റെയ്ഹാന ജബ്ബാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയ്ഹാന ജബ്ബാരി
റെയ്ഹാ ജബ്ബാരി കോടതിയിൽ 2008
ജനനം
റെയ്ഹാ ജബ്ബാരി മലായേരി

(1988-08-08)ഓഗസ്റ്റ് 8, 1988
ഇറാൻ
മരണംഒക്ടോബർ 25, 2014(2014-10-25) (പ്രായം 26)
മരണ കാരണംവധശിക്ഷയ്ക് വിധേയയായി
തൊഴിൽഇന്റീരിയർ ഡെക്കറേറ്റർ

തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളിനെ കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധേയയായ ഇറാനിലെ വനിതയാണ് റെയ്ഹാന ജബ്ബാരി മലായേരി[1] (Persian: ریحانه جباری ملایری; c. 1988 – ഒക്ടോബർ 25, 2014). ഇറാനിലെ രഹസ്യാന്വേഷണ വകുപ്പ് മുൻ ഉദ്യോഗസ്ഥനായ മുർത്താസ അബ്‌ദുലലി ശർബന്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് 2007 - ൽ റെയ്ഹാനയെ അറസ്റ്റ് ചെയ്തത്. [2] ഇന്റീരിയർ ഡിസൈനർ ആയിരുന്ന റെയ്ഹാനയെ ഓഫീസ് അലങ്കരിക്കുന്ന ജോലി സംബന്ധമായി മുർത്താസ അബ്‌ദുലലി വിളിച്ചുവരുത്തുകയും അവിടെവെച്ച് അയാൾ റെയ്ഹാനയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് രെയ്ഹാനയുടെ വാദം. അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഒരു പേനാക്കത്തികൊണ്ട് രെയ്ഹാന അയാളെ കുത്തിയെന്നും അതിനുശേഷം അവിടെ നിന്നും രക്ഷപെട്ടവെന്നും രക്തംവാർന്ന് സ്വന്തം ഓഫീസിൽ മുർത്താസ മരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തനിക്കെതിരായ ആരോപണം കോടതിയിൽ തെളിയിക്കപ്പെട്ടുവെങ്കിലും സ്വയരക്ഷയ്ക്ക് ചെയ്തതാണതെന്ന് തെളിയിക്കുവാൻ റെയ്ഹാനയ്ക് കഴിയാഞ്ഞതിനെതുടർന്ന് ഇറാനിലെ നിയമ പ്രകാരം 2014 ഒക്ടോബർ 25 ന് റെയ്ഹായെ തൂക്കിക്കൊന്നു.

ജീവചരിത്രവും മാതാവിനുള്ള എഴുത്തും[തിരുത്തുക]

താൻ നിരപരാധിയാണെന്നും നീതി നിഷേധിക്കപ്പെടുകയാണെന്നും വാദിച്ചുകൊണ്ടുള്ള റെയ്ഹാനയുടെ ജീവചരിത്രം അഭിഭാഷകൻ പിന്നീട് തന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി. മരണ ശേഷം തന്റെ ശരീരാവയവങ്ങൾ ദാനം ചെയ്യുവാൻ അമ്മയോട് നിർദ്ദേശിച്ചുകൊണ്ട് റെയ്ഹാനയെഴുതിയ അവസാന കത്ത് സ്ത്രീകളോടുള്ള നീതിനിഷേധത്തിന്റെ കഥ വിവരിക്കുന്നതാണെന്ന് ലോകമെങ്ങും വിലയിരുത്തപ്പെട്ടു.

അമ്മ ഷോലെഹയ്ക്ക് എഴുതിയ കത്തിൽ ഇപ്പോൾ സംഭവിച്ചതിൽ നിന്നും വ്യത്യസ്തമായാണ് സംഭവിച്ചിരുന്നതെങ്കിൽ ബലാൽത്സംഗത്തിനിരയായി കൊല്ലപ്പെട്ട തന്റെ മൃതദേഹമായിരുന്നേനെ അമ്മയ്ക് തെരുവിന്റെ ഏതെങ്കിലും മൂലയിൽ നിന്നും ലഭിക്കുകയെന്ന് സംഭവദിവസത്തെ കാര്യങ്ങളെ വ്യക്തമാക്കിക്കൊണ്ട് റെയ്ഹാന എഴുതി. അപ്രകാരം സംഭവിച്ചിരുന്നെങ്കിൽ അധഇകാരവും സമ്പത്തുമുള്ള ആ കൊലയാളിയെ ഒന്നും ചെയ്യാനാവില്ലായിരുന്നുവെന്നും നാണക്കേടും പീഡനങ്ങളും സഹിച്ച് അമ്മയ്ക് കഴിയേണ്ടിവരുമായിരുന്നെന്നും അവർ സൂചിപ്പിക്കുന്നു. ഒരു കൊതുകിനെ പോലും ഇതുവരെ കൊന്നിട്ടില്ലാത്ത തനിക്ക് നിയമത്തിൽ പരിപൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മാപ്പിരക്കാതിരുന്നതെന്നും എന്നാൽ അനുഭവങ്ങൾ തിരിച്ചായിപ്പോയെന്നും കത്തിൽ കുറ്റപ്പെടുത്തിയിരിക്കുന്നു.

അവസാന ആഗ്രഹമായി തെന്റെ ശരീരാവയവങ്ങൾ ദാനം ചെയ്യുന്നതിനെ കുറിച്ച് കത്തിൽ ഇങ്ങനെ പറയുന്നു: ".....എന്റെ ജീവനേക്കാൾ പ്രീയപ്പെട്ട അമ്മേ,മണ്ണിൽ ചീഞ്ഞ് ഒടുങ്ങാൻ എനിക്ക് വയ്യ.എന്റെ കണ്ണും എന്റെ യുവത്വവും നിറഞ്ഞ ഹൃദയവും മണ്ണായി തീരരുത്.എന്നെ തൂക്കിക്കൊന്നാലുടൻ എന്റെ ഹൃദയം,വൃക്കകൾ,കണ്ണ്‌ തുടങ്ങി മാറ്റിവയ്ക്കാൻ കഴിയുന്ന അവയവങ്ങളെല്ലാം അത് ആവശ്യമുള്ള ആൾക്ക് നൽകണം ഞാൻ ആരാണെന്ന് എന്റെ അവയവങ്ങൾ സ്വീകരിക്കുന്നവർ അറിയുകയും ചെയ്യരുത്....."

താൻ മരണപ്പെടുകയാണെന്നും ദൈവത്തിന്റെ കോടതയിൽ തന്നെ വധശിക്ഷയ്ക് വിധിച്ച ന്യായാധിപനെയും ഉദ്യോഗസ്ഥരെയും വിചാരണചെയ്യാനുള്ള അപേക്ഷകയായി താനുണ്ടാവുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് കത്ത് ചുരുക്കുന്നത്. [3][4].

പ്രോസിക്യൂഷൻ വാദം[തിരുത്തുക]

വധശിക്ഷ നടപ്പാക്കിയശേഷം ടെഹ്റാൻ പ്രോസിക്യൂഷൻ ഓഫീസ് പുറത്തിറക്കിയ രേഖകളിൽ കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്[5].

  • ഫോൺ രേഖകൾ, റെയ്ഹാനയുടെ പരിസരത്ത് നിന്നും കണ്ടെടുത്ത രക്തം പുരണ്ട തട്ടം, കത്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്.
  • സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് കത്തി വാങ്ങിയതെന്ന് റെയ്ഹാന മൊഴിനൽകി.
  • ഇന്നുരാത്രി ഞാൻ അയാളെ കൊല്ലുമെന്ന് സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു.
  • ശൈഖി എന്നയാളുടെ പങ്കാളിത്തം ആരോപിക്കുകയും പിന്നീട് മൊഴി മാറ്റിപ്പറയുകയും ചെയ്തുകൊണ്ട് കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചു.
  • സുപ്രീം കോടതിവരെ തള്ളിയ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് അവസാനഘട്ടത്തിലും റെയ്ഹാന ചെയ്തിരുന്നത്.
  • ഇരയുടെ കുടുംബത്തിൽ നിന്ന് മാപ്പുലഭിക്കാൻ വേണ്ടി പ്രോസിക്യൂഷൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

അവലംബം[തിരുത്തുക]

  1. "Iran hangs woman despite international uproar". Al Jazeera.
  2. http://www.indiavisiontv.com/2014/10/27/363436.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "محمد مصطفایی". Archived from the original on 2014-10-31. Retrieved 2014-10-28.
  4. 2014 ഒക്ടോബർ 28 ചൊവ്വ മലയാള മനോരമ ദിനപത്രം പേജ് 6
  5. "Tehran Prosecutor's Statement Regarding Sentencing of Rayhaneh Jabbari". Archived from the original on 2014-10-25. Retrieved 2015-12-17.
"https://ml.wikipedia.org/w/index.php?title=റെയ്ഹാന_ജബ്ബാരി&oldid=3643355" എന്ന താളിൽനിന്ന് ശേഖരിച്ചത്