വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വരാപ്പുഴ അതിരൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരാപ്പുഴ അതിരൂപത
വരാപ്പുഴ ബസ്ലിക്ക
സ്ഥാനം
രാജ്യംഇന്ത്യ
പ്രവിശ്യവരാപ്പുഴ അതിരൂപത
മെത്രാസനംവരാപ്പുഴ
നിർദ്ദേശാങ്കം9.98°N 76.28°E
സ്ഥിതിവിവരം
വിസ്‌താരം1,500 km2 (580 sq mi)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2001)
2804307
270188 (9.6%)
ഇടവകകൾ61
സമൂഹങ്ങൾ45
വിവരണം
സഭാശാഖറോമൻ കത്തോലിക്കാ സഭ
ആചാരക്രമം ലത്തീൻ റീത്ത്
ഭദ്രാസനപ്പള്ളിസെന്റ്‌. ഫ്രാൻസിസ് അസീസി കത്തീഡ്രൽ
അതിരൂപതാ
മദ്ധ്യസ്ഥൻ
വിശുദ്ധ യൗസേപ്പ്
ഭരണം
മാർപ്പാപ്പഫ്രാൻസിസ് മാർപ്പാപ്പ
മെത്രാപ്പൊലീത്തഫ്രാൻസിസ് കല്ലറക്കൽ
വികാരി ജനറാൾജോസഫ് പടിയാരംപറമ്പിൽ
വെബ്സൈറ്റ്
https://verapoly.in/

വരാപ്പുഴ അതിരൂപത (English: Archdiocese of Verapoly, 1886 വരെ മലബാർ വികാരിയത്ത്, വരാപ്പുഴ വികാരിയത്ത് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു): ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അതിരൂപതകളിൽ ഒന്നാണ് വരാപ്പുഴ അതിരൂപത.[1] കർമ്മലീത്ത മിഷനറിമാരുടെ ആസ്ഥാനമായിരുന്ന വരാപ്പുഴ ദ്വീപ്‌ (എറണാകുളം, കേരളം) ആയിരുന്നു അതിരൂപതയുടെ പ്രഥമ ആസ്ഥാനം എന്നതിനാലാണ് വരാപ്പുഴ അതിരൂപത എന്ന പേര് കൈവന്നത്. പിന്നീട് നിലവിലെ ആസ്ഥാന മന്ദിരം ഏറണാകുളത്തേക്ക് മാറ്റിയ ശേഷം പേര് അത് പോലെ തന്നെ നിലനിർത്തുകയായിരുന്നു. [2]നിലവിൽ 8 ഫെറോനകളും 61 ഇടവകകളും 85 മിഷൻ കേന്ദ്രങ്ങളും ഉള്ള അതിരൂപതയിൽ 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 270,188 കത്തോലിക്കരാണ് ഉള്ളത്. കേരളത്തിലെ എറണാകുളം, തൃശൂർ എന്നീ ജില്ലകളിലായി 1500 ചതുരശ്ര കി.മീ. പ്രദേശത്തായി അതിരൂപത വിന്യസിച്ചിരിക്കുന്നു. 1986 ഫെബ്രുവരി 7-ന് കത്തോലിക്കാ സഭാ തലവൻ ജോൺ പോൾ രണ്ടാമൻ ഇവിടം സന്ദർശിച്ചിരുന്നു.

ചരിത്രം[3][തിരുത്തുക]

1657ലെ കർമലീത്ത മിഷനറിമാരുടെ ആഗമനത്തോട് കൂടിയാണ് വരാപ്പുഴ അതിരൂപതയുടെ ഉദ്ഭവം. അവരിൽ പ്രധാനിയായിരുന്നു ഫാ ജോസഫ് സെബസ്ത്യാനി. ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശ് സത്യ (1653) ത്തിന് ശേഷം റോം നിയമിക്കുന്ന ഈശോ സഭാക്കാരായ മെത്രാന്മാരെ മേലിൽ അനുസരിക്കില്ല എന്ന് സീറോ-കൽദായ റീത്തിൽ പെട്ടവർ ശപഥംചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്. തന്റെ നിരന്തര പരിശ്രമം മൂലം അവരിൽ കുറെ പേരെയൊക്കെ റോമൻ കത്തോലിക്കാ സഭയിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1659ൽ അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ മലബാർ വികരിയത്ത് രൂപീകരണം പ്രഖ്യാപിച്ചു. ഫാ. ജോസഫ് സെബ്സ്ത്യാനിയെ വികാർ അപ്പസ്തോലിക് ആയി നിയമിക്കുകയും ചെയ്തു. വരാപ്പുഴയായിരുന്നു മലബാർ വികാരിയത്തിന്റെ ആസ്ഥാനം. 1693 ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ കീഴടക്കി മലബാറും കൊച്ചിയും പിടിച്ചടക്കി. കർമ്മലീത്ത മിഷനറിമാർക്ക് മടങ്ങി പോകേണ്ടി വന്ന സാഹചര്യത്തിൽ സെബസ്ത്യാനി തദ്ദേശീയനായ ചാണ്ടി പറമ്പിലിനെ (അലക്സാണ്ടർ ദെ കാംപോ) തന്റെ പിൻഗാമിയായി 1693 ൽ അവരോധിച്ചു. പോർച്ചുഗീസ് സംരക്ഷണത്തിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വളർച്ച ത്വരിതപെടുത്തിയിരുന്ന കർമ്മലീത്ത മിഷനറിമാരെ ഡച്ച് അധിനിവേശ പ്രവിശ്യകളിൽ നിന്ന് നാടുകടത്തിയത് മലബാർ വികാരിയത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിച്ചിരുന്നെങ്കിലും ചാണ്ടി പറമ്പിലിന്റെ നേതൃത്വത്തിൽ വികാരിയത്ത് പിടിച്ചു നിന്നു.

1709 ൽ ക്ലെമന്റ് പതിനൊന്നാമൻ പാപ്പ പുറപ്പെടുവിച്ച തിരുവെഴുത്തിലൂടെ മലബാർ വികാരിയത്തിനെ വരാപ്പുഴ വികാരിയത്തായി ഉയർത്തുകയും ബിഷപ്‌ ആഞ്ചലോ ഫ്രാൻസിസ്കോയെ വരാപ്പുഴ വികാരിയത്തിന്റെ പ്രഥമ വികാർ അപ്പസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. 1838 ൽ ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച തിരുവെഴുത്ത് "മുൾത്താ പ്രോക്ലാര" വഴി കൊച്ചി, കൊടുങ്ങല്ലൂർ, കൊല്ലം രൂപതകളെ വരാപ്പുഴ വികാരിയത്തിനു കീഴിലാക്കി. എങ്കിലും പിന്നീട് 1845 ൽ കൊല്ലം രൂപതയെ വേർപെടുത്തി വരാപ്പുഴ വികാരിയതിന്റെ സാമന്ത രൂപതയാക്കി മാറ്റി.

1886 ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച പ്രസിദ്ധമായ 'ഹൂമനെ സാളുത്തിസ് ഓക്തർ' തിരുവെഴുത്ത് വഴി ഭാരത സഭ ഹയരാർക്കി സ്ഥാപിക്കപ്പെട്ടപ്പോൾ വരാപ്പുഴ വികാരിയത്തിനെ അതിരൂപതാ പദവിയിലേക്ക് ഉയർത്തി. അന്നേരത്തെ വികാർ അപ്പോസ്തോലിക്ക് ആയിരുന്ന മോസ്റ്റ്‌. റവ. ഡോ . ലിയനാർഡോ മെലനോയെ ആദ്യ ആർച്ച് ബിഷപ്പായി നിയമിച്ചു. 1886 ൽ വരാപ്പുഴ അതിരൂപതയിൽ നിന്നും കൊല്ലം രൂപതയിൽ നിന്നും വേർപെടുത്തിയ 34 ലത്തീൻ പള്ളികളെ ചേർത്ത് കൊച്ചി രൂപത പുനർ നിർമിച്ചു. 1887 ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച ക്വാദ് യാം പ്രിദെം എന്ന തിരുവെഴുത്ത് പ്രകാരം സിറിയൻ കത്തോലിക്കരെ കോട്ടയം, തൃശൂർ എന്നീ വികാരിയത്തുകളുടെ കീഴിലാക്കി. അങ്ങനെ വരാപ്പുഴ അതിരൂപത സമ്പൂർണ്ണ ലത്തീൻ അതിരൂപതയായി മാറി.

പുതിയ അതിരൂപത ആസ്ഥാനം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും എറണാകുളം ലത്തീൻ കത്തോലിക്കരുടെ കേന്ദ്രമായി തീർന്നു. 14 പള്ളികളും 28340 ലത്തീൻ കത്തോലിക്കരും അടങ്ങുന്ന 46 ശതമാനത്തോളം വരുന്ന വിശ്വാസ സമൂഹം ഏറണാകുളത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ടായിരുന്നു. വികസന സാധ്യതകൾ കൂടി കണക്കിലെടുത്ത് പരി. സിംഹാസനത്തിന്റെ അംഗീകാരത്തോടെ അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന ബെർനാഡ് പിതാവിന്റെ നേതൃത്വത്തിൽ 1904 -ൽ അതിരൂപതാസ്ഥാനം ഏറണാകുളത്തേക്ക് മാറ്റി.

പ്രഥമ തദ്ദേശീയ മെത്രാൻ[തിരുത്തുക]

എവിടെയൊക്കെ ആവശ്യത്തിന് തദ്ദേശീയ വൈദികരുണ്ടോ അവിടെയല്ലാം ഭരണം തദ്ദേശീയരെ ഏൽപ്പിച്ച് മിഷനറിമാർ മടങ്ങണം എന്ന പതിനൊന്നാം പിയൂസ് മാർപ്പാപ്പയുടെ പ്രഖ്യാപനത്തിന് ശേഷമാണ് വരാപ്പുഴ അതിരൂപതയ്ക്ക് പ്രഥമ തദ്ദേശീയ മെത്രാനെ ലഭിക്കുന്നത്. അതിരൂപതയിൽ പെട്ട കുരിശിങ്കൽ ഇടവക അംഗമായ വൈദികൻ ജോസഫ് അട്ടിപ്പേറ്റി 1934 ൽ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിതനായി. അദേഹത്തിന്റെ മുൻഗാമി ആയിരുന്ന എയ്ഞ്ചൽ മേരി പിതാവായിരുന്നു വരാപ്പുഴ അതിരൂപതയുടെ അവസാനത്തെ വിദേശ മെത്രാൻ .

തദ്ദേശീയ മെത്രാന്മാർ[തിരുത്തുക]

സാമന്ത രൂപതകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Old website of Archdiocese of Verapoly". Archived from the original on 2012-12-05. Retrieved 2012-12-19.
  2. ഡയസീഷൻ ഡയറക്ടറി
  3. ഔദ്യോഗിക വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]