Jump to content

വാക്യഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആശയവിനിമയം നടക്കുന്നത് വാക്യങ്ങളിൽ കൂടിയാണ്. വാക്യതലത്തെക്കാൾ ചെറിയ ഘടകങ്ങൾ ആശയവിനിമയപ്രക്രിയയിൽ ഉണ്ടെങ്കിലും പ്രധാനമായും വാക്യങ്ങളാണ് പൂർണ്ണമായ അർത്ഥത്തോടുകൂടി ആശയവിനിമയം സാധ്യമാക്കുന്നതെന്നു പറയാം.പദങ്ങൾ ചേരുന്നതാണ് വാക്യം.വാക്യഘടകങ്ങളായ പദങ്ങളിൽ സ്വതന്ത്രപദങ്ങളും ആശ്രിതപദങ്ങളും ഉണ്ട്. ഓരോ ഭാഷയിലും വാക്യഘടനയെ സംബന്ധിക്കുന്ന നിയമങ്ങൾ വ്യത്യസ്തങ്ങളാണ്. മലയാളത്തിലെ ലളിതമായ വാക്യഘടനയിൽ കർത്താവ്, കർമ്മം, ക്രിയ എന്നിങ്ങനെയുള്ള ക്രമമാണുള്ളത്.

വാക്യഘടനയുടെ ലളിതമായ അപഗ്രഥനരീതി താഴെപ്പറയുന്ന രീതിയിലാണ്. “ഗോപി വീട്ടിൽ വന്നു” എന്ന വാക്യത്തെ അപഗ്രഥിക്കുകയാണെങ്കിൽ ഇവയുടെ ഘടകങ്ങൾ ഗോപി എന്ന നാമപദസംഹിതയും (Noun phrase) വീട്ടിൽ വന്നു എന്ന ക്രിയാപദസംഹിതയുമാണ് (Verb phrase). ക്രിയാപദസംഹിതയെ വന്നു എന്ന പൂർണക്രിയയായും വീട്ടിൽ എന്ന ക്രിയാപൂരകപദമായും വിഭജിക്കാൻ സാധിക്കും. പദങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തെ ഈ രീതിയിൽ വ്യക്തമാക്കുന്ന അപഗ്രഥനരീതി ഇന്ന് വളരെയേറെ പ്രചരിക്കപ്പെട്ടിരിക്കുന്നു.

ഭാഷാശാസ്ത്രത്തിന്റെ വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങൾ പലതരത്തിലുള്ള വാക്യഘടനാപഗ്രഥനരീതികളും അവതരിപ്പിക്കുന്നുണ്ട്. അവയിൽ ഏറെ പ്രചാരമുള്ളത് രചനാന്തരണരീതിക്കാണ്. ഭാഷയിൽ പ്രയോഗിക്കാൻ സാധ്യതയുള്ള എല്ലാ വാക്യങ്ങൾക്കും അവയ്ക്ക് നിയാമകമായ ഏതാനും വാക്യഘടനകളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിയമങ്ങൾ കൊണ്ട് വിശദീകരണം നൽകാൻ കഴിയുമെന്ന് രചനാന്തരണരീതി വ്യക്തമാക്കുന്നു. സംഭാഷണവേളയിൽ വാക്യഘടനയിലെ എല്ലാ വ്യാകരണഘടകങ്ങളും കടന്നുവരാറില്ല. എല്ലാത്തരം വ്യാകരണഘടകങ്ങളും അടങ്ങിയ വാക്യങ്ങളെ സമ്പൂർണവാക്യങ്ങൾ എന്നും അല്ലാത്തവയെ അപൂർണവാക്യങ്ങൾ എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=വാക്യഘടന&oldid=1474888" എന്ന താളിൽനിന്ന് ശേഖരിച്ചത്