Jump to content

ബസവേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാംഗ്ലൂരിലുള്ള ബസവേശ്വരന്റെ പ്രതിമ

വീരശൈവരുടെ പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബസവേശ്വരൻ (കന്നഡ: ಬಸವೇಶ್ವರ‌). ഒരു സാമൂഹ്യ പരിഷ്കർത്താവും, കവിയും, ദാർശനികനുമായിരുന്ന അദ്ദേഹം സമൂഹത്തിൽ നിലവിലിരുന്ന വർണ്ണധർമ്മാശ്രമത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും അതിലൂടെ ഒരു ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. ബസവേശ്വരനാണ് വീരശൈവമതം സ്ഥാപിച്ചതെന്നും, അല്ല പുരാതനമായ ഒരു വിശ്വാസസമ്പ്രദായത്തെ അദ്ദേഹം പുനരുദ്ധരിക്കുകയായിരുന്നുവെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

ബസവേശ്വരൻ ക്രി.പി 1131-ൽ കർണ്ണാടകയിലെ ബിജാപ്പൂർ ജില്ലയിൽ ബാഗേവാഡിക്കടുത്തുള്ള ഇംഗലേശ്വര ഗ്രാമത്തിൽ ജനിച്ചു. പിതാവ് മദരസ ഒരു ശൈവബ്രാഹ്മണനും അഗ്രഹാരത്തിന്റെ തലവനുമായിരുന്നു. ബ്രാഹ്മണാചാരപ്രകാരം എട്ടാം വയസ്സിൽ ഉപനയനചടങ്ങ് നടത്തുവാൻ പിതാവ് തീരുമാനിച്ചപ്പോൾ മൂത്ത സഹോദരി നാഗലാംബികക്ക് എന്തു കൊണ്ട് ഉപനയനം നടത്തിയില്ലെന്ന് ചോദിച്ചു കൊണ്ട് ബസവൻ അതിനെ എതിർത്തു. ഉപനയനം ആൺ കുട്ടികൾക്ക് മാത്രമാണെന്ന വാദം ഉൾക്കൊള്ളാൻ ആ ബാലൻ തയ്യാറായില്ല.തന്റെ പതിനാറാമത്തെ വയസ്സിൽ നിർബന്ധിച്ചു ധരിപ്പിച്ച പൂണൂൽ ഉപേക്ഷിച്ചു ബസവൻ ബാഗേവാഡിയിൽ നിന്നും കൃഷ്ണാ നദിയും മാലപ്രഭാ നദിയും സംഗമിക്കുന്ന കുടലസംഗമ എന്ന പുണ്യസ്ഥലത്ത് എത്തിച്ചേർന്നു.അവിടെയുള്ള ശിവക്ഷേത്രത്തിലും മഠത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു. കുടലസംഗമത്തിൽ വെച്ചാണ് ബസവേശ്വരൻ തന്റെ വചനങ്ങൾ ആദ്യമായി പാടിയത്. ഈ വചനങ്ങളിൽ ചിലത് കുടലസംഗമദേവനായ ശിവനെ അഭിസംബോധന ചെയ്തുള്ള പ്രാർത്ഥനകളാണ്.
ബസവേശ്വരന്റെ ഗുണഗണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹത്തിന്റെ മാതുലനും കല്യാണിലെ(ഇന്നത്തെ ബിദാർ ജില്ല) രാജാവിന്റെ മന്ത്രിയുമായ ബലദേവൻ തന്റെ മകളായ ഗംഗാംബികയെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെ അക്കാലത്ത് കല്യാൺ കേന്ദ്രമായി നാടുവാണിരുന്ന ബിജ്ജാലയുടെ രാജാധാനിയിലെത്തിച്ചേരുകയും ചെയ്തു. ഇവിടം മുതൽ ബസവൻ രാജാവിന്റെ ശ്രദ്ധാകേന്ദ്രമാവുകയും തുടർന്ന് ഖജനാവു സൂക്ഷിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. ക്രമേണ ബസവേശ്വരൻ രാജാവിന്റെ പ്രധാനമന്ത്രിപദം വരെ അലങ്കരിച്ചു. കല്യാണിലെത്തിയ നാൾ മുതൽ ബസവേശ്വരൻ സാമൂഹ്യപരിഷകരണത്തിനുള്ള യത്നം ആരംഭിച്ചു. മനുഷ്യരെ പരസ്പരം വേർതിരിക്കുന്ന മതിൽക്കെട്ടുകളായ ജാതിമത ലിംഗ ഭേദങ്ങൾക്കെതിരെ ശക്തിയായി നിലകൊണ്ട അദ്ദേഹം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്ക് ഊന്നൽ നൽകുന്ന ഒരു പുതിയ സാമൂഹിക സംഹിതയ്ക്ക് രൂപം കൊടുത്തു. മധ്യവർത്തികളായ പുരോഹിതർ ഭക്തരെ ചൂഷണം ചെയ്യുന്നതിനെ ശക്തമായി എതിർത്ത അദ്ദേഹം പൗരോഹിത്യ പ്രാധാന്യം കുറഞ്ഞ അരാധനാ സമ്പ്രദായത്തെ പ്രോത്സാഹിപ്പിച്ചു. ക്രമേണ ഇതു വീരശൈവ അഥവാ ലിംഗായത്ത് എന്ന മതനവീകരണ പ്രസ്ഥാനമായി മാറി. ബസവേശ്വരന്റെ മഹത്ത്വം കേട്ടറിഞ്ഞ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ന്യാസിമാരും, ഭക്ത ജനങ്ങളും കല്യാണിലേക്കു പ്രവഹിച്ചു തുടങ്ങി. കല്യാണിൽ ബസവേശ്വരൻ സ്ഥാപിച്ച അനുഭവ മണ്ഡപത്തെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പിൽക്കാല ജീവിതം.
എന്നാൽ ബസവേശ്വരന്റെ പ്രശസ്തിയിൽ അസൂയാലുക്കളായ ചിലർ അദ്ദേഹം ഖജനാവ് കാലിയാക്കിയെന്നും നിരവധി സന്ന്യാസിമാരെയും അനുഭാവികളെയും കല്യാണിൽ പാർപ്പിച്ചിരിക്കുന്നു എന്നും അവർ രാജാവിന് പരാതി നൽകി. ഇക്കാലയളവിൽ ബസവേശ്വരൻ അറിവോടെ നടന്ന ഒരു മിശ്രവിവാഹത്തിന്റെ ഔചിത്യത്തെ രാജാവ് ചോദ്യം ചെയ്തതായും യാഥാസ്ഥിതികരുടെ നിർബന്ധത്തെത്തുടർന്ന് ആ ദമ്പതികൾക്ക് വധശിക്ഷ നൽകിയതായും പറയപ്പെടുന്നു.[2] മറ്റ് ചില അഭിപ്രായങ്ങൾ പ്രകാരം ഈ വിവാഹം യാഥാസ്ഥിതികരും ബസവേശ്വരന്റെ ശരണാർത്ഥികളും തമ്മിലുള്ള 'കല്യാൺക്രാന്തി' (കല്യാണിലെ വിപ്ലവം) എന്ന് പിന്നീടറിയപ്പെട്ട രൂക്ഷമായ ആത്മീയ-ഭൗതിക വിപ്ലവത്തിന് ഇടയായിത്തീർന്നു.[3] ഏതായാലും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ അക്രമത്തെ ഇഷ്ടപ്പെടാത്ത ബസവേശ്വരനെ വ്യസനിപ്പിക്കുകയും കല്യാണിലെ തന്റെ ദൗത്യം പൂർത്തിയാക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് തന്നെ പോറ്റി വളർത്തിയ കുടലസംഗമത്തിലേക്കു മടങ്ങിപ്പോയ ബസവേശ്വരൻ പ്രവർത്തനമേഖലകളിൽ സജീവമായിരിക്കേ മുപ്പത്തിയാറാം വയസ്സിൽ വിയോഗം പ്രാപിക്കുകയും ചെയ്തു.[4].

പഠിപ്പിക്കലുകൾ

[തിരുത്തുക]

കായകവെ കൈലാസം എന്നതാണ് ബസവേശ്വരന്റ ഏറ്റവും പ്രശസ്തമായ വചനങ്ങളിലൊന്ന്. അദ്ധ്വാനം അത്യുത്‌കൃഷ്ടം എന്നാണതിന്റെ അർത്ഥം. 'കായക സിദ്ധാന്തം' (കർമ്മ സിദ്ധാന്തം) എന്നിതറിയപ്പെടുന്നു. തൊഴിലിന് നീചമെന്നോ ശ്രേഷ്ഠമെന്നോ വേർതിരിവില്ല. സന്യാസികൾ അടക്കം എല്ലാവരും അവരവർക്കുള്ള ആഹാരത്തിനുള്ള വക സ്വയം സാമ്പാദിക്കണമെന്നും ബസവേശ്വരൻ പഠിപ്പിച്ചു.
കായക സിദ്ധാന്തത്തിന്റെ മറ്റൊരു ദർശനമാണ് 'ദസോഹ' (ദാനധർമ്മ സിദ്ധാന്തം). ഒരുവൻ തന്റെ സമ്പാദ്യത്തിൽ ആവശ്യം കഴിഞ്ഞുള്ളത് പാവപ്പെട്ടവരും രോഗികളുമായ സാധുക്കൾക്കായി നീക്കി വെയ്ക്കണമെന്നാണ് ദസോഹയുടെ പൊരുൾ. ഇതു അദ്ദേഹം സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു.

ബസവേശ്വരന്റ ഒരു വചനം ഇപ്രകാരം പറയുന്നു.

ഇതൊക്കെയായിരുന്നു തന്റെ കായക ദസോഹ സിദ്ധാന്തങ്ങൾക്ക് അദ്ദേഹം നൽകിയ വിശദീകരണം.[3]

അവലംബം

[തിരുത്തുക]
  1. എൻസൈക്ലോപീഡിയാ ബ്രിട്ടാണിക്കാ - ഓൺലൈൻ പതിപ്പ്
  2. പ്രൊഫ.ജി.മോഹൻ പ്രസാദ്, ബസവേശ്വരൻ- ഭാരതീയ നവോത്ഥാനത്തിന്റെ പ്രഥമ ശില്പി,ബസവസമിതി,ബാഗ്ലൂർ ,2004 ഒക്ടോബർ
  3. 3.0 3.1 കെ.പ്രസന്നകുമാർ, വീരശൈവ ധർമ്മപരിചയം,ബസവസമിതി,ബാഗ്ലൂർ ,2004 ഒക്ടോബർ
  4. ആത്മജവർമ്മ തമ്പുരാൻ, ബസവേശ്വരൻ:നവോത്ഥാന നായകൻ,മലയാള മനോരമ ,2010 മേയ് 8
"https://ml.wikipedia.org/w/index.php?title=ബസവേശ്വരൻ&oldid=3638828" എന്ന താളിൽനിന്ന് ശേഖരിച്ചത്