കൊർണേലിയൂസ് ഇലഞ്ഞിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊർണേലിയൂസ് ഇലഞ്ഞിക്കൽ
Cornelius Elanjikal
വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത
ഭദ്രാസനംവരാപ്പുഴ അതിരൂപത
സ്ഥാനാരോഹണം1987
ഭരണം അവസാനിച്ചത്1996
മുൻഗാമിജോസഫ് കേളന്തറ
പിൻഗാമിഡാനിയൽ അച്ചാരുപറമ്പിൽ
വൈദിക പട്ടത്വംമാർച്ച് 18, 1945
വ്യക്തി വിവരങ്ങൾ
ജനനം(1918-09-08)സെപ്റ്റംബർ 8, 1918
കേരളം, ഇന്ത്യ
മരണംഓഗസ്റ്റ് 7, 2011(2011-08-07) (പ്രായം 92)
വിഭാഗംറോമൻ കത്തോലിക്കാ സഭ

എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയും കോട്ടയം ജില്ലയിലെ വിജയപുരം രൂപതയുടെ ആദ്യ ഭാരതീയ മെത്രാനുമായിരുന്നു ആർച്ച് ബിഷപ്പ് ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ.

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ കാരേൽ ഇലഞ്ഞിക്കൽ വീട്ടിൽ കുഞ്ഞവരായുടെയും ത്രേസ്യായുടെയും മകനായി 1918 സെപ്തംബർ 8-ന് ജനിച്ചു. കൊടുങ്ങല്ലൂർ കാര മൗണ്ട് കാർമ്മൽ സ്കൂൾ, എറണാകുളം സെന്റ്. ആൽബർട്സ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. 1933-ലാണ് എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിനായി എറണാകുളം സെന്റ്‌ ആൽബർട്ട്സ്‌ സ്കൂളിൽ ചേർന്നത്. അതോടൊപ്പം വരാപ്പുഴ അതിരൂപതാ മൈനർ സെമിനാരിയിൽ വൈദികപഠനത്തിനായി പ്രവേശിച്ചു. തുടർന്ന് 1938-ൽ ആലുവ മംഗലപ്പുഴ സെന്റ്. ജോസഫ്സ് സെമിനാരിയിൽ തത്ത്വശാസ്ത്രപഠനം ആരംഭിച്ചു. 1939-ൽ റോമിലെ ഉർബാനിയാന പ്രൊപ്പഗാന്ത കോളേജിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ശേഷം 1945 മാർച്ച്‌ 18-നു കൊർണേലിയൂസ് പൗരോഹിത്യം സ്വീകരിച്ചു. തത്ത്വശാസ്ത്രം, ഉപനിഷത്ത് പഠനം, കത്തോലിക്കാ സഭയുടെ കാനൻ നിയമം (ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുകളിലെ ദൈവാശയപരിണാമം) എന്നിവയിൽ ഡോക്ടറേറ്റും നേടി.

വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി 1971 - ൽ നിയമിതനായി. ഈ രൂപതയിൽ 16 വർഷം ഇദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 1987 മാർച്ച്‌ 19-ന്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. ഒൻപതു വർഷക്കാലത്തോളം കൊർണേലിയൂസ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ ഹയരാർക്കിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു.

ശ്വാസകോശത്തിലെ അണുബാധ മൂലം ജൂലൈ 18 - ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തിന്റെ അസുഖം ഗുരുതരമാകുകയും വൃക്കകളുടെ പ്രവർത്തനം നിലച്ചതും ഹൃദയാഘാതം മൂലവും അന്തരിച്ചു. കേരള സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ഗാർഡ് ഓഫ് ഓണർ നൽകി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ സ്മൃതിമന്ദിരത്തിൽ 2011 ജൂലൈ 9-ന് കബറടക്കം ചെയ്തു.

ഗാനരചന[തിരുത്തുക]

നിത്യ സഹായ നാഥേ എന്ന ഗാനം ഇദ്ദേഹം രചിച്ചതാണ്.[1]

അവലംബം[തിരുത്തുക]

  1. "തട്ടത്തിൻ മറയത്ത് ഒരു തിരയിളക്കം". Archived from the original on 2013-11-19. Retrieved 2013-11-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]