മുളവന്നൂർ ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുളവന്നൂർ ഭഗവതി ക്ഷേത്രം
മുളവന്നൂർ ഭഗവതി ക്ഷേത്രം

കാസർഗോഡ് ജില്ലയിലെ പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണ് മുളവന്നൂർ ഭഗവതി ക്ഷേത്രം. കോടോം ബേളൂർ പഞ്ചായത്തിൽ പറക്കളായിക്കു സമീപത്താണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണിയാണി സമുദായത്തിന്റെ നാലു പ്രധാനകഴകങ്ങളിൽ ഒന്ന് മുളവന്നൂർ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്രകഴകത്തിന്റെ ഉദ്ഭവത്തെക്കുറിച്ചോ ചരിത്രത്തെ കുറിച്ചോ പ്രധാന തെളിവുകളൊന്നും തന്നെ നിലവിലില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. വൃശ്ചികമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ദേവി മുളവന്നൂരിലേക്ക് എത്തിച്ചേർന്നത് എന്ന വിശ്വാസം നിലനിൽക്കുന്നു. അതുമായി ബന്ധപ്പെട്ട് നിലവിൽ ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. മണിയാണി സമുദായത്തിന്റെ നാലു പ്രധാന കഴകങ്ങളായ കണ്ണോത്ത്, കാപ്പാട്ട്, കല്ല്യോട്ട്, മുളവന്നൂർ എന്നിവയിൽ കല്ല്യോട്ട് കഴവുമായി മുളവന്നൂർ ഭഗവതിക്ക് സഹോദരീ ബന്ധമുണ്ടെന്ന് ഐതിഹ്യപ്രകാരം വിശ്വസിക്കുന്നു.[1]

ആചാരാനുഷ്ഠാനങ്ങൾ[തിരുത്തുക]

നിത്യപൂജ, നിത്യനിവേദ്യം, അന്തിത്തിരി, നിറപുത്തരി, തുലാപുത്തരി, വൃശ്ചികത്തിലെ ഒന്നാമത്തെ ചൊവ്വാഴ്ച അരിത്രാവൽ അടിയന്തരം, ചൊവ്വാ വിളക്ക്, തണ്ണിലാമൃത്, ധനു, മകരമാസങ്ങളിൽ തിരുമുറ്റപ്പണി, ധനു 28 ആം തീയതി മഡിയൻ ക്ഷേത്രപാലക ക്ഷേത്രത്തിലേക്ക് പീഠസമേതമുള്ള എഴുന്നെള്ളത്ത്, മകരമാസത്തിൽ കളിയാട്ടം, മേടമാസത്തിൽ തായങ്കൊട വിഷ്ണുമൂർത്തി, പൊട്ടൻ ദേവസ്ഥാനത്തു കളിയാട്ടം, ശിവരാത്രി മഹോത്സവം, മീനമാസത്തിൽ കാർത്തിക തൊട്ടുള്ള ഒമ്പതുദിവസത്തെ പൂരോത്സവം, പൂരോത്സവത്തോടു കൂടി നടത്തുന്ന മറത്തുകളി, വിഷ്ണുവിന്റേയും ഭഗവതി സേവയുടേയും പ്രതിഷ്ഠാദിനം എന്നിവയാണു മുളവന്നൂർ ദേവീക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.[2]

സ്ഥലനാമം[തിരുത്തുക]

കണ്ണോത്ത്, കാപ്പാട്ട്, കല്ല്യോട്ട്, കേണമംഗലം എന്നീ മണിയാണി സമുദായത്തിലെ പെരുങ്കളിയാട്ടത്തിൽ മുഖ്യദേവതമാരുടെ തിരുമുടിക്കുള്ള മുള ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന മണിയാണി കഴകത്തിൽ നിന്നുമാണ് ആചാരാനുഷ്ഠാനങ്ങളോടു കൂടി, പ്രത്യേക വിധി പ്രകാരം കൊണ്ടുപോകുന്നത്. മുളവനം ഉള്ള ഊര് എന്ന നിലയിൽ ഇതിന്റെ ചുരുക്കമായി ഈ പ്രദേശത്തിനു പേരുവന്നത് എന്ന വിശ്വാസവും നിലവിലുണ്ട്. പ്രായേണ കൂടുതലായി മുളവന്നൂർ ആണെങ്കിലും ചിലരെങ്കിലും മുളിവന്നൂർ എന്നും വിളിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ സ്മരണിക - 1996
  2. മഞ്ഞത്തട്ട് - സ്മരണിക 2019