Jump to content

ഫത്ത്-അലി ഷാ ഖജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫത്ത്-അലി ഷാ ഖജർ
Shahanshah[1]
Khaqan[1]

Portrait by Mihr 'Ali, between 1809–1810 (Hermitage Museum)
ഇറാനിലെ ഷാ
ഭരണകാലം 17 June 1797 – 23 October 1834
മുൻഗാമി ആഘ മുഹമ്മദ്ഖാൻ ഖ്വജർ
പിൻഗാമി മുഹമ്മദ് ഷാ ഖ്വജർ
Grand viziers
ജീവിതപങ്കാളി Numerous wives,
including Taj Al-Duleh, Kheyr-ol-Nessa Khanom, and Maryam Khanom
മക്കൾ
Mohammad Ali Mirza
Abbas Mirza
Ziaʾ al-Saltaneh
Abdullah Mirza
പേര്
ഫത് അലി ഷാ
പിതാവ് Hossein Qoli Khan
മാതാവ് Agha Baji
ഒപ്പ്
മതം ഷിയ ഇസ്ലാം

ഫത്ത്-അലി ഷാ ഖജർ (

പേർഷ്യൻ: فتحعلى‌شاه قاجار; മെയ് 1769 – 24 ഒക്ടോബർ 1834) ഖ്വജർ ഇറാനിലെ രണ്ടാമത്തെ ഷാ (രാജാവ്) ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം 1797 ജൂൺ 17 മുതൽ 1834 ഒക്‌ടോബർ 24-ന് അദ്ദേഹത്തന്റെ മരണംവരെയായിരുന്നു. ഇക്കാലത്തെ ജോർജിയ, ദാഗസ്‌താൻ, അസർബെയ്ജാൻ, അർമേനിയ എന്നിവ ഉൾപ്പെടുന്ന കോക്കസസിലെ ഇറാന്റെ വടക്കൻ പ്രദേശങ്ങൾ 1804-1813-ലെയും 1826-1828-ലെയും റുസ്സോ-പേർഷ്യൻ യുദ്ധങ്ങളെയും തുടർന്നുണ്ടായ ഗുലിസ്ഥാൻ, തുർക്ക്മെൻചായ് ഉടമ്പടികളെയും തുടർന്ന് റഷ്യൻ സാമ്രാജ്യത്തിലേക്ക് എന്നെന്നേയ്ക്കുമായി വിട്ടുകൊടുക്കുന്നതിന് അദ്ദേഹത്തിന്റെ ഭരണകാലം സാക്ഷിയായി.[2] ചരിത്രകാരനായ ജോസഫ് എം. ആപ്‌ടൺ പറയുന്നതുപ്രകാരം അസാധാരണമായ നീണ്ട താടി, കടന്നലിന്റേതുപോലുള്ള അരക്കെട്ട്, സന്തതിപരമ്പര എന്നീ മൂന്ന് കാര്യങ്ങൾക്ക് ഇറാനികൾക്കിടയിൽ അദ്ദേഹം പ്രശസ്തനാണ്.[3] അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ അവസാനത്തിൽ, ബുദ്ധിമുട്ടുള്ള സാമ്പത്തിക പ്രശ്‌നങ്ങളും സൈനിക, സാങ്കേതിക ബാധ്യതകളും ഇറാനിലെ സർക്കാരിനെ ശിഥിലീകരണത്തിന്റെ വക്കിലെത്തിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം സിംഹാസനത്തിനായുള്ള പോരാട്ടം അത് ത്വരിതഗതിയിലാക്കുകയും ചെയ്തു.[4]

ആദ്യകാലം

[തിരുത്തുക]

1769 മെയ് മാസത്തിൽ പിതാവിന്റെ ഗവർണർ ഭരണത്തിൻ കീഴിലായിരുന്ന ദംഘാൻ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു പ്രമുഖ വ്യക്തിയായിരുന്ന അദ്ദേഹത്തിന്റെ പ്രപിതാമഹൻ വഹിച്ചിരുന്ന ഫാത്ത്-അലി എന്ന പേരാണ് അദ്ദേഹത്തെ നൽകപ്പെട്ടത്. എന്നാൽ 1797-ലെ കിരീടധാരണം വരെ അദ്ദേഹം പ്രധാനമായും ബാബാ ഖാൻ എന്ന രണ്ടാമത്തെ പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഭരണം അംഗീകരിക്കാൻ വിസമ്മതിച്ച റഷ്യക്കാർ 1813 വരെ അദ്ദേഹത്തെ ബാബാ ഖാൻ എന്ന് വിളിച്ചു.[5] ഹുസൈൻ കോലി ഖാൻ ഖജറിന്റെയും (ആഘ മുഹമ്മദ് ഖാൻ ഖജറിന്റെ സഹോദരൻ) ഖജർ ഗോത്രത്തിലെ ആശാഖ-ബാഷ് ശാഖയിലെ മുഹമ്മദ് അഗാ എസ് അൽ-ദിൻലുവിന്റെ മകളുടേയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. സാൻദ് രാജവംശത്തിനെതിരെ കലാപം നടത്താൻ ഹുസൈൻ കോലി ഖാൻ ഗൂഢാലോചന നടത്തിയെന്ന സംശയത്തേത്തുടർന്ന് ബാബ ഖാനെ (അന്ന് അഞ്ച് വയസ്) ഷിറാസിലെ സാൻഡ് ഭരണാധികാരിയായ കരിം ഖാൻ സാന്ദിന്റെ (കാലം. 1751-1779) കൊട്ടാരത്തിലേയ്ക്ക് ബന്ദിയായി അയച്ചു. അവിടെ അതേ കൊട്ടാരത്തിൽത്തന്നെ ബന്ദിയായിരുന്ന അമ്മാവൻ ആഘ മുഹമ്മദ് ഖാനോടൊപ്പം ബാബാ ഖാൻ ചേർന്നു.[4]

പിന്നീട് ദംഘാനിലേയ്ക്ക് മടങ്ങിയ ബാബാ ഖാൻ (19-ആം നൂറ്റാണ്ടിലെ ഇറാനിയൻ സാഹിത്യകാരൻ റെസാ-ക്വോലി ഖാൻ ഹെദായത്തിന്റെ അഭിപ്രായത്തിൽ, ഇത് 1775-ലാണ് നടന്നത്), അവിടെ അസ്തറാബാദിലെ ദവല്ലു ഖ്വജാർ മേധാവികൾ തമ്മിലുള്ള സംഘർഷത്തിന് സാക്ഷിയായിരുന്നു. ഇത് ആത്യന്തികമായി 1777-ൽ കുക്ലാൻ തുർക്ക്മെൻസ് അദ്ദേഹത്തിൻറെ പിതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചു. ബാബ ഖാൻ തന്റെ അമ്മാവനായ മൊർട്ടെസ ക്വോലി ഖാൻ ഖജറിനൊപ്പം അൻസാൻ ഗ്രാമത്തിൽ (അസ്തറാബാദിന് സമീപം) അഭയം തേടുകയും അവിടെ അദ്ദേഹം രണ്ട് വർഷക്കാലം താമസിക്കുകയും ചെയ്തു. 1779-ൽ കരീം ഖാന്റെ മരണത്തെത്തുടർന്ന് ബാർഫോറഷിലെ മൊർട്ടെസ ക്വോലിയെയും മറ്റ് രണ്ട് സഹോദരന്മാരെയും കീഴടക്കിയ ആഘ മുഹമ്മദ് ഖാനിലേക്ക് ബാബ ഖാൻ തന്റെ വിശ്വസ്തത മാറ്റി. ആഘ മുഹമ്മദ് ഖാൻ ചെറുപ്പത്തിൽത്തന്നെ ഷണ്‌ഡനാക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ബാബ ഖാന്റെ അമ്മയെ സാരി നഗരത്തിൽവച്ച് വിവാഹം കഴിച്ചതോടെ പ്രായോഗികമായി അദ്ദേഹത്തിന്റെ രണ്ടാനച്ഛനും രക്ഷിതാവുമായി മാറി.[4]

1780-ൽ, ബാബ ഖാനെയും ആഘ മുഹമ്മദ് ഖാനെയും ബാഫൊറഷിൽ വെച്ച് ആഘയുടെ സഹോദരൻ റെസാക്കോലി ഖാൻ കാജർ പിടികൂടി. ബാബ ഖാന് ആഘ മുഹമ്മദ് ഖാൻ നൽകിയ സൗമനസ്യത്തിൽ അയാൾ അതൃപ്തി പ്രകടിപ്പിച്ചു. ഒടുവിൽ അവർ മോചിതരാകുകയും 1781-ൽ ബാബ ഖാൻ ഖാദർ ഖാൻ അറബ് ബെസ്താമിയിൽ നിന്ന് ദംഗാൻ പിടിച്ചെടുത്തതോടെ പിതാവിന്റെ മുൻ രാജ്യം വീണ്ടെടുക്കുകയും ചെയ്തു. ഖാദർ ഖാന്റെ മകൾ ബദർ ജഹാനെ പിടികൂടിയ ബാബാ ഖാൻ അവരെ വിവാഹം കഴിച്ചു. 1783-ൽ ബാബ ഖാൻ തന്റെ ആദ്യ ഖജർ ഭാര്യ അസിയേ ഖാനുമിനെ സാരി നഗരത്തിൽവച്ച് വിവാഹം കഴിച്ചു. അസിയേ ഖാനുമിന്റെ വംശമായ ഖ്വജാറുകളിലെ യോഖാരി-ബാഷ് ശാഖയുമായി സമാധാനം സ്ഥാപിക്കുന്നതിനായി ആഘ മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ഒരു രാഷ്ട്രീയ ഐക്യമായിരുന്നു ഈ വിവാഹം. 1786 മാർച്ച് 21-ന് ടെഹ്‌റാനിലെ ആഘാ മുഹമ്മദ് ഖാന്റെ സിംഹാസനാരോഹണത്തേത്തുടർന്ന്, ബാബ ഖാൻ അദ്ദേഹത്തിന്റെ അനന്തരാവകാശിയും വൈസ് റീജന്റുമായി നിയമിക്കപ്പെട്ടു.[4]

തെക്കൻ ഇറാനിലെ സാൻഡുകളുമായി അമ്മാവൻ നടത്തിയെ യുദ്ധത്തിൽ പങ്കെടുത്ത ബാബാ ഖാൻ അവിടെ 1787-ൽ യാസ്ദ് ഗവർണറായ മുഹമ്മദ്-താഖി ബാഫ്കിയെ പരാജയപ്പെടുത്തുന്നതിൽ കഷ്ടിച്ച് വിജയിച്ചതോടെ അദ്ദേഹം ഖജറിന്റെ ആധിപത്യം അംഗീകരിച്ചു. ബാബ ഖാൻ പിന്നീട് വിശ്വസ്തത സംശയിക്കപ്പെട്ട ഖജർ മേധാവികളിൽ നിന്ന് ഗിലാനെ സംരക്ഷിക്കാൻ അവിടേയ്ക്ക് പോയി.[4]

ബാബ ഖാൻ ഫാർസിന്റെ ഗവർണറായിരിക്കവേ 1797-ൽ അമ്മാവൻ കൊല്ലപ്പെട്ടു. ബാബ ഖാൻ പിന്നീട് സിംഹാസനാരോഹണം നടത്തുകയുംഫത്ത് അലി ഷാ എന്ന പേര് ഉപയോഗിക്കുകയും ചെയ്തു (അദ്ദേഹത്തിന്റെ പേരിൽ "ഷാ" എന്ന വാക്ക് ചേർത്തു). തന്റെ ചാൻസലർ ഇബ്രാഹിം ഖാൻ കലന്തറിൽ സംശയം തോന്നിയതോടെ അദ്ദേഹത്തെ വധിക്കാൻ ഉത്തരവിട്ടു. ഹാജി ഇബ്രാഹിം ഖാൻ ഏകദേശം പതിനഞ്ച് വർഷത്തോളം സാൻഡ്, ഖജർ ഭരണാധികാരികളുടെ ചാൻസലറായിരുന്നു.

പിൽക്കാല ജീവിതം

[തിരുത്തുക]

ഫത്‌അലി പിന്നീട് എഴുത്തുകാരെയും ചിത്രകാരന്മാരെയും ഉപയോഗിച്ച് റഷ്യയുമായുള്ള തന്റെ യുദ്ധങ്ങളെക്കുറിച്ച് ഫെർദോസിയുടെ ഷാ നാമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുസ്തകം തയ്യാറാക്കി. ഖ്വജർ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേർഷ്യൻ ഗ്രന്ഥമായി പലരും കരുതുന്ന ഈ പുസ്തകത്തെ ഷഹൻഷാഹ്നാമ എന്നാണ് വിളിക്കുന്നത്.

1829-ൽ റഷ്യൻ നയതന്ത്രജ്ഞനും നാടകകൃത്തുമായ അലക്സാണ്ടർ ഗ്രിബോഡോവ് ടെഹ്‌റാനിലെ റഷ്യൻ എംബസി വൃത്തത്തിൽവച്ച് കൊല്ലപ്പെട്ടു. ക്ഷമാപണം നടത്താനായി രാജകുമാരൻ ഖോസ്രോ മിർസയെ സാർ നിക്കോളാസ് ഒന്നാമന്റെ അടുത്തേക്ക് ഔപചാരിക ക്ഷമാപണം നടത്താൻ അയച്ച ഷാ അദ്ദേഹത്തിന്റെ കിരീടാഭരണങ്ങളിലെ ഏറ്റവും വലിയ വജ്രങ്ങളിലൊന്നായ ഷാ ഡയമണ്ടും ഒപ്പം കൊടുത്തയച്ചു.

തന്റെ പ്രിയപ്പെട്ട മകനും കിരീടാവകാശിയുമായ അബ്ബാസ് മിർസ 1833 ഒക്‌ടോബർ 25-ന് അന്തരിച്ചപ്പോൾ, ഫത്ത് അലി തന്റെ ചെറുമകനായ മുഹമ്മദ് മിർസയെ കിരീടാവകാശിയായി നാമകരണം ചെയ്തു. ഒരു വർഷത്തിനുശേഷം, 1834 ഒക്ടോബർ 24-ന് ഫാത് അലി മരിച്ചു. അദ്ദേഹത്തെ ഖോമിലെ ഫാത്തിമ മസൂമേ ദേവാലയത്തിലെ ഒരു ശവകുടീരത്തിൽ അടക്കം ചെയ്തു.[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Amanat 1997, പുറം. 10.
  2. Dowling, Timothy C. (2014). Russia at War: From the Mongol Conquest to Afghanistan, Chechnya, and Beyond [2 volumes]. ABC-CLIO. ISBN 978-1-59884-948-6., page 728
  3. Joseph M. Upton, The History of Modern Iran: An Interpretation. Contributors: - Author. Publisher: Harvard University Press. Place of publication: Cambridge, 1960, p.4
  4. 4.0 4.1 4.2 4.3 4.4 4.5 Amanat 1999, പുറങ്ങൾ. 407–421.
  5. Bournoutian 2020.
"https://ml.wikipedia.org/w/index.php?title=ഫത്ത്-അലി_ഷാ_ഖജർ&oldid=3815117" എന്ന താളിൽനിന്ന് ശേഖരിച്ചത്