വി.ടി. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിൽകുമാർ
ജനനം
വി.ടി.ജോസഫ്

മരണം15 ഏപ്രിൽ 2023
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്ര നടൻ
ജീവിതപങ്കാളി(കൾ)സരള ജോസഫ്
കുട്ടികൾജൂഡി ജോയ്, ഡിജു ജോസഫ്, ചിത്ര ജോസഫ്.

മലയാളത്തിലെ ഒരു ആദ്യക്കാല ചലച്ചിത്രനടനായിരുന്നു അനിൽകുമാർ എന്ന വി.ടി.ജോസഫ്. 1954-ൽ, വിമൽകുമാർ സംവിധാനം ചെയ്ത പുത്രധർമ്മം എന്ന ചിത്രത്തിൽ നായകനായിട്ടായിരുന്നു ഇദ്ദേഹത്തിൻറെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം.[1][2][3]

ചലച്ചിത്രരംഗത്ത്[തിരുത്തുക]

മലയാള സിനിമയിൽ പ്രേം നസീർ എത്തുന്നതിനും മുൻപേ നായകനായി എത്തിയ ആളായിരുന്നു വി. ടി. ജോസഫ്. ബിരുദപഠനത്തിനായി ചെന്നൈയിൽ താമസിക്കുന്നതിനിടയിലാണ് പുത്രധർമ്മത്തിലൂടെ ജോസഫ് സിനിമയിലേക്കെത്തുന്നത്. സിനിമയിൽ അനിൽകുമാർ എന്നായിരുന്നു പേര്. ടി.ആർ. ഓമനയായിരുന്നു നായിക. ഓമനയുടെ ആദ്യത്തേതും അവസാനത്തേതുമായ നായികാ വേഷമായിരുന്നു അത്. 'പുത്രധർമ്മത്തിൽ' ഗോപിയെന്ന ഒരു പത്രം ഏജൻറിൻറെ വേഷമായിരുന്നു അനിൽകുമാറെന്ന ജോസഫിന്. അന്ന് ഇരുപത് വയസായിരുന്നു അനിലിൻറെ പ്രായം. അനിലിൻറെ കാമുകിയായി അഭിനയിച്ച ഓമനക്ക് പതിനാലും.

തിക്കുറിശ്ശി സുകുമാരൻ നായർ, ബഹദൂർ, ലക്ഷ്മീഭായി തുടങ്ങിയ അക്കാലത്തെ പ്രമുഖർക്കൊപ്പം ആദ്യചിത്രത്തിൽ തന്നെ നായകനായി അഭിനയിക്കുവാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. എന്നാൽ ആ ഭാഗ്യം നിലനിർത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. സിനിമയിൽ അഭിനയിക്കുന്നതിന് അദ്ദേഹത്തിന് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ നേരിടേണ്ടി വന്നു. 1957ൽ സത്യനൊപ്പം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലും പിന്നീട്, പരിതസ്ഥിതി എന്ന ചിത്രത്തിലും മാത്രം അഭിനയിച്ചുകൊണ്ട് അദ്ദേഹം അഭിനയ ജീവിതത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.[4][5] അക്കാലത്ത്, വാസ്കോഡഗാമ എന്നൊരു ചിത്രത്തിൽ കൂടി അഭിനയിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.[1]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ തെക്കുംഭാഗത്ത് വെള്ളുക്കുന്നേൽ കുടുംബാംഗമായ ജോസഫ് സിനിമാരംഗത്ത് നിന്ന് പിൻവാങ്ങിയ ശേഷം പ്ലാൻറേഷൻ രംഗത്തേക്കു തിരിഞ്ഞിരുന്നു. കഴിഞ്ഞ 20 വർഷത്തിലേറെയായി തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് താമസിച്ചു വന്നിരുന്നത്. 2023 ഏപ്രിൽ 15 ശനിയാഴ്ച പുലർച്ചെ നാലരയോടെ, വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു വെള്ളുക്കുന്നേൽ അപ്പച്ചൻ എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്ന ജോസഫിൻറെ അന്ത്യം. തിരുവനന്തപുരത്തെ പട്ടത്തുള്ള സെൻറ് മേരീസ് കത്തീഡ്രലിലാണ് സംസ്കരിച്ചത്. മരിക്കുമ്പോൾ ജോസഫിന് 89 വയസായിരുന്നു പ്രായം. ചെങ്ങന്നൂരിലെ ആലുംമൂട്ടിൽ കുടുംബാംഗമായ സരള ജോസഫ് ഭാര്യയും ജൂഡി ജോയ്, ഡിജു ജോസഫ്, ചിത്ര ജോസഫ് എന്നിവർ മക്കളുമാണ്.[1][2][3][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "പ്രേം നസീറിനു മുൻപേ നായകനായി എത്തി; ആദ്യകാല നടൻ വിടി ജോസഫ് അന്തരിച്ചു". Samakalika Malayalam. 2023-04-17.
  2. 2.0 2.1 "പ്രേംനസീറിനും മുൻപേ നായകനായി വന്നു, സത്യനൊപ്പം അഭിനയിച്ചു; ആദ്യകാല നടൻ വി.ടി.ജോസഫ് അന്തരിച്ചു". Mathrubhumi. 2023-04-17.
  3. 3.0 3.1 "പ്രേംനസീർ യുഗത്തിനു മുൻപ് നായകനായ വി.ടി.ജോസഫ് അന്തരിച്ചു". Manorama Online. 2023-04-17.
  4. "ആദ്യ നായകനാണ്, വിശ്വസിക്കുമോ?; വി ടി ജോസഫിന്റെ ഓർമ്മയിൽ ഓമന പറഞ്ഞത്". India Today. 2023-04-17.
  5. "അനിൽകുമാർ (വി ടി ജോസഫ്)". Malayalasangeetham.
  6. "വി ടി ജോസഫ് അന്തരിച്ചു". Marunadanmalayalee. 2023-04-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.ടി._ജോസഫ്&oldid=4023479" എന്ന താളിൽനിന്ന് ശേഖരിച്ചത്