വിദ്യാഭിവർദ്ധിനി അച്ചുകൂടം (കൊല്ലം)
1886-ൽ എസ്.ടി. റെഡ്യാർ ആണ് കൊല്ലത്ത് സ്വന്തം നിലയിൽ വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ് സ്ഥാപിച്ചത്. തുടക്കം കോഴിക്കോട്ട് നിന്നും വാങ്ങിയ പഴയ മാതൃകയിലുള്ള ഒരു പ്രൂഫ് പ്രസ്സുമായിട്ടായിരുന്നു. പിന്നീട് ഇംഗ്ലണ്ടിൽനിന്നും അച്ചടിയന്ത്രങ്ങളും മറ്റും വരുത്തി സംവിധാനം വിപുലമാക്കി. [1].
സ്ഥാപനം വിപുലീകരിച്ചതോടെ സഹായി കുഞ്ഞുണ്ണിപ്പിള്ളയെ കണക്കപ്പിള്ളയായും സഹോദരപുത്രനായ മുത്തുസ്വാമി റെഡ്യാരെ മാനേജരായും റെഡ്യാർ നിയമിച്ചു. ചിന്നക്കടയിൽ പ്രസ്സിനും പുസ്തകശാലയ്ക്കുമായി ആസ്ഥാനമന്ദിരങ്ങളും പണികഴിപ്പിച്ചു.
സഹകാരികൾ
[തിരുത്തുക]പ്രമുഖരായ അനേക എഴുത്തുകാരും പണ്ഡിതന്മാരും വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിന്റെ സഹകാരികളായിരുന്നു. ശമ്പളം നൽകിയും അനേകം വിവർത്തകന്മാരെയും എഴുത്തുകാരെയും പുസ്തക നിർമ്മാണത്തിനായി നിയോഗിച്ചിരുന്നു. 1924 ൽ പ്രസിദ്ധീകരിച്ച കാറ്റലോഗിൽ അവരുടെ പേര് വിവരങ്ങൾ ചേർത്തിട്ടുണ്ട്. അവരിൽ ചിലർ[2]
- കേരള വർമ്മ വലിയകോയിത്തമ്പുരാൻ
- എം. രാജരാജവർമ്മത്തമ്പുരാൻ
- ഉള്ളൂർ എസ്. പരമേശ്വരയ്യർ
- നടുവത്തച്ഛൻ നമ്പൂതിരിപ്പാട്
- കെ. പരമുപിള്ള
- പൈലോ പോൾ
- സി.എസ്. സുബ്രഹ്മണ്യൻ പോറ്റി
- മൂലൂർ എസ് പത്മനാഭപണിക്കർ
- കെ.സി. കേശവപിള്ള
- കാവുങ്ങൽ നീലകണ്ഠപിള്ള
കനകജൂബിലി
[തിരുത്തുക]1937 ൽ കനകജൂബിലിയോടനുബന്ധിച്ച് വിദ്യാഭിവർദ്ധിനി കനക ജൂബിലി പ്രശസ്തി വിദ്യാഭിവർദ്ധിനി കനജൂബിലി പ്രശസ്തി എന്ന പേരിൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]പ്രസ്സിന് ആലപ്പുഴയിലും കൊല്ലത്തും ശാഖകൾ ഉണ്ടായിരുിന്നു. വൈദ്യം, ജ്യോതിഷം, പുരാണങ്ങൾ, പുതിയ തരം രസകരമായ നോവലുകൾ തുടങ്ങി അനേകം പുസ്തകങ്ങൾ അച്ചടിച്ചിരുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വലിയ ക്യാറ്റലേഗുകൾ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാഭിവർദ്ധിനി മാസിക ആകർഷകമായി പ്രസിദ്ധീകരിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലെ എല്ലാ അച്ചടി ജോലികളും ആകർഷണീയമായി ചെയ്തു കൊടുത്തിരുന്നു.
- രാമായണം, മഹാഭാരതം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങൾ
- ബാലപാഠം, എഞ്ചുവടി, പാഠ്യപുസ്തകങ്ങൾ, പഞ്ചാംഗം, ഹരിനാമകീർത്തനം, സന്ധ്യാനാമം
- അദ്ധ്യാത്മരാമായണം, മനുസ്മൃതി, ഭർതൃഹരി തുടങ്ങിയവയുടെ വ്യാഖ്യാനങ്ങൾ
- ശ്രീമദ് ശങ്കരാചാര്യർ, വിക്രമാദിത്യകഥകൾ, കീർത്തികേസരി, കാദംബരി, കഥാസരിത്‌സാഗരം തുടങ്ങിയവയുടെ തർജ്ജമകൾ
- വർക്കല മാഹാത്മ്യം, ഗരുഡപുരാണം, സേതുമാഹാത്മ്യം തുടങ്ങിയ കിളിപ്പാട്ടുകൾ
- ഹരിശ്ചന്ദ്രചരിതം - നാടകം
- ശ്രീകൃഷ്ണചരിതം, സന്മാർഗ ചന്ദ്രിക തുടങ്ങിയ മണിപ്രവാള കൃതികൾ
- വൈദ്യജ്യോതിഷ ഗ്രന്ഥങ്ങൾ, വള്ളപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, അമ്മാനപ്പാട്ടുകൾ, വാതിൽതുറപ്പാട്ടുകൾ, കുമ്മി, ഊഞ്ഞാൽപ്പാട്ടുകൾ
- കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകഥകൾ
- പട്ടണത്തുപിള്ളയാർ പാടൽ
അവലംബം
[തിരുത്തുക]- ↑ മഹച്ചരിതമാല - എസ്.ടി. റെഡ്യാർ, പേജ് - 630, ISBN 81-264-1066-3
- ↑ ഡോ. ശ്രീകുമാർ എ.ജി (2024). അധുനികതയുടെ അക്ഷരവടിവുകൾ. കാലിക്കറ്റ്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർ. p. 47. ISBN 9788196935528.