Jump to content

മദാം ഡി പോമ്പദൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദാം ഡി പോമ്പെദൂർ, ഫ്രാൻസ്വാ ബൗച്ചർ ഈ ചിത്രം വരക്കുമ്പോൾ പോമ്പദൂറിന് 38 വയസ്സായിരുന്നു

ലൂയി പതിനഞ്ചാമൻ രാജാവിന്റെ മുഖ്യകാമുകിയായിരുന്ന് പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച വനിതയാണ് മദാം ഡി പോമ്പദൂർ (Madame de Pompadour - ജനനം: 29 ഡിസമ്പർ 1721; മരണം: ഡിസംബർ 15 ഏപ്രിൽ 1764). "ജീൻ അന്തോണിയെറ്റെ പൊയ്സോൺ" (Jeanne Antoinette Poisson) എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ഒരു പലവ്യഞ്ജനക്കടക്കാരന്റെ കുടുംബത്തിൽ ജനിച്ച ജീൻ, ബുദ്ധിമതിയും അതിസുന്ദരിയും ആയിരുന്നു. “രാജകാമുകിയാകാൻ” (morsel for a king) വിധിയുള്ളവളായി മകളെ കണക്കാക്കിയ അമ്മ അതിനു ചേർന്ന പരിശീലം കൊടുത്തു അവരെ വളർത്തി. 19-ആമത്തെ വയസ്സിൽ അമ്മയുടെ അനന്തരവനെ വിവാഹം കഴിച്ച ജീൻ രണ്ടുകുട്ടികളുടെ അമ്മയായി. എങ്കിലും രാജാവിന്റെ അടുപ്പം സമ്പാദിച്ചു പുതിയൊരു ജീവിതം കണ്ടെത്താൻ അമ്മ മകളെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

രാജകിങ്കരന്മാർക്ക് കൈക്കൂലികൊടുത്തും, തന്ത്രപരമായി അത്യാകർഷണീയതയോടെ രാജാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടും 1745-ൽ രാജാവിന്റെ ശ്രദ്ധനേടിയതോടെ അവരുടെ ഭാഗ്യം തെളിഞ്ഞു. താമസിയാതെ റെവന്യൂവകുപ്പിൽ കിട്ടിയ ഉദ്യോഗത്തിന്റെ ഔദാര്യം വാങ്ങി അവരുടെ ഭർത്താവ് ഒച്ചപ്പാടുണ്ടാക്കാതെ ഒഴിഞ്ഞു. തുടർന്ന് വേഴ്സായ് കൊട്ടാരത്തിൽ ജീനിന് വസതി അനുവദിച്ചുകിട്ടി. പോമ്പദൂറിലെ പ്രഭ്വിയുടെ പദവി ചാർത്തിക്കിട്ടിയതോടെ അവർ മദാം ഡി പോമ്പദൂർ എന്നറിയപ്പെടാൻ തുടങ്ങി. തുടർന്നുവന്ന രണ്ടു പതിറ്റാണ്ടുകളിൽ അവർ രാജാവിന്റെ പ്രധാനകാമുകിയെന്നതിനൊപ്പം ഫ്രെഞ്ചു ഭരണത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും സംസ്കാരത്തിന്റേയും മുഖ്യകാര്യവാഹിയും ആയിരുന്നു. ജനാപവാദത്തിന്റേയും ആരോഗ്യത്തിന്റേയും കാരണങ്ങളാൽ രാജകാമുകിയുടെ പദവി ഒരു പതിറ്റാണ്ടിനുള്ളിൽ ഒഴിഞ്ഞെങ്കിലും മരണം അവർ വരെ രാജഭരണത്തിലെ മുഖ്യകാര്യസ്ഥയായി തുടർന്നു.

സുഖഭോഗങ്ങളുടെ തികവിൽ വൈരസ്യം കൊണ്ടു വലഞ്ഞിരുന്ന രാജാവിനെ ആനന്ദിപ്പിക്കാൻ അവർ ആവുന്നതൊക്കെ ചെയ്തു. ഇതിനായി കൊട്ടാരത്തിൽ നാടകങ്ങളും മറ്റും സംഘടിപ്പിച്ചപ്പോൾ വിഖ്യാതനാടകകൃത്ത് മോള്യേറുടെ നാടകങ്ങളിൽ അവർ സ്വയം അഭിനേത്രിയായി. ഇടക്കിടെ രാജാവിനെ ആത്മീയവിഷാദം ബാധിച്ചപ്പോൾ, ഭക്തിഗീതങ്ങൾ മധുരമായി ആലപിച്ച് അവർ അദ്ദേഹത്തിന്റെ നരകഭയം അകറ്റി.[1]

ഫ്രഞ്ചു രാജനീതിയുടേയും സംസ്കാരത്തിന്റേയും എല്ലാ മേഖലകളിലും അവരുടെ സ്വാധീനം എത്തി. ഭരണത്തിലെ നിയമനങ്ങളിലും വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രവ്യാപാരങ്ങളിലും അവരുടെ അഭിപ്രായം നിർണ്ണായകമായി. പരന്ന സംസ്കാരവും നല്ല വായനയും ഇതിനൊക്കെ അവർക്കു ബലമായി. ഒന്നാന്തരം ഫ്രെഞ്ചുഭാഷ എഴുതിയിരുന്ന അവർക്ക് 3500 വാല്യങ്ങൾ അടങ്ങിയ ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു. രാജഭരണത്തിന്റെ വിമർശകരായിരുന്ന വോൾട്ടയർ ഉൾപ്പെടെയുള്ള ദാർശനികന്മാരുമായി മിത്രതയിൽ കഴിഞ്ഞ പോമ്പദൂർ, അവരെ സഹായിക്കുകയും ആപത്തുകളിൽ സംരക്ഷിക്കുകയും ചെയ്തു.

മദാം പോമ്പദൂറിന്റെ സ്മാരകഫലകം - അവരുടെ ഇഷ്ടകലാകാൻ ഫ്രാൻസ്വാ ഹൂബർട്ട് ഡ്രൂയിസിന്റേതാണിത്

രാജാവിന്റെ കാമുകിയായിരുന്നപ്പോഴും രാജ്ഞിയുമായി നല്ല ബന്ധം പുലർത്താൻ പോമ്പദൂർ ശ്രദ്ധിച്ചു. എങ്കിലും അവരുടെ അസാമാന്യമായ സ്വാധീനം രാജാവിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ശത്രുക്കളാക്കി. പോമ്പെദൂറിന്റെ ആഡംബരത്തിനു വേണ്ടിയുള്ള ചെലവ് വലിയ യുദ്ധങ്ങളുടേതിൽ അധികമാണെന്നു ശത്രുക്കൾ പറഞ്ഞു നടന്നു. ഇപ്പോൾ ഫ്രെഞ്ചു രാഷ്ട്രപതിയുടെ ഔദ്യോഗികവസതിയായ എലിസി കൊട്ടാരം രാജാവ് മദാം പോമ്പിദൂറിനു സമ്മാനിച്ചപ്പോൾ, ശത്രുക്കൾ അതിനു മുൻപിൽ, ‘മദാംവേശ്യ’ (Madam Whore) എന്നെഴുതിത്തൂക്കി. യുക്തിവാദികളായ ദാർശനികന്മാരുമായുള്ള അടുപ്പവും, പള്ളിസ്വത്തുക്കൾക്ക് നികുതി ചുമത്തണം എന്ന നിലപാടും അവരെ പൗരോഹിത്യത്തിന്റെയും ശത്രുവാക്കി. കുമ്പസാരക്കാരനായ പാതിരി, പോമ്പിദൂറുമായുള്ള ബന്ധത്തിന്റെ പേരിൽ രാജാവിനു കുർബ്ബാനവിലക്ക് ഏർപ്പെടുത്തുക പോലും ചെയ്തു.[1]


സപ്തവത്സരയുദ്ധത്തിൽ ഫ്രാൻസിനുണ്ടായ പരാജയവും യുദ്ധം മൂലമുണ്ടായ സാമ്പത്തികത്തളർച്ചയും പോമ്പദൂറിനെതിരെയുള്ള ജനാഭിപ്രായം ബലപ്പെടുത്തി. ഫ്രാൻസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് അവർ കണ്ടെത്തിയ ആശ്വാസം “നമുക്കുശേഷം പ്രളയം വരട്ടെ” [൧] എന്ന പ്രസിദ്ധമായ നിരീക്ഷണമായിരുന്നു. വിമർശനങ്ങളെ അതിജീവിച്ചും അവർ മരണം വരെ രാജാവുമായി സൗഹൃദത്തിലിരിക്കുകയും ഭരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. 1764-ൽ 42 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മരണം. ഒരു വർഷദിനത്തിൽ കാമുകിയുടെ ശവമഞ്ചം കടന്നുപോകുന്നതു നോക്കി കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന രാജാവ്, “പ്രഭ്വിയുടെ യാത്രക്ക് കാലാവസ്ഥ നന്നായിരിക്കില്ല” [൨] എന്നു നിരീക്ഷിച്ചതായി പറയപ്പെടുന്നു. അവരുടെ മരണത്തിൽ അഗാധമായി ദുഖിച്ച വോൾട്ടയർ ഇങ്ങനെ എഴുതി:-

കുറിപ്പുകൾ[തിരുത്തുക]

^ "Au reste, après nous, le Déluge." (Besides, after us, the Deluge)

^ "La marquise n'aura pas de beau temps pour son voyage." (The marquise won't have good weather for her journey)

അവലംബം[തിരുത്തുക]

  1. 1.0 1.1 സംസ്കാരത്തിന്റെ കഥ 9-ആം വാല്യം, വോൾട്ടയറുടെ യുഗം, വിൽ, ഏരിയൽ ഡുറാന്റുമാർ (പുറങ്ങൾ 279-85)
  2. സംസ്കാരത്തിന്റെ കഥ 10-ആം വാല്യം, റുസ്സോയും വിപ്ലവവും, വിൽ-ഏരിയൽ ഡുറാന്റുമാർ (പുറങ്ങൾ 66-69)
"https://ml.wikipedia.org/w/index.php?title=മദാം_ഡി_പോമ്പദൂർ&oldid=2284877" എന്ന താളിൽനിന്ന് ശേഖരിച്ചത്