പൂണൂൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാരുദ്രയാഗത്തിൽ 108 പുരോഹിതർ മന്ത്രോച്ചാരണത്തിൽ

ഹിന്ദുക്കളിലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണങ്ങളിൽ ഉൾപ്പെടുന്ന പുരുഷന്മാർ ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെ, ധരിക്കുന്ന നൂലാണ് പൂണൂൽ. സംസ്കൃതത്തിൽ യജ്ഞോപവീതം, യജ്ഞസൂത്രം. ബ്രഹ്മചര്യത്തിന്റെ തുടക്കമായി ബാലകന്മാർ യജ്ഞോപവീതം ധരിക്കുന്നു. പൂണൂൽ ആദ്യമായി ഇടുന്ന ചടങ്ങിന് ഉപനയനം എന്നു പറയുന്നു. ഒരാൾ തന്റെ ഗുരുകുലരീതിയിലുള്ള വിദ്യാഭ്യാസം അല്ലെങ്കിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഉപനയനവേളയിലെ യജ്ഞോപവീത ധാരണത്തോടെയാണ്. യാഗങ്ങൾ അനുഷ്ഠിക്കുമ്പോൾ പൂണൂൽ നിർബന്ധമായും ധരിക്കാറുണ്ട്.

ജാതിയും മതവും നോക്കാതെ ആർക്കും പൂണൂൽ ധരിക്കാൻ അവസരം നൽകുന്നതിന് അഖില കേരള പുരോഹിത പരിഷത്തിനെപ്പോലുള്ള സംഘടനയുടേയും [1] ചില വ്യക്തികളുടേയും [2] നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ട്

നിർമ്മാണം[തിരുത്തുക]

പരുത്തിയിലോ തുണിയിലോ കുശപൂല്ലിലോ ആണ് പൂണൂൽ ഉണ്ടാക്കുക. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു........

പേരിനു പിന്നിൽ[തിരുത്തുക]

യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും യജ്ഞസൂത്രം എന്നും അറിയപ്പെടുന്നു. പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. പൂണുന്ന നൂലായതിനാലാണ് പൂണൂൽ എന്ന് അറിയപ്പെടുന്നതെന്ന് മറ്റൊരു മതവുമുണ്ട്.

ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അർത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങൾ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.

പൂണൂലിന്റെ പ്രാധാന്യം[തിരുത്തുക]

നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.

യജ്ഞോപവീതത്തിലെ 3 നൂലുകൾ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.

പൂണൂലിന്റെ മൂന്ന് അടുക്കുകളിലും കൂടി ആകെ 9 നൂലിഴകളുണ്ടെന്ന് പറയാം. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.

അതിങ്ങനെയാണ്:

 1. പ്രണവം (ഓംകാരം)
 2. അഗ്നി
 3. നാഗം
 4. സോമം
 5. പിതൃക്കൾ
 6. പ്രജാപതി
 7. വസു
 8. യമൻ
 9. ദേവതകൾ.

ധരിക്കുന്ന രീതി[തിരുത്തുക]

ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂൽ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. യജ്ഞോപവീതം അവസരങ്ങൾക്കനുസരിച്ച് മൂന്ന് രീതിയിൽ ധരിക്കാറുണ്ട്.

 1. ഉപവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ ഇടതുതോളിനുമുകളിൽക്കൂടി, വലതുകൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. ദൈവികകാര്യങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ വലത്തിടൽ എന്ന് പറയുന്നു.
 2. നിവീതം - കഴുത്തിൽക്കൂടി നെഞ്ചിനുമുകളിലായി മാലപോലെ തൂക്കിയിടുന്ന രീതി. ഋഷിതർപ്പണം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നസമയത്തും ഈ രീതിയിൽ ധരിക്കണം. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ നിവീതമിടൽ എന്ന് പറയുന്നു. നിഷേകസമയത്ത് (അതായത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ) സൗകര്യപൂർ‌വം രണ്ടായി മടക്കിയും പൂണൂൽ നിവീതമിടാം എന്ന് വിധിയുണ്ട്.
 3. പ്രാചീനവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ വലതുതോളിനുമുകളിൽക്കൂടി, ഇടത്കൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. പിതൃക്കളുടെ മരണാനന്തരകർമങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ ഇടത്തിടൽ എന്നും തിരിച്ചിടൽ എന്നും പറയാറുണ്ട്.


സ്ത്രീകൾക്കും പൂണൂൽ[തിരുത്തുക]

പണ്ട് കാലങ്ങളിൽ സ്ത്രീകളും പൂണൂൽ ‍ അണിഞ്ഞിരുന്നു. ഹോമശാലയിൽ ‍കൊണ്ടുവന്ന ശേഷം ഭർത്താവാണ് അവളെ പൂണൂൽ ‍അണിയിച്ചിരുന്നത്. പിൽക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.

പൂണൂൽ മാറുന്ന വിധം[തിരുത്തുക]

യജ്ഞോപവീതം മുഷിയുകയോ, ജീർണിക്കുകയോ, നൂൽ പൊട്ടുകയോ, അശുദ്ധമാവുകയോ ചെയ്താൽ അത് ‍എത്രയും പെട്ടെന്ന് മാറ്റി പുതിയത് ധരിക്കണം . പഴയത് ജലത്തിൽ ഉപേക്ഷിച്ച് പുതിയത് ധരിക്കാവുന്നതാണ്. ഇതിന് പുനരുപനയനം എന്നോ അഴിച്ചുപനയനം എന്നോ പറയുന്നു. ഇത് സ്വയം ചെയ്യാവുന്നതാണ്. പഴകിയതോ പൊട്ടിയതോ ആയ പൂണൂൽ കല്ലിൽ ചുറ്റി വെള്ളത്തിൽ മന്ത്രം ചൊല്ലി എറിഞ്ഞുകളയുകയാണ് ചെയ്യേണ്ടത്. ഇതിന് പ്രത്യേക മുഹൂർത്തമോ ദിവസമോ ഇല്ല. ജലത്തിൽ വിസർജിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം:

ഉപവീതം ഭിന്നതന്തും ജീർണം കശ്മല ദൂഷിതം
വിസൃജ്യാമി പുനഃ ബ്രഹ്മവർച്ചോ ദീർഘായുരസ്തു മേ

ഇതി ജീർണം യജ്ഞോപവീതം ജലേ വിസൃജ്യ ആചാമേത് (ഇങ്ങനെ ജീർണിച്ച യജ്ഞോപവീതം ജലത്തിൽ ഉപേക്ഷിച്ച് ആചമിക്കാം).

മറ്റു പ്രത്യേകതകൾ[തിരുത്തുക]

 1. അശുദ്ധമായ കരങ്ങളോടെ പൂണൂൽ ‍തൊടാൻപാടില്ല. ശ്രാദ്ധം, പിണ്ഡം എന്നീ സന്ദർഭങ്ങളിൽ പൂണൂൽ വലത്തെ തോളിൽനിന്ന് ഇടത്തേയ്ക്ക് ഇടാറുണ്ട്. ഇതിനെ ഇടത്തിടൽ ‍എന്നാണ് പറയുക. പൊട്ടിയ പൂണൂൽ ‍എത്രയും പെട്ടെന്ന് മാറ്റി പുതിയത് ധരിക്കണം. പൊട്ടിയ പൂണൂൽ ‍ചെറിയ കല്ലിൽ ചുറ്റി വെള്ളത്തിൽ മന്ത്രം ചൊല്ലി എറിഞ്ഞുകളയുകയാണ് ചെയ്യാറുള്ളത്.

അവലംബം[തിരുത്തുക]

 1. [1]|http://sanghasamudra.blogspot.in
 2. [2][പ്രവർത്തിക്കാത്ത കണ്ണി]|പൂണൂൽ കല്യാണം നടത്താൻ ഭാരതയാത്ര
"https://ml.wikipedia.org/w/index.php?title=പൂണൂൽ&oldid=3705704" എന്ന താളിൽനിന്ന് ശേഖരിച്ചത്