വാൾട്ടർ സിസുലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾട്ടർ മാക്സ് ഉല്യാട്ടേ സിസുലു
Walter Sisulu.jpg
ഡെപ്യൂട്ടി പ്രസിഡന്റ് - ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്
ഓഫീസിൽ
ജൂലൈ, 1991 – 1994
മുൻഗാമിനെൽസൺ മണ്ടേല
പിൻഗാമിടാബോ എംബെക്കി
സെക്രട്ടറി ജനറൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്
ഓഫീസിൽ
1949–1954
മുൻഗാമിജെയിംസ് ആർതർ കലാത
പിൻഗാമിഒലിവർ ടാംബോ
വ്യക്തിഗത വിവരങ്ങൾ
ജനനം(1912-05-18)18 മേയ് 1912
ഈസ്റ്റേൺ കേപ്, ട്രാൻസ്കി ദക്ഷിണാഫ്രിക്ക
മരണം5 മേയ് 2003(2003-05-05) (പ്രായം 90)
ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക
രാഷ്ട്രീയ കക്ഷിആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളി(കൾ)ആൽബർട്ടീന സിസുലു

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായി സമരം നയിച്ച പ്രമുഖരിൽ ഒരാളായിരുന്നു വാൾട്ടർ മാക്സ് ഉല്യാട്ടേ സിസുലു എന്ന വാൾട്ടർ സിസുലു(18 മെയ് 1912 – 5 മെയ് 2003). സിസുലു ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്, പിന്നീട് പാർട്ടിയുടെ ഡെപ്യൂട്ടി പ്രസിഡന്റും, സെക്രട്ടറി ജനറലുമായി തീർന്നു.[1]

നെൽസൺ മണ്ടേലയോടൊപ്പമാണ് സിസുലു, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നത്. സിസുലുവിന്റെ പിതാവ് ഒരു ഇംഗ്ലീഷ് വംശജനായിരുന്നു എന്ന കാരണംകൊണ്ട് അദ്ദേഹത്തിന് പാർട്ടിയിൽ ചില എതിർപ്പുകൾ ഉണ്ടായിരുന്നു.1949ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറലായി തീർന്നു. ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സിസുലുവിന് അംഗത്വമുണ്ടായിരുന്നു. 1952 ൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. 1962 ൽ വീട്ടു തടങ്കലിലാക്കപ്പെട്ടു. 1963ൽ ഒളിവിൽ പോയെങ്കിലും വൈകാതെ പിടിക്കപ്പെട്ടു. റിവോണിയ വിചാരണക്കൊടുവിൽ സിസുലുവിനേയും, നെൽസൺ മണ്ടേലയടക്കമുള്ള മുതിർന്ന നേതാക്കളേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രതിനിധിയായി യൂറോപ്, ചൈന, ഇസ്രായേൽ, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1991 ൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. 1991ൽ തന്നെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.[2]2003 മേയ് 5ന് തന്റെ 90ആമത്തെ വയസ്സിൽ വാൾട്ടർ സിസുലു അന്തരിച്ചു.[3]

ആദ്യകാല ജീവിതം[തിരുത്തുക]

1912 മേയ് 18 ന് ഈസ്റ്റ് കേപ് ടൗണിൽ ആൽബർട്ട് വിക്ടർ ഡിക്കൻസന്റേയും, ആലീസിന്റേയും മകനായിട്ടായിരുന്നു വാൾട്ടർ സിസുലു ജനിച്ചത്. പിതാവ് ഒരു ഇംഗ്ലീഷ് വംശജനായിരുന്നു. കേപ് ടൗൺ കോളനിയിൽ താമസിച്ചിരുന്നു, ഒരു റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ആൽബർട്ട്.[4] മാതാവ് ആലീസ് ഒരു വീട്ടു വേലക്കാരിയായിരുന്നു. ആലീസിന്റെ വീട്ടുപേരായിരുന്നു മകന്റെ പേരിന്റെ കൂടെ ചേർത്തത്. ആൽബർട്ട് ഡിക്കൻസൺ ആലീസിനെ വിവാഹം കഴിച്ചിരുന്നില്ലെങ്കിലും, ഭാര്യയുടേയും മക്കളുടേയും കാര്യങ്ങൾ ഭംഗിയായി നോക്കിയിരുന്നു.[5]

സ്വന്തം ഗ്രാമത്തിലെ ഒരു മിഷണറി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചതെങ്കിലും, അത് പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. വീട്ടിലെ സാഹചര്യങ്ങൾ മൂലം, പാതിവഴിക്ക് പഠനം ഉപേക്ഷിച്ച് ജോലിക്കു പോകേണ്ടി വന്നു. പതിനാറാമത്തെ വയസ്സിൽ വാൾട്ടർ ഈസ്റ്റ് കേപ് ടൗൺ വിട്ട് ജോഹന്നസ്ബർഗിലേക്ക് ജോലി അന്വേഷിച്ച് പോയി. ജോഹന്നസ്ബർഗിലെ ഖനികളിൽ വാൾട്ടറിന്റെ ബന്ധുക്കൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവധിക്കാലത്ത് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന അവരെകണ്ട്, തനിക്കും അവരേ പോലെ ഖനി തൊഴിലാളിയാവണമെന്ന് ബാലനായിരുന്ന വാൾട്ടർ ആഗ്രഹിച്ചിരുന്നു.[6] ഖനികളിലെ ജോലി വളരെ കടുപ്പമേറിയതായിരുന്നു, ഒരു കൗമാരക്കാരനു ചെയ്യാവുന്നതിലും കഠിനമായിരുന്നു അത്. ഖനിയെ ജോലിക്കു പകരം, അവിടത്തെ ജോലിക്കാർക്കു പാല് എത്തിച്ചു കൊടുക്കുന്ന ജോലിയാണ് വാൾട്ടറിനു താൽക്കാലികമായെങ്കിലും ലഭിച്ചത്. പ്രീമിയർ ബിസ്കറ്റ്സ് എന്ന കമ്പനിയിൽ റൊട്ടി ഉണ്ടാക്കുന്ന ജോലിയും, പെയിന്റ് കമ്പനിയിൽ പെയിന്റ് മിശ്രിതം തയ്യാറാക്കുന്ന ജോലിയും സിസുലു ചെയ്തിട്ടുണ്ട്. കുറേക്കാലം യൂണിയൻ ബാങ്ക് ഓഫ് സൗത്ത് ആഫ്രിക്കയിലും ഉദ്യോഗസ്ഥനായിരുന്നിട്ടുണ്ട്. ഇവിടെയെല്ലാം മുഴുവൻ സമയ ജോലി അല്ലായിരുന്നു.[7]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1940 ൽ നെൽസൺ മണ്ടേലയോടും, ഒലിവർ ടാംബോയോടുമൊപ്പമാണ് വാൾട്ടർ സിസുലു ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ ചേരുന്നത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യൂത്ത് ലീഗിലാണ് സിസുലു പ്രവർത്തിച്ചു തുടങ്ങിയത്. ഈ യുവജനവിഭാഗത്തിന്റെ സ്ഥാപകാംഗം കൂടിയായിരുന്നു സിസുലു.[8] സിസുലുവിന്റെ പിതാവ് ഒരു ഇംഗ്ലീഷ് വംശജനായിരുന്നു, ഇത് പാർട്ടിയിൽ ചില അസ്വാരസ്യങ്ങൾക്കിടയാക്കി. ഇക്കാരണങ്ങൾ കൊണ്ട് അദ്ദേഹം പാർട്ടി സജീവപ്രവർത്തനങ്ങളിൽ നിന്നും കുറേ നാൾ വിട്ടു നിന്നിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ഒരു സായുധ വിഭാഗം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് സിസുലുവായിരുന്നു. 1949 ൽ സിസുലു ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു വന്ന അഞ്ചുകൊല്ലക്കാലം സിസുലു പാർട്ടിയുടെ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ചു.

1951 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് സംഘടിപ്പിച്ച നിയമലംഘന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിസുലു അറസ്റ്റിലായി.[9] നെൽസൺ മണ്ടേലയുൾപ്പടെ കോൺഗ്രസ്സിന്റെ പ്രമുഖ നേതാക്കളെല്ലാം അറസ്റ്റിലായി, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോലീസ് 8500 പേരെ അറസ്റ്റു ചെയ്തു. ഒരു വർഷക്കാലം സിസുലു തടവിലായിരുന്നു. തുടർന്നു വന്ന പത്തുവർഷങ്ങൾക്കുള്ളിൽ സിസുലു ഏഴു തവണ ജയിൽ വാസമനുഭവിച്ചു. 1962 ൽ ആഫ്രിക്കൻ സർക്കാർ സിസുലുവിന്റെ രാഷ്ട്രീയപ്രവർത്തനങ്ങൾ തടയാനായി അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രതിനിധി എന്ന നിലയിൽ സിസുലു വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിവിധ സമയങ്ങളിൽ റഷ്യ, ചൈന, ഇസ്രായേൽ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ അവരുടെ ക്ഷണപ്രകാരം സിസുലു സന്ദർശിച്ചിട്ടുണ്ട്.[10]

രാജ്യദ്രോഹക്കുറ്റം, വിചാരണ[തിരുത്തുക]

1956 ൽ 156 പേരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആഫ്രിക്കൻ സർക്കാർ അറസ്റ്റ് ചെയ്തു.[11] നെൽസൺ മണ്ടേല, വാൾട്ടർ സിസുലു, റൂത്ത് ഫസ്റ്റ് തുടങ്ങിയവർ അറസ്റ്റ് വരിച്ച പ്രമുഖരിൽ ചിലരായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ അഞ്ചുകൊല്ലക്കാലം നീണ്ടു നിന്നു. വിചാരണ തുടങ്ങി, ആദ്യ ഘട്ടത്തിൽ തന്നെ 65 ഓളം ആളുകളെ കേസിൽ നിന്നും പോലീസ് ഒഴിവാക്കി. സിസുലു, വിചാരണക്കിടയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇതിന്റെ ഫലമായി, സർക്കാർ സിസുലുവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. പിന്നീട് ജോഹന്നസ്ബർഗിന്റെ പ്രാന്തപ്രദേശമായ റിവോണിയയിൽ നിന്നും സിസുലു ഉൾപ്പെടെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

റിവോണിയ വിചാരണക്കൊടുവിൽ നെൽസൺ മണ്ടേല, സിസുലു തുടങ്ങിയ പത്തു പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. എട്ടു പേരെ കുറ്റ വിമുക്തരാക്കി.[12] റോബൻ ദ്വീപിലെ ജയിലിലായിരുന്നു മറ്റു തടവുകാർക്കൊപ്പം സിസുലുവിന്റെ ജയിൽ വാസം. 1991 ൽ 26 കൊല്ലത്തെ ജയിൽ വാസം കഴിഞ്ഞ് സിസുലു പുറത്തിറങ്ങി. ജയിൽ വിമോചിതനായ ശേഷം, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 1994 ലെ പൊതു തിരഞ്ഞെടുപ്പു വരെ സിസുലു ഡെപ്യൂട്ടി പ്രസിഡന്റ് എന്ന ഔദ്യോഗിക സ്ഥാനം വഹിച്ചിരുന്നു. പ്രായാധിക്യം കൊണ്ടു, രോഗങ്ങൾ കൊണ്ടും 1994 ൽ രൂപീകരിക്കപ്പെട്ട സർക്കാരിൽ താൻ ചേരുന്നില്ല എന്ന സിസുലു അറിയിച്ചിരുന്നു.[13]

ബഹുമതികൾ[തിരുത്തുക]

1998 ൽ ഭാരതസർക്കാർ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരം നൽകി സിസിലുവിനെ ആദരിച്ചിട്ടുണ്ട്.[14] ദക്ഷിണാഫ്രിക്കയിലെ വിറ്റ്വവാട്ടർസ്രാൻഡ് ബൊട്ടാണിക്കൽ ഗാർഡൻ സിസുലുവിനോടുള്ള ആദരസൂചകമായി വാൾട്ടർ സിസുലു നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ എന്ന പുനർനാമകരണം ചെയ്യുകയുണ്ടായി.[15] ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് വാൾട്ടർ സിസുലു സർവ്വകലാശാല.[16]

2003 മേയ് 5 ന് വാൾട്ടർ സിസുലു, വാർദ്ധക്യസഹജമായ അസുഖങ്ങൾകൊണ്ട് മരണമടഞ്ഞു.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • എലീനോർ, സിസുലു (2011). വാൾട്ടർ ആന്റ് ആൽബർട്ടീന സിസുലു. ന്യൂ ആഫ്രിക്ക ബുക്സ്. ISBN 978-0864866394.
  • ക്രിസ് വാൻ, വിക് (2006). വാൾട്ടർ സിസുലു. അവേർനസ്സ് പബ്ലിഷിംഗ്. ISBN 1-77008-162-3.
  1. "ഒബിച്വറി വാൾട്ടർ സിസുലു". ബി.ബി.സി. 05-മേയ്-2003. ശേഖരിച്ചത് 16-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)
  2. "വാൾട്ടർ സിസുലു". ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്. ശേഖരിച്ചത് 17-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
  3. "സൗത്ത് ആഫ്രിക്ക മോൺസ് അസ് ഡെത്ത് ഓഫ് വാൾട്ടർ സിസുലു". 06-മേയ്-2003. ശേഖരിച്ചത് 17-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= and |date= (help)
  4. വാൾട്ടർ ആന്റ് ആൽബർട്ടീന സിസുലു - എലീനോർ സിസുലു പുറം 26
  5. വാൾട്ടർ ആന്റ് ആൽബർട്ടീന സിസുലു - എലീനോർ സിസുലു പുറം 27
  6. വാൾട്ടർ സിസുലു - ക്രിസ് വാൻ വിക് പുറം 13
  7. "വാൾട്ടർ സിസുലു, അർദ്ധ സമയ ഉദ്യോഗങ്ങൾ". ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് - ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 18-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
  8. "വാൾട്ടർ സിസുലു, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്". ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് - ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 18-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
  9. ലോഡ്ജ്, ടോം (1983). ബ്ലാക് പൊളിറ്റിക്സ് ഇൻ സൗത്ത് ആഫ്രിക്ക സിൻസ് 1945. ലണ്ടൻ: ലോംഗ്മാൻ. പുറം. 39. ISBN 0-582-64327-9.
  10. ലുലി, കല്ലിനിക്കോസ് (2012). ഒലിവർ ടാംബോ, ബിയോണ്ട് ദ ഏഞ്ചലി മൗണ്ടൈൻസ്. ന്യൂ ആഫ്രിക്ക ബുക്സ്. പുറം. 480. ISBN 978-0864866660.
  11. "ട്രീസൺ ട്രയൽ". ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് - ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 18-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
  12. ബ്രൗൺ (2012). സേവിംഗ് നെൽസൺ മണ്ടേല: ദ റിവോണിയ ട്രയൽ ആന്റ് ദ ഫേറ്റ് ഓഫ് സൗത്ത് ആഫ്രിക്ക . ഓക്സഫഡ് സർവ്വകലാശാല പ്രസ്സ്, പുറം. 15
  13. ബിൽ, കെല്ലർ (06-മേയ്-2003). "വാൾട്ടർ സിസുലു, മണ്ടേല മെന്റർ ആന്റ് കോമ്രേഡ് ഡൈസ്". ദ ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 18-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)
  14. "പത്മവിഭൂഷൺ സമ്മാനം സ്വീകരിച്ചുകൊണ്ട് സിസുലു നടത്തിയ പ്രസംഗം". ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് - ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 18-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
  15. "വാൾട്ടർ സിസുലു നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ". സൗത്ത് ആഫ്രിക്കൻ നാഷണൽ ബയോഡൈവെർഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട്. ശേഖരിച്ചത് 18-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
  16. "വാൾട്ടർ സിസുലു സർവ്വകലാശാല". വാൾട്ടർ സിസുലു സർവ്വകലാശാല. ശേഖരിച്ചത് 18-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വാൾട്ടർ_സിസുലു&oldid=2285901" എന്ന താളിൽനിന്ന് ശേഖരിച്ചത്