പോൾ ഡ്യൂക്കാസ്
അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിലും അറിയപ്പെടുന്നഫ്രഞ്ച് സംഗീത രചയിതാവായിരുന്നു പോൾ ഡ്യൂക്കാസ് . പ്രചാരം നേടിയ ലാ അപ്രെന്റി സോഴ് സിയർ (ദ് സോഴ് സറേഴ് സ് അപ്രെന്റിസ്) എന്ന ഓർക്കസ് ട്രാസംഗീതത്തിന്റെ (1897) രചനയിലൂടെയാണ് ഡ്യുക്കാ പ്രശസ്തിയിലെത്തിയത്. 1865 ഒക്ടോബർ 1-ന് പാരിസിൽ ജനിച്ചു. 1882-89 കാലയളവിൽ പാരിസ് കൺസർവേറ്ററിയിൽ പഠനം നടത്തുകയും അക്കാലത്ത് സംഗീതരചനയ്ക്ക് പ്രിഡിറോം സമ്മാനം നേടുകയും ചെയ്തു.
നടകസംഗീത രചയിതാവ്
[തിരുത്തുക]1892-ൽ കൊർണീലിയറുടെ നാടകത്തിനുവേണ്ടി നടത്തിയ സംഗീതരചനയിലൂടെയാണ് ഡ്യൂക്കാ ശ്രദ്ധേയനായത്. 1896-ൽ സിംഫണി രചനയുമായി വീണ്ടും രംഗത്തു വന്നു. 1897-ൽ ഏറ്റവും മികച്ച രചനയായ സോഴ് സ്റേഴ് സ് അപ്രെന്റിസ് അവതരിപ്പിച്ചു. ഗെയ്ഥെയുടെ ഒരു ആഖ്യാനകാവ്യത്തെ ആസ്പദമാക്കിയാണ് ഈ രചന നിർവഹിച്ചിരിക്കുന്നത്.
ഓപ്പറ രചയിതാവ്
[തിരുത്തുക]ഡ്യുക്കായുടെ ഡൊണാറ്റാ, വേരിയേഷൻസ്, ഇന്റർല്യൂഡ് എന്നിവ 20-ആം നൂറ്റാണ്ടിലെ മികച്ച ഫ്രഞ്ച് പിയാനോ രചനകളിൽ ഉൾപ്പെടുന്നു. ഏരിയൽ എറ്റ് ബാർബെ ബ്ലൂ എന്ന പേരിൽ ഒരു ഓപ്പറയും ഡ്യുക്കാ രചിക്കുകയുണ്ടായി. ഫ്രഞ്ച് ലിറിക് തിയെറ്ററിലെ ഒരു മാസ്റ്റർപീസായി ഈ രചന കരുതപ്പെടുന്നു. 1912-ൽ രചിച്ച ലാപേരി എന്ന ബാലെയാണ് ശ്രദ്ധേയമായ മറ്റൊരു രചന. പൂർണതാവാദിയായിരുന്ന ഇദ്ദേഹം സ്വന്തം രചനകൾ പലതും ജീവിതാവസാനത്തിനു തൊട്ടു മുമ്പ് നശിപ്പിക്കുകയുണ്ടായി.
സംഗീതാധ്യാപകൻ
[തിരുത്തുക]ഒരു മികച്ച സംഗീതാധ്യാപകനായിരുന്ന ഡ്യുക്കാ ദീർഘകാലം പാരിസ് കൺസർവേറ്റിയിൽ പ്രൊഫസർ ഒഫ് കോമ്പൊസിഷൻ ആയിരുന്നു. പല പ്രസിദ്ധീകരണങ്ങളുടേയും സംഗീത നിരൂപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീതരചനയുടെ മേന്മയിൽ നിഷ് കർഷത പാലിച്ചിരുന്ന ഡ്യുക്കാ പരിമിതമായ രചനകളേ നടത്തിയിരുന്നുള്ളൂ എങ്കിലും അവയിലൂടെ തന്റെ കലാവൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും കലാലോകത്തിന്റെ പ്രശംസ നേടിയെടുക്കാനും കഴിഞ്ഞിരുന്നു. 1935 മേയ് 17-ന് പാരിസിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/173253/Paul-Dukas
- http://musiced.about.com/od/romanticperiod/p/pauldukas.htm Archived 2012-11-12 at the Wayback Machine.
വീഡിയോ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്യുക്കാ, പോൾ (1865 - 1935) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |