Jump to content

ശാസ്ത്രി - സിരിമാവോ ഉടമ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1964 ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയും ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന പദ്ധതി ആരംഭിച്ചത്.

ഉടമ്പടിയിലെ ധാരണ

[തിരുത്തുക]

ഈ ഉടമ്പടി പ്രകാരം 1981 ഒക്ടോബർ 31 ന് മുൻപ് 6 ലക്ഷത്തോളം അഭയാർത്ഥികളെ ഇന്ത്യൻ സർക്കാരും 3.75 ലക്ഷത്തോളം അഭയാർത്ഥികളെ ശ്രീലങ്കൻ സർക്കാരും പുനരധിവസിപ്പിക്കേണ്ടതുണ്ട്. എന്നാൽ 1981 ഒക്ടോബർ 31 ആയപ്പോൾ ഇന്ത്യ 3 ലക്ഷത്തിലേറെ പേർക്കും ശ്രീലങ്ക 1.85 ലക്ഷത്തോളം പേർക്കും 1964 ന് ശേഷം ജനിച്ച 62,000 കുട്ടികൾക്കും മാത്രം പൗരത്വം നൽകി.[1]

ഇന്ത്യൻ തൊഴിലാളികൾക്കുള്ള ശ്രീലങ്കൻ പൗരത്വം

[തിരുത്തുക]

1970-77 കളിലെ യു. എൻ. പി. നിയമം വരുന്നതു വരെ പുനരധിവാസം വിജയകരമായി നടപ്പാക്കപ്പെട്ടു. പിന്നീട് പ്രസിഡന്റ് ജയവർധനെ പുനരധിവാസം നിർത്തുവാൻ ഉത്തരവിറക്കി. തൊണ്ടമണ്ണുമായുള്ള ഒരു രഹസ്യ ഉടമ്പടിയിൽ ശ്രീലങ്ക തൊണ്ണൂറ്റി നാലായിരം ആളുകളെ ഏറ്റെടുത്തു. പിന്നീട് ഇന്ത്യയിലേക്ക് പോകുവാൻ തയ്യാറായിക്കൊണ്ടിരുന്ന എൺപത്തിമൂവായിരത്തോളം തൊഴിലാളികൾക്ക് പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം പുതിയ തൊഴിലുകൾ നൽകി. 1988 ലെ പൗരത്വസത്യവാങ്മൂലത്തിലെ മുപ്പത്തിയൊൻപതാം നിയമപ്രകാരം ആർക്കും ഒരു സത്യവാങ്മൂലത്തിൽ ഒപ്പിടുന്നതിലൂടെ ശ്രീലങ്കൻ പൗരനാകാമെന്നായി.[2]

ഉടമ്പടിയുടെ പ്രഥമ വ്യവസ്ഥകൾ

[തിരുത്തുക]
  1. ശ്രീലങ്കൻ പൗരത്വമോ ഇന്ത്യൻ പൗരത്വമോ ലഭിക്കാത്ത ശ്രീലങ്കയിലെ ഇന്ത്യൻ വംശജർക്ക് ഇന്ത്യയുടെയോ ശ്രീലങ്കയുടേയോ പൗരത്വം നൽകുക.
  2. അന്ന് ഇത്തരത്തിലുള്ള ആളുകൾ 9.75 ലക്ഷമായിരുന്നു. ഈ വ്യവസ്ഥയിൽ അനധികൃതമായി കുടിയേറിപ്പാർത്തവരും ഇന്ത്യൻ പാസ്പോർട്ട് കൈയ്യിലുണ്ടായിരുന്നവരും ഉൾപ്പെടുന്നില്ല.
  3. മൂന്നു ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ശ്രീലങ്കൻ സർക്കാരും 5.25 ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഇന്ത്യൻ സർക്കാരും പൗരത്വം നൽകുക.
  4. അവശേഷിക്കുന്നവരുടെ പദവിയും ഭാവിയും തീരുമാനിക്കുക ഈ സർക്കാരുകൾ തമ്മിലുള്ള മറ്റൊരുടമ്പടി പ്രകാരമായിരിക്കും.
  5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം ഇന്ത്യൻ സർക്കാർ അർഹരായവരെയെല്ലാം പുനരധിവസിപ്പിക്കുക.[3]

ഇന്ത്യൻ തമിഴർ ശ്രീലങ്കയിൽ

[തിരുത്തുക]

1830 കളിൽ ഡച്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യൻ തമിഴ് വംശജരെ ശ്രീലങ്കയിൽ തോട്ടം തൊഴിലിനായി എത്തിച്ചു. ആദ്യ കാലങ്ങളിൽ ഇവർ കാപ്പിത്തോട്ടങ്ങളിൽ ജോലി നോക്കി. പിന്നീട് കാപ്പിത്തോട്ടങ്ങൾ തേയിലത്തോട്ടങ്ങളാക്കി മാറ്റി. 1850 കളിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ റോഡുകളും റെയിൽപാതകളും നിർമ്മിക്കുവാൻ കൂടുതൽ ആളുകളെ എത്തിച്ചു. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും വർഷം ശരാശരി 40000 ത്തോളം ആളുകൾ എത്തിച്ചേരുവാൻ തുടങ്ങി. പിന്നീട് എണ്ണത്തിൽ വളർച്ചയുണ്ടായെങ്കിലും 1950 ആയപ്പോഴേക്കും കൂടുതൽ അളുകളെ അയയ്ക്കാൻ ഇന്ത്യ വിസമ്മതിച്ചു. ഇത്തരത്തിലെത്തിച്ചേർന്നവർ 120 വർഷങ്ങളായി അവിടെയുണ്ട്. ലങ്കക്കാർ മടിയന്മാരാണെന്നും തോട്ടം തൊഴിലിന് ഇന്ത്യൻ തൊഴിലാളികൾ തന്നെ വേണമെന്നും ബ്രിട്ടീഷുകാർ വാദിച്ചു. യാഥാർത്ഥ്യത്തിൽ വേതനം കുറവായതിനാലും ജോലി വ്യവസ്ഥകൾ ഗുണകരമല്ലാതിരുന്നതിനാലുമാണ് ലങ്കൻ തൊഴിലാളികൾ ജോലി ചെയ്യുവാൻ മടിച്ചത്. തേയിലത്തോട്ടങ്ങളിൽ സ്ത്രീകളും കുട്ടികളും തൊഴിലിലേർപ്പെട്ടിരുന്നു. ഇവരെ തോട്ടമുടമകൾ ചൂഷണത്തിനിരയാക്കി. തൊഴിലാളികൾക്കിടയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വന്നപ്പോൾ ബ്രിട്ടീഷ് സർക്കാർ ചെറിയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു.[4]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

* Peace and Conflict Timeline Archived 2015-01-28 at the Wayback Machine.

അവലംബം

[തിരുത്തുക]
  1. http://www.unhcr.org/refworld/topic,4565c2252c,4565c25f38f,3ae6acf314,0,,,LKA.html
  2. http://www.infolanka.com/org/srilanka/cult/32.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-28. Retrieved 2012-11-23.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-28. Retrieved 2012-11-23.