ലിലിത്ത്
ലിലിത്ത് | |
---|---|
ഗർഭസ്ഥകളെയും നവജാതശിശുക്കളേയും അപായപ്പെടുത്തുന്ന 'ദുഷ്ടമൂർത്തി | |
മാതാപിതാക്കൾ | ഇല്ല |
സഹോദരങ്ങൾ | ഇല്ല |
മക്കൾ | ഉണ്ട് |
യഹൂദപുരാവൃത്തങ്ങളിലെ ഒരു ദുർദ്ദേവതയാണു ലിലിത്ത്. സുമേറും അക്കാദിയൻ സാമ്രാജ്യവും അസീറിയയും ബാബിലോണിയയും ഉൾപ്പെടുന്ന മെസൊപ്പൊട്ടേമിയ പ്രദേശത്തെ ദുഷ്ടദേവതാസങ്കല്പങ്ങളാണ് ലിലിത്തിന്റെ ആദിമാതൃകയെന്നു കരുതപ്പെടുന്നു.[1][2] ജൂതപശ്ചാത്തലത്തിൽ ലിലിത്ത് ആദ്യം കാണപ്പെടുന്നത് പൊതുവർഷം 5-6 നൂറ്റാണ്ടുകളിൽ പൂർത്തിയായ ബാബിലോണിയൻ താൽമുദിലാണ്. 7 മുതൽ -10 വരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ എഴുതപ്പെട്ട "ബെൻ സിറായുടെ അക്ഷരമാല" എന്ന യഹൂദരചന അവളെ, ഹവ്വായ്ക്കും മുൻപ് ആദത്തിനൊപ്പം കളിമണ്ണിൽ മെനഞ്ഞു ദൈവം സൃഷ്ടിച്ച ലോകത്തെ ആദ്യത്തെ പെണ്ണായി ചിത്രീകരിക്കുന്നു. ആദത്തിന്റെ സമസൃഷ്ടിയായി സ്വയം കരുതുകമൂലം അയാൾക്കു കീഴ്‍പ്പെട്ടു ജീവിക്കാൻ വിസമ്മതിച്ച് പറുദീസവിട്ടുപോയ അവൾ, ഗർഭസ്ഥകളെയും നവജാതശിശുക്കളേയും അപായപ്പെടുത്തുന്ന ദുഷ്ടമൂർത്തിയായി പിന്നീടു തരംതാണു.[3] കാമാക്രാന്തയും ദുർന്നടത്തക്കാരിയും എന്ന പേരുദോഷവും അവൾക്കു കിട്ടി.[4]
ആധുനികകാലത്തെ സ്ത്രീപക്ഷ വായനകൾ, അംഗീകാരത്തിനും സമത്വത്തിനും വേണ്ടിയുള്ള സ്ത്രീസമരങ്ങളുടെ പ്രതീകമായി ലിലിത്തിനെ കാണുന്നു.[4] അമേരിക്കൻ ഐക്യനാടുകളിലെ ഒരു ജൂത-സ്ത്രീപക്ഷമാസികയ്ക്ക് ലിലിത്ത് എന്നാണു പേരു നൽകിയിരിക്കുന്നത്.[5]
ചരിത്രം
[തിരുത്തുക]തുടക്കം
[തിരുത്തുക]ലിലിത്തിന്റെ പരാമർശമുള്ള ലഭ്യമായ രേഖകളിൽ ഏറ്റവും പഴക്കമുള്ളത്, ബിസി രണ്ടായിരത്തിനടുത്തെഴുതപ്പെട്ട "ഗിൽഗാമെഷും ഹുലുപ്പുമരവും" എന്ന സുമേറിയൻ ഇതിഹാസകാവ്യമാണ്. ഈ ദുർദ്ദേവതയുടെ ബാധയിൽ നിന്നു രക്ഷപെടാനുള്ള ഏലസ്സുകളുടേയും മന്ത്രങ്ങളുടേയും വിവരണം ബാബിലോണിയൻ പൈശാചിക കഥകളിലുണ്ട്. പിന്നീട്, ലിലിത്ത്-സങ്കല്പത്തിന്റെ വിവിധമാതൃകകൾ പുരാതന ഹിത്യരുടേയും, ഈജിപ്തുകാരുടേയും, ഇസ്രായേലികളുടേയും, ഗ്രീക്കുകാരുടേയും പുരാവൃത്തങ്ങളുടെ ഭാഗമായിത്തീർന്നു.
ബൈബിൾ, കുമ്രാൻ ചുരുൾ
[തിരുത്തുക]എബ്രായബൈബിളിൽ ലിലിത്തിനെ സംബന്ധിച്ച് ആകയുള്ള പരാമർശം, ഏശയ്യായുടെ പുസ്തകത്തിലാണ്. വിജനപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന ദുരാത്മാവായാണ് അവിടെ ലിലിത്ത് പരാമർശിക്കപ്പെടുന്നത്.[6]
ബൈബിളിൽ ലിലിത്ത് പിന്നീടു പരാമർശിക്കപ്പെടുന്നില്ലെങ്കിലും പൊതുവർഷാരംഭത്തിനടുത്ത കാലത്ത് എഴുതപ്പെട്ട ചാവുകടൽ ചുരുളുകളുടെ ഭാഗമായ "യതിക്കുവേണ്ടിയുള്ള ഗീതം" (Song for a Sage) എന്ന രചനയിൽ ലിലിത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൻറെ ഇതിവൃത്തം ബാധയൊഴിപ്പിക്കലിന്റെ മന്ത്രമായിരുന്നിരിക്കാം. ആ ഗീതത്തിലെ ചില വരികൾ ഇങ്ങനെയാണ്:
“ | "ദൈവസൗന്ദര്യത്തിന്റെ മാഹാത്മ്യം പ്രഘോഷിക്കുന്ന യതി, നാശകാരികളായ സകല മാലാഖമാരെയും, ഹറാംപിറന്ന ആത്മാക്കളേയും, ചെകുത്താന്മാരെയും, ലിലിത്തിനേയും, പെട്ടെന്നുള്ള ആക്രമണം കൊണ്ട് മനുഷ്യരെ ബോധഹീനന്മാരും ശൂന്യഹൃദയവും ആക്കുന്ന മറ്റെല്ലാവരേയും ചകിതരാക്കുകയും തോല്പിക്കുകയും ചെയ്യട്ടെ."[7] | ” |
താൽമുദ്
[തിരുത്തുക]പൊതുവർഷം 500-നടുത്തു പൂർത്തിയായ ബാബിലോണിയൻ താൽമുദ് ലിലിത്തിനെ കാണുന്നത്, അവളെക്കുറിച്ചുള്ള പഴയ ബാബിലോണിയൻ സങ്കല്പങ്ങൾ പിന്തുടർന്ന് നീണ്ട മുടിയുള്ളവളും, ഉറങ്ങുന്ന പുരുഷന്മാരുമായി ഇണചേരുന്നവളുമായ ഒരു യക്ഷിയായാണ്. ലിലിത്തിന്റെ അപകടം ഒഴിവാക്കാൻ പുരുഷന്മാർ ഒറ്റക്കുറങ്ങരുതെന്ന ഉപദേശംപോലും താൽമുദിലുണ്ട്."[7]
താൽമുദിന്റെ ആദ്യഖണ്ഡമായ മിഷ്ന ലിലിത്തിനെക്കുറിച്ചു പറയുന്നില്ല. എന്നാൽ ബാബിലോണിയൻ താൽമുദിന്റെ ഗെമാറകൾ മൂന്നു സന്ദർഭങ്ങളിൽ ലിലിത്തിനെ പരാമർശിക്കുന്നു:
- "റബ്ബി ജൂദാ ഇങ്ങനെ പറഞ്ഞു:ചാപിള്ളക്ക് ലിലിത്തുമായി രൂപസാദൃശ്യമുണ്ടെങ്കിൽ, ആ പിറവി അമ്മയെ അശുദ്ധയാക്കുന്നു. എന്തെന്നാൽ, മനുഷ്യക്കുഞ്ഞാണെങ്കിലും അതിനു ചിറകുണ്ട്." [8]
- "സ്ത്രീവർഗ്ഗത്തിന്റെ ശാപങ്ങളെക്കുറിച്ചു പറയുന്ന സന്ദർഭങ്ങളിലൊരിടത്ത് ഇങ്ങനെ പറയുന്നു: അവൾ ലിലിത്തിനെപ്പോലെ മുടി നീട്ടുന്നു, മൂത്രമൊഴിക്കാൻ ജന്തുക്കളെപ്പോലെ കുന്തിച്ചിരിക്കുന്നു, ഭർത്താവിനു തലയിണയായിരിക്കുകയും ചെയ്യുന്നു."[9]
- "റബ്ബി ഹനീനാ ഇങ്ങനെ പറഞ്ഞു: ആളൊഴിഞ്ഞ വീട്ടിൽ ഒറ്റയ്ക്ക് ഉറങ്ങരുത്; അങ്ങനെ ചെയ്യുന്നവരെ ലിലിത്ത് പിടികൂടുന്നു."[10]
അക്ഷരമാല
[തിരുത്തുക]ഏഴാം നൂറ്റാണ്ടുവരെ ഇരുട്ടിന്റെ അപകടങ്ങളുടെ പെൺപ്രതീകമായിരുന്ന ലിലിത്ത്, തുടർന്നുള്ള നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ബെൻ സിറായുടെ അക്ഷരമാല എന്ന യഹൂദരചനയിൽ മറ്റൊരു രൂപത്തിൽ പുനർജ്ജനിച്ചു. ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചെന്ന് എബ്രായ ബൈബിൾ ഉല്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായത്തിലും, മണ്ണിൽ മെനഞ്ഞെടുത്ത മനുഷ്യന്റെ വാരിയെല്ലിൽ നിന്ന് സ്ത്രീയെ ഉരുവാക്കിയെന്നു അതേ പുസ്തകം രണ്ടാം അദ്ധ്യായത്തിലും പറയുന്നു. ഈ സൃഷ്ടിവിവരണങ്ങൾ തമ്മിലുള്ള 'പൊരുത്തക്കേടിനെ' വിശദീകരിക്കുംവിധം ആ കഥയിൽ ലിലിത്തിനെ ഉൾപ്പെടുത്തുകയാണ് 'അക്ഷരമാല' ചെയ്തത്.
ഉല്പത്തി ആദ്യാദ്ധ്യായത്തിലെ സൃഷ്ടിയിലെ ആണുംപെണ്ണും ആദവും, ഹവ്വായ്ക്കും മുൻപുണ്ടായ മറ്റൊരു പെണ്ണും ആയിരുന്നെന്നും, ആ പെണ്ണ് ലിലിത്ത് ആയിരുന്നെന്നുമാണ് 'അക്ഷരമാല'-യുടെ ഭാഷ്യം. ഉരുവായ ഉടനേ ആ ദമ്പതിമാർ പരസ്പരം കലഹിക്കാൻ തുടങ്ങിയെന്നും അക്ഷരമാല പറയുന്നു. ആദത്തിനൊപ്പം അതേമണ്ണിൽനിന്നുരുവാക്കപ്പെട്ട താൻ അയാളുമായി സമത്വം അവകാശപ്പെട്ടവളാണെന്ന ന്യായം ഉന്നയിച്ച ലിലിത്ത് അയാൾക്കു കീഴ്പ്പെട്ടിരിക്കാൻ വിസമ്മതിച്ചു. കലഹത്തിന്റെ മൂർദ്ധന്യത്തിൽ ലിലിത്ത് ദൈവനാമത്തിന്റെ അവാച്യമായ ചതുരക്ഷരി ഉച്ചരിച്ച് പറന്നുപോയെന്നും ഈ കഥ തുടർന്നു പറയുന്നു. ദൈവം നൽകിയ കൂട്ടുകാരി വിട്ടുപോയതിനെക്കുറിച്ചുള്ള ആദത്തിന്റെ പരാതികേട്ട ദൈവം, അവളെ കണ്ടെത്തി തിരികെ കൊണ്ടുവരാൻ മൂന്നു മാലാഖമാരെ നിയോഗിച്ചു.
ലിലിത്തിനെ പിന്തുടർന്ന മാലാഖമാർ, ഈജിപ്തുകാർ മുങ്ങിച്ചത്ത ചെങ്കടലിൽ അവൾക്കൊപ്പമെത്തി. തിരികെ വരാൻ വിസമ്മതിച്ച അവളെ ചെങ്കടലിൽ മുക്കിക്കൊല്ലുമെന്നു മാലാഖമാർ ഭീഷണിപ്പെടുത്തി. "എന്നെ വിടുക!" അവൾ പറഞ്ഞു. "കുഞ്ഞുങ്ങൾക്ക് രോഗമുണ്ടാക്കാൻ വേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടവളാണു ഞാൻ. ആൺകുട്ടിയാണെങ്കിൽ ജനിച്ച് എട്ടുദിവസത്തേക്കും പെൺകുട്ടിയാണെങ്കിൽ ഇരുപതുദിവസത്തേക്കും എനിക്ക് അതിന്റെ മേൽ ശക്തിയുണ്ടാകും." ലിലിത്തിന്റെ വാക്കുകൾ കേട്ട മാലാഖമാർ, അവൾ തിരികെ പോകണമെന്നു നിർബ്ബന്ധിച്ചു. പക്ഷേ അവൾ മാലാഖമാരോട് ദൈവനാമത്തിൽ ഇങ്ങനെ ശപഥം ചെയ്തു: "ഞാൻ നിങ്ങളെയോ, നിങ്ങളുടെ രൂപമോ പേരോ ആലേഖനം ചെയ്തിട്ടുള്ള ഏലസ്സോ കണ്ടാൽ, എനിക്ക് കുഞ്ഞുങ്ങളുടെമേൽ ശക്തിയുണ്ടാവുകയില്ല."
ലിലിത്ത് പുരാവൃത്തത്തിനു ശ്രദ്ധേയമായ പുതിയ ഭാഷ്യം അവതരിപ്പിച്ച ബെൻ സിറായുടെ അക്ഷരമാല എന്ന കൃതിയുടെ സ്വഭാവവും ഉദ്ദേശലക്ഷ്യങ്ങളും വ്യക്തമല്ല. യഹൂദചരിത്രത്തിലെ മഹദ്‌വ്യക്തികളെ നിന്ദാപൂർവം ചിത്രീകരിക്കുന്നതും അശ്ലീലപ്രയോഗങ്ങൾ നിറഞ്ഞതുമായ ഈ കൃതി ഒരു ഹാസ്യരചനയാണെന്ന വാദം പ്രബലമാണ്. മോസസ് മൈമോനിഡിസിനെപ്പോലുള്ള യഹൂദചിന്തകന്മാർ അതിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. എങ്കിലും, ഏറെ വിദ്യാഭ്യാസമില്ലാതിരുന്ന സാധാരണക്കാർക്കിടയിലെങ്കിലും, അതിലെ കഥകൾക്ക് സാമാന്യം പ്രചാരം ലഭിച്ചുവെന്നതിനു, അതിന്റെ നിലവിലുള്ള ഒട്ടേറെ കൈയെഴുത്തുപ്രതികൾ തെളിവായിരിക്കുന്നു.[11]
സൊഹർ
[തിരുത്തുക]ലിലിത്ത് സങ്കല്പത്തിന്റെ വികാസത്തിലെ മറ്റൊരു ചുവടുവയ്പു നടന്നത് കബ്ബല്ല എന്ന യഹൂദമിസ്റ്റിക്കൽ മുന്നേറ്റത്തിന്റെ പ്രാമാണികരചയായ 'സൊഹർ' എന്ന കൃതിയിലായിരുന്നു. കബ്ബല്ല പാരമ്പര്യത്തിൽ പെടുന്നവർ ആയിരത്താണ്ടുകളുടെ പൗരാണികത്വം കല്പിക്കുന്നെങ്കിലും, ഈ കൃതി 1285-നടുത്ത് മോസസ് ബെൻ ലിയോൺ എന്നയാൾ സ്പെയിനിൽ എഴുതിയതാണെന്നു കരുതപ്പെടുന്നു. ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ മനുഷ്യസൃഷ്ടികഥക്ക് സൊഹർ ഒരു പുതിയ വ്യാഖ്യാനം അവതരിപ്പിച്ചു. ആദ്യത്തെ മനുഷ്യൻ സ്ത്രീയും പുരുഷനും ചേർന്നതായിരുന്നെന്നും, പിന്നീട് ആ സങ്കരശരീരത്തിൽ നിന്ന് ദൈവം അറുത്തുമാറ്റിയ സ്ത്രീയാണ് ലിലിത്തെന്നുമായിരുന്നു സൊഹറിന്റെ ഭാഷ്യം. തുടർന്ന് ആദത്തിന്റെ വാരിയെല്ലുകളൊന്നിൽ നിന്ന് ദൈവം ഹവ്വയേയും രൂപപ്പെടുത്തി. ഹവ്വ ആദത്തെ പുണരുന്നതുകണ്ട് അസൂയതോന്നിയ ലിലിത്ത്, പറുദീസയിൽ നിന്നു പറന്നുപോയെന്നാണ് സൊഹർ പറയുന്നത്."[7]
ആധുനികവീക്ഷണം
[തിരുത്തുക]സാഹിത്യത്തിൽ
[തിരുത്തുക]ലിലിത്തിന്റെ കഥ ആധുനികകാലത്ത് കലാകാരന്മാരേയും എഴുത്തുകാരേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കാല്പലികസാഹിത്യത്തിൽ ലിലിത്തിന്റെ കടന്നുവരവ്, ജർമ്മൻ കവി ഗോയ്ഥേയുടെ ഫോസ്റ്റ് എന്ന ദുരന്തനാടകത്തിലൂടെയായിരുന്നു. നാടകത്തിലെ മെഫിസ്റ്റോഫെലിസ്, ലിലിത്തിനെ വർണ്ണിക്കുന്നത് ഈവിധമാണ്:-
“ | ആദത്തിന്റെ ആദ്യഭാര്യ - ആദ്യത്തേത്.
അവളുടെ സൗന്ദര്യത്തിന്റെ ഒരു കേമത്തം, |
” |
പത്തൊൻപതാം നൂറ്റാണ്ടിലെ ആംഗലകവിയും ചിത്രകാരനുമായ ദാന്തെ ഗബ്രിയൽ റോസെറ്റി ഗോയ്ഥെയുടെ കൃതിയുടെ സ്വാധീനത്തിൽ, ലിലിത്തിനെ ഒരു ചിത്രത്തിന്റേയും ഭാവഗീതത്തിന്റേയും (Sonnet) പ്രമേയമാക്കി. "അവളുടെ മാന്ത്രികമുടി, ആദ്യത്തെ സ്വർണ്ണമായിരുന്നു" എന്നു റോസെറ്റി എഴുതി. വിക്ടോറിയൻ കവി റോബർട്ട് ബ്രൗണിങ്ങിന്റെ "ആദവും, ലിലിത്തും ഹവ്വായും" എന്ന കവിതയും ലിലിത്ത്-പുരാവൃത്തത്തെ പിന്തുടരുന്നു. ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്സ് തന്റെ പ്രസിദ്ധനോവലായ യുളീസിസിൽ ലിലിത്തിനെ, "ഗർഭഛിദ്രങ്ങളുടെ മധ്യസ്ഥ" (Patron of abortions) എന്നു വിശേഷിപ്പിക്കുന്നു.[12]
സ്ത്രീപക്ഷവായന
[തിരുത്തുക]ആദത്തോടു സമത്വം അംഗീകരിച്ചുകിട്ടാൻ വേണ്ടി കലാപമുയർത്തിയ ലിലിത്തിന്റെ കഥ ആധുനികകാലത്തെ സ്ത്രീവിമോചനവാദികളെ ആകർഷിക്കുകയും അവർ ആഘോഷിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ഒരു യഹൂദസ്ത്രീപക്ഷ മാസികയുടെ പേരുതന്നെ ലിലിത്ത് എന്നാണ്. "തുറന്ന സ്ത്രീപക്ഷവാദമുള്ള സ്വതന്ത്രയഹൂദ പ്രസിദ്ധീകരണം" എന്നാണ് അതു സ്വയം വിശേഷിപ്പിക്കുന്നത്.[13]
അവലംബം
[തിരുത്തുക]- ↑ My Jewish Learning Lady Flying in Darkness - The most notorious demon of Jewish tradition becomes a feminist hero
- ↑ Encyclopedia Mythica Lilith Archived 2017-10-11 at the Wayback Machine.
- ↑ Jewish Women's Archive Alphabet of Ben Sira 78: Lilith
- ↑ 4.0 4.1 ലിലിത്ത്, ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ് ബൈബിൾ, Barbara Geller Nathanson എഴുതിയ ലേഖനം (പുറം 437)
- ↑ Times of Israel dated 29 October 2016 Jewish feminist magazine Lilith celebrates 40th anniversary
- ↑ ബൈബിൾ - ഏശയ്യാ - 34:14
- ↑ 7.0 7.1 7.2 Bible History Today Article by Janet Howe Gaines Lilith: Seductress, heroine or murderer
- ↑ Babylonian Talmud on Tractate Nidda 24b
- ↑ Babylonian Talmud on Tractate Eruvin 100b
- ↑ Babylonian Talmud on Tractate Shabbath 151b
- ↑ യഹൂദവിജ്ഞാനകോശം - ബെൻ സിറായുടെ അക്ഷരമാല
- ↑ Then spoke young Stephen orgulous of mother Church that would cast him out of her bosom, of law of canons, of Lilith, patron of abortions......." - യുളീസീസ്, പതിനാലാം അദ്ധ്യായം
- ↑ ലിലിത്ത് മാസിക - "Independent, Jewish & Frnkaly Jewish"