മെഴുകുതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരി

മെഴുകു കൊണ്ടുള്ള സ്തംഭത്തിനുള്ളിൽ തിരി വച്ചിരിക്കുന്ന സംവിധാനം. രാത്രികാലങ്ങളിൽ വിളക്കായി ഉപയോഗിക്കുന്നു. ഏറെ പഴക്കമുള്ള ഈ വിളക്കിന്റെ വിവിധ വലിപ്പത്തിലുള്ള രൂപങ്ങൾ ഇന്ന് ലഭ്യമാണ്.

പ്രവർത്തനം[തിരുത്തുക]

മെഴുകുതിരികൾ - മലയാളം വിക്കിപീഡിയയുടെ 10-ാം പിറന്നാളിന്റെ കേക്കിൽ

തുണി കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്. തിരി ആദ്യം കത്തിച്ചുകൊടുക്കേണ്ടതുണ്ട്. തിരി കത്തുന്ന ചൂടിൽ മെഴുക് ഉരുകുകയും ബാഷ്പീകരിക്കുകയും ചെയ്യും. ഈ മെഴുകുബാഷ്പം ഓക്സിജനുമായി ചേർന്നു കഴിഞ്ഞാൽ വളരെ എളുപ്പം ജ്വലിക്കുന്നതാണ്. തിരിക്കു ചുറ്റും പിന്നീട് ജ്വലിക്കുന്നതു മുഴുവൻ ഈ മെഴുകുബാഷ്പമാണ്. ഈ ചൂടിൽ ചുറ്റുമുള്ള മെഴുക് പതിയെ ഉരുകുകയും തിരിയിലൂടെ കേശികത്വം മൂലം മുകളിലേക്കുയരുകയും ചെയ്യും. ഈ ദ്രാവകമെഴുക് ചൂടേറ്റ് ബാഷ്പമവുകയും ഓക്സിജനുമായിച്ചേർന്ന് തിരിക്കു ചുറ്റും ജ്വാലയുണ്ടാക്കുകയും ചെയ്യും.

മെഴുക്[തിരുത്തുക]

പണ്ടുകാലത്ത് തേൻമെഴുകും മൃഗക്കൊഴുപ്പും മറ്റുമായിരുന്നു മെഴുകുതിരികൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പാരഫിൻ മെഴുകാണ് മെഴുകുതിരികൾ നിർമ്മിക്കാനായി കൂടുതലായും ഉപയോഗിക്കുന്നത്. [1] മെഴുകുതിരികളുടെ നിറം സാധാരണയായി വെള്ളയാണ്. മെഴുകിൽ വിവിധ ചായങ്ങൾ ചേർത്ത് നിറങ്ങളുള്ള മെഴുകുതിരികളും ഉണ്ടാക്കാറുണ്ട്.

പ്രകാശം[തിരുത്തുക]

മഞ്ഞ കലർന്ന പ്രകാശമാണ് മെഴുകുതിരി ജ്വാലയ്ക്ക്. പ്രകാശത്തിനൊപ്പം ചൂടും പുറന്തള്ളുന്നുണ്ട്.

ഗുണങ്ങൾ[തിരുത്തുക]

സ്ഥിരതയുള്ള ജ്വാല നൽകാൻ മെഴുകുതിരിക്ക് കഴിയും. വളരെക്കുറച്ചു പുക മാത്രമേ ഉള്ളൂ എന്നതിനാൽ മണ്ണെണ്ണവിളക്കുകളെ അപേക്ഷിച്ച് കൂടുതൽ പേരും മെഴുകുതിരികൾ തിരഞ്ഞെടുക്കുന്നു. എണ്ണവിളക്കുകളെ അപേക്ഷിച്ച് ഇന്ധനം ചോരുന്നില്ല എന്ന ഗുണവും മെഴുകുതിരിക്കുണ്ട്. വിവിധ വലിപ്പത്തിലും രൂപത്തിലും നിർമ്മിക്കാം എന്നതും മെഴുകുതിരിയുടെ വ്യാപനം വർദ്ധിപ്പിക്കുന്നു.

ജ്വാല[തിരുത്തുക]

മെഴുകുതിരിജ്വാല - വിവിധ ഭാഗങ്ങൾ

പ്രധാനമായും മൂന്നു ഭാഗങ്ങളാണ് മെഴുകുതിരി ജ്വാലയ്ക്ക് ഉള്ളത്. തിരിയോടടുത്ത് മെഴുകുബാഷ്പം നിറഞ്ഞ ഭാഗം. ജ്വാലയ്ക്കു നടുക്കായി ഭാഗികമായി കത്തുന്ന ബാഷ്പമാണുള്ളത്. പൂർണ്ണമായും ബാഷ്പം കത്തുന്നത് പുറംപാളിയിൽ വച്ചാണ്. നേരിയ ചുവപ്പു നിറത്തോടെയായിരിക്കും ഈ ഭാഗം കാണപ്പെടുക. രാസദീപ്തി എന്ന പ്രതിഭാസം മൂലം തിരിയോടു ചേർന്ന് അടിഭാഗത്തായി നീല നിറത്തിലുള്ള ജ്വാലയും കാണാം.[2]

ഉപയോഗം[തിരുത്തുക]

രാത്രികാലങ്ങളിൽ വെളിച്ചത്തിനായി ഉപയോഗിക്കുന്നതാണ് പ്രധാന ഉപയോഗമെങ്കിലും ക്രിസ്താനികൾ പള്ളിയിലും വീടുകളിലും പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നു. പ്രതിഷേധം, ഐക്യദാർഡ്യം തുടങ്ങിയ സമാധാനപരമായ പ്രകടനങ്ങൾക്ക് മെഴുകുതിരി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു. പിറന്നാൾ ആഘോഷത്തിനിടയിൽ കേക്കിന് മുകളിൽ മെഴുകുതിരി കത്തിച്ചു വെയ്ക്കുന്നതും സാധാരണമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Franz Willhöft and Rudolf Horn "Candles" in Ullmann's Encyclopedia of Industrial Chemistry, 2000, Wiley-VCH, Weinheim. doi:10.1002/14356007.a05_029
  2. "Fuels Part VIII". Brodhed Garrett/Frey Resources. Archived from the original on 2012-06-15. Retrieved 2012-06-21.
"https://ml.wikipedia.org/w/index.php?title=മെഴുകുതിരി&oldid=3641754" എന്ന താളിൽനിന്ന് ശേഖരിച്ചത്