യെഗ്വാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെഗ്വാർഡ്
Եղվարդ
Yeghvard with Mount Ara in the background
Yeghvard with Mount Ara in the background
യെഗ്വാർഡ് Եղվարդ is located in Armenia
യെഗ്വാർഡ് Եղվարդ
യെഗ്വാർഡ്
Եղվարդ
Coordinates: 40°19′18″N 44°28′53″E / 40.32167°N 44.48139°E / 40.32167; 44.48139
CountryArmenia
Marz (Province)Kotayk
First mentioned6th century
വിസ്തീർണ്ണം
 • ആകെച.കി.മീ.(3 ച മൈ)
ഉയരം
1,330 മീ(4,360 അടി)
ജനസംഖ്യ
 (2011 census)
 • ആകെ11,672
 • ജനസാന്ദ്രത1,700/ച.കി.മീ.(4,300/ച മൈ)
സമയമേഖലUTC+4 ( )
വെബ്സൈറ്റ്Official website
Sources: Population[1]
സെന്റ് തിയോഡോർ മൊണാസ്ട്രി.

യെഗ്വാർഡ് (അർമേനിയൻ: Եղվարդ) അർമേനിയയിലെ കോട്ടയ്ക് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. പ്രവിശ്യാ തലസ്ഥാനമായ ഹ്രസ്ദാനിൽ നിന്ന് ഏകദേശം 39 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2011-ലെ സെൻസസ് പ്രകാരം, പട്ടണത്തിലെ ജനസംഖ്യ 2001-ലെ സെൻസസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു സമാനമായ 11,672 ആയിരുന്നു 2011 ലെ സെൻസസിലേയും ജനസംഖ്യ. 2016 ലെ ഒരു ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം നഗരത്തിൽ ഏകദേശം 10,900 ജനസംഖ്യയുണ്ട്.

ചരിത്രം[തിരുത്തുക]

അർമേനിയയിലെ ഏറ്റവും പ്രാചീനമായ വാസസ്ഥലങ്ങളിലൊന്നാണ് യെഗ്വാർഡ്. എഡി ആറാം നൂറ്റാണ്ടിലാണ് യെഗ്വാർഡ് എന്ന പേര് ആദ്യമായി പരാമർശിക്കപ്പെട്ടത്. 574 നും 604 നും ഇടയിൽ മദർ സീ ഓഫ് ഹോളി എച്ച്മിയാഡ്‌സിൻ തലവനായിരുന്ന യെഗ്‌വാർഡിലെ കാതോലിക്കോസ് മോസസ് II രചിച്ച പുരാവൃത്ത വിവരണത്തിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നിരുന്നാലും, യെഗ്വാർഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ "സെഘനാസർ" എന്ന പുരാതന വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കി ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭം മുതൽ യെഗ്വാർഡ് പ്രദേശം ഒരു സ്ഥിരവാസകേന്ദ്രമാക്കിരുന്നതായി വ്യക്തമാകുന്നു. പുരാതന അർമേനിയ രാജ്യം നിലനിന്നിരുന്ന കാലത്ത്, ആധുനിക യെഗ്വാർഡ് പ്രദേശം അയ്രാറാത്ത് പ്രവിശ്യയിലെ "കോട്ടയ്ക്" കന്റോണിന്റെ ഭാഗമായിരുന്നു.

301-ൽ അർമേനിയയുടെ ക്രിസ്തീയവൽക്കരണത്തിനുശേഷം, കോട്ടയ്ക് പ്രദേശം അർമേനിയൻ സഭയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറി. യെഗ്വാർഡിലെ കറ്റോഘികെ ദേവാലയത്തിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും പട്ടണത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്നു. അഞ്ച്, ആറ് നൂറ്റാണ്ടുകളിലായി അമാതുനി അർമേനിയൻ കുലീന രാജവംശത്തിന്റെ ഭരണത്തിൻ കീഴിൽ നിർമ്മിക്കപ്പെട്ട ഒരു വലിയ ത്രീ-നേവ് ബസിലിക്കയായിരുന്നു ഇത്. സോറവനിലെ ഘർഘവാങ്ക് എന്നുകൂടി അറിയപ്പെടുന്ന ഏഴാം നൂറ്റാണ്ടിലെ സെന്റ് തിയോഡോർ മൊണാസ്ട്രിയുടെ അവശിഷ്ടങ്ങളും പട്ടണത്തിന്റെ വടക്കുകിഴക്കായി കാണപ്പെടുന്നു.

ചരിത്രകാരനായിരുന്ന കാത്തലിക്കോസ് ഓഫ് ഓൾ അർമേനിയൻ ജോൺ V പറയുന്നതതു പ്രകാരം 666-നും 685-നും ഇടയിലുള്ള കാലഘട്ടത്തിൽ ഗ്രിഗർ I മാമിക്കോണിയൻ രാജകുമാരനാണ് ഈ സന്യാസ സമുച്ചയം നിർമ്മിച്ചത്. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ അർമേനിയ അറബ് ഇസ്ലാമിക അധിനിവേശത്താൽ കഷ്ടപ്പെട്ടു.

ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, യെഗ്വാർഡ് ഗ്രാമം പുതുതായി സ്ഥാപിതമായ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായി. 11-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയിൽ, യഥാക്രമം സെൽജുക്ക്, മംഗോളിയൻ, ആഗ് ക്വോയൻലു, കാരാ കൊയുൻലു ആക്രമണങ്ങളിൽ യെഗ്വാർഡ് കഷ്ടപ്പെട്ടു.

പതിമൂന്നാം നൂറ്റാണ്ടിലെ അർമേനിയൻ ചരിത്രകാരനായിരുന്ന സ്റ്റെപാനോസ് ഓർബെലിയൻ പറയുന്നതനുസരിച്ച്, യെഗ്വാർഡും ചുറ്റുപാടുമുള്ള പ്രദേശങ്ങളും ജോർജിയൻ രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്നാണ്. പിന്നീട്, ഈ പ്രദേശം ഇവാൻ മഖാർഗ്രഡ്സെലി രാജകുമാരൻ ലിപാരിറ്റ് ഓർബെലി രാജകുമാരന് സമ്മാനിച്ചു. യെഗ്വാർഡിലെ വിശുദ്ധ മാതാവിന്റെ ദേവാലയമാണ് പട്ടണത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രപരമായ കെട്ടിടം. സമീപസ്ഥമായ കറ്റോഗികെയിലെ നശിച്ചുപോയ ബസിലിക്ക പള്ളിയ്ക്കു പകരമുള്ള ഒരു പള്ളിയായിട്ടായിരുന്നു 1301-ൽ ഇത് നിർമ്മിക്കുകയും പൂർത്തീകരിക്കുകയും ചെയ്തത്. നിരവധി പ്രാചീന ഖച്ച്കാറുകളും ശവക്കല്ലറകളും പള്ളിക്ക് ചുറ്റുപാടുമായി കാണപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ആധുനിക കോട്ടയ്ക് പ്രദേശം നിലനിൽക്കുന്ന പ്രദേശം സഫാവിഡ് പേർഷ്യയ്ക്കു കീഴിലെ എറിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായി. ആ കാലഘട്ടത്തിൽ, പേർഷ്യക്കാർക്കും തുർക്കികൾക്കുമിടയിൽ മുറാട്ടെപ്പെ എന്നാണ് യെഗ്വാർഡ് അറിയപ്പെട്ടിരുന്നത്. 1735 ജൂണിൽ, 1730-1735 ലെ പെർസോ-ഓട്ടോമൻ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലെ യെഗെവാർഡ് യുദ്ധത്തിന്റെ സ്ഥലമായി ഇത് മാറി.

1828-ൽ റഷ്യ അർമേനിയ കീഴടക്കിയതിനുശേഷം, യെഗ്വാർഡ് അർമേനിയൻ ഒബ്ലാസ്റ്റിന്റെ ഭാഗമായിത്തീരുകയും, തുടർന്ന് 1850-ൽ എറിവൻ ഗവർണറേറ്റ് രൂപീകരിക്കപ്പെടുകയും ചെയ്തു.

1920-ൽ അർമേനിയയുടെ സോവിയറ്റ്‍വത്കരണത്തിന് ശേഷം, 1972 വരെ യെഗ്വാർഡ് ഒരു ഗ്രാമീണ വാസസ്ഥലമായിത്തന്നെ തുടരുകയും തുടർന്ന് നായ്റി റയോണിന്റെ കേന്ദ്രമായി മാറുന്നതിനായി ഒരു നഗര-തരം വാസകേന്ദ്രത്തിന്റെ പദവി ലഭിക്കുകയു ചെയ്തു. 1980-കളിൽ "നൈരിഷിൻ" നിർമ്മാണ സാമഗ്രി പ്ലാന്റിന്റെയും യെഗ്വാർഡ് ഷൂ ഫാക്ടറിയുടെയും രൂപീകരണത്തോടെ യെഗ്വാർഡ് ഗണ്യമായ വ്യാവസായിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 1995-ൽ, സ്വതന്ത്ര അർമേനിയ സർക്കാർ ഇതിന് ഒരു നഗര വിഭാഗം താമസകേന്ദ്രത്തിന്റെ പദവി നൽകി. 21 ആം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തിൽ യെഗ്വാർഡിൽ നിരവധി പുതിയ വ്യവസായ സ്ഥാപനങ്ങൾ രൂപീകരിക്കപ്പെട്ടു.

ഭൂമിശാസ്ത്രം[തിരുത്തുക]

ആധുനിക അർമേനിയയുടെ മധ്യഭാഗത്തിന് പടിഞ്ഞാറ്, തലസ്ഥാനമായ യെറിവാനിൽ നിന്ന് 18 കിലോമീറ്റർ വടക്കായി ഇത് സ്ഥിതിചെയ്യുന്നു. ആറ പർവതത്തിന്റെ തെക്കൻ താഴ്വരയിൽ (പർവതത്തിൽ നിന്ന് 4.5 കിലോമീറ്റർ തെക്ക്) സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1333 മീറ്റർ ഉയരമുണ്ട്.

ജനസംഖ്യ[തിരുത്തുക]

യെഗ്വാർഡിലെ ജനസംഖ്യയുടെ ഭൂരിഭാഗവും കോട്ടയ്ക് രൂപതയുടെ അധികാരപരിധിയിലുള്ള അർമേനിയൻ അപ്പസ്തോലിക സഭയിൽ പെടുന്ന വംശീയ അർമേനിയക്കാരാണ്. വിശുദ്ധ മാതാവിന്റെ പട്ടണത്തിലെ ചരിത്രപ്രസിദ്ധമായ ദേവാലയത്തിന് പുറമേ, യെഗ്വാർഡിൽ 2017 ജൂലൈയിൽ പ്രസിഡണ്ട് സെർഷ് സർഗ്‌സ്യാന്റെ സാന്നിധ്യത്തിൽ സർപ്പ് സർക്കിസ് പള്ളിയും തുറന്നു.[2]

അവലംബം[തിരുത്തുക]

  1. 2011 Armenia census, Kotayk Province
  2. President attends consecration of newly built church in Yeghvard
"https://ml.wikipedia.org/w/index.php?title=യെഗ്വാർഡ്&oldid=3694419" എന്ന താളിൽനിന്ന് ശേഖരിച്ചത്