പിയേർ ടായർ ദ ഷർദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിയേർ ടായർ ദ ഷർദൻ
ജനനം(1881-05-01)മേയ് 1, 1881
മരണംഏപ്രിൽ 10, 1955(1955-04-10) (പ്രായം 73)
ന്യൂ യോർക്ക് നഗരം, അമേരിക്കൻ ഐക്യനാടുകൾ
ദേശീയതഫ്രാൻസ്
അറിയപ്പെടുന്നത്മനുഷ്യനെന്ന പ്രതിഭാസം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപുരാജീവശാസ്ത്രം, തത്ത്വചിന്ത, പ്രപഞ്ചശാസ്ത്രം,
പരിണാമസിദ്ധാന്തം

തത്ത്വചിന്തകൻ, പുരാമാനവവിജ്ഞാനപണ്ഡിതൻ (Paleoanthropologist), എന്നീ നിലകളിൽ വിശ്രുതനായിരുന്ന റോമൻ കത്തോലിക്കാ പുരോഹിതനാണ് പിയേർ ടായർ ദ ഷർദൻ (Pierre Teilhard de Chardin) (ജനനം:1881 മേയ് 1 – മരണം:1955 ഏപ്രിൽ 10) ശാസ്ത്രത്തേയും ക്രൈസ്തവചിന്തയേയും സമന്വയിപ്പിക്കാൻ യത്നിച്ചു എന്നതാണ് ഷർദന്റെ പ്രസക്തി. പുരാമാനവവിജ്ഞാനി എന്ന നിലയിൽ അദ്ദേഹം പിൽറ്റ്ഡൗൺ മനുഷ്യൻ, പീക്കിങ് മനുഷ്യൻ എന്നീ നരവംശമാതൃകകളുമായി ബന്ധപ്പെട്ട പര്യവേഷണങ്ങളിൽ പങ്കാളിയായി. തത്ത്വചിന്തയിൽ അദ്ദേഹം "ഒമേഗ ബിന്ദു" എന്ന സങ്കല്പത്തിന്റെ പേരിലും വ്ലാഡിമീർ വെർണാഡ്സ്കിയുടെ "ചിന്താമേഖല" (Noosphere) എന്ന സങ്കല്പത്തെ വികസിപ്പിച്ചെടുത്തതിന്റെ പേരിലും അറിയപ്പെടുന്നു. ഷർദന്റെ സിദ്ധാന്തങ്ങളിൽ ചിലതൊക്കെ ഔദ്യോഗിക കത്തോലിക്കാസഭയ്ക്ക് അനിഷ്ടമുണ്ടാക്കിയതിനാൽ അദ്ദേഹത്തിന്റെ കൃതികളിൽ പലതിനും സഭ വിലക്കു കല്പിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

തുടക്കം[തിരുത്തുക]

1881 മേയ് 1-ന് ഫ്രാൻസിലെ സാൻസനാറ്റിൽ (Sancenat) ഒരു കർഷകന്റെ പുത്രനായി ഷർദൻ ജനിച്ചു. മാതാപിതാക്കളുടെ പതിനൊന്നു മക്കളിലെ നാലമത്തെയാളായിരുന്നു അദ്ദേഹം. ഒരു അമച്വർ പ്രകൃതിശാസ്ത്രജ്ഞനായിരുന്ന പിതാവ് എമ്മാനുവേൽ ടായർ, ശിലകളും ഷഡ്പദങ്ങളുടേയും സസ്യങ്ങളുടേയും മാതൃകകളും ശേഖരിക്കുകയും, കുടുംബാംഗങ്ങളിൽ പ്രകൃതിനിരീക്ഷണ താത്പര്യം വളർത്താൻ ശ്രമിക്കുകയും ചെയ്തു. ഷർദനിൽ ആത്മീയകൗതുകം വളർത്തിയത് അമ്മ ബെർത്തെ ദ ഡോമ്പിയർ ആയിരുന്നു. 12-ആമത്തെ വയസ്സിൽ ഈശോസഭക്കാരുടെ വിദ്യാലയത്തിൽ ചേർന്ന അദ്ദേഹം അവിടെ തത്ത്വചിന്തയും ഗണിതവും വിശേഷവിഷയങ്ങളായി ബുക്കലേറിയറ്റ് പരീക്ഷ പാസായി. 1899-ൽ 18-ആമത്തെ വയസ്സിൽ ജെസ്യൂട്ട് സഭയിൽ വൈദികാർത്ഥിയായി ചേർന്ന അദ്ദേഹം തത്ത്വചിന്തയിലേയും ദൈവശാസ്ത്രത്തിലേയും ആത്മീയതയിലേയും തന്റെ താത്പര്യങ്ങൾ പിന്തുടർന്നു.

1901-ൽ ചില സർക്കാർ നിയമങ്ങൾ, ഈശോ സഭാ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലാക്കിയതോടെ, സഭാംഗങ്ങളിൽ ചിലർ ബ്രിട്ടണിലേക്കു പോയെങ്കിലും ഷർദനെപ്പോലുള്ള വൈദികാർത്ഥികൾ ഫ്രാൻസിൽ നോർമന്റിയിലെ ജെർസിയിൽ പഠനം തുടർന്നു. 1902-ൽ ഷർദൻ അദ്ധ്യാപകനാകാനുള്ള ലൈസൻഷിയേറ്റ് യോഗ്യത നേടി.

ചിന്താസമന്വയം[തിരുത്തുക]

1905 മുതൽ 1908 വരെ ഷർദൻ ഈജിപ്തിൽ കൈറോയിലെ തിരുക്കുടുംബത്തിന്റെ ഈശോസഭാവിദ്യാലയത്തിൽ ഊർജ്ജതന്ത്രവും രസതന്ത്രവും പഠിപ്പിച്ചു. പൗരസ്ത്യദേശത്തിന്റെ പ്രത്യേകതകൾ, അതിന്റെ പ്രകാശവും, സസ്യപ്രകൃതിയും, ജന്തുജാലങ്ങളും, മരുസ്ഥലവും എല്ലാം ഷർദനെ ആകർഷിച്ചുവെന്ന് ഈജിപ്തിൽ നിന്ന് അദ്ദേഹം എഴുതിയ കത്തുകളിൽ നിന്നു മനസ്സിലാക്കാം.

ബ്രിട്ടണിൽ സസക്സിലെ ഹേസ്റ്റിങ്സിൽ 1908 മുതൽ 1912 വരെ ദൈവശാസ്ത്രം പഠിച്ച അദ്ദേഹം 1911 ആഗസ്ത് 24-ന് മുപ്പതാമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. തന്റെ ശാസ്ത്ര, ദാർശനിക, ദൈവശാസ്ത്ര ജ്ഞാനങ്ങളെ പരിണാമചിന്തയുടെ അടിസ്ഥാനത്തിൽ ഷർദൻ സമന്വയിപ്പിച്ചത് ഇക്കാലത്താണ്. പ്രസിദ്ധ ഫ്രഞ്ചു ദാർശനികനായ ഹെൻറി ബേർഗ്സന്റെ സർഗ്ഗപരിണാമം(Creative Evolution) എന്ന കൃതിയുടെ വായന, ഈ സമന്വയത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു. ഈ വായന അദ്ദേഹത്തെ പരിണാമചിന്തയിൽ ഉറച്ച ഒരു പ്രപഞ്ചവീക്ഷണത്തിലേക്കു നയിച്ചു.

പുരാജീവശാസ്ത്രം[തിരുത്തുക]

1912 മുതൽ 1914 വരെ ഷർദൻ, പാരിസിലെ പ്രകൃതിശാസ്ത്ര പരീക്ഷണശാലയിൽ, ഭൗമചരിത്രത്തിലെ മദ്ധ്യ ടെർഷ്യറി കാലത്തെ സസ്തനികളെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടു. പിന്നീട് ഇതേവിഷയം തന്നെ അദ്ദേഹം യൂറോപ്പിൽ മറ്റിടങ്ങളിലും പഠിക്കുകയുണ്ടായി. 1912-ൽ, പിൽറ്റ്ഡൗൺ മനുഷ്യൻ എന്ന പുരാമാനവന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെക്കുറിച്ചു പഠിക്കാൻ പുറപ്പെട്ട പര്യവേഷകസംഘത്തിൽ. ആ കണ്ടെത്തൽ വ്യാജമായിരുന്നുവെന്ന് 1915-ൽ തന്നെ തിരിച്ചറിഞ്ഞ പുരാമനവവിജ്ഞാനി മാർസെല്ലിൻ ബൂലെ ആണ്, ആ വിഷയത്തിൽ ഷർദനുള്ള താത്പര്യം വളർത്തിയത്. 1913-ൽ ഉത്തരപശ്ചിമ സ്പെയിനിലെ കാസ്റ്റിലോ ഗുഹകളിലെ ചരിത്രാതീത ചിത്രങ്ങൾ പഠിക്കാൻ പോയ പര്യവേഷക സംഘത്തിലും ഷർദൻ ഉൾപ്പെട്ടു.

യുദ്ധസേവനം[തിരുത്തുക]

1914-ൽ സൈന്യസേവനത്തിനു നിയൊഗിക്കപ്പെട്ട ഷർദൻ, മൊറോക്കോയിലെ ഫ്രാൻസിന്റെ എട്ടാം സൈന്യവ്യൂഹത്തിൽ സ്ട്രെച്ചർ വാഹകനായി ജോലി ചെയ്തു. ധീരസേവനത്തിനുള്ള അംഗീകാരമായി മിലിട്ടറി പതക്കം, ലീജിയൻ ഓഫ് ഓണർ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹം നേടി.

യുദ്ധവർഷങ്ങളിലുടനീളം അദ്ദേഹത്തിന്റെ ചിന്ത, ഡയറിക്കുറിപ്പുകളിലും, മാർഗരറ്റ് ടായർ ഷാംബോൻ എന്ന ബന്ധുവിനെഴുതിയ കത്തുകളിലുമായി വികസിച്ചു. മാർഗരറ്റ് ഈ കത്തുകൾ പിന്നീട് "ഒരു ചിന്തയുടെ ഉത്ഭവം"(Genesis of a thought) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇക്കാലത്തെക്കുറിച്ച് ഷർദൻ പിന്നീട് പറഞ്ഞത് "...യുദ്ധം ഒരു കൂടിക്കാഴ്ചയായിരുന്നു ... സർവശക്തനുമായുള്ള (കൂടിക്കാഴ്ച)" എന്നാണ്. 1916-ൽ അദ്ദേഹം തന്റെ മുഖ്യപ്രബന്ധങ്ങളിൽ ആദ്യത്തേത് "പ്രപഞ്ചജീവൻ" (Cosmic life) എന്ന പേരിൽ എഴുതി. അദ്ദേഹത്തിന്റെ ശാസ്തീയ-ദാർശനിക നിലപാടുകളെന്ന പോലെ യോഗാത്മചിന്തയും അതിൽ പ്രകടമായി. അതിനിടെ, അവധിക്കാലത്ത്, 1918 മേയ് 26-ലെ അദ്ദേഹം ഈശോസഭാംഗമെന്ന നിലയിലുള്ള നിത്യവൃതവാഗ്ദാനം നടത്തി. സ്വദേശത്തെ ജേഴ്സിയിൽ 1919 ആഗസ്റ്റ് മാസം അദ്ദേഹം, "ദ്രവ്യത്തിന്റെ ആത്മീയബലം" (The Spiritual Power of Matter) എന്ന പ്രബന്ധം എഴുതി. 1916-നും 1919-നും ഇടയ്ക്കെഴുതിയ ലേഖനങ്ങളും കത്തുകളും രണ്ടു സമാഹാരങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു:

പാരീസിലെ സോർബൺ സർവകലാശാലയിൽ ഷർദൻ പ്രകൃതിശാസ്ത്രത്തിലെ മൂന്നു വിഷയങ്ങൾ പഠിക്കാൻ തുടങ്ങി : ഭൗമശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നിവയായിരുന്നു ആ വിഷയങ്ങൾ. പഠനസമാപ്തിയിൽ സമർപ്പിച്ച പ്രബന്ധം, ആദിമ ഇയോസീൻ യുഗത്തിലെ ഫ്രാൻസിലെ സസ്തനികളുമായി ബന്ധപ്പെട്ടതായിരുന്നു. 1920-നു ശേഷം ഷർദൻ പാരീസിലെ കത്തോലിക്കാ സർവകലാശാലയിൽ ഭൗമശാസ്ത്രം പഠിപ്പിച്ചു. 1922-ൽ ഗവേഷണബിരുദപ്രാപ്തിയെ തുടർന്ന് അദ്ദേഹം സഹായക പ്രൊഫസറായി നിയമിക്കപ്പെട്ടു.

ചിന്ത[തിരുത്തുക]

ദൈവികമായ സർഗ്ഗചൈതന്യത്തിന്റെ ഭൂമികയിൽ ലക്ഷ്യോന്മുഖമായി വികസിച്ചുവരുന്ന പ്രപഞ്ചത്തെയാണ് ഷർദൻ സങ്കല്പിച്ചത്. പരമ്പരാഗത ക്രിസ്തീയ, ഹ്യുമനിസ്റ്റു നിലപാടുകളിൽ നിന്നും വ്യത്യസ്തമായ വീക്ഷണമായിരുന്നു ഇത്. പരലോകയാത്രയിലെ കേവലം ഇടത്താവളമാണ് പ്രപഞ്ചം എന്ന യാഥാസ്ഥിതിക ക്രിസ്തീയ നിലപാടും, ദൈവികപദ്ധതിയേയും ലക്ഷ്യത്തേയും ആശ്രയിക്കാതെ സ്വയം പര്യാപ്തമായി നിലകൊള്ളുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള ഹ്യൂമനിസ്റ്റു വീക്ഷണവും അദ്ദേഹം നിരാകരിച്ചു. ദൈവത്തിലെത്തിയുള്ള അനിവാര്യമായ മഹാസമാപ്തിക്കായി സ്ഥലകാലങ്ങളുടെ ബൃഹദ്സീമയിൽ ദൈവികപദ്ധതിയനുസരിച്ച് നടക്കുന്ന മുന്നേറ്റമായി അദ്ദേഹം പ്രപഞ്ചത്തെ സങ്കല്പിച്ചു. പ്രപഞ്ചപ്രക്രിയയ്ക്ക് ഒരു അർത്ഥമുണ്ടെന്നും പ്രത്യാശയുടേയും ഉത്സാഹത്തിന്റേയും അടിസ്ഥാനമായിരിക്കുന്നത് ആ അർത്ഥമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.[1]

മനുഷ്യനെന്ന പ്രതിഭാസം (ദി ഫിനോമിനെൻ ഒഫ് മാൻ) എന്ന കൃതിയിലാണ് ഷർദൻ പരിണാമത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. അവ്യതിരിക്തമായ ദ്രവ്യം പൂർണവും സങ്കീർണവുമായ രൂപം കൈക്കൊള്ളുന്നതാണ് പരിണാമം എന്ന് ഇദ്ദേഹം നിർവചിച്ചു. മഹത്തായ ജൈവസംശ്ലേഷണത്തിന്റെ ആരോഹചിഹ്നമാണ് മനുഷ്യനെന്നും പരിണാമത്തിലൂടെ പ്രപഞ്ചം കൂടുതൽ മാനവീകരിക്കപ്പെടുകയും മനുഷ്യരാശി ആദ്ധ്യാത്മിക ചൈതന്യത്തിന്റെ കേന്ദ്രമായ ഒമേഗ ബിന്ദുവിലേയ്ക്ക് (Omega point) അടുക്കുകയും ചെയ്യുമെന്നും ഇദ്ദേഹം എഴുതി. 'ഒമേഗ ബിന്ദു' എന്ന സങ്കല്പം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത് എന്നും ഷർദൻ പറഞ്ഞു. ദി ഫിനോമിനെൻ ഒഫ് മാൻ എന്ന ഗ്രന്ഥത്തിന്റെ രചന 1947-ൽ തന്നെ ഇദ്ദേഹം പൂർത്തിയാക്കിയിരുന്നുവെങ്കിലും മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വിവിധ ഭാഷകളിലേക്ക് തർജുമചെയ്യപ്പെട്ട ഈ ഗ്രന്ഥത്തിലൂടെയാണ് ഷർദൻ ലോകപ്രശസ്തനായത്. ദി ഡിവൈൻ മില്യു എന്ന കൃതിയിലും ഈ ആശയം ഇദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 1926-ൽ പാരീസിലെ കത്തോലിക്കാസ്ഥാപനത്തിലെ അധ്യാപകവൃത്തിയിൽ നിന്ന് ഇദ്ദേഹത്തെ പുറത്താക്കി. അതിനുശേഷം ചൈനയിലേക്കു പോയ ഷർദൻ പുരാജീവിതന്ത്രഗവേഷണത്തിൽ ഏർപ്പെട്ടു. 1929-ൽ പീക്കിങ് മനുഷ്യന്റെ കണ്ടുപിടിത്തത്തിനു വഴിതെളിയിച്ച ഗവേഷണത്തിൽ ഇദ്ദേഹവും പങ്കാളിയായിരുന്നു.

സഭയുടെ പ്രതികരണം[തിരുത്തുക]

ഷർദന്റെ "മനുഷ്യനെന്ന പ്രതിഭാസം" (The Phenomenon of Man) എന്ന മുഖ്യരചന, പ്രപഞ്ചവികാസത്തിന്റെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രം വരച്ചുകാട്ടുന്നു. ഉല്പത്തിപ്പുസ്തകത്തിലെ സൃഷ്ടി വിവരണത്തിന്റെ പരമ്പരാഗത വ്യാഖ്യാനത്തിനു പകരം സ്വതന്ത്രമായ മറ്റൊരു വ്യാഖ്യാനം അദ്ദേഹം ഈ കൃതിയിൽ അവതരിപ്പിച്ചു. കത്തോലിക്കാ സഭയിലെ അധികാരകേന്ദ്രമായ റോമൻ കൂരിയായിലെ പ്രധാനികളിൽ ചിലരും, ഷർദൻ അംഗമായിരുന്നു ഈശോസഭയുടെ നേതൃത്വവും ഇതിനെ എതിർത്തു. വിശുദ്ധ ആഗസ്തീനോസ് വികസിപ്പിച്ചെടുത്ത മൂലപാപം (original sin) എന്ന സങ്കല്പത്തിന്റെ തിരസ്കാരമായി അവർ ഇതിനെ വിലയിരുത്തി. പരിണാമസിദ്ധാന്തത്തിന്റെ അംഗീകാരം ക്രിസ്തുമതത്തിന്റെ നിരാകരണത്തിനു വഴിവയ്ക്കില്ലെന്നു തെളിയിക്കാനും മതാധികാരികളെ ബോദ്ധ്യപ്പെടുത്താനും ഷർദൻ പരിശ്രമിച്ചിരുന്നു. എന്നാൽ ഈ പരിശ്രമത്തെ മതാധികാരികൾ നിരാകരിക്കുകയാണുണ്ടായത്. അതിനാൽ അദ്ദേഹത്തിന്റെ കൃതികളിൽ പലതിനും ജീവിതകാലത്ത് പ്രസിദ്ധീകരണാനുമതി നിഷേധിക്കപ്പെട്ടു. 1950-ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ പുറപ്പെടുവിച്ച "ഹ്യൂമനി ജെനറിസ്"(Humani Generis) എന്ന ചാക്രികലേഖനം ഷർദന്റെ സിദ്ധാന്തങ്ങളിൽ ചിലതിനെ അപലപിക്കുകയും മറ്റു ചിലതിനോടൊക്കെ നിഷ്പക്ഷ നിലപാടെടുക്കുകയും ചെയ്തു. ഷർദന്റെ പ്രപഞ്ചവീക്ഷണം, സൃഷ്ടപ്രപഞ്ചം ദൈവത്തിന്റെ പ്രത്യക്ഷമാണെന്ന (Immanentism) വിശ്വാസഭ്രംശത്തോടു ചേർന്നു നിൽക്കുന്നതായി ചാക്രികലേഖനം കരുതി.[2]

മരണം[തിരുത്തുക]

1951 മുതൽ 1955-ൽ മരണം വരെ ഷർദൻ ന്യൂ യോർക്ക് നഗരത്തിലെ വെന്നർ-ഗ്രെഗ് ഫൗൻഡേഷനിൽ പ്രവർത്തിച്ചു. നഗരത്തിലെ പാർക്ക് അവന്യൂവിൽ ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ നാമത്തിലുള്ള പള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1955 മാർച്ച് 15-ന് നയതന്ത്രജ്ഞനായ തന്റെ ബന്ധു ജീൻ ദ ലഗാർഡിന്റെ വസതിയിൽ വച്ച് അദ്ദേഹം, തനിക്ക് ഉയിർപ്പുഞായറാഴ്ച(Easter Sunday) മരിക്കാൻ ഭാഗ്യമുണ്ടാകുമെന്നുള്ള പ്രതീക്ഷ പ്രകടിപ്പിച്ചു.[3] ഉയിർപ്പു ഞായറാഴ്ചയായിരുന്ന ഏപ്രിൽ 10-ന്, 1949 മുതൽ തന്റെ സഹായിയായിരുന്ന റോദാ ദ തെരായുടെ വസതിയിൽ ഒരു തീവ്രസംവാദത്തിനിടെ അദ്ദേഹം ഹൃദയാഘാതത്താൽ മോഹാലസ്യപ്പെട്ടു. നിമിഷനേരത്തേക്കു ബോധം തിരികെ കിട്ടിയെങ്കിലും താമസിയാതെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.[4] നഗരത്തിലെ ഈശോസഭാ സെമിനാരിയോടു ചേർന്ന്, ന്യൂ യോർക്ക് പ്രവിശ്യയിലെ ഈശോ സഭക്കാർക്കു വേണ്ടിയുള്ള സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു.

മരണാനന്തരം[തിരുത്തുക]

മുഖ്യരചനകൾ പ്രസിദ്ധീകരിക്കപ്പെടാതിരുന്നതു മൂലം, 1955-ൽ ഷർദൻ മരിക്കുമ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാർമ്മികവീക്ഷണം വളരെക്കുറച്ചു മാത്രമേ അറിയപ്പെട്ടിരുന്നുള്ളു. ഷർദന്റെ മരണശേഷം "മനുഷ്യനെന്ന പ്രതിഭാസം" എന്ന അദ്ദേഹത്തിന്റെ മുഖ്യരചനയുടെ പ്രസിദ്ധീകരണം വലിയ കോളിളക്കമുണ്ടാക്കി. സഭയിലെ പാരമ്പര്യവാദികൾ ആ കൃതിയിലെ ആശയങ്ങളെ നിശിതമായി വിമർശിച്ചു. 1962-ൽ കത്തോലിക്കാസഭയിലെ നവീകരണ സംരംഭമായ രണ്ടാം വത്തിക്കാൻ സൂനഹദോസിനു തൊട്ടു മുൻപ്, ഷർദന്റെ ചിന്തയിലെ "സന്ദിഗ്ധതകളും ഗൂരുതരമായ തെറ്റുകളും" കത്തോലിക്കാവിശ്വസത്തിന് അസ്വീകാര്യമാണെന്ന മുന്നറിയിപ്പു പോലും സഭാനേതൃത്വം ഇറക്കി. എങ്കിലും സൂനഹദോസിന്റെ തീരുമാനങ്ങളിൽ ഷർദന്റെ ചിന്തയുടെ പല ഘടകങ്ങലും പ്രതിഫലിച്ചു. പിൽക്കാലത്ത് യോഹന്നാൻ പൗലോസ് രണ്ടാമൻ മാർപ്പാപ്പ ഷർദന്റെ ചില അഭിപ്രായങ്ങളെ കൂടുതൽ അനുകൂലഭാവത്തിൽ വിലയിരുത്തി. 2009-ൽ ബെനഡിക്ട് 16-ആമൻ മാർപ്പാപ്പയും, അദ്ദേഹത്തിന്റെ ആശയങ്ങളിൽ ചിലതിനെ പ്രകീർത്തിച്ചു.[5] ഇതൊക്കെയാണെങ്കിലും, ഷർദന്റെ രചനകളെ ലക്ഷ്യമാക്കി സഭ പുറപ്പെടുവിച്ച മുന്നറിയിപ്പ് നിലനിൽക്കുന്നു.

പരിണാമത്തെക്കുറിച്ചുള്ള ഷർദന്റെ സിദ്ധാന്തങ്ങൾക്ക് യാഥാസ്ഥിതിക ക്രൈസ്തവ വിശ്വാസവുമായിട്ടോ ശാസ്ത്രീയ പരിണാമസിദ്ധാന്തവുമായിട്ടോ പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ദൈവശാസ്ത്രരംഗത്തും, ശാസ്ത്രരംഗത്തും തത്ത്വശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നവർക്കിടയിൽ ഔത്സുക്യം ജനിപ്പിക്കാൻ ഈ സിദ്ധാന്തത്തിനു കഴിഞ്ഞു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Teilhard De Chardin, Pierre, റൊളണ്ട് ടേണർ സമാഹരിച്ച "ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ" എന്ന പുസ്തകത്തിൽ, ഡൊണാൾഡ് പി. ഗ്രേ എഴുതിയ ലേഖനം (പുറങ്ങൾ 754-56)
  2. Vivian Green, A New History of Christianity (പുറം 332)
  3. Smulders, Pieter Frans ♦ The design of Teilhard de Chardin: an essay in theological reflection 1967
  4. Smulders, Pieter Frans ♦ The design of Teilhard de Chardin: an essay in theological reflection 1967
  5. John L. Allen Jr. (2009-07-28). "Pope cites Teilhardian vision of the cosmos as a 'living host'". National Catholic Reporter. Archived from the original on 2012-08-24. Retrieved 2009-09-24.
"https://ml.wikipedia.org/w/index.php?title=പിയേർ_ടായർ_ദ_ഷർദൻ&oldid=3787718" എന്ന താളിൽനിന്ന് ശേഖരിച്ചത്