Jump to content

പെർസ്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Perseus
നിവാസംArgos
പ്രതീകംMedusa's head
ജീവിത പങ്കാളിAndromeda
മാതാപിതാക്കൾZeus and Danaë
സഹോദരങ്ങൾAres, Athena, Apollo, Artemis, Aphrodite, Dionysus, Hebe, Hermes, Heracles, Helen of Troy, Hephaestus, Minos, The Muses, The Graces
മക്കൾPerses, Heleus, Alcaeus, Sthenelus, Electryon, Mestor, Cynurus, Gorgophone, Autochthe

ഗ്രീക്ക് പുരാണത്തിൽ മൈസെനേ(mycenae)യുടെ സ്ഥാപകനും ഡനാസിലെ പെർസൈഡ് രാജവംശത്തിന്റെ സ്ഥാപകനുമായ ആദ്യ നായകനുമാണ്‌ പെർസ്യൂസ്(/ˈpɜːrsiəs, -sjs/; ഗ്രീക്ക്: Περσεύς).ധാരാളം ഭീകരരെ തോല്പ്പിച്ചു.ഗോർഗോൺ,മെഡ്യൂസ എന്നിവരെ കൊന്ന് ആൻഡ്രോമീഡയെ കടൽ ഭീകരനായ സെറ്റുസിൽ നിന്ന് രക്ഷിച്ചു[1] .സിയൂസ് ദേവന്റേയും ഡാനേയുടെയും പുത്രനായാണ്‌ പെർസ്യുസ് ജനിച്ചത്.ഹെരാക്ലീസിന്റെ മുത്തച്ചനാണ്‌ ഇദ്ദേഹം[2] .

പുരാണകഥ

[തിരുത്തുക]

അർഗോസിലെ രാജാവ് അക്രിസിയസിന്റെ ഏകമകളായിരുന്നു ഡാനെ. മകനില്ലാത്ത ദുഃഖം രാജാവിനെ അലട്ടി. ഡെൽഫിയിൽ ചെന്ന് ദേവവചനം തേടി. മകൻ ഉണ്ടാകില്ലെന്നും, മകൾക്കുണ്ടാകുന്ന പുത്രൻ രാജാവിനെ വധിക്കുമെന്നും അശരീരിയുണ്ടായി. മകളെ കൊല്ലാൻ മനസ്സു വരാതെ രാജാവ് അവളെ ഒറ്റമുറി തുറുങ്കിൽ അടച്ചിട്ടു. തുറുങ്കിന് മേൽക്കൂരയിൽ മാത്രം ഒരു കൊച്ചു കിളിവാതിൽ ഉണ്ടായിരുന്നു. ദിവസങ്ങൾ കടന്നു പോകുന്നത് ഡാനെ കിളിവാതിലികൂടെ നോക്കിക്കണ്ടു. ഒരു നാൾ സ്യൂസ് , സ്വർണമഴയായി തുറുങ്കിൽ പെയ്തിറങ്ങി. ഡാനെ ഗർഭവതിയുമായി, അവൾ പ്രസവിച്ചു. സ്യൂസ് ആണ് കുഞ്ഞിന്റെ അച്ഛനെന്നറിഞ്ഞപ്പോൾ ദൈവകോപം ഭയന്ന് അക്രിസിയ്സ് മകളേയും പേരക്കുഞ്ഞിനേയും കൊന്നില്ല. പക്ഷെ രക്ഷപ്പെടാൻ പഴുതില്ലാത്തവിധം അവരിരവരേയും ഒരു പേടകത്തിൽ അടച്ച് കടലിൽത്തള്ളി.[3]

ഡിക്റ്റൈസ് എന്ന മുക്കുവന് പേടകം ലഭിച്ചു. കുഞ്ഞുങ്ങളില്ലാതിരുന്ന ഡിക്റ്റൈസ് ദമ്പതികൾ ഡാനേയേയും മകൻ പെർസ്യൂസിനേയും സ്നേഹപൂർവം സ്വന്തം കുടിലിൽ പാർപ്പിച്ചു. പെർസ്യൂസ് മുക്കുവനായി. സ്ഥലത്തെ രാജാവ് പോളിഡെക്റ്റസിന്റെ പ്രണയോക്തികളെ ഡാനെ തിരസ്കരിച്ചു. പെർസ്യൂസിനെ അമ്മയിൽ നിന്നകറ്റിയാൽ അവൾ വഴിപെടുമെന്ന് കണക്കു കൂട്ടിയ പോളിഡെക്റ്റസ് പെർസ്യൂസിനെ ചതിപ്രയോഗത്തിലൂടെ കൊല്ലാൻ പരിപാടിയിട്ടു. അതി ഭീകരയായ രാക്ഷസജന്തു മെഡ്യൂസയുടെ തലവെട്ടിക്കൊണ്ടു വരാൻ പെർസ്യൂസിനു ആദേശം നല്കി. സർപ്പകേശിനിയായിരുന്ന മെസ്യൂസയെ കൊല്ലുക എളുപ്പപണിയായിരുന്നില്ല, കാരണം അവളെ നോക്കുന്നവരെല്ലാം ക്ഷണമാത്രയിൽ കരിങ്കല്ലായിത്തീരുമായിരുന്നു.[4],[5]

മെഡ്യൂസ

[തിരുത്തുക]

ദേവന്മാർ പെർസ്യൂസിന്റെ രക്ഷക്കെത്തി. അഥീനാ തന്റെ കവചം പെർസ്യൂസിനു നല്കി. മെഡ്യൂസയെ നേരിട്ടു നോക്കാതെ വെട്ടിത്തിളങ്ങുന്ന കവചം കൈയിലൂയർത്തിപ്പിടിച്ച് അതിലെ പ്രതിഫലനത്തിലേക്കു നോക്കി മെഡ്യൂസയെ കൊല്ലാൻ അഥീന ഉപദേശിച്ചു. മെഡ്യൂസയുടേയും അവളോളം ഭീകരരായിരുന്ന സഹോദരിമാരുടേയും വാസസ്ഥാനം അറിയാവുന്ന മൂന്നു വൃദ്ധകളെ കണ്ടെത്താൻ ഹെർമിസ് ദേവൻ പെർസ്യൂസിനെ സഹായിച്ചു. മൂന്നു വൃദ്ധകൾക്കും കൂടി ഒരൊറ്റ നെറ്റിക്കണ്ണേ ഉണ്ടായിരുന്നുള്ളു. അതവർ കൈമാറിക്കൊണ്ടിരുന്ന സന്ദർഭത്തിൽ പെർസ്യൂസ് അത് തട്ടിയെടുത്തു. മെഡ്യൂസയെപ്പറ്റിയുള്ള വിവരങ്ങൾ നല്കിയാലേ നെറ്റിക്കണ്ണ് തിരിച്ചു നല്കൂ എന്ന് നിർബന്ധം പിടിച്ചു. അങ്ങനെ വിവരങ്ങൾ കൈക്കലാക്കി. വഴിക്കുവെച്ച് പെർസ്യൂസിന് മൂന്നു അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ചു- ചിറകുള്ള പാദരക്ഷകൾ, മാന്ത്രികസഞ്ചി, ധരിക്കുന്നവനെ അദൃശ്യനാക്കാൻ കഴിവുള്ള മാന്ത്രികത്തൊപ്പി. മെഡ്യൂസയെത്തേടിച്ചെന്ന പെർസ്യൂസ് കണ്ടത് മൂന്നു ഭീകരികളും ഉറക്കത്തിലാണ്ടു കിടക്കുന്നതാണ്. മാന്ത്രികത്തൊപ്പിയും ചിറകുവെച്ച ചെരുപ്പുകളും ധരിച്ച്, അതിവേഗത്തിൽ താഴിന്നു പറന്ന് കവചത്തിലൂടെ മെഡ്യൂസയുടെ പ്രതിബിംബം നോക്കിക്കണ്ട് പെർസ്യൂസ് മെഡ്യൂസയുടെ തല വെട്ടിയെടുത്ത് മാന്ത്രിക സഞ്ചിയിലാക്കി. ദൗത്യം വിജയപൂർവം അവസാനിപ്പിച്ച് പെർസ്യൂസ് തിരിച്ചു പോക്കിനൊരുങ്ങി.[6],

ആൻഡ്രോമീഡ

[തിരുത്തുക]

ആകാശമാർഗേണയുള്ള മടക്കയാത്ര എതിയോപ്പിയക്ക് മുകളിലൂടേയായിരുന്നു. അവിടെ അതിസുന്ദരിയായ ഒരു കന്യകയെ സർപകോപത്തിനുള്ള ബലിയായി പാറക്കെട്ടിൽ ബന്ധിച്ചിരിക്കുന്നത് പെർസ്യൂസ് കാണാനിടയായി. കണ്ടമാത്രയിൽ അവളോട് അനുരാഗം തോന്നിയ പെർസ്യൂസ് സർപ്പത്തെ വധിച്ച് ആൻഡ്രോമീഡ എന്ന ആ പെൺകുട്ടിയെ വിവാഹം കഴിച്ച് യാത്ര തുടർന്നു. [7]

നാട്ടിൽ തിരിച്ചെത്തിയ പെർസ്യൂസിന് അമ്മയേയും ഡിക്റ്റൈസിനേയും കണ്ടെത്താനായില്ല. പോളിഡെക്റ്റസിന്റെ പീഡനം മൂലം അവർ ഒളിവിൽ പാർക്കുകയായിരുന്നു. മെഡ്യൂസയുടെ ശിരസ്സുമായി പെർസ്യൂസ് രാജധാനിയിലെത്തി. ശിരസ്സ് പുറത്തെടുത്ത മാത്രയിൽ പോളിഡിക്റ്റസടക്കം രാജസഭയിലെ എല്ലാവരും ശിലാപ്രതിമകളായി. പിന്നീട് ഡിക്റ്റസിനേയും അമ്മയേയും തേടിപ്പിടിച്ച്, ഡിക്റ്റൈസിനെ രാജാവായി വാഴിച്ചു.

അക്രിസിയസിന്റെ അപകടമരണം

[തിരുത്തുക]

മുത്തച്ഛനായ അക്രിസിയസ്സിനെ അനുനയിപ്പിക്കാൻ പെർസ്യൂസ് സ്വദേശമായ അർഗോസിലേക്കു ചെന്നു. പക്ഷെ അയാൾ എന്നോ നാടു വിട്ടിരുന്നു. എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. പിന്നീടെപ്പോഴോ ലാരിസയെന്ന നാട്ടുരാജ്യത്തിൽ നടക്കുന്ന കായികവിനോദമത്സരത്തിൽ പങ്കെടുക്കാൻ പെർസ്യൂസ് ചെന്നു. ഡിസ്കസ് എറിയുന്നതിൽ വിദഗ്ദ്ധനായിരുന്ന പെർസ്യൂസിന്റെ ഏറുകൊണ്ട് കാണികളിൽ ഒരാളുടെ ശിരസ്സ് അറ്റു വീണു. അത് അക്രിസിയസ് ആയിരുന്നുവെന്ന് കഥ.

അവലംബം

[തിരുത്തുക]
  1. Trzaskoma, Stephen; et al. (2004). Anthology of classical myth: primary sources in translation. Indianopolis, IN: Hackett. ISBN 978-0-87220-721-9. {{cite book}}: Explicit use of et al. in: |author2= (help)
  2. "Greek Word Study Tool". tufts.edu.
  3. Hamilton, പുറം. 142-143.
  4. Hamilton, പുറം. 143.
  5. Gregory, പുറം. 108.
  6. Hamilton, പുറം. 144-146.
  7. Gregory, പുറം. 110.

ഗ്രന്ഥസൂചി

[തിരുത്തുക]
  1. Hamilton, Edith (1969). Mythology:Timeless tales of Gods & Heroes. The New American Library, N.Y.
  2. Gregory, Horace, ed. (2009). Ovid's Metamorphoses. Signet Classics. ISBN 9780451531452. {{cite book}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെർസ്യൂസ്&oldid=3952227" എന്ന താളിൽനിന്ന് ശേഖരിച്ചത്