മില്ലർ-യൂറി പരീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരീക്ഷണം

ഭൂമിയിലെ ജീവന്റെ ഉത്ഭവം എങ്ങനെ എന്നറിയാൻ 1952-ൽ ഷിക്കാഗോ സർവകലാശാലയിലെ ഗവേഷകൻ സ്റ്റാൻലി മില്ലർ നടത്തിയതായിരുന്നു ഈ പരീക്ഷണം. പ്രൊഫസർ ഹരോൾഡ് യൂറിയുടെ മേൽനോട്ടത്തിൽ നടന്ന ഈ പരീക്ഷണം മില്ലർ-യൂറി പരീക്ഷണം എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ടു. പരസ്പരം റബ്ബർട്യൂബ് വഴി ബന്ധിപ്പിക്കപ്പെട്ട രണ്ട് ഫ്ളാസ്ക്കുകളിലായിരുന്നു പരീക്ഷണം. പ്രാചീന ഭൂമിയിലെ സമുദ്രങ്ങളെ പ്രതിനിധീകരിക്കാനായി ഒരു ഫ്ളാസ്കിൽ വെള്ളവും, അക്കാലത്തെ അന്തരീക്ഷം പ്രതിനിധീകരിക്കാൻ രണ്ടാമത്തെ ഫ്ളാസ്കിൽ മീഥേൻ, അമോണിയ, ഹൈഡ്രജൻ സൾഫൈഡ് വാതകങ്ങളുടെ മിശ്രിതവും എടുത്തു. പ്രാചീനഭൂമിയിലെ പ്രക്ഷുബ്ദ അന്തരീക്ഷം പ്രതിനിധീകരിക്കാൻ ശക്തമായ വൈദ്യുതസ്പന്ദനങ്ങളും സൃഷ്ടിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഫ്ളാസ്കിലെ വെള്ളത്തിന് നിറംമാറ്റമുണ്ടായി, പച്ചയും മഞ്ഞയും നിറം. ആ വെള്ളം പരിശോധിച്ചപ്പോൾ അതിൽ അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും ഷുഗറുകളും മറ്റ് ഓർഗാനിക് സംയുക്തങ്ങളും രൂപപ്പെട്ടിരിക്കുന്നതായി കണ്ടു.

ഭൂമിയിൽ ജീവന്റെ ആദിമരൂപം ഉരുത്തിരിയാൻ മുഖ്യമായും മൂന്ന് ഘടകങ്ങൾ വേണമെന്ന് ശാസ്ത്രലോകം കരുതുന്നു:

1.ജനിതകവിവരങ്ങൾ സൂക്ഷിക്കാനായി ന്യൂക്ലിയോടൈഡുകളുടെ ചെറുതന്തുക്കൾ.

2. കോശങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ സാധ്യമാക്കാൻ അമിനോ ആസിഡുകളുടെ അഥവാ പെപ്റ്റൈഡുകളുടെ ചെറുശൃംഖലകൾ.

3. കോശഭിത്തികൾ പോലുള്ള ഘടനകൾ രൂപ്പെടുത്താനുള്ള ലിപ്പിഡുകൾ (lipids).

'ഫോസ്ഫോറിലേഷൻ' (phosphorylation) എന്ന രാസപ്രവർത്തനം വഴി മേൽസൂചിപ്പിച്ച മൂന്നു ചേരുവകൾ ഒത്തുചേർന്ന് ആദിമജീവരൂപം ഉത്ഭവച്ചിരിക്കാം എന്നാണ് നിഗമനം.[1]

അവലംബം[തിരുത്തുക]

  1. jamboori@gmail.com, ജോസഫ് ആന്റണി /. "ഭൂമിയിലെ ജീവന്റെ ഉത്ഭവം ഇനിയൊരു കീറാമുട്ടി പ്രശ്‌നമല്ല!" (in ഇംഗ്ലീഷ്). Archived from the original on 2022-01-06. Retrieved 2022-01-06.
"https://ml.wikipedia.org/w/index.php?title=മില്ലർ-യൂറി_പരീക്ഷണം&oldid=3813682" എന്ന താളിൽനിന്ന് ശേഖരിച്ചത്