മഞ്ഞക്കണ്ണി തിത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞക്കണ്ണി തിത്തിരി
Vanellus malabaricus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Charadriidae
ജനുസ്സ്: Vanellus
വർഗ്ഗം: V. malabaricus
ശാസ്ത്രീയ നാമം
Vanellus malabaricus
(Boddaert, 1783)
പര്യായങ്ങൾ

Charadrius malabaricus
Charadrius malarbaricus (lapsus)
Hoplopterus malabaricus
Lobipluvia malabarica
Lobipluria malabarica (lapsus)
Sarciophorus malabaricus
Sarciophorus bilobus

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണ കണ്ടുവരുന്ന തിത്തിരിപക്ഷി കുടുംബത്തിൽ പെട്ട ഒരിനം ചെറിയ പക്ഷിയാണ്‌ മഞ്ഞക്കണ്ണി തിത്തിരി (ഇംഗ്ലീഷ്:Yellow wattled lapwing). കൊൽക്കത്തയുടെ കിഴക്കൻ പ്രദേശങ്ങൾ, ഡാക്കാ, ഇന്ത്യൻ ഉപദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ശാസ്ത്രനാമം വാനെല്ലസ് മലബാറിക്കസ് (Vanellus malabaricus).

ശരീര ഘടന[തിരുത്തുക]

മഞ്ഞക്കണ്ണിയുടെ മുഖത്തിനു മഞ്ഞനിറമാണ്. തലയിലെ കറുത്ത ഉച്ചിപ്പൂവ് തൊപ്പിപോലെ തോന്നിക്കും. ഇതിനു താഴെ കണ്ണിൽ നിന്നു തുടങ്ങി കഴുത്തിനു പിൻവശം (പിടലി) വരെ എത്തുന്ന വെളളവരയുണ്ട്. താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങൾക്ക് മണൽ നിറമാണ്. കിയ്യേ-കിയ്യേ എന്ന നേരിയ ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ആൺ പെൺ പക്ഷികൾ തമ്മിൽ കാഴ്ചയ്ക്കു വ്യത്യാസമില്ല.

ആവാസരീതി[തിരുത്തുക]

മഞ്ഞക്കണ്ണി തിത്തിരി പക്ഷികൾ തറയിൽത്തന്നെ ജീവിക്കുന്ന പക്ഷികളാണ്. ശത്രുക്കളുടെ ദൃഷ്ടിയിൽപ്പെടാതെ നിശ്ചലമായി നില്ക്കുകയോ കുറച്ചുദൂരം പറന്നശേഷം അനങ്ങാതെ നില്ക്കുകയോ ചെയ്യുന്ന ഇത്തരം പക്ഷികൾക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ വളരെ വേഗത്തിൽ ഏറെദൂരം പറക്കാനാവും. മഞ്ഞക്കണ്ണികൾ 10-20 പക്ഷികളുടെ കൂട്ടങ്ങളായാണ് കാണാറുളളത്.

ആഹാരം[തിരുത്തുക]

തറയിലും മണ്ണിലുമുളള കൃമികളും പുഴുക്കളും മറ്റുമാണ് ആഹാരം. പക്ഷി കുറച്ചുദൂരം ഓടി, പെട്ടെന്ന് നിന്ന് മണ്ണിൽ രണ്ടോ മൂന്നോ പ്രാവശ്യം കൊത്തിയശേഷം തല ഉയർത്തി ചുറ്റും നോക്കുന്നു. വീണ്ടും കുറച്ചു ദൂരം ഓടിയശേഷം ഇതേപടി ആവർത്തിക്കുന്നു. ഓരോ തവണയും വെവ്വേറെ ദിശകളിലേക്കാണ് ഓടുന്നത്.

പ്രത്യുത്പാദനം[തിരുത്തുക]

തിത്തിരിപ്പക്ഷികൾ തറയിൽ ആഴം കുറഞ്ഞ കുഴിയുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്. മാർച്ച്-ഓഗസ്റ്റാണ് മുട്ടയിടീൽകാലം. മുട്ടകൾക്ക് കല്ലിന്റേയും മണ്ണിന്റേയും നിറമായതിനാൽ പെട്ടെന്ന് തിരിച്ചറിയുകയില്ല. ചെങ്കണ്ണിയുടെ മുട്ടയ്ക്ക് പച്ചകലർന്ന ഇരുണ്ട തവിട്ടുനിറവും അതിൽ ധാരാളം കറുത്ത കുത്തുകളും പുള്ളികളും ഉണ്ടായിരിക്കും. ഇവ സാധാരണ നാലു മുട്ടകളാണിടുക. മുട്ടകൾക്ക് 42.1 ത 29.8 മി.മീ. വലിപ്പമുണ്ടായിരിക്കും; പമ്പരത്തിന്റെ ആകൃതിയാണ്. മുട്ടയുടെ കൂർത്ത അറ്റം താഴോട്ടായി തൊട്ടുതൊട്ടിരിക്കുന്നതിനാൽ പെൺപക്ഷിക്ക് അടയിരിക്കുവാൻ കൂടുതൽ സൌകര്യം ലഭിക്കുന്നു. മുട്ടയിൽ നിന്ന് വിരിഞ്ഞിറങ്ങുമ്പോൾ തന്നെ കുഞ്ഞുങ്ങളുടെ കണ്ണ് തുറന്നതും ദേഹം ചെറു തൂവലുകൾകൊണ്ട് പൊതിഞ്ഞതുമായിരിക്കും. അല്പസമയം കഴിയുമ്പോൾ ഇവ ഓടി നടക്കുകയും ആഹാരം കൊത്തിത്തിന്നുകയും ചെയ്യുന്നു. ശത്രുക്കൾ അടുത്തുണ്ടെന്നു കാണുന്ന മുതിർന്ന പക്ഷികൾ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അപായ സൂചനയാണെന്നു മനസ്സിലാക്കുന്ന കുഞ്ഞുങ്ങൾ ഉടൻതന്നെ കഴുത്തു നീട്ടിപ്പിടിച്ച് തറയിലേക്ക് അമർന്ന് അനങ്ങാതെ കിടക്കുന്നു. ശത്രുക്കൾ അകന്നു കഴിഞ്ഞു എന്ന സൂചന കിട്ടുന്നതു വരെ കുഞ്ഞുങ്ങൾ അവിടെത്തന്നെ കിടക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2008). Vanellus malarbaricus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 2 Oct 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിത്തിരിപ്പക്ഷികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കണ്ണി_തിത്തിരി&oldid=2284838" എന്ന താളിൽനിന്നു ശേഖരിച്ചത്