പൊതുമണ്ഡലം
തുറന്ന് ചർച്ച ചെയ്യാനും സാമൂഹികപ്രശ്നങ്ങളെ തിരിച്ചറിയാനും വ്യക്തികൾക്ക് ഒത്തുചേരാവുന്ന ഇടത്തെയോ മേഖലയേയോ ആണു പൊതുമണ്ഡലം (public sphere) എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. "ആധുനിക സമൂഹത്തിൽ പരസ്പരമുള്ള സംസാരത്തിലൂടെ രാഷ്ട്രീയമായ പങ്കാളിത്തം സാധ്യമാക്കുന്ന അരങ്ങ്" എന്നാണ് നാൻസി ഫ്രെയ്സർ പൊതുമണ്ഡലത്തെ നിർവചിക്കുന്നത്.[1] പൊതുജനാഭിപ്രായം (public opinion) രൂപപ്പെടുത്തുന്നതിൽ പൊതുമണ്ഡലം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്വകാര്യമണ്ഡലം (the private), പൗരസമൂഹം (civil society), ഭരണകൂടം (state) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു പൊതുമണ്ഡലം എന്ന ആശയം. ആധുനികതക്ക് മുൻപ് 'പൊതു' എന്നു വിശേഷിപ്പിക്കാവുന്ന ഇടം രാജാധികാരത്തിന്റെ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ ആധുനിക സമൂഹത്തിൽ പൊതുഇടം ഭരണകൂടവുമായി വിമർശനാത്മകമായ ബന്ധമാണ് പുലർത്തുന്നത്. അതായത്, പൊതുമണ്ഡലത്തിലെ ചർച്ചകൾ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരേ വിമർശനാത്മകമായ സമീപനം സ്വീകരിക്കുകയും, രാഷ്ട്രീയമായ നീക്കങ്ങൾക്ക് സാധ്യത തുറക്കുകയും ചെയ്യാം. പൊതുമണ്ഡലം സമ്പദ്വ്യവ്സ്ഥയിൽ (economy) നിന്നും വ്യത്യസ്തമാണ്. സാമ്പത്തികമായ കൈമാറ്റമാണ് സമ്പദ്വ്യവസ്ഥയിൽ സംഭവിക്കുന്നതെങ്കിൽ പൊതുമണ്ഡലം പൊതുതാല്പര്യങ്ങളുടെയും പൊതുവിഷയങ്ങളുടേയും വ്യാവഹാരികമായ വിനിമയത്തെയാണ് കുറിക്കുന്നത്.
നിർവചനങ്ങൾ
[തിരുത്തുക]എപ്പോഴാണ് ഒരു വസ്തുവോ സംഭവമോ 'പൊതു'വായിത്തീരുന്നത്? ഹേബർമാസിന്റെ അഭിപ്രായത്തിൽ സാർവത്രികമായ പ്രവേശനവും ലഭ്യതയുമാണ് 'പൊതു' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.[2] പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, പൊതുമുതൽ തുടങ്ങിയ പദങ്ങളിൽ ഇത്തരത്തിലുള്ള സാർവത്രികമായ പ്രവേശനവും ലഭ്യതയുമാണ് സൂചിപ്പിക്കപ്പെടുന്നത്. ഈ അർഥത്തിൽ 'പൊതു' (common) എന്ന പദം സ്വകാര്യത (the private) എന്ന ആശയത്തെ ആശ്രയിച്ചും, എന്നാൽ അതിനു വിരുദ്ധവുമായിരിക്കുന്നു. സ്വകാര്യവ്യക്തികൾ പൊതുമണ്ഡലത്തിൽ ഒത്തുചേരുന്നത് പൊതുവായ താല്പര്യങ്ങൾ ചർച്ച ചെയ്യാനാണ്. അതിനാൽ തന്നെ പൊതുമണ്ഡലത്തിന് വിമർശനാത്മക സ്വഭാവം കൈവരുന്നു. ഹേബർമാസിന്റെ അഭിപ്രായത്തിൽ പൊതുമണ്ഡലത്തിനുള്ള ഉപാധികൾ/ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്:
- പൊതുജനാഭിപ്രായം രൂപീകരിക്കുക
- സാർവത്രികമായ പ്രവേശനം ഉണ്ടായിരിക്കുക
- ചർച്ചകളും അഭിപ്രായപ്രകടനങ്ങളും അധികാരികളാൽ നിയന്ത്രിതമല്ലാതിരിക്കുക
ഹേബർമാസും "പൊതുമണ്ഡലവും"
[തിരുത്തുക]പൊതുമണ്ഡലത്തെക്കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ പഠനം ഹേബർമാസിന്റെ "പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമമാണ്" (The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society). ആധുനിക മുതലാളിത്ത സമൂഹത്തിൽ രൂപപ്പെടുന്ന ബൂർഷ്വാ പൊതുമണ്ഡലത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രദിപാദിക്കുന്നത്. സാമൂഹികമായ സ്ഥലങ്ങളേയോ, സാമൂഹികോദ്ദ്യേശ്യങ്ങളുടെ പ്രകടനത്തേയൊ വിതരണത്തേയോ, സാമൂഹികപ്രക്രിയകളിലൂടെ രൂപപ്പെടുന്ന കൂട്ടായ്മകളേയോ സൂചിപ്പിക്കാൻ ഈ വാക്ക് ഹേബർമാസ് ഉപയോഗിക്കുന്നു.
ആധുനിക യൂറോപ്പിലെ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ആവിർഭാവത്തെയും തിരോധാനത്തെയും കുറിച്ചുള്ള സാമൂഹ്യ-ചരിത്രപരമായ വിവരണമാണ് ഹേബർമാസിന്റെു പഠനത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാൽ യൂറോപ്പിൽ ഒരു പൗരസമൂഹം രൂപപ്പെടുകയും, പുതിയ അറിവുകളുടെ പ്രചാരണത്തിനായും വ്യാപാരാവശ്യങ്ങൾക്കും സാമൂഹികമായി എല്ലാവർക്കും ഒത്തൊരുമിക്കനുള്ള ഇടങ്ങൾ ആവശ്യമായി വരികയും ചെയ്തപ്പോഴാണ് പൊതുമണ്ഡലം രൂപപ്പെടുന്നത്. കോഫീ ഹൗസുകൾ, തിയറ്ററുകൾ, അച്ചടിമാധ്യമങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ പൊതുമണ്ഡലത്തിന്റെ രൂപീകരണത്തിൽ സഹായകമായി. ഹേബർമാസിന്റെ അഭിപ്രായത്തിൽ സാമൂഹികമായി കൽപ്പിക്കപ്പെട്ടിട്ടുള്ള പദവി, സാമ്പത്തികാവസ്ഥ, ലിംഗഭേദം തുടങ്ങിയവയൊന്നും തന്നെ ഇത്തരം സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുന്നില്ല. മാത്രമല്ല, എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയങ്ങളാണ് പൊതുമണ്ഡലത്തിൽ വിമർശനാത്മകമായും യുക്തിസഹമായും ചർച്ച ചെയ്യപ്പെടുന്നത്. ബൂർഷ്വാ പൊതുമണ്ഡലം അതിന്റെ ആവിർഭാവകാലത്ത് ഈ സവിശേഷമാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാൽ മുതലാളിത്തത്തിന്റെ വികാസത്തോടുകൂടി പൊതുമണ്ഡലത്തിന്റെ വിമർശനാത്മക സ്വഭാവം നഷ്ടപ്പെടുകയും ജനകീയാഭിപ്രായം തന്നെ മുതലാളിത്തത്തിന്റെ സാമ്പത്തിക താല്പര്യങ്ങളാൽ നിർണയിക്കപ്പെടുന്ന അവസ്ഥയും വന്നു ചേർന്നു. ഈ പരിവർത്തനമാണ് ഹേബർമാസ് തന്റെ പുസ്തകത്തിൽ വിവരിക്കുന്നത്.
വിമർശനങ്ങൾ
[തിരുത്തുക]ഹേബർമാസിന്റെ പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം ഏറെ വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. "പൊതുമണ്ഡലത്തെ പുനർചിന്തിക്കുമ്പോൾ" (Rethinking the Public Sphere: A Contribution to the Critique of Actually Existing Democracy) എന്ന പുസ്തകത്തിൽ നാൻസി ഫ്രെയ്സർ ഈ പരികല്പനയെ സ്ത്രീപക്ഷത്ത് നിന്നും വായിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.[4] സാർവത്രികമായ പ്രവേശനം അവകാശപ്പെടുന്ന പൊതുമണ്ഡലം വളരെ പ്രധാനപ്പെട്ട ചില ബഹിഷ്കരണങ്ങളാൽ നിർമിതമായിരുന്നുവെന്നതാണ് ഫ്രെയ്സറുടെ പ്രധാന വാദം. സ്ത്രീകൾക്കോ മറ്റ് അന്യവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കോ ഒരിക്കലും പൊതുമണ്ഡലത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നില്ല. സമൂഹിക പദവിയെയോ അസമത്വങ്ങളെയോ താൽക്കലികമായി മാറ്റിനിർത്താൻ മാത്രമേ പൊതുമണ്ഡലത്തിലെ വ്യവഹാരങ്ങൾക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇത്തരത്തിലുള്ള ഒഴിവാക്കലുകളാവട്ടെ പലപ്പോഴും അധീശവിഭാഗങ്ങളുടെ താല്പര്യസംരക്ഷണത്തിനാണ് ഉപയോഗിക്കപ്പെട്ടത്. ഈ വിമർശനങ്ങൾക്ക് പുറമേ, ഹേബർമാസ് അവകാശപ്പെടുന്ന തരത്തിൽ "പൊതു വിഷയം" രൂപപ്പെടാൻ യുക്തിസഹമായ ഒരു വഴിയല്ല മറിച്ച്, വ്യത്യസ്ത കൂട്ടായ്മകൾ വിവിധങ്ങളായ കാരണങ്ങളുന്നയിക്കാമെന്നും ഫ്രെയ്സർ അവകാശപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ ഫ്രെയ്സർ, നാൻസി. ""Rethinking the Public Sphere: A Contribution to the Critique of Actually Existing Democracy"". സോഷ്യൽ റ്റെക്സ്റ്റ്. 25 (26): 25 (26): 56–80.
- ↑ ഹേബർമാസ്, ജുർഗെൻ. The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society. Massachusetts: The MIT Press.
- ↑ ഹേബർമാസ്, ജുർഗെൻ. The Structural Transformation of the Public Sphere. p. 27.
- ↑ ഫ്രെയ്സർ, നാൻസി. "Rethinking the Public Sphere: A Contribution to the Critique of Actually Existing Democracy". സോഷ്യൽ റ്റെക്സ്റ്റ്.