Jump to content

ഴാങ് ഷെനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഴാങ് ഷെനെ
ഴാങ് ഷെനെ 1983-ൽ
ഴാങ് ഷെനെ 1983-ൽ
ജനനം(1910-12-19)ഡിസംബർ 19, 1910
പാരിസ്, ഫ്രാൻസ്
മരണംഏപ്രിൽ 15, 1986(1986-04-15) (പ്രായം 75)
പാരിസ്, ഫ്രാൻസ്
തൊഴിൽനോവലിസ്റ്റ്, നാടകകൃത്ത്, രാഷ്ട്രീയപ്രവർത്തകൻ

ഇരുപതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഴാങ് ഷെനെ(Jean Genet ഉച്ചാരണം: [ʒɑ̃ ʒəˈnɛ] ജനനം:ഡിസംബർ19, 1910 –മരണം: ഏപ്രിൽ 15, 1986)

ജീവിതരേഖ

[തിരുത്തുക]

ഒരു അഭിസാരികയുടെ പുത്രനായി ജനിച്ചു. ഒരു കൊല്ലം അമ്മ കുഞ്ഞിനെ പോറ്റി. പിന്നീട് ദത്തെടുക്കാൻ വഴിയുണ്ടാക്കി ആ ഭാരം ഒഴിവാക്കുകയാണുണ്ടായത്. സ്നേഹശീലരായ ഒരു കുടുംബമായിരുന്നു തള്ളക്കു വേണ്ടാത്ത പയ്യനെ കുറേക്കാലം വളർത്തിയത്. സ്കൂളിലയച്ചു പഠിപ്പിക്കുകയും ചെയ്തു. പലതവണ ഷെനെ വളർത്തച്ഛന്റെ വീട്ടിൽനിന്നും ഒളിച്ചോടുകയും തിരിച്ചുവരികയുമുണ്ടായി. എടുത്തു വളർത്തിയ നല്ലവർ മരിച്ചുപോയപ്പോൾ ഷെനേക്ക് തണൽ നൽകിയത് മറ്റൊരു കുടുംബമാണ്. വയസ്സു ചെന്ന ഭർത്താവും ഭാര്യയും. അവരുടെ കൂടെ ഷെനെ കഷ്ടിച്ച് രണ്ടുകൊല്ലമേ കഴിഞ്ഞുള്ളു. മിക്ക രാത്രികളിലും ഏറെ വൈകിയായിരുന്നു വീട്ടിലെത്തിയിരുന്നത്. ചോദ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരു ദിവസം മറ്റൊരാൾക്ക് കൊടുക്കാൻ വീട്ടുകാർ ഏല്പിച്ച വലിയ ഒരു സംഖ്യ ഷെനെ പട്ടണത്തിലെ ചൂതാട്ടകേന്ദ്രത്തിൽ നഷ്ടപ്പെടുത്തി. പതിനഞ്ചാം വയസ്സിൽ ഷെനെ ഒരു പീനൽ കോളനിയിലെ അന്തേവാസിയായി. മൂന്നുകൊല്ലത്തോളം അവിടെ കഴിച്ചുകൂട്ടി. ക്രിമിനൽ വാസനയും ഹിംസാത്മകതയും സ്വവർഗ രതിയും ഷെനെയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നതും ഇവിടെ വച്ചാണ്. പതിനെട്ടാം വയസ്സിൽ പീനൽകോളനിയിൽ നിന്നു പുറത്തുവരുമ്പോൾ തികഞ്ഞൊരു തെമ്മാടിയായിരുന്നു ഷെനെ. ഇടക്കാലത്ത് പട്ടാളത്തിൽ ചേർന്നെങ്കിലും വഷളായ പെരുമാറ്റവും സ്വഭാവദൂഷ്യവുമാണ് ആരോപിക്കപ്പെട്ട് അവിടെനിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു. കുറ്റങ്ങൾ. ബാരക്കിലെ കുളിമുറിയിൽ വച്ചു സ്വവർഗഭോഗത്തിലേർപ്പെടുമ്പോഴാണ് ഒരു പട്ടാളമേധാവി ഷെനെയെ കൈയോടെ പിടികൂടിയത്. ചെറിയ മോഷണങ്ങൾ നടത്തിയും ആൺവേശ്യയായും ഷെനെ പലയിടങ്ങളിലും കഴിഞ്ഞു. യൂറോപ്പിലെ പല രാജ്യങ്ങളിലും അലഞ്ഞുനടന്നു. വേശ്യകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും ചൂതാട്ടക്കാരുടെയും മയക്കുമരുന്നുകാരുടെയും സ്വവർഗപ്രേമികളുടെയും വാടകക്കൊലയാളികളുടെയും സഹചാരിയായി. പല ജയിലുകളിലും കിടന്നു. പാരീസിൽ തിരിച്ചെത്തിയിട്ടും ഴാൻ ഷെനെയുടെ ജീവിതത്തിൽ പെട്ടെന്നൊരു മാറ്റവും സംഭവിച്ചില്ല. പല കുറ്റകൃത്യങ്ങളുടെ പേരിൽ ഷെനെയെ ജീവപര്യന്തം തടവിലിടാൻ ഫ്രഞ്ച് സർക്കാർ ആലോചിച്ചു. ഷെനെ വലിയ വാഗ്ദാനം തരുന്ന നോവലിസ്റ്റാണെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി, സ്വതന്ത്രമായ സർഗ പ്രവർത്തനത്തിനുള്ള സന്ദർഭമൊരുക്കണമെന്നും കാണിച്ച് ഫ്രഞ്ച് പ്രസിഡന്റിന് ഒരു ദയാഹർജി കോക്ടോ, സാർത്ര്, പാബ്ലോ പിക്കാസോ തുടങ്ങി മൂന്നു പ്രമുഖന്മാർ ചേർന്നു നൽകി: . അങ്ങനെ ഷെനെ തടവറയിൽനിന്ന് ഒഴിവായി. 1949 ആവുമ്പോഴേക്ക് ഷെനെ അഞ്ചു നോവലുകളും മൂന്നു നാടകങ്ങളും നിരവധി കവിതകളും എഴുതി കഴിഞ്ഞിരുന്നു. സ്വവർഗ രതിയെയും കുറ്റവാസനയെയും പച്ചയായിത്തന്നെ ചിത്രീകരിക്കുകയാണ് ഈ എഴുത്തുകാരൻ ചെയ്തത്. അദ്ദേഹത്തിന്റെ നോവലുകൾ അമേരിക്കയിൽ നിരോധിക്കപ്പെട്ടു. 1986 ഏപ്രിൽ 15ന് പാരീസിൽ ഒരു ഹോട്ടൽമുറിയിൽ ഈ വലിയ എഴുത്തുകാരൻ മരിച്ചു. ഷെനെയുടെ എല്ലാ നോവലുകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ബെർനാർഡ് ഫ്രെച്ച്മാൻ എന്ന എഴുത്തുകാരനാണ്.[1]

തന്റെ അസാധാരണമായ അനുഭവങ്ങളെ ആശ്രയിച്ച് ഷെനെ എഴുതിയ കൃതികളും അവയ്ക്കു പിന്നിലുള്ള ജീവിതവും, "ശീലങ്ങളുടെ തടവുമുറിയിൽ ബന്ധനസ്ഥരാക്കപ്പെട്ടവരെ അരിശം കൊള്ളിക്കുകയും" "പേടിസ്വപ്നം പോലെ മൂല്യസംരക്ഷകരെ പരിഭ്രമിപ്പിക്കുകയും" ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[2]

ദ ബാൽക്കണി ആണ് പ്രശസ്തമായ ഒരു നാടകം. സാർത്രിന്റെ വിഖ്യാതമായ "സെയിന്റ് ഷെനെ" (1952)എന്ന കൃതിയുടെ പ്രധാന വിഷയം ഷെനെ ആയിരുന്നു. 'മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ‘ എന്ന പേരിൽ ഷെനെയുടെ The Thief's Journal (1949) എന്ന കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, ഓസ്ട്രിയ, പോളണ്ട്, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ യാചകനായി വിശപ്പും, അവഹേളനവും, അവശതയും സഹിച്ച് തിന്മകളുടെ ലോകത്തിലൂടെ ഷെനെ നടത്തിയ യാത്രകളുടെ വിവരണമാണ് പ്രസ്തുത ഗ്രന്ഥം. വൈയക്തികമായ അധോലോക ഭാഷയായതിനാൽ വ്യാകരണനിയമങ്ങളോ, പദവിന്യാസമോ, ഉചിതമായ വാക്യഘടനയോ ദീക്ഷിയ്ക്കുന്നതിൽ ഗ്രന്ഥകാരനു നിഷ്കർഷത പുലർത്താൻ കഴിഞ്ഞിട്ടില്ല.

കൃതികൾ

[തിരുത്തുക]

നോവലുകളും ആത്മകഥയും

[തിരുത്തുക]
  • ഔർ ലേഡി ഓഫ് ഫ്ലവർസ് (Notre Dame des Fleurs) 1942/1943
  • മിറക്കിൾ ഓഫ് ദ റോസ് (Miracle de la Rose) 1946/1951
  • ഫ്യൂണറൽ റൈറ്റ്സ് (Pompes Funèbres) 1947/1953
  • മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ (Journal du voleur) 1949/1949
  • പ്രിസണർ ഓഫ് ലവ് (Un Captif Amoureux) 1986/1986

നാടകങ്ങൾ

[തിരുത്തുക]
  • 'ആദം മിറോയിർ (ballet) (1944). In Fragments et autres textes, 1990 (Fragments of the Artwork, 2003)
  • ഡെത്ത് വാച്ച് (Haute surveillance) 1944/1949/1949
  • ദ മെയിഡ്സ് (Les Bonnes) 1946/1947/1947
  • സ്‌പ്ലെൻഡിഡ്സ് 1948/1993/
  • ദ ബാൽക്കണി (Le Balcon) 1955/1956/1957. Complementary texts "How to Perform The Balcony" and "Note" published in 1962.
  • ദ ബ്ലാക്ക്സ് (Les Nègres) 1955/1958/1959. Preface first published in Theatre Complet, Gallimard 2002.
  • ഹർ (Elle) 1955/1989/
  • ദ സ്ക്രീൻസ് (Les Paravents) 1956-61/1961/1964

സിനിമകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-08. Retrieved 2012-06-27.
  2. കെ. പി. അപ്പൻ, "ഷെനേ - ജയിലറയിൽ നിന്ന് ഒരവധൂതൻ", "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന സമാഹാരത്തിലെ ലേഖനം

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഴാങ് ഷെനെ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഴാങ്_ഷെനെ&oldid=3644225" എന്ന താളിൽനിന്ന് ശേഖരിച്ചത്