Jump to content

ശ്രീരംഗപട്ടണം കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Srirangapatna Fort
Part of Karnataka
Srirangapatna, Karnataka, India
Srirangapatna Fort is located in Karnataka
Srirangapatna Fort
Srirangapatna Fort
Coordinates 12°25′30″N 76°40′34″E / 12.425°N 76.676°E / 12.425; 76.676
തരം Forts
Site information
Controlled by Bangalore Circle of the Archaeological Survey of India

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ചരിത്രപ്രസിദ്ധ തലസ്ഥാന നഗരിയായിരുന്ന ശ്രീരംഗപട്ടണത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ പ്രാധാന്യമുള്ള ഒരു കോട്ടയാണ് ശ്രീരംഗപട്ടണം കോട്ട. 1454-ൽ തിമ്മണ്ണ നായക നിർമ്മിച്ച ഈ കോട്ട ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായിത്തീർന്നു. അധിനിവേശക്കാർക്കെതിരായ സംരക്ഷണത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കോട്ട പൂർണമായി കെട്ടിയുറപ്പിക്കുകയും ഫ്രഞ്ച് ആർക്കിടെക്റ്റുകളുടെ സഹായത്തോടെ വാസ്തുവിദ്യയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. കാവേരി നദി ഒരു വശത്ത് കോട്ടയെ ചുറ്റിയൊഴുകുന്നു. പടിഞ്ഞാറ്, വടക്കൻ ദിശകളിൽ കാവേരി നദി ഈ കോട്ടക്കു സംരക്ഷണം നൽകുന്നു. ഈ കോട്ടയ്ക്കുള്ളിലുയുണ്ടായിരുന്ന ലാൽ മഹലും ടിപ്പുവിന്റെ കൊട്ടാരവും 1799 ൽ ബ്രിട്ടീഷുകാർ കോട്ട പിടിച്ചടക്കിയ സമയത്ത് പൊളിച്ചുമാറ്റിയിരുന്നു. പുറത്തേയ്ക്കുള്ള ഏഴ് കോട്ടവാതിലുകളും രണ്ട് തടവറകളും ഇവിടെയുണ്ട്.

കേണൽ ബെയ്‌ലിയുടെ തടവറ, ദരിയ ദൌലത്ത് ബാഗ്, ടിപ്പു സുൽത്താന്റെ ശവകുടീരം അടങ്ങിയ ഗുംബാജ്, ജുമ മസ്ജിദ് (മസ്ജിദ്-ഇ-ആല), സ്മാരക സ്തംഭങ്ങൾ, കിടങ്ങിനടുത്തുള്ള കോട്ട മതിലുകൾ, ടിപ്പുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം, നരസിംഹ ക്ഷേത്രത്തിലെ ശ്രീ കാന്തിരവ പ്രതിമ, ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, തോമസ് ഇൻമാന്റെ തടവറ എന്നിവയെല്ലാം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ബാംഗ്ലൂർ വിഭാഗത്തിനു കീഴിൽ സംരക്ഷിത സ്മാരകങ്ങളായി പരിപാലിക്കപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

എ ഡി 1454 ൽ വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന തിമ്മണ്ണ നായകയാണ് ഈ കോട്ട നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. 1495 ൽ വോഡയാർ രാജാക്കന്മാർ വിജയനഗര ഭരണാധികാരികളെ കീഴടക്കുന്നതുവരെ ഈ കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ കൈവശത്തിലായിരുന്നു. അർക്കോട്ടിലെ നവാബ്, പേഷ്വാമാർ, മറാത്തക്കാർ എന്നിവർക്കിടയിലായി പലകാലങ്ങളിൽ ഈ കോട്ട പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.[1] വോഡയാർ രാജാക്കന്മാർ തങ്ങളുടെ തലസ്ഥാനം മൈസൂരിൽ നിന്ന് ശ്രീരംഗപട്ടണത്തിലേക്ക് പറിച്ചുനടുകയും കോട്ട സാമ്രാജ്യത്തിന്റെ ആസ്ഥാനമാക്കുകയും ചെയ്തു. 1673 മുതൽ 1704 വരെയുള്ള കാലഘട്ടത്തിൽ ചിക്ക ദേവരാജ വോഡയാറിന്റെ ഭരണകാലത്ത് ഈ പ്രദേശവും കോട്ടയും പുരോഗമനപരമായ മാറ്റങ്ങൾക്കു വിധേയമായെങ്കിലും തുടർന്നുവന്ന മൂന്ന് ഭരണാധികാരികൾക്ക് ഇവിടെ യാതൊരു സ്വാധീനവും ഉണ്ടാക്കാനായില്ല. കൃഷ്ണരാജ വോഡയാറിന്റെ (1734–66) ഭരണകാലത്ത് രാജ്യം മികച്ച സൈനികശക്തിയായി മാറുകയും സൈനിക ജനറൽ ഹൈദർ അലിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.[2] ഹൈദർ അലി 1757 ൽ കോട്ടയെ 32 ലക്ഷം രൂപയ്ക്ക് അധിനിവേശ മറാത്തക്കാർക്ക് കൈമാറാൻ നിർബന്ധിതനായി, പക്ഷേ അത് തിരിച്ചുപിടിക്കാനുള്ള യത്നവുമായി അദ്ദേഹം ശക്തമായി മടങ്ങിയെത്തി. 1782-ൽ ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താൻ കോട്ടയുടെ ഭരണം ഏറ്റെടുത്ത് ബലപ്പെടുത്തലുകൾ നടത്തി. ടിപ്പുവിനെ ബ്രിട്ടീഷ് സൈന്യം പലതവണ ആക്രമിച്ചിരുന്നു. ഫ്രഞ്ചുകാരുമായി കരാറുണ്ടായിരുന്ന ടിപ്പു നെപ്പോളിയന് കത്തയക്കുകയും ചെയ്തു. നിഷ്ഫലമായ നിരവധി ശ്രമങ്ങൾക്ക് ശേഷം, വെല്ലിംഗ്ടണിലെ ഒന്നാം ഡ്യൂക്ക് കേണൽ ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം 1799 മെയ് 4 ന് കോട്ടയിൽ ശക്തമായ ആക്രമണം നടത്തി. ഈ സേനയിൽ 2,494 ബ്രിട്ടീഷ് സൈനികരും 1,882 ഇന്ത്യൻ സൈനികരുമുണ്ടായിരുന്നു. പട്ടാളക്കാരോട് കിടങ്ങുകളിൽ കാത്തുനിൽക്കാൻ ആവശ്യപ്പെടുകയും കോട്ടയുടെ കാവൽക്കാർ സാധാരണയായി വിശ്രമിക്കാറുണ്ടായിരുന്ന മദ്ധ്യാഹ്ന സമയത്ത് നദിയുടെ കുറുകെ അവർ മുന്നേറ്റം ആരംഭിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വിശദാംശങ്ങൾ കേണൽ ബീറ്റ്സന്റെ കുറിപ്പുകളിൽ കാണാം.[3] യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെടുകയും ഇംഗ്ലീഷുകാർ വോഡയാർ രാജ്ഞിയുമായി ഒരു കരാറുണ്ടാക്കുകയും ചെയ്തു.[4][5] മോർണിംഗ്ടൺ പ്രഭു സേനാനായകത്വം വഹിച്ച ഈ യുദ്ധം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോളനിവൽക്കരണ തന്ത്രത്തിന്റെ വഴിത്തിരിവുകളിലൊന്നായി കണക്കാക്കപ്പെടുന്നു.[6]

അവലംബം

[തിരുത്തുക]
  1. Verma, Amrit. Forts of India. New Delhi: The Director, Publication Division, Ministry of Information and Broadcasting, Government of India. pp. 91–93. ISBN 81-230-1002-8.
  2. Tovey, Winifred. Cor Blimey! Where 'Ave You Come From?. M-Y Books Distribution. pp. 29–32. ISBN 9780956535948.
  3. Tovey, Winifred. Cor Blimey! Where 'Ave You Come From?. M-Y Books Distribution. pp. 29–32. ISBN 9780956535948.
  4. Verma, Amrit. Forts of India. New Delhi: The Director, Publication Division, Ministry of Information and Broadcasting, Government of India. pp. 91–93. ISBN 81-230-1002-8.
  5. Sampath, Vikram. Splendours of Royal Mysore. Rupa Publications. p. 54. ISBN 9788129115355.
  6. "Ring and sword of Tipu Sultan". British Museum. Retrieved 24 June 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രീരംഗപട്ടണം_കോട്ട&oldid=3212961" എന്ന താളിൽനിന്ന് ശേഖരിച്ചത്