റെവ് അർദാശിർ
പേർഷ്യൻ ഉൾക്കടലിൽ സ്ഥിതിചെയ്തിരുന്ന ഒരു പുരാതന തുറമുഖ നഗരമാണ് റെവ് അർദാശിർ ( പേർഷ്യൻ: ریو اردشیر). റേയിശഹ്ർ (ری شهر) എന്നും ഇത് അറിയപ്പെടുന്നു. മദ്ധ്യകാല ഇറാനിലെ പ്രമുഖ നഗരങ്ങളിൽ ഒന്നായിരുന്ന ഇത് നിലവിൽ ബുശെഹ്ർ പട്ടണത്തിന്റെ സമീപമുള്ള ഒരു പുരാവസ്തു ഉത്ഖനനമേഖലയാണ്.
സ്ഥാനം | ബുഷെഹ്ർ പ്രവിശ്യ, ഇറാൻ |
---|---|
മേഖല | പാർസ് പ്രവിശ്യ, സസ്സാനിദ് സാമ്രാജ്യം |
തരം | ജനവാസകേന്ദ്രം |
സെലൂസിഡ് സാമ്രാജ്യകാലത്തെ 'പേർസിസിലെ അന്ത്യോഖ്യാ' ഇതേ പട്ടണം തന്നെയാണ് എന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ സസ്സാനിദ് സാമ്രാജ്യത്തിന്റെ ആദ്യ ഭരണാധികാരിയായ അർദാശിർ 1ാമന്റെ (മരണം. ക്രി.വ. 224) കാലത്ത് ഈ നഗരം പുനർനിർമ്മിക്കപ്പെടുകയും ഇക്കാരണത്താൽ റെവ് അർദാശിർ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 424 മുതൽ എങ്കിലും കിഴക്കിന്റെ സഭയുടെ പ്രമുഖ മെത്രാസന പ്രവിശ്യകളിൽ ഒന്നായിരുന്ന പാർസിന്റെ കേന്ദ്രവും ഇതായിരുന്നു. പാർസിന്റെ മെത്രാപ്പോലീത്താമാരുടെ ആസ്ഥാനം എന്ന നിലയിൽ സഭയുടെ ചരിത്രത്തിൽ ഇടം നേടിയ ഈ നഗരം വിദൂര കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള സഭയുടെ വളർച്ചയ്ക്ക് നിർണായക പങ്കു വഹിച്ചു.[1][2]
ചരിത്രം
[തിരുത്തുക]സെലൂസിഡ് സാമ്രാജ്യകാലത്തെ പ്രമുഖ പേർഷ്യൻ പട്ടണമായിരുന്ന 'പേർസിസിലെ അന്ത്യോഖ്യാ' റെവ് അർദാശിർ തന്നെയായിരുന്നു എന്നാണ് ചരിത്രകാരന്മാരുടെ ഇടയിലെ നിഗമനം. സസ്സാനിദ് സാമ്രാജ്യത്തിന്റെ ആവിഭാവത്തിന് ശേഷം പട്ടണത്തിന്റെ ചരിത്ര ഗതിയിൽ വലിയ വഴിത്തിരിവ് ഉണ്ടായി. ആദ്യ സസ്സാനിദ് ചക്രവർത്തിയായിരുന്ന അർദാശിർ 1ാമൻ ഈ പട്ടണം പുനർനിർമ്മിച്ചതോടെയാണ് ഇതിന് തീടക്കമായത്. പട്ടണത്തിന് റെവ് അർദാശിർ എന്ന പേര് വരുന്നതിന് കാരണമായത് ഈ സംഭവമാണ്.[1] ഈ മദ്ധ്യ പേർഷ്യൻ പദത്തിന്റെ അർത്ഥം 'അർദാശിർ സമ്പന്നനാണ്' എന്നാണ്.[3]
ഫർഹാങ്-ഇ അനന്ദ്റാജ്, ഹാംദൊല്ലാഹ് മസ്തോവ്ഫിയുടെ നൂസ്സ്ഹത് അൽ-ഖുലുബ്, മജ്മൽ അൽ-തവാറിഖ്, ഇബ്ന് ബാൽഖിയുടെ ഫാർസ്‌നാമേഹ് എന്നീ ചരിത്രസ്രോതസ്സുകൾ റെവ് അർദാശിറിനേക്കുറിച്ച് വിവരം നൽകുന്നുണ്ട്. ഇസ്ലാംമതത്തിന്റെ ആവിർഭാവത്തിനും പേർഷ്യയിലേക്കുള്ള അറബ് അധിനിവേശത്തിനും മുമ്പ് ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്നു റെവ് അർദാശിർ. ഭാരതീയ, യവന ശാസ്ത്രതത്വങ്ങളും വൈദ്യവും ചികിത്സയും ഉൾപ്പെടെയുള്ള മേഖലകളിലെ പഠനത്തിനായി പണ്ഡിതന്മാർ ഒരുമിച്ചുകൂടിയിരുന്ന ഒരു കേന്ദ്രമായി ചരിത്രകാരനായ യാഖുത് അൽ-ഹമാവിയുടെ മുജാം അൽ-ബുൽദാൻ ഈ നഗരത്തെ വിശേഷിപ്പിക്കുന്നു.[4]
643ൽ അറബ് മുസ്ലിം അധിനിവേശത്തിന് എതിരെയുള്ള പരാജയപ്പെട്ട ചെറുത്തുനിൽപ്പിന് ശേഷം കാലക്രമേണ ഈ നഗരത്തിന്റെ പ്രധാന്യം അസ്തമിക്കുകയും പ്രദേശം വിജനമായിത്തീരുകയും ചെയ്തു.[2][1] ഇതോടെ റെവ് അർദാശിറിലെ ജനങ്ങൾ ബുശെഹ്ർ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റാൻ തുടങ്ങി എന്ന് പ്രമുഖ പേർഷ്യൻ വിവരശേഖരമായ ദെഹ്ഖോദ നിഘണ്ടു വിവരിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Potts (2018).
- ↑ 2.0 2.1 Wiesehöfer (2000).
- ↑ Russell (2004), p. 38.
- ↑ Tārīkh-i ʻulūm va adabīyāt-i Īrānī (تاریخ علوم و ادبیات ایرانی). Safa, Ẕabīḥ Allāh (ذبیح الله صفا). പെറി-കാസ്റ്റനേഡ ലൈബ്രറി. OCLC number 6899380 1969.
പുസ്തകങ്ങൾ
[തിരുത്തുക]- Potts, Daniel (2018). "Rev-Ardashir (Rishahr)". Oxford Dictionary of Late Antiquity. Vol. 2. p. 1284.
- Russell, James R. (2004). Armenian and Iranian studies. Harvard Armenian Texts and Studies. Vol. 9. Harvard University Press. ISBN 978-0935411195.
- Wiesehöfer, Josef (2000). "FĀRS ii. History in the Pre-Islamic Period". Encyclopaedia Iranica.