പി.എസ്. നടരാജപിള്ള
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള (മാർച്ച് 10, 1891 - ജനുവരി 10, 1966). തിരുക്കൊച്ചിയിൽ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. മന്ത്രി, നിയമസഭാ സാമാജികൻ, പാർലമെന്റ് അംഗം, പ്രജാസഭാ മെമ്പർ, കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പർ, നിയമജ്ഞൻ, ചരിത്രപണ്ഡിതൻ, ഭാഷാപണ്ഡിതൻ, പത്രാധിപർ എന്നീ നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്.[1]
ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലിലാണ് താമസിച്ചിരുന്നത്.[2]
ജീവിതരേഖ
[തിരുത്തുക]മനോന്മണീയം പി. സുന്ദരംപിള്ളയുടെ ഏകമകനായി 1891 മാർച്ച് 10-നു തിരുവനന്തപുരത്തെ പേരൂർക്കടയിൽ ജനിച്ചു. ശിവകാമിയമ്മാൾ ആയിരുന്നു മാതാവ്. മുൻ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള സ്കൂളിൽ ഇദ്ദേഹത്തിൻറെ സഹപാഠിയായിരുന്നു.
സ്വാതന്ത്ര്യഭടൻ
[തിരുത്തുക]പട്ടം താണുപിള്ളയും നടരാജപിള്ളയും ഒന്നിച്ചു സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തു. ഇതിനെത്തുടർന്ന് പലതവണ ജയിലിൽ കിടന്നു. സർ സി.പി. രാമസ്വാമി അയ്യരുടെ വിരോധം സമ്പാദിച്ചതിനാൽ പൈതൃകമായി കിട്ടിയ നൂറേക്കർ വരുന്ന ഹാർവിപുരം കുന്നും അതിലെ ഹാർവിപുരം ബംഗ്ലാവും കണ്ടുകെട്ടുകയുണ്ടായി.
മികച്ച പാർലമെന്റേറിയൻ
[തിരുത്തുക]സർ സി.പി. രാമസ്വാമി അയ്യർ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂർ നിയമസഭയിൽ കോൺഗ്രസ്സ് പാർട്ടിയുടെ നേതാവായിരുന്നു നടരാജപിള്ള. എം.എൽ.എ, മന്ത്രി, എം.പി എന്നീ മൂന്നു നിലകളിലും പ്രവർത്തിച്ചു. ഭൂപരിഷ്കരണത്തിനുള്ള കരടുരേഖ ഇദ്ദേഹമാണ് തയ്യാറാക്കിയത്.
പാർലമെന്റിൽ അദ്ദേഹംചെയ്ത ബജറ്റ് പ്രസംഗം മികച്ചതായിരുന്നു. കേരളം കണ്ട മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായിരുന്നു നടരാജപിള്ള.
ഭൂനിയമബില്ലുകൾ
[തിരുത്തുക]1954 ആഗസ്ററ് 7 ആം തീയതി റവന്യൂ മന്ത്രിയായിരിക്കെ അവതരിപ്പിച്ച ആറു ബില്ലുകൾ ശ്രദ്ധേയമായിരുന്നു. അവ പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയെല്ലാം ചേർന്നു ഭൂനിയമബില്ലുകൾ എന്നറിയപ്പെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.[3]
- ഭൂമി കൈവശംവയ്ക്കക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്.
- തിരുക്കൊച്ചി വെറുംപാട്ടദാര ബില്ല.
- കാണം ടെനൻസി ബില്ല്.
- ഭൂമിയിൽ പ്രത്യേകം അവകാശം അവസാനിപ്പിക്കുന്ന ബില്ല്.
- കുടികിടപ്പുകാരെ ഒഴിപ്പിക്കുന്നത് നിരോധിക്കൽ ബില്ല്.
- കുടിയാൻ ദേഹണ്ഡ പ്രതിഫലം വ്യവസ്ഥ ചെയ്യുന്ന ബില്ല്.[4]
ഇരുപ്പൂ നിലമെങ്കിൽ 15 എക്കറും ഒരുപ്പൂ നിലമെങ്കിൽ 30 ഏക്കറും കഴിഞ്ഞുള്ളവ നിയമം വന്നുകഴിഞ്ഞു 6 മാസ്സത്തിനുള്ളിൽ പാട്ടത്തിനു കൊടുക്കണം എന്നും അല്ലാത്ത പക്ഷം സർക്കാർ കയ്യടക്കും എന്നായിരുന്നു ബില്ലിന്റെ ഉള്ളടക്കം.
പത്രാധിപർ
[തിരുത്തുക]ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യം ഉണ്ടായിരുന്ന നടരാജപിള്ള ദ പോപ്പുലർ ഒപ്പീനിയൻ, വഞ്ചികേസരി എന്നീ പത്രങ്ങളുടെ അധിപനായിരുന്നു.
കുടുംബം
[തിരുത്തുക]നടരാജപിള്ള രണ്ടുതവണ വിവാഹിതനായി. ലക്ഷ്മിയമ്മാളാണ് ആദ്യഭാര്യ. അവരുടെ മരണത്തെ തുടർന്ന് കോമളം അമ്മാളിനെ വിവാഹം ചെയ്തു. മൂന്ന് ആൺമക്കളും ഒൻപത് പെൺമക്കളും ഉണ്ട്.
1966 ജനുവരി 10-ന് അന്തരിച്ചു. ഏറ്റവും ദരിദ്രനായി അന്തരിക്കേണ്ടി വന്ന ധനമന്ത്രിയായിരുന്നു പി.എസ്.[2] പേരൂർക്കടയിലെ പി.എസ്. നടരാജപിള്ള മെമ്മോറിയൽ സ്കൂൾ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.
കൃതി
[തിരുത്തുക]- അരശിയിൽ വിളക്കം (തമിഴ്)
അവലംബം
[തിരുത്തുക]- ↑ http://164.100.47.132/LssNew/biodata_1_12/1596.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 മാതൃഭൂമി ദിനപത്രം, 2003, മാർച്ച് 11, പേജ് 11
- ↑ http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-2#.E0.B4.95.E0.B5.83.E0.B4.B7.E0.B4.BF
- ↑ പി.എസ്സ്,നടരാജപിള്ളയ്യുടെ ജീവചരിത്രം പി.സുബ്ബയ്യാ പിള്ള, പേജ് 126-127
- പി. സുബ്ബയ്യാപിള്ള, പി.എസ്. നടരാജപിള്ള, കേരള സാംസ്കാരിക വകുപ്പ്, 1986
- http://www.kerala.gov.in/dept_culture/books.htm Archived 2008-02-15 at the Wayback Machine.
- http://www.saivaneri.org/manonmaniam-sundaram-pillai-or-manonmaniam-sundaranaar.htm Archived 2010-01-21 at the Wayback Machine.