Jump to content

റഫാൽ കരാർ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റഫാൽ വിമാനം

ഒരു രാഷ്ട്രീയ വിവാദമാണ് റഫാൽ കരാർ വിവാദം. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഒരു അന്തർ ഗവൺമെന്റിന്റെ കരാറാണ് റഫേൽ ഇടപാട്. ഈ കരാർ മുഖേന 58,000 കോടി രൂപയുടെ (7.8 ബില്ല്യൺ യൂറോ) 36 ഇരട്ട - എഞ്ചിൻ പോർവിമാനം ഇന്ത്യ, ഫ്രഞ്ച് കമ്പനിയായാ ഡസോൾട്ട് ഏവീയേഷനിൽ നിന്നു വാങ്ങി.[1][2]

പശ്ചാത്തലം[തിരുത്തുക]

2012 ൽ യു.പി.എ. സർക്കാരിന്റെ കാലത്താണ് ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തത്. രണ്ട് എഞ്ചിനുകളുള്ള യുദ്ധ വിമാനമാണ് റഫേൽ. ആകാശത്ത് നിന്ന് താഴെ ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ള യുദ്ധ വിമാനങ്ങൾ ആണ് ഇവ. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകിയതിന്റെ അടിസ്‌ഥാനത്തിൽ റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി ചർച്ചകൾ നടത്താൻ ആണ് സർക്കാർ തയ്യാറായത്.[3] അമേരിക്കയിലെയും യുറോപ്പിലെയും കമ്പനികളെ മറികടന്നാണ് ഡസോ ഏവിയേഷനെ സർക്കാർ തെരഞ്ഞെടുത്തത്. 126 റഫേൽ വിമാനങ്ങൾ വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കുകയും ചെയ്യാനായിരുന്നു സർക്കാരിന്റെ ഉദ്ദേശം. ഇതിൽ 18 വിമാനങ്ങൾ പൂർണമായി നിർമിച്ചവയും, 108 വിമാനങ്ങൾ ബംഗലൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ അന്തിമ നിർമ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയിൽ വാങ്ങുക എന്നതായിരുന്നു തീരുമാനം. എന്നാൽ എ.കെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു.പി.എ സർക്കാരിന്റെ കാലത്ത് ഈ ചർച്ച കരാറിലെത്തിയില്ല.[4]

2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തിയപ്പോൾ ഈ കരാർ വീണ്ടും ചർച്ചയായി. ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.[3] പിന്നീട് ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ ഒപ്പു വച്ച കരാറാണ് റാഫേൽ യുദ്ധവിമാന കരാർ. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ആ കരാറിൽ ചില ഭേദഗതികൾ വരുത്തി. 126 വിമാനത്തിൽ നിന്ന് 36 വിമാനമാക്കി. ഈ 36 വിമാനങ്ങളും ഫ്രാൻസിൽ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. പക്ഷേ ഈ കരാറിൽ സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ല.[4]

ആരോപണങ്ങൾ[തിരുത്തുക]

ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഐ.എ.ജി. ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവ് മനീഷ് തിവാരി കരാർ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 715 കോടി രൂപയിൽ നിന്ന് 1,600 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.[5]

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിനെ റാഫേൽ ഇടപാടിൽ നിന്ന് ഒഴിവാക്കിയത് കോൺഗ്രസ് സർക്കാർ ആണെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.[6]

ഫ്രഞ്ച് സർക്കാർ പ്രതികരണം[തിരുത്തുക]

മീഡിയാർപാർട്ട് എന്ന സ്വതന്ത്ര ഫ്രഞ്ച് ഓൺലൈൻ അന്വേഷണ, അഭിപ്രായ ജേണലിന് നൽകിയ അഭിമുഖത്തിൽ റാഫേൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫന്സ് ലിമിറ്റഡ് എന്ന കമ്പനിയെ പങ്കാളിയാക്കണമെന്ന് നിർദ്ദേശിച്ചത് ഇന്ത്യൻ സർക്കാർ ആണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദ പറഞ്ഞു.[7]

ഇതിനെ തുടർന്ന് ഫ്രഞ്ച് സർക്കാർ തങ്ങൾക്ക് കമ്പനികളെ തിരഞ്ഞെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്ന് പ്രസ്താവനയിറക്കി.[8] അതുപോലെ ഡസോൾട്ട് ഏവീയേഷൻ അനിൽ അംബാനിയുടെ കമ്പനി തങ്ങളുടെ നിർദ്ദേശമാണെന്നും അറിയിച്ചു.[9]

എന്നാൽ കാനഡയിൽ വെച്ച് എഎഫ്പി യോട് സംസാരിക്കവെ ഫ്രാൻസ്വ ഒലാദ് തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചു.[10]

അവലംബംങ്ങൾ[തിരുത്തുക]

  1. "All you need to know about the Rafale deal controversy - Jet, set, go". The Economic Times. Retrieved 2018-09-08.
  2. "Flying deep inside the Rafale deal controversy | Tehelka". tehelka.com. Archived from the original on 2018-09-08. Retrieved 2018-09-08.
  3. 3.0 3.1 "എന്താണ് റാഫേൽ കരാർ, കോൺഗ്രസ്സോ ബിജെപിയോ കളവ് പറയുന്നതാരാണ്?". Retrieved 2018-09-25.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "പ്രഹരശേഷിയുമായി റാഫേൽ കരാർ; ഇളകുമോ ഇന്ത്യൻ രാഷ്ട്രീയം..?". Manoramanews. Retrieved 2018-09-25.
  5. "Cong critical of Rafale deal, wants contract to be made public". Deccan Herald. Press Trust of India. 24 September 2016.
  6. "റാഫേൽ കരാർ: എച്ച്.എ.എൽ ഒഴിവാക്കപ്പെട്ടത് യു.പി.എ കാലത്ത് - നിർമ്മല സീതാരാമൻ". Mathrubhumi. Retrieved 2018-09-25.
  7. "ഫ്രഞ്ച് മുൻ പ്രസിഡന്റ് നക്സലോ ജിഹാദിയോ? മോദി സർക്കാരിനെ പരിഹസിച്ച് സിദ്ധാർഥ്". Manoramanews. Retrieved 2018-09-25.
  8. ibn. "ibn". Retrieved 22 September 2018.
  9. indiatimes. "rafael". Retrieved 22 September 2018.
  10. https://www.afp.com/en/news/15/hollande-fuels-rafale-fighter-jet-controversy-india-doc-19b4634#.W6X6ri3JPs0.twitter
"https://ml.wikipedia.org/w/index.php?title=റഫാൽ_കരാർ_വിവാദം&oldid=4076168" എന്ന താളിൽനിന്ന് ശേഖരിച്ചത്