പോട്ടി ശ്രീരാമുലു
പോട്ടി ശ്രീരാമുലു | |
---|---|
ജനനം | పొట్టి శ్రీరాములు Poṭṭi Śrīrāmulu 16 മാർച്ച് 1901 |
മരണം | 16 ഡിസംബർ 1952 ചെന്നൈ (ഇപ്പോൾ), ഇന്ത്യൻ യൂണിയൻ | (പ്രായം 51)
മരണ കാരണം | സംസ്ഥാനരൂപീകരണത്തിനായി നിരാഹാരം നടത്തി മരിച്ചു |
അന്ത്യ വിശ്രമം | ചെന്നൈ |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | അമരജീവി |
മാതാപിതാക്ക(ൾ) | ഗുരുവയ്യ, മഹാലക്ഷ്മമ്മ എന്നിവർ |
ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു (മാർച്ച് 16, 1901-ഡിസംബർ 16, 1952 പോട്ടി ശ്രീ രാമലു എന്നും എഴുതാറുണ്ട്). ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീവിതകാലം മുഴുവൻ സത്യം, അഹിംസ തുടങ്ങിയ ആദർശങ്ങൾക്കും ഹരിജൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു.
ആദ്യകാലം
[തിരുത്തുക]ഗുരുവയ്യ, മഹാലക്ഷ്മാമ്മ എന്നീ ദമ്പതികളുടെ മകനായി 1901 മാർച്ച് 16-നു മദ്രാസിലെ അണ്ണാപിള്ള തെരുവിൽ 165-ആം നമ്പ്ര വീട്ടിൽ പോട്ടി ശ്രീരാമുലു ജനിച്ചു. പോട്ടി ശ്രീരാമുലുവിന്റെ പൂർവ്വികർ നെല്ലൂർ ജില്ലയിലെ പടമടാപള്ളെ ഗ്രാമത്തിൽ നിന്നായിരുന്നു. പാരമ്പര്യമായി വണികരായിരുന്ന ആര്യ വൈശ്യ എന്ന സമുദായത്തിലാണ് പോട്ടി ശ്രീരാമുലു ജനിച്ചത്. 20-ആം വയസ്സുവരെ അദ്ദേഹം മദ്രാസിൽ പഠിച്ചു. പിന്നീട് ബോംബെയിലെ വിക്ടോറിയ ജൂബിലി റ്റെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സാനിട്ടറി എഞ്ജിനിയറിംഗ് പഠിച്ചു. ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേയിൽ ഉദ്യോഗത്തിൽ പ്രവേശിച്ച അദ്ദേഹം അവിടെ 4 വർഷം ജോലിചെയ്തു. 1927-ൽ (അദ്ദേഹത്തിനു 25 വയസ്സ് ഉള്ളപ്പോൾ) പോട്ടി ശ്രീരാമുലുവിന്റെ ഭാര്യ മരിച്ചു. ഇതെത്തുടർന്ന് ലൗകികജീവിതത്തിൽ താല്പര്യം നശിച്ച പോട്ടി ശ്രീരാമുലു തന്റെ ജോലി രാജിവെച്ചു, സ്വത്തുവകകൾ അമ്മയ്ക്കും സഹോദരർക്കുമായി വീതിച്ചുകൊടുത്ത് മഹാത്മാഗാന്ധിയുടെ അനുയായി ആയി സബർമതി ആശ്രമത്തിൽ ചേർന്നു.
സ്വാതന്ത്ര്യസമര പ്രസ്ഥാനവും ഹരിജനോദ്ധാരണവും
[തിരുത്തുക]പോട്ടി ശ്രീരാമുലു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനു അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. 1941-നും 1942-നും ഇടയ്ക്ക് അദ്ദേഹം സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തു. മൂന്നുതവണ പോട്ടി ശ്രീരാമുലു സ്വാതന്ത്ര്യത്തിനുവേണ്ടി ജയിൽവാസം അനുഭവിച്ചു. ഗ്രാമ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഗുജറാത്തിലെ രാജ്കോട്ടിലും ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൊമരവോലുവിലും അദ്ദേഹം പങ്കാളിയായി. യെർനേനി സുബ്രമണ്യം കൊമരവോലുവിൽ സ്ഥാപിച്ച ഗാന്ധി ആശ്രമത്തിൽ അദ്ദേഹം ചേർന്നു.
1943-നും 1944-നും ഇടയ്ക്ക് നെല്ലൂർ ജില്ലയിൽ ചർക്കയുടെ ഉപയോഗം വ്യാപകമാക്കുന്നതിനു വേണ്ടി അദ്ദേഹം പ്രവര്ത്തിച്ചു. ജാതിയോ സമുദായമോ നോക്കാതെ എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ വീടുകളിലും അദ്ദേഹം ഭക്ഷണത്തിൽ പങ്കുചേർന്നു. 1946-48 കാലഘട്ടത്തിൽ നെല്ലൂരിലെ ക്ഷേത്രങ്ങളിലും മറ്റ് മത സ്ഥാപനങ്ങളിലും ഹരിജനങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിനായി അദ്ദേഹം മൂന്ന് ഉപവാസങ്ങൾ അനുഷ്ഠിച്ചു. നെല്ലൂരിലെ മൂലപേട്ട വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനത്തിനായി അദ്ദേഹം നടത്തിയ നിരാഹാരത്തെ തുടർന്ന് ഹരിജനങ്ങൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. മദ്രാസ് സർക്കാരിൽ നിന്ന് ഹരിജനോദ്ധാരണത്തിനായി ഉപവാസത്തിലൂടെ അദ്ദേഹം അനുകൂല ഉത്തരവുകൾ നേടിയെടുത്തു.
ഇതിന്റെ ഭലമായി ഹരിജനോദ്ധാരണത്തിനായുള്ള പ്രവർത്തനങ്ങളിൽ ആഴ്യിൽ ഒരു ദിവസമെങ്കിലും കളക്ടർമാർ പങ്കെടുക്കണം എന്ന് സർക്കാർ ഉത്തരവിറക്കി. തന്റെ ജീവിതത്തിന്റ അവസാന കാലത്ത് പോട്ടി ശ്രീരാമുലു നെല്ലൂരിൽ താമസിച്ച് ഹരിജനോദ്ധാരണത്തിനായി പ്രവർത്തിച്ചു. ഹരിജനോദ്ധാരണം പ്രോൽസാഹിപ്പിക്കുന്നതിനായി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ അദ്ദേഹം അണിയുമായിരുന്നു. പാദരക്ഷകളോ കുടയോ ഇല്ലാതെ വേനൽച്ചൂടിൽ ശ്രീരാമുലു ഈ പ്ലക്കാർഡുകളും അണിഞ്ഞ് നടക്കുമായിരുന്നു. പോട്ടി ശ്രീരാമുലുവിന്റെ പൂർവ്വപ്രവർത്തികൾ അറിയാത്ത ആളുകൾ ഒരു ഭ്രാന്തൻ എന്നുകരുതി അദ്ദേഹത്തെ അവഗണിച്ചു. സ്വമതസ്ഥർ പോട്ടി ശ്രീരാമുലുവിനെ ഹരിജനോദ്ധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ചു.
തെലുഗു സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം
[തിരുത്തുക]തെലുഗു ഭാഷ സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനും തമിഴ്, ദ്രാവിഡ സംസ്കാരങ്ങളിൽ നിന്നും വേറിട്ട് ആന്ധ്രാപ്രദേശിന്റെ തനതു വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിനുമായി ആന്ധ്രാപ്രദേശിനെ ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്ന് പോട്ടി ശ്രീരാമുലു സർക്കാരിനെ നിർബന്ധിക്കുവാൻ ശ്രമിച്ചു. ഒരു നീണ്ട നിരാഹാരത്തിൽ പ്രവേശിച്ച അദ്ദേഹത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തെ പിന്താങ്ങാം എന്നുപറഞ്ഞ് നിരാഹാരത്തിൽ നിന്നും പിന്തിരിപ്പിച്ചു. എങ്കിലും പിന്നീട് കുറെക്കാലത്തേയ്ക്ക് ഈ പ്രശ്നത്തിൽ തുടർനടപടികൾ ഉണ്ടായില്ല. മദ്രാസിൽ മഹർഷി ബുളുസു ശംബരമൂർത്തിയുടെ വീട്ടിൽ 1952 ഒക്ടോബർ 19-നു പോട്ടി ശ്രീരാമുലു ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനായി വീണ്ടും ഉപവാസം ആരംഭിച്ചു. ആദ്യം അധികം പേർ ശ്രദ്ധിക്കാത്ത ഈ ഉപവാസം ദിവസം ചെല്ലുംതോറും ജനശ്രദ്ധ ആകർഷിച്ചു. ആന്ധ്ര കോൺഗ്രസ് കമ്മിറ്റി ഈ ഉപവാസത്തെ കൈയൊഴിഞ്ഞിരുന്നു.
തെലുങ്കരുടെ പല സമരങ്ങൾക്കും പ്രകടനങ്ങൾക്കും ശേഷവും സർക്കാർ പുതിയ സംസ്ഥാനരൂപവത്കരണത്തെക്കുറിച്ച് വ്യക്തമായി ഒന്നും പ്രഖ്യാപിച്ചില്ല. ഡിസംബർ 15-നു അർദ്ധരാത്രി (ഡിസംബർ 16-നു അതികാലേ) പോട്ടി ശ്രീരാമുലു അന്തരിച്ചു. തന്റെ ലക്ഷ്യം നേടുവാനായുള്ള സമരത്തിൽ അദ്ദേഹം ജീവൻ വെടിഞ്ഞു.
പോട്ടി ശ്രീരാമുലുവിന്റെ ശവഘോഷയാത്രയിൽ ജനങ്ങൾ അദ്ദേഹത്തിന്റെ ത്യാഗത്തെ പ്രകീർത്തിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. ജാഥ മൌണ്ട് റോഡിൽ എത്തിയപ്പൊഴേക്കും ആയിരക്കണക്കിനു ആളുകൾ ജാഥയിൽ പങ്കുചേർന്ന് പോട്ടി ശ്രീരാമുലുവിനെ പ്രകീർത്തിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. പിന്നീട് ജനക്കൂട്ടം അക്രമാസക്തരായി പൊതുമുതൽ നശിപ്പിച്ചുതുടങ്ങി. മരണവാർത്ത കാട്ടുതീപോലെ പടർന്ന് വിഷിനഗരം, വിശാഖപട്ടണം, വിജയവാഡ, ഏലൂരു, ഗുണ്ടൂർ, തെനാലി, ഓങ്കോലെ, നെല്ലൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ പോലും കോളിളക്കം സൃഷ്ടിച്ചു. വിജയവാഡയിലും അനകപള്ളെയിലും ജനങ്ങൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. മൂന്നുനാലു ദിവസത്തേക്ക് മദ്രാസ്, ആന്ധ്രാ പ്രദേശങ്ങളിൽ ജനകീയ പ്രക്ഷോഭം മൂലം ജനജീവിതം തടസ്സപ്പെട്ടു. ഡിസംബർ 19-നു ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു ഒരു പ്രത്യേക സംസ്ഥാനം രൂപവത്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി.
1953 ഒക്ടോബർ 1-നു ആന്ധ്രാ സംസ്ഥാനം രൂപീകൃതമായി. 1956 നവംബർ 1-നു ഹൈദ്രാബാദ് തലസ്ഥാനമാക്കി ആന്ധ്രാപ്രദേശ് എന്നപേരിൽ സംസ്ഥാനം രൂപവത്കരിച്ചു. അതേദിവസം തന്നെ കേരള, കർണ്ണാടക സംസ്ഥാന രൂപവത്കരണങ്ങൾ നടന്നു. ഇതിനുപിന്നാലെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ 1960-ൽ രൂപീകൃതമായി. ദക്ഷിണേന്ത്യൻ ഭാഷകളുടെ വികാസ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണം എന്നു പറയാം. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് അതതു സംസ്ഥാനങ്ങളുടെ പ്രോത്സാഹനത്തോടെ സ്വതന്ത്രമായി വികസിക്കുവാനുള്ള അവസരം ഇതോടെ ലഭിച്ചു.[1]
പോട്ടി ശ്രീരാമുലുവിന്റെ മരണം: വിവാദങ്ങൾ
[തിരുത്തുക]ആന്ധ്രയിൽ നിന്നുള്ള ക്ഷിപ്ത താല്പര്യങ്ങളുള്ള കോൺഗ്രസ് നേതൃത്വം പോട്ടി ശ്രീരാമുലുവിനെ മനഃപൂർവ്വം രക്തസാക്ഷി ആക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. ശംബരമൂർത്തിയുടെ ഭവനത്തിൽ അദ്ദേഹത്തിന്റെ നിരാഹാരം പുരോഗമിക്കവേ, പോട്ടി ശ്രീരാമുലുവിന്റെ ആരോഗ്യസ്ഥിതി വളരെ വഷളായിട്ടും ഈ രാഷ്ട്രീയനേതാക്കൾ വൈദ്യസഹായം എത്തിക്കുന്നതു തടഞ്ഞു എന്നും ആരോപണം ഉണ്ട്. മദ്രാസ് നഗരത്തിന്റെ ഹൃദയഭാഗത്ത് പോട്ടി ശ്രീരാമുലു 50 ദിവസത്തിനു മീതേ നിരാഹാരം അനുഷ്ഠിച്ചു. എന്തുകൊണ്ട് രാജാജി സർക്കാരോ പോലീസോ പോട്ടി ശ്രീരാമുലുവിനെ ആശുപത്രിയിലേക്ക് മാറ്റുകയോ നിർബന്ധിതമായി നിരാഹാരം അവസാനിപ്പിക്കുകയോ ചെയ്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ പോട്ടി ശ്രീരാമുലുവിനു മുൻപ് നിരാഹാരം അനുഷ്ഠിച്ച് ജീവൻ വെടിഞ്ഞ ഏക വ്യക്തി ജതിൻ ദാസ് ആണ്. മറ്റ് എല്ലാ നിരാഹാര സമരങ്ങളും ഒന്നുകിൽ സ്വയം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർക്കാർ നിർബന്ധിതമായി അവസാനിപ്പിക്കുകയോ ആയിരുന്നു.[2]
നെഹ്രു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനത്തിന് എതിരായിരുന്നു[3]. ഡിസംബർ 3-നു നെഹറു രാജഗോപാലാചാരിക്ക് ഇങ്ങനെ എഴുതി. “ആന്ധ്രാ സംസ്ഥാനത്തിനുവേണ്ടി ഏതോ ഒരു നിരാഹാരം നടക്കുന്നു, എനിക്ക് പല വെപ്രാളം പിടിച്ച റ്റെലെഗ്രാമുകളും ലഭിക്കുന്നു. ഞാൻ ഇതിനെ ഒട്ടും അനുകൂലിക്കുന്നില്ല. ഇതിനെ പൂർണ്ണമായി അവഗണിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു”. നിരാഹാര സമരം നീണ്ടുപോവുന്നതനുസരിച്ച് സമരത്തിനുള്ള ജനപിന്തുണ ഏറുകയും പല പട്ടണങ്ങളിലും ഹർത്താലുകൾ നടക്കുകയും ചെയ്തു. ആൻഡ്രെ ബെറ്റീൽ എന്ന സാമൂഹിക ശാസ്ത്രജ്ഞൻ മദ്രാസിൽ നിന്ന് കൽക്കട്ടയിലേക്ക് പോകവേ തന്റെ തീവണ്ടി രാജഗോപാലാചാരിക്കും നെഹ്രുവിനും എതിരായി മുദ്രാവാക്യം മുഴക്കിയ ജനങ്ങൾ വിശാഖപട്ടണത്തുവെച്ച് തടഞ്ഞു എന്ന് എഴുതിയിരിക്കുന്നു.[3]
ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ ശക്തി മനസ്സിലാക്കിയ നെഹ്രു ഡിസംബർ 12-നു രാജാജിക്ക് വീണ്ടും എഴുതി. ആന്ധ്ര സംസ്ഥാനം എന്ന ആവശ്യം അംഗീകരിക്കുവാനുള്ള സമയം ആയി എന്നും അല്ലെങ്കിൽ ആന്ധ്രയിലെ ജനങ്ങളുടെ ഇടയിൽ പൂർണ്ണമായ മടുപ്പ് ഉണ്ടാവുമെന്നും നമുക്ക് അതിനോട് കിടനിൽക്കാനാവില്ല എന്നും നെഹ്രു എഴുതി. പക്ഷേ ഔദ്യോഗിക പ്രഖ്യാപനം വെച്ചുതാമസിപ്പിക്കപ്പെട്ടു. പോട്ടി ശ്രീരാമുലു ഡിസംബർ 15-നു അന്തരിച്ചു.[3]
മറ്റ് വിവരങ്ങൾ
[തിരുത്തുക]- പോട്ടി ശ്രീരാമുലുവിന്റെ അർപ്പണബോധം കണ്ട് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: "പോട്ടി ശ്രീരാമുലുവോളം അർപ്പണബോധമുള്ള പത്തുപേരും കൂടി ഉണ്ടെങ്കിൽ നമുക്ക് ഒരു വർഷത്തിനകം സ്വാതന്ത്ര്യം ലഭിക്കും."
- വീട് നമ്പ്ര. 126, റോയപ്പേട്ട ഹൈ റോഡ്, മൈലാപ്പൂർ, മദ്രാസ് എന്നതാണ് പോട്ടി ശ്രീരാമുലു ജീവൻ വെടിഞ്ഞ വസതിയുടെ വിലാസം. ഈ വീട് ഒരു പ്രധാന സ്മാരകമായി ആന്ധ്രാപ്രദേശ് സർക്കാർ സംരക്ഷിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2007-07-17.
- ↑ "Fast and Win". Archived from the original on 2007-09-30. Retrieved 2007-07-17.
- ↑ 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2003-06-28. Retrieved 2007-07-17.
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഒരു ലേഖനം Archived 2019-07-07 at the Wayback Machine.
- ആന്ധ്രയ്ക്കുവേണ്ടിയുള്ള പോരാട്ടം Archived 2003-06-28 at the Wayback Machine.
- തെലുഗു സംസ്ഥാനത്തിന്റെ രക്തസാക്ഷി Archived 2003-07-01 at the Wayback Machine.
- പോട്ടി ശ്രീരാമുലുവിന് അപേക്ഷ Archived 2006-02-15 at the Wayback Machine.
- ശ്രീരാമുലുവിന്റെ സ്ഥിതി മോശം ആവുന്നു, ഡിസംബർ 10, 1952 Archived 2009-06-12 at the Wayback Machine.
- ഇന്ത്യയിലെ സത്യാഗ്രഹങ്ങളുടെ സ്ഥിതിയെ പരാമർശിച്ച് ശശി തരൂർ എഴുതിയ ലേഖനം
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- സുപ്രസിദ്ധുള ജീവിത വിശേഷാലു (പ്രശസ്ത വ്യക്തികളുടെ ജീവചരിത്ര സംക്ഷിപ്തം) - ജാനമഡ്ഡി ഹനുമച്ചശാസ്ത്രി എഴുതിയ തെലുഗു പുസ്തകം.