Jump to content

പ്രിയംവദ നടരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിയംവദ നടരാജൻ
കെഐടിപ്പിയിൽ വച്ചെടുത്ത ചിത്രം
കലാലയംകേംബ്രിഡ്ജ് സർവകലാശാല, ട്രിനിറ്റി കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകോസ്മോളജി, തിയടിറ്റിക്കൽ അസ്ട്രൊഫിസിക്സ്
സ്ഥാപനങ്ങൾയേൽ സർവകലാശാല

യേൽ സർവ്വകലാശാലയിലെ ഭൗതിക-ജ്യോതിഃശാസ്ത്ര വിഭാഗത്തിലെ ഒരു പ്രൊഫസർ ആണ് പ്രിയംവദ നടരാജൻ. പ്രപഞ്ചത്തിലെ ശ്യാമോർജം, തമോദ്രവ്യം എന്നിവയുടെ വിതരണം രേഖപ്പെടുത്തുന്ന ജോലിയിൽ പ്രസിദ്ധയാണ് ഇവർ. ഭൂഗുരുത്വ ലെൻസിങ്, വളരെയധികം പിണ്ഡമുള്ള തമോദ്വാരങ്ങളുടെ ഘടനയും അവയുടെ അക്രീഷൻ ചരിത്രവും രേഖപ്പെടുത്തുന്ന പഠനങ്ങൾ എന്നിവയിൽ അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മാപ്പിംഗ് ദി ഹെവൻസ്: ദി റാഡിക്കൽ സയന്റിഫിക് ഐഡിയാസ് ദാറ്റ് റിവീൽ ദി കോസ്മോസ് എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഇവർ.[1]

ആദ്യകാലജീവിതം

[തിരുത്തുക]

അക്കാദമിക് രംഗത്ത് പ്രവർത്തിയ്ക്കുന്ന മാതാപിതാക്കളുടെ മകളായി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആണ് പ്രിയംവദ നടരാജൻ ജനിച്ചത്. അവരുടെ മൂന്നു മക്കളിൽ ഒരാളായിരുന്നു പ്രിയംവദ. ഡൽഹിയിലാണ് അവർ വളർന്നത്. ആർ. കെ. പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽ ആണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

വിദ്യാഭ്യാസം

[തിരുത്തുക]

അവർ എം. ഐ. ടി യിൽ നിന്നും ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദമെടുത്തു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണോമിയിൽ നിന്നുമാണ് ബിരുദാനന്തരബിരുദം നേടിയത്. അവിടെ അവർ ട്രിനിറ്റി കോളേജിലെ അംഗം ആയിരുന്നു. അവിടെ വെച്ച് അവർ ടൈറ്റിൽ എ റിസർച്ച് ഫെലോഷിപ്പിന് അർഹയാകുകയും 1997 മുതൽ 2004 വരെ അവർ ആ സ്ഥാനം നിലനിർത്തുകയും ചെയ്തു. യേൽ സർവകലാശാലയിൽ ജോലിയിൽ പ്രവേശിയ്ക്കുന്നതിന് മുൻപ് കാനഡയിലെ ടോറോണ്ടോയിലെ കാനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കൽ അസ്‌ട്രോഫിസിക്സിൽ വിസിറ്റിംഗ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി ഇരുന്നിട്ടുണ്ട്..

ഗവേഷണമേഖലകൾ

[തിരുത്തുക]

താഴെപ്പറയുന്ന മേഖലകളിലാണ് പ്രിയംവദ നടരാജന്റെ മുഖ്യസംഭാവനകൾ:

  • ഗ്രാവിറ്റേഷണൽ ലെൻസിങ് - സ്ട്രോങ്ങ്/വീക്ക് ലെൻസിങ് വിശ്ലേഷണസങ്കേതങ്ങളുടെ ഏകീകരണം, വീക്ക് ഷിയർ ഇഫക്ടുകളിലൂടെ ഗാലക്സി ക്ലസ്റ്ററുകളിലെ താരാപഥങ്ങളുടെ പരിണാമത്തെ ഗ്രാവിറ്റേഷണൽ ലെൻസിങ് സങ്കേതം ഉപയോഗിച്ച് പഠിയ്ക്കൽ, ഗ്രാവിറ്റേഷണൽ ലെൻസിങ് സങ്കേതം ഉപയോഗിച്ച് തമോദ്രവ്യവലയങ്ങളെ പഠിയ്ക്കൽ, താരാപഥങ്ങളുടെ ആകൃതികളിൽ ഉള്ള കോറിലേഷൻ പഠിയ്ക്കൽ തുടങ്ങിയവയാണ് ഈ മേഖലയിലെ അവരുടെ സംഭാവനകൾ.
  • ഗ്യാലക്സി ക്ലസ്റ്റർ - ഗ്യാലക്സി ക്ലസ്റ്ററുകളിലെ ഡൈനാമിക് ഗാലക്സികളുടെ ഗ്രാവിറ്റേഷണൽ ലെൻസിങ്, എക്സ്-റേ, സുനിയായേവ്-സെൽഡോവിച് (Sunyaev-Zeldovich) ഡാറ്റ എന്നീ മൂന്നു സങ്കേതങ്ങൾ കൂട്ടിച്ചേർത്ത് ഉള്ള പഠനം, താരാപഥങ്ങളുടെ ഭ്രമണപഥങ്ങളുടെ പ്രവേഗവ്യതിയാനങ്ങളുടെ പഠനം തുടങ്ങിയവയാണ് ഈ മേഖലയിലെ അവരുടെ സംഭാവനകൾ.
  • അക്രീഷൻ ഫിസിക്സ് - താരാപഥങ്ങളുടെ കേന്ദ്രത്തിലുള്ള തമോദ്വാരങ്ങളുടെയും താരാപഥങ്ങളുടെ ഡിസ്‌ക്കുകളുടെയും പൊരുത്തക്കേടുകൾ, വളഞ്ഞുപോയ അക്രീഷൻ ഡിസ്കുകളുടെ പരിണാമം, ലെൻസ്-തിറിങ് പുരസ്സരണം, ബ്ലാൻഡ്ഫോർഡ്-നാജേക് മെക്കാനിസം, അതിയായ പിണ്ഡമുള്ള തമോദ്വാരങ്ങളുടെ അക്രീഷൻ ചരിത്രം തുടങ്ങിയവയാണ് ഈ മേഖലയിലെ അവരുടെ സംഭാവനകൾ.
  • താരാപഥങ്ങളുടെ രൂപീകരണത്തിലും ക്വാസാറുകളുടെ ഊർജസ്രോതസ്സുകളിലുമുള്ള പ്രശ്നങ്ങൾ - ഉയർന്ന തോതിൽ ചുവപ്പുനീക്കം പ്രദർശിപ്പിയ്ക്കുന്ന താരാപഥങ്ങൾ തമ്മിലുള്ള ബന്ധം, ഉയർന്ന തോതിൽ പ്രവർത്തനക്ഷമമായ താരാപഥകേന്ദ്രങ്ങളുടെയും താരാപഥങ്ങളുടെ കേന്ദ്രത്തിൽ കാണപ്പെടുന്ന തമോദ്വാരങ്ങളുടെയും പ്രത്യേകതകൾ, തമോദ്വാരങ്ങളുടെ പിണ്ഡ ഫലനം, തമോദ്വാരങ്ങളുടെ രൂപീകരണത്തിലും അവയിൽ നിന്നുള്ള വികിരണങ്ങളിലും ക്വാസാറുകൾക്കുള്ള പങ്ക്, ക്വാസാറുകളിൽ നിന്നുള്ള സുനിയായേവ്-സെൽഡോവിച് (Sunyaev-Zeldovich) പ്രഭാവം, താരാപഥങ്ങളുടെ രൂപീകരണത്തിൽ ഫീഡ്ബാക്ക് പ്രോസസ്സുകളുടെ പങ്ക്, എക്സ്-റേ വികിരണത്തിൽ നക്ഷത്രങ്ങളുടെ പങ്ക്, ചുവപ്പുനീക്കത്തിന് പ്രതിപ്രവർത്തിയ്ക്കാത്ത വാതകങ്ങളുടെ പരിണാമത്തിലുള്ള പങ്ക് തുടങ്ങിയവയാണ് ഈ മേഖലയിലെ അവരുടെ സംഭാവനകൾ.

പുരസ്കാരങ്ങൾ

[തിരുത്തുക]

2008 ൽ അവർക്ക് ഹാർവാർഡ് സർവകലാശാലയിലെ റാഡ്ക്ലിഫ് ഇൻസ്റ്റിട്യൂട്ടിന്റെ എമിലിൻ കോൺലാൻഡ് ബിഗെലോ ഫെലോഷിപ്പ് (Emeline Conland Bigelow Fellowship) ലഭിച്ചു. 2009 ൽ ഗുഗെൻഹെയിം ഫെലോഷിപ്പും (Guggenheim Fellowship). 2009 ലെ ഇന്ത്യ അബ്രോഡ്‌ ഫൗണ്ടേഷന്റെ "ഫേസ് ഓഫ് ദി ഫ്യൂച്ചർ" അവാർഡും ഇവർക്ക് ലഭിച്ചു. 2009-ൽത്തന്നെ റോയൽ അസ്‌ട്രോണോമിക്കൽ സൊസൈറ്റിയുടെ ഫെല്ലോ ആയി അവർ തെരഞ്ഞെടുക്കപ്പെട്ടു.2010-ൽ അവർ അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെയും എക്സ്പ്ലോറർ ക്ലബ്ബിന്റെയും ഫെല്ലോ ആയും അവർ തെരഞ്ഞെടുക്കപ്പെട്ടു. 2010-ൽ ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാബറട്ടറി ആസ്ട്രോഫിസിക്സിന്റെ JILA ഫെലോഷിപ്പും അവർക്ക് ലഭിച്ചു. 2011-ൽ ശാസ്ത്രവിഷയങ്ങളിലെ നേട്ടങ്ങൾക്കുള്ള ഇന്ത്യ എമ്പയർ എൻ. ആർ.ഐ അവാർഡ് ലഭിച്ചു. 2011-12 കാലയളവിൽ ബാൾട്ടിമോറിലെ സ്പേസ് ടെലിസ്കോപ്പ് സയൻസ് ഇൻസ്റ്റിട്യൂട്ടിലെ കരോലിൻ ഹെർഷൽ ഡിസ്റ്റിംഗ്വിഷ്‌ഡ് വിസിറ്റർ ആയി അവർ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നിലവിലുള്ള യേൽ, ഹാർവാർഡ് നിയമനങ്ങൾക്ക് പുറമെ ഡെന്മാർക്കിലെ കോപ്പൻ ഹാഗെൻ സർവകലാശാലയിലെ നീൽസ് ബോർ ഇൻസ്റ്റിട്യൂട്ടിലെ ഡാർക്ക് കോസ്മോളജി സെന്ററിലെ സോഫി ആൻഡ് ടൈക്കോ ബ്രാഹെ പ്രൊഫസർഷിപ് സ്ഥാനവും അവർ വഹിയ്ക്കുന്നു. ദൽഹി സർവകലാശാലയിലെ ഓണററി പ്രൊഫസർ സ്ഥാനവും അവർക്കുണ്ട്..

അവലംബങ്ങൾ

[തിരുത്തുക]
  1. Natarajan, Priyamvada (2016). Mapping the Heavens: The Radical Scientific Ideas That Reveal the Cosmos. Yale University Press. ISBN 978-0300204414.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രിയംവദ_നടരാജൻ&oldid=4113807" എന്ന താളിൽനിന്ന് ശേഖരിച്ചത്