മൈറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസയുടെ ഗാലക്സി ഇവല്യൂഷൻ എക്സ്പ്ലോറർ എടുത്ത മൈറെ നക്ഷത്രത്തിന്റെ അൾട്രാവയലറ്റ് ചിത്രം. ഹൈഡ്രജൻ വാൽ കാണാനാകും

കേതവസ് രാശിയിലെ ചുവപ്പുഭീമൻ നക്ഷത്രമാണ് ഒമൈക്രോൺ സീറ്റൈ (Omicron Ceti). മൈറെ (Mira) എന്ന പേരിലാണ്‌ ഇത് പൊതുവെ അറിയപ്പെടുന്നത്. ദ്വന്ദ്വനക്ഷത്രമായ ഇത് ഭൂമിയിൽ നിന്നും 200-400 പ്രകാശവർഷം അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്. ചുവപ്പുഭീമനായ Mira A, Mira B എന്നിവയാണ്‌ ദ്വന്ദ്വത്തിലെ നക്ഷത്രങ്ങൾ. ചരനക്ഷത്രമായ Mira A അൽഗോളിനുശേഷം ചരമായി തിരിച്ചറിഞ്ഞ സൂപ്പർനോവയല്ലാത്ത ആദ്യത്തെ നക്ഷത്രമാണ്‌. മൈറെയും ഈറ്റ കരീനയുമാണ്‌ ചില സമയങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കാനാകത്തത്ര പ്രകാശം കുറയുന്ന ചരനക്ഷത്രങ്ങളിൽ ഏറ്റവും പ്രകാശമേറിയത്.

നിരീക്ഷണചരിത്രം[തിരുത്തുക]

മൈറെ ചരനക്ഷത്രമാണെന്ന് പ്രാചീനകാലത്ത് ചൈന, ബാബിലോൺ, ഗ്രീസ് എന്നിവിടങ്ങളിലെ ജ്യോതിശാസ്ത്രജ്ഞർക്ക് അറിയാമായിരുന്നു എന്ന് കരുതപ്പെടുന്നുവെങ്കിലും ഇത് നിശ്ചിതമല്ല. ഡേവിഡ് ഫാബ്രീഷ്യസ് ആണ്‌ ആധുനിക ജ്യോതിശാസ്ത്രജ്ഞരിൽ മൈറെ ചരമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. 1596 ഓഗസ്റ്റ് 3 മുതൽ ബുധഗ്രഹത്തെ നിരീക്ഷിക്കാൻ ആധാരമായി മൈറെയെ ഉപയോഗിച്ച അദ്ദേഹം ഓഗസ്റ്റ് 21 ആയപ്പോഴേക്കും അതിന്റെ ദൃശ്യകാന്തിമാനം 1 വർദ്ധിച്ചതായി കണ്ടെത്തി. ഒക്ടോബറോടെ നക്ഷത്രത്തെ കാണാൻ സാധിക്കാതെയായി. ഈ നക്ഷത്രം ഒരു നോവയാണെന്ന് ഫാബ്രീഷ്യസ് ഇതിനാൽ കരുതിയെങ്കിലും 1609 ഫെബ്രുവരി 16 ന്‌ നക്ഷത്രത്തെ അദ്ദേഹത്തിന്‌ വീണ്ടും നിരീക്ഷിക്കാനായി.

1638-ൽ ജൊഹാന്നസ് ഹൊൾവാർഡ 11 മാസത്തിന്റെ ഇടവേളകളിലാണ്‌ മൈറെ അപ്രത്യക്ഷമാകുന്നതും പ്രത്യക്ഷമാകുന്നതും എന്ന് കണ്ടെത്തി. അതേ സമയം തന്നെ നക്ഷത്രത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന ജൊഹാന്നസ് ഹെവെലിയസ് ലാറ്റിനിൽ അത്ഭുതാവഹം എന്നർത്ഥം വരുന്ന മൈറെ എന്ന നാമം 1662-ൽ നക്ഷത്രത്തിനു നൽകി. 333 ദിവസമാണ്‌ മൈറെയുടെ ചരകാലാവധി എന്ന് ഇസ്മായിൽ ബുയിലോദ് കണ്ടെത്തി. ഇതിന്‌ ഇന്ന് അംഗീകരിക്കപ്പെട്ട വില 332 ദിവസമാണ്‌

ചരസ്വഭാവം[തിരുത്തുക]

ചുവപ്പുഭീമൻ നക്ഷത്രമായ മൈറെ A യുടെ പ്രതലം ആന്ദോളനം ചെയ്യുന്നതിനാലാണ്‌ പ്രകാശത്തിൽ വ്യത്യാസം വരുന്നത്. ഇത്തരം 6000-7000 നക്ഷത്രങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ മൈറെ ചരങ്ങൾ എന്നറിയപ്പെടുന്നു. ഈ നക്ഷത്രങ്ങളുടെ ചരകാലാവധി 80 മുതൽ 1000 വരെ ദിവസങ്ങളാണ്‌.

മൈറെ നക്ഷത്രത്തിന്‌ പ്രകാശമേറുന്ന സമയത്ത് ദൃശ്യകാന്തിമാനം 2 മുതൽ 4.9 വരെയായിരിക്കും (ശരാശരി 3.5). ഈ സമയത്ത് കേതവസ് രാശിയിലെ പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായി മൈറെ മാറും. പ്രകാശം കുറഞ്ഞ അവസ്ഥയിൽ ദൃശ്യകാന്തിമാനം 8.6 നും 10.1 നും ഇടയിലായിരിക്കും. 1700 ഇരട്ടിയാണ്‌ പ്രകാശത്തിൽ വ്യത്യാസമുണ്ടാകുന്നത്. എന്നാൽ മൈറെ നക്ഷത്രം വികിരണത്തിലധികവും ഇൻഫ്രാറെഡിലാണ്‌ പുറപ്പെടുവിക്കുന്നത്. ഇൻഫ്രാറെഡിൽ മൈറെ നക്ഷത്രത്തിന്റെ കാന്തിമാനത്തിൽ വ്യത്യാസം 2 ഓളം മാത്രമാണ്‌. 100 ദിവസത്തോളം സമയമാണ്‌ പ്രകാശം കുറഞ്ഞ അവസ്ഥയിൽ നിന്ന് കൂടിയതിലേക്കെത്താൻ ഈ നക്ഷത്രം എടുക്കുന്നത്. ഇതിന്റെ ഏതാണ്ട് ഇരട്ടി സമയം കൊണ്ട് തിരിച്ച് പ്രകാശം കുറയുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=മൈറെ&oldid=3426858" എന്ന താളിൽനിന്ന് ശേഖരിച്ചത്