖ്വോലി ഖാനെ ദാംഘാനിലെ ഗവർണറായി നിയമിച്ചു. ഹുസൈൻ കോലി ഖാൻ ദാംഘാനിലെത്തിയപ്പോൾ, പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ദേവേലുവുമായും മറ്റ് ഗോത്രങ്ങളുമായും ഉടൻ തന്നെ കടുത്ത സംഘർഷം ആരംഭിച്ചു.  എന്നിരുന്നാലും, അദ്ദേഹം ഏറ്റുമുട്ടിയ യമുത്ത് ഗോത്രത്തിൽ നിന്നുള്ള ചില തുർക്കികൾ അദ്ദേഹത്തെ ഫിൻറാരിസ്കിന് സമീപത്തുവച്ച് ഏകദേശം 1777 ൽ വധിച്ചു.[7] 1779 മാർച്ച് 1 ന്, ആഘ മുഹമ്മദ് ഖാൻ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ, ആറ് മാസത്തെ അസുഖത്തിന് ശേഷം കരീം ഖാൻ മരിച്ചുവെന്ന് ഖദീജാ ബീഗം അദ്ദേഹത്തെ അറിയിച്ചു.[3][8][7]

അധികാരത്തിൻറെ തുടക്കം (1779–1789)[തിരുത്തുക]

മാസന്ദരൻ, ഗിലൻ എന്നിവയുടെ കീഴടക്കൽ[തിരുത്തുക]

ആഘ മുഹമ്മദ് ഖാൻ വിശ്വസ്തരായ ഒരു കൂട്ടം അനുയായികളോടൊപ്പം ടെഹ്‌റാനിലേക്ക് യാത്ര ചെയ്തു. അതേസമയം, ഷിറാസിൽ ആളുകൾ പരസ്പരം  കലഹത്തിലായിരുന്നു. ടെഹ്‌റാനിൽ, ദേവേലു വംശത്തിലെ പ്രധാന മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയ ആഘ മുഹമ്മദ് ഖാൻ അവരുമായി സന്ധി ചെയ്തു. പിതാവിന്റെ തലയോട്ടി സൂക്ഷിച്ചിരുന്ന ഷാ അബ്ദ് അൽ അസാം ആരാധനാലയം അദ്ദേഹം സന്ദർശിച്ചു. തുടർന്ന് മസന്ദരൻ പ്രവിശ്യയിലേക്ക് പോയ അദ്ദേഹത്തിൻറെ, അവിടുത്തെ ആദ്യ ദൗത്യം തന്റെ ക്വാൻലു സഹോദരന്മാർക്കിടയിൽ അധികാരം സ്ഥാപിക്കുക എന്നതായിരുന്നു. ഇത് അദ്ദേഹത്തിന്റെ സഹോദരന്മാരായ റെസ ക്വോലി, മൊർട്ടെസ ക്വോലി എന്നിവരുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയും, ഏപ്രിൽ 2-ന് അദ്ദേഹം അവരെ പരാജയപ്പെടുത്തി, മാസന്ദരൻ കീഴടക്കുകയും ചെയ്തു.[9] ഇതിനിടയിൽ, അസ്തറാബാദിലേക്ക് പലായനം ചെയ്ത മൊർട്ടെസ ക്വോലി അവിടെ സ്വയം പ്രതിരോധം ഉറപ്പിച്ചു. മോർട്ടെസ കോലിയുമായി യുദ്ധം തുടങ്ങിയാൽ, ദേവേലുവു വംശവുമായുള്ള അദ്ദേഹത്തിന്റെ ദുർബലമായ സഖ്യം തകരാൻ സാധ്യതയുള്ളതിനാൽ ആഘാ മുഹമ്മദ് ഖാന് നഗരം ആക്രമിക്കാൻ കഴിഞ്ഞില്ല, തന്നെയുമല്ല മൊർട്ടെസ ഖ്വോലിയുടെ അമ്മ ഒരു ദേവേലു വംശജയും ആയിരുന്നു.[9] അതേ സമയം, സാൻഡ് രാജകുമാരൻ അലി-മൊറാദ് ഖാൻ സാന്ദ്, സന്ദുകളുടെ ഒരു സൈന്യത്തേയും, ആസാദ് ഖാൻ അഫ്ഗാനിയുടെ മകൻ മഹ്മൂദ് ഖാന്റെ കീഴിൽ അഫ്ഗാൻ സൈനികരുടെ ഒരു സംഘത്തേയും മസന്ദരനിലേക്ക് അയച്ചെങ്കിലും  ആഘ മുഹമ്മദ് ഖാന്റെ സഹോദരൻ ജാഫർ ഖ്വോലി ഖാന് അതിനെ ചെറുക്കാൻ കഴിഞ്ഞു. ഹൊസൈൻ ഖ്വോലി ഖാന്റെ മക്കളായ ഫത്ത്-അലി ഖ്വോലി, ഹൊസൈൻ ഖ്വോലി എന്നിവരോടൊപ്പം ആഘ മുഹമ്മദ് ഖാൻ ഇപ്പോൾ മാസന്ദരന്റെ തലസ്ഥാനമായ ബാബോളിൽ സുരക്ഷിതമായ നിലയിലായിരുന്നു.[9]

1780 ലെ ശരത്കാലത്തിൽ, ലാരിജനിൽ നിന്നുള്ള ഒരു സൈന്യവുമായി റെസ ക്വോലി ബാബോലിനെ ആക്രമിച്ചു, അവിടെ അദ്ദേഹം ആഘ മുഹമ്മദ് ഖാന്റെ വീട് ഉപരോധിക്കുകയും മണിക്കൂറുകൾ നീണ്ട പോരാട്ടത്തിന് ശേഷം അദ്ദേഹത്തെ പിടികൂടുകയും ചെയ്തു.[10] മോർട്ടെസ ഖ്വോലി ഇതറിഞ്ഞപ്പോൾ, 1781 ജനുവരി 1-ന് അദ്ദേഹം തുർക്ക്മെൻ സൈന്യവുമായി ബാബോളിലേക്ക് മാർച്ച് ചെയ്യുകയും ആഘ മുഹമ്മദ് ഖാനെ മോചിപ്പിക്കുകയും ചെയ്തു. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച മൂന്ന് സഹോദരന്മാരിൽ; ആഘ മുഹമ്മദ് ഖാനും റെസ കോലിയും വിജയിച്ചപ്പോൾ, അസംതൃപ്തനായ മൊർട്ടെസ കോലി അലി-മൊറാദ് ഖാൻറെ ഇസ്ഫഹാനിലേയ്ക്കും തുടർന്ന് സദേഖ് ഖാൻ സാന്ദിൻറെ അധീനതയിലുള്ള ഷിറാസിലേക്കും പലായനം ചെയ്തു. ഖുറാസാനിൽ വെച്ചാണ് അദ്ദേഹം മരിച്ചത്.[11] അദ്ദേഹത്തിന്റെ മുൻ അനുയായികൾ പിന്നീട് ആഘ മുഹമ്മദ് ഖാന്റെ അടുത്ത് പോയി അദ്ദേഹത്തെ സേവിക്കാൻ തുടങ്ങി. ആ സമയത്ത്, ആഘ മുഹമ്മദ് ഖാൻ തന്നെ  നിരവധി യുദ്ധങ്ങളിൽ പരാജയപ്പെടുത്തിയ സഹോദരൻ റെസ ക്വോലിയുമായി വീണ്ടും ഒരു സംഘട്ടനത്തിൽ ഏർപ്പെടുകയും, അതിനുശേഷം അവനുമായി ഒരിക്കൽ കൂടി സമാധാനം സ്ഥാപിക്കുകയും ചെയ്തു. മൊർട്ടെസ കോലിയെ അസ്തറാബാദിന്റെയും ഹെസാർ ജരീബ് മേഖലയിലെ മറ്റു പല ജില്ലകളുടേയും യഥാർത്ഥ ഭരണാധികാരിയാകാൻ അനുവദിക്കുകയും ചെയ്തു.[12][11]

സമാധാനം അധികനാൾ നീണ്ടുനിന്നില്ല. താമസിയാതെ അലി-മൊറാദ് ഖാൻ മസന്ദരനെ ആക്രമിച്ചതോടെ ആഘ മുഹമ്മദ് ഖാൻ ബാബോളിൽ നിന്ന് മസന്ദരാനികളുടെയും കജാറുകളുടെയും സൈന്യവുമായി മാർച്ച് ചെയ്യുകയും അലി-മൊറാദ് ഖാനെ ആക്രമിക്കുകയും അദ്ദേഹത്തെ പ്രവിശ്യയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. തുടർന്ന് ആഘ മുഹമ്മദ് ഖാൻ ഖുമിസ്, സെമ്നാൻ, ദംഘാൻ, ഷാഹ്രൂദ്, ബസ്താം എന്നിവ പിടിച്ചെടുത്തു.[11] കൂടാതെ, ഗിലാൻ ഭരണാധികാരിയായിരുന്ന ഹെദായത്ത്-അല്ലാ ഖാനെയും അദ്ദേഹം തന്റെ സാമന്തനാക്കി മാറ്റി. അതിനുശേഷം അദ്ദേഹം തന്റെ സഹോദരൻ അലി ക്വോലിയ്ക്ക് നഗരങ്ങൾ കീഴടക്കാനുള്ള സഹായത്തിന് പ്രതിഫലമായി സെമ്നാനിൽ ഭൂമി നൽകി.

അവലംബം[തിരുത്തുക]

  1. Fukasawa, Katsumi; Kaplan, Benjamin J.; Beaurepaire, Pierre-Yves (2017). Religious Interactions in Europe and the Mediterranean World: Coexistence and Dialogue from the 12th to the 20th Centuries. Oxon: Taylor & Francis. p. 280. ISBN 9781138743205.
  2. Fukasawa, Katsumi; Kaplan, Benjamin J.; Beaurepaire, Pierre-Yves (2017). Religious Interactions in Europe and the Mediterranean World: Coexistence and Dialogue from the 12th to the 20th Centuries. Oxon: Taylor & Francis. p. 280. ISBN 9781138743205.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Perry 1984, പുറങ്ങൾ. 602–605.
  4. 4.0 4.1 4.2 4.3 4.4 Hambly 1991, പുറം. 112.
  5. Ghani 2001, പുറം. 1.
  6. Hambly 1991, പുറങ്ങൾ. 110–111.
  7. 7.0 7.1 7.2 Hambly 1991, പുറങ്ങൾ. 112–113.
  8. Perry 2011, പുറങ്ങൾ. 561–564.
  9. 9.0 9.1 9.2 Hambly 1991, പുറം. 114.
  10. Fasāʹī, Ḥasan ibn Ḥasan (1972). History of Persia under Qajar rule. Internet Archive. New York, Columbia University Press. ISBN 978-0-231-03197-4.
  11. 11.0 11.1 11.2 Hambly 1991, പുറം. 115.
  12. Fasāʹī, Ḥasan ibn Ḥasan (1972). History of Persia under Qajar rule. Internet Archive. New York, Columbia University Press. ISBN 978-0-231-03197-4.
"https://ml.wikipedia.org/w/index.php?title=ആഘ_മുഹമ്മദ്_ഖാൻ_ഖജർ&oldid=3947772" എന്ന താളിൽനിന്ന് ശേഖരിച്ചത്