Jump to content

പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാങ്ങിൽ മുസ്‌ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ
ദേശീയതഇന്ത്യൻ
തൊഴിൽസമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ വൈസ് പ്രസിഡന്റ് , മുൻ പ്രസിഡന്റ്
അറിയപ്പെടുന്നത്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവ് [അവലംബം ആവശ്യമാണ്]

ഇരുപതാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ചിരുന്ന പ്രശസ്ത ഇസ്ലാമിക മതപണ്ഡിതനായിരുന്നു പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‍ലിയാർ. സൂഫി, സ്വാതന്ത്ര്യ സമര സേനാനി, നിസ്സഹകരണ പ്രസ്ഥാന മുന്നേറ്റകൻ, ഖിലാഫത്ത് സഭ നേതാവ്, പ്രഭാഷകൻ , ഗ്രന്ഥകാരൻ, മുഫ്തി, കവി എന്നീ നിലകളിൽ ശോഭിച്ച ഇദ്ദേഹം പാരമ്പര്യ കേരള മുസ്ലിം മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശിൽപ്പി എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ച വ്യക്തിത്വമാണ്.

ജീവരേഖ

[തിരുത്തുക]

ഏറനാട്ടിലെ പാങ്ങിൽ പുത്തൻ പീടിയേക്കൽ നൂറുദ്ദീൻ, വാകോട്ടിൽ പോക്കുഹാജിയുടെ മകൾ തിത്തു എന്നവരുടെ മകനായി ഹിജ്റ 1305 ലാണ് ആറംകോട് അഹമ്മദ് ബിൻ നൂറുദ്ദീൻ എന്ന എ.പി അഹമ്മദ് ജനിക്കുന്നത്. പണ്ഡിതരായ മാതാപിതാക്കളുടെ കീഴിൽ ഏഴാം വയസ്സിൽ തന്നെ ഖുർആൻ , പ്രവാചകചര്യ എന്നിവയിലുള്ള പഠനം പൂർത്തിയാക്കി. പ്രാഥമികവിദ്യാഭ്യാസം പാങ്ങിൽ ദർസിൽ, തുടർന്ന് അശൈഖ് അലിയ്യുത്തൂരി, കരിമ്പനക്കൽ അഹ്മദ് മുസ്ലിയാർ, കാപ്പാട് മുഹമ്മദ് മുസ്ലിയാർ, തുടങ്ങിയ പണ്ഡിതരുടെ കീഴിൽ കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, തഫ്സീർ, അറബി സാഹിത്യം, അറബി വ്യാകരണം, അറബി കാവ്യശാസ്ത്രം, തർക്ക ശാസ്ത്രം, ഗോള ശാസ്ത്രം, തസ്സവുഫ് തുടങ്ങിയ വിഷയങ്ങളിൽ അവഗാഹം നേടി. പൊന്നാനി ദർസിലെ ഉപരി പഠനത്തെ തുടർന്ന് പൊന്നാനി വിളക്കത്തിരിക്കൽലിലൂടെ മുസ്ലിയാർ ബിരുദംനേടി. തുടർന്ന് അബ്ദുൽ വഹാബ് ഹസ്രത്ത്, അബ്ദുൽ ഖാദിർ ശാഹ് ബാദിശാ, മൗലാന മുഹമ്മദ് സൈനിൽ എന്നിവരുടെ കീഴിൽ വെല്ലൂർ ബാഖിയാത്തിൽ ബിരുദാനന്തര പഠനം. ബിരുദാനന്തരബിരുദത്തിനു ശേഷം വെല്ലുർ ലത്വീഫിയ്യയിൽ ഫാരിസ് ഖാൻ , ശൈഖ് അബ്ദു റഹീം ഹസ്രത്ത് എന്നീ ഗുരുക്കന്മാരുടെ കീഴിൽ പ്രശസ്ത കർമ്മശാസ്ത്ര മതഗ്രന്ഥങ്ങളിൽ ഗവേഷണം. ശേഷം നാട്ടിലേക്ക് മടക്കം. കമ്മുണ്ണി മുസ്‌ലിയാർഅടക്കമുള്ളവരുടെ കീഴിൽ തസ്സവുഫ് പരിശീലനത്തോടൊപ്പം സ്വദേശമായ പാങ്ങിൽ ജുമുഅ പള്ളി ദർസ് അധ്യാപക ചുമതലയും നിർവഹിച്ചു.

വർഷങ്ങൾ നീണ്ട ആധ്യാത്മിക ജ്ഞാന സമ്പാദനത്തിനു ശേഷം പടന്ന, മണ്ണാർക്കാട് എന്നീ സ്ഥലങ്ങളിൽ ദർസുകൾ സ്ഥാപിച്ചു. വൈജ്ഞാനികമായി ഈ രണ്ടു കേന്ദ്രങ്ങളും പ്രശോഭിച്ചതോടെ പ്രസിദ്ധമായ താനൂർ വലിയകുളങ്ങര പള്ളി ദർസിന്റെ സദർ മുദരീസ്സ് എന്ന പ്രധാനാധ്യാപക ചുമതല വഹിച്ചു. മുൻഗാമിയായിരുന്ന പരീ കുട്ടി മുസ്ലിയാരെ ബ്രിട്ടീഷുകാർ നാടുകടത്തിയതിനെ തുടർന്നായിരുന്നു പാങ്ങിൽ അഹ്‌മദ്‌ മുസ്‌ലിയാർ ആ തസ്തികയിൽ നിയുക്തനാകുന്നത്.

അറബി, തമിഴ് , ഉറുദു, പേർഷ്യൻ ഭാഷകളിൽ അസാമാന്യ അറിവുകളോടെ പാണ്ഡിത്യ രംഗത്ത് പ്രശോഭിച്ചിരുന്ന ഇദ്ദേഹം അറബി ഭാഷയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രസാധകരാണ് പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിരുന്നത് എന്നത് തന്നെ അക്കാലത്ത് ഇദ്ദേഹം നേടിയ ആഗോള പ്രശസ്തിയാണ് വരച്ചു കാട്ടുന്നത്.

കർമ്മ പഥം

[തിരുത്തുക]

കട്ടിലശ്ശേരി മുസ്ലിയാരോടൊപ്പം നിസ്സഹകരണ പ്രസ്ഥാനത്തിൽ ഭാഗമായി, ആലി മുസ്ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ എന്നിവരോടൊപ്പം ഖിലാഫത്ത് സഭയിൽ അംഗമായി. ആമിനുമ്മാൻറകത്ത് പരീക്കുട്ടി മുസ്ലിയാർ, പുതിയാപ്പിള അബ്ദു റഹ്മാൻ മുസ്‌ലിയാർ എന്നിവരോടൊത്ത് ബ്രിട്ടീഷുകാർക്കെതിരായ പ്രാചാരണത്തിൽ ഏർപ്പെട്ടു. തുടർന്ന് കൈയെഴുത്ത് പ്രതികളുടെയും, പ്രസംഗങ്ങളുടെയും പേരിൽ ബ്രിട്ടീഷ് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചപ്പോൾ ഒളിവു ജീവിതം നയിച്ചു.[1] രക്തരൂക്ഷിതമായ മലബാർ കലാപാനന്തരം അനാഥരായവർക്ക് വേണ്ടി യത്തീം ഖാന ആരംഭിച്ചു. ഓത്തു പള്ളികൾ ബ്രിട്ടീഷ് സർക്കാർ അടച്ചുപൂട്ടിയതിനെ തുടർന്ന് ഭാവിയിൽ മത ബോധം തുടച്ചു നീക്കപ്പെടുമെന്ന ഭീതിയിൽ മദ്രസ്സ സംവിധാനത്തിന് തുടക്കമിട്ടത് ഇദ്ദേഹമാണ്. കേരളത്തിലെ ആദ്യ മദ്രസ്സയായ ഇസ്ലാഹുൽ ഉലൂം മദ്രസ സ്ഥാപിതമായത് ഇത്തരത്തിലാണ്. തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം മദ്രസകൾ സ്ഥാപിക്കാനായി പരിശ്രമിച്ചു, ഇതിനായി ബർമ്മ, സിലോൺ, സിംഗപ്പൂർ, കോലാർ, ബോംബെ തുടങ്ങിയ സ്ഥലങ്ങൾ സഞ്ചരിച്ചു ധനസമാഹരണം നടത്തുകയും ഹൈദരാബാദ് നൈസാം, കണ്ണൂർ അറക്കൽ സുൽത്താന ആയിഷാ ബീവി എന്നിവരുടെ സഹായ സഹകരണാത്താൽ കേരളം മുഴുക്കെ മദ്രസകൾ സ്ഥാപിതമാക്കുകയും ചെയ്തു. പിന്നീട് മദ്രസ്സ പാഠ്യ പദ്ധതികൾ ഏകീകരിക്കുന്നതിനായി 1951 ഇൽ രൂപീകൃതമായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡും ആദ്യകാലങ്ങളിൽ ഇദ്ദേഹം സമർപ്പിച്ച ആശയ നിർദ്ദേശങ്ങളിൽ പെട്ടതായിരുന്നു. ആദ്യ കാല ഇസ്‌ലാമിക പ്രസിദീകരണമായ ആൽബയാൻ മാസികയുടെ കർത്താവും പാങ്ങിൽ ആഹ്മെദ് മുസ്‌ലിയാർ ആണ്.

സമസ്ത രൂപീകരണം

[തിരുത്തുക]

കോൺഗ്രസ് ഖിലാഫത്ത് പ്രവർത്തകരെ വഞ്ചിച്ചു എന്ന് വിശ്വസിച്ചതിനാൽ കലാപാനന്തരം കോൺഗ്രെസ്സുമായുള്ള സഹവാസത്തിനു അറുതി വരുത്തിയ പാങ്ങിൽ മതരംഗത്ത് മാത്രമായി പ്രവർത്തന മണ്ഡലമൊതുക്കി ബ്രിട്ടീഷ് സർക്കാർ അടച്ചു പൂട്ടിയ ദർസുകളും ഓത്തുപള്ളികൾക്ക് പകരം മദ്രസകൾ ആരംഭിക്കാനും , നിരോധനമേർപ്പെടുത്തിയ നേർച്ചകൾ, റാത്തേബുകൾ പോലുള്ള ആചാരാനുഷ്ടാന്തങ്ങൾ പുനസംഘടിപ്പിക്കാനും പരിശ്രമിച്ചു. മലബാർ കലാപത്തിന് ശേഷം കൊടുങ്ങലൂർ കേന്ദ്രമാക്കി മുസ്ലിം നവോത്ഥാന നായകർ ഉദയം ചെയ്തു. യാഥാസ്ഥിതിക പൗരോഹിത്യ ആചാരാനുഷ്ടാനങ്ങളെ എതിർത്തു കൊണ്ടായിരുന്നു നവോത്ഥായകരുടെ ഉദയം. ബ്രിട്ടീഷ് സർക്കാരുമായി യോജിച്ചു ഭൗതിക പഠന സമ്പ്രദായത്തിനായി രംഗത്ത് വരികയും അറബിമലയാളം പോലുള്ള പാരമ്പര്യ പണ്ഡിത നിർമ്മിതി ഭാഷകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. മലബാറിലുള്ള യാഥാസ്ഥിതിക പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി പരിഷകർത്താക്കളെ നേരിടാനായി പാങ്ങിൽ ഉത്സാഹിച്ചു. എന്നാൽ പാങ്ങിലുമായി മുൻപരിചയം ഉണ്ടായിരുന്ന പരിഷ്കർത്താക്കൾ അദ്ദേഹത്തെ കണ്ട് എതിർക്കുന്നത് ആചാരങ്ങളെയല്ല അന്ധ വിശ്വാസങ്ങളെയാണെന്നും ബ്രിട്ടീഷ് മൂല്യങ്ങളോട് മമത കാട്ടിലെന്നും ഉറപ്പ് നൽകിയതിനാൽ യാഥാസ്ഥിക കൂടായ്മയ്ക്കുള്ള ശ്രമങ്ങൾ ഉപേക്ഷിക്കപ്പെട്ടു.

എന്നാൽ 1924 പരസ്യമായി ഇബ്നു വഹാബ്, ഇബ്നുതെമ്മീയ തുടങ്ങിയ നവോത്ഥാന മുസ്ലിം പണ്ഡിതന്മാരുടെ ആശയങ്ങൾ നവോത്ഥാന സംഘാടകർ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതോടെ പാങ്ങിൽ അഹ്മദ് മുസ്ലിയാർ പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ ബാരി മുസ്‌ലിയാർ എന്നിവർ പാരമ്പര്യ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടുകയും ജംഇയത്തുൽ ഉലമയെന്ന പണ്ഡിത സഭ രൂപീകരിക്കുകയും ചെയ്തു എന്നാൽ നവോത്ഥാന കൂട്ടായ്മക്കാർ ഈ പേര് ആദ്യമേ രെജിസ്റ്റർ ചെയ്തായിരുന്നതിനാൽ നിയമ നടപടികൾ ഭയന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നെ പേര് സ്വീകരിച്ചു. 1926 ലാണ് സമസ്തയെന്ന പേരിൽ പാരമ്പര്യ മുസ്ലിം സംഘടനാ രെജിസ്റ്റർ ചെയ്യുന്നത്.

നവോത്ഥാന സംഘാടകരിൽ ചിലർ മുൻപ് നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പാങ്ങിലടക്കമുള്ള യാഥാസ്ഥിതിക പണ്ഡിതരുമായി ആത്മ ബന്ധം പുലർത്തിയവരും സായുധ കലാപത്തിനായി ഖിലാഫത്തുകാരെ പ്രേരിപ്പിച്ചവരുമായിരുന്നു. കലാപമുണ്ടായപ്പോൾ കോൺഗ്രസ് അനുകൂലികളായ ഇവർ സായുധ കലാപത്തിലെ ഭോഷ്ക്കിനെ തള്ളി പറയുകയും കൊടുങ്ങലൂരിൽ സമാധന ജീവിതം നയിക്കുകയും ചെയ്യുകയായിരുന്നു. [2]

ഇക്കാര്യങ്ങൾ മുൻനിർത്തി നവോത്ഥാന നായകന്മാർ വഹാബികളായ ഒറ്റുകാരായിരുന്നുവെന്നുള്ള നിഗമനത്തിലേക്ക് പാങ്ങിൽ അഹ്മദ് മുസ്ലിയാർ അടക്കമുള്ള യാഥാസ്ഥിതിക പണ്ഡിതന്മാർ ചെന്നെത്തി. യാഥാസ്ഥിതിക അനാചാരങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നാലും അറബി മലയാളത്തെ അവർ എതിർത്തിരുന്നതിനാലും നവോത്ഥാന നായകർ ഇക്കാര്യങ്ങൾ ആവർത്തിക്കുന്നത് ബ്രിട്ടീഷ് ഒറ്റുകാരായതിനാലാണ് എന്ന് യാഥാസ്ഥിതിക പണ്ഡിതന്മാർ വിധിഴെഴുതി. ഇരു കൂട്ടരും ഒന്നിച്ചു ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതും ഇതിനു തെളിവായി അവർ കണ്ടെത്തി.[3][4]

പാങ്ങിൽ ആഹ്മെദ് കുട്ടി, മീരാൻ മുസ്ലിയാർ, പാനായിക്കുളം മുസ്ലിയാർ, ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാർ, മുല്ലക്കോയ തുടങ്ങി സമസ്തയുടെ പല നേതാക്കളും മുൻ ഖിലാഫത്ത് സഭാ പ്രചാരകനായിരുന്നതിനാലും ആദ്യകാല സമസ്ത യോഗങ്ങൾ പലതും മുൻഗാമിയായ ആമിനുമ്മാൻറകത്ത് പരീക്കുട്ടി മുസ്ലിയാർ, സയ്യിദ് അലവി, അറബി തങ്ങൾ എന്നിവർക്കായി പ്രാർത്ഥനകൾ സംഘടിപ്പിച്ചും , രക്സ്ത സാക്ഷികൾക്ക് പ്രാർത്ഥനകൾ അർപ്പിച്ചും മോലോദ് ഓതിയും ആരംഭിക്കുന്നതിനാലും കലാപകാരികളുടെ പിൻഗാമികൾ എന്ന കണ്ടെത്തലുകളിൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ പല സന്ദർഭങ്ങളിലും അനുമതികൾ നിഷേധിച്ചിരുന്നു . മുൻ ഖിലാഫത്ത് നേതാവ് എന്ന പട്ടത്താൽ അഹ്‌മദ്‌ മുസ്ലിയാർ പലവട്ടം അറസ്റ്റു ചെയ്യപ്പെട്ടു. അറസ്റ്റിനു പിന്നിൽ നവോത്ഥാന സംഘടനകളുടെ ഒറ്റാണെന്നു യാഥാസ്ഥിതിക പണ്ഡിതന്മാർ വിലയിരുത്തിയിരുന്നു. സർക്കാർ സഹായത്തോടെ നവോത്ഥാന പ്രസ്ഥാനക്കാർ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തുടങ്ങിയതോടെ പരിഷ്കർത്താക്കളെ എതിർക്കാൻ സർക്കാർ വിരുദ്ധത ഉപേക്ഷിക്കണമെന്ന് യാഥാസ്ഥിതിക പണ്ഡിതന്മാർ പലരും ആവശ്യപ്പെടാൻ തുടങ്ങി. 1933 ലെ സമസ്തയോഗം ഇത്തരത്തിലുള്ള പ്രമേയം പാസാക്കി. ഇതിനെ തുടർന്ന് സർക്കാർ വേട്ടയാടലുകൾക്ക് അറുതി വന്നു. യോഗത്തിൽ പങ്കെടുത്ത പാങ്ങിൽ മുസ്ലിയാർ യോഗ തീരുമാനങ്ങളെ എതിർത്തിരുന്നില്ല. ഇത് ഇദ്ദേഹത്തിൽ വന്ന വ്യതിയാനത്തെ സൂചിപ്പിക്കുന്നു. സർക്കാർ വേട്ടയാടലുകൾ അവസാനിപ്പിച്ചതിനെ തുടർന്ന് മലയാറിലും തിരുകൊച്ചി തിരുവിതാംകൂർ രാജ്യങ്ങളിലും ഒട്ടേറെ പൊതുയോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുകയും അവിടെയൊക്കെയും പാരമ്പര്യ വാദികൾക്ക് മേധാവിത്യം ഉറപ്പു വരുത്തുകയും ചെയ്തു.

വിയോഗം

[തിരുത്തുക]

1926 മുതൽ 32 വരെ സമസ്ത വൈസ് പ്രസിഡന്റ്, 32 മുതൽ 46 വരെ പ്രസിഡന്റ് ആയും സേവനമനുഷ്‌ടിച്ചു നവംബർ 19, 1946 വിയോഗം സംഭവിച്ചു.ലളിതമായി ഖബറടക്കം ചെയ്യണമെന്ന ഇദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ചു പാങ്ങിൽ ജുമുഅത്ത് പള്ളിയിൽ കല്ലറയൊരുക്കാതെ മണ്ണ് കാണത്തക്ക രീതിയിൽ തികച്ചും ലാളിത്യമാർന്ന് അന്ത്യ വിശ്രമമൊരുക്കി.

പ്രധാന രചനകൾ

[തിരുത്തുക]
  • മൻഹ ലുറവി ഫീ മനാഖിബി സയ്യിദ് അഹമ്മദ് ബദവി(മനാഖിബ്)
  • അന്നഫഹാതുൽ ജലീൽ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അൽ മമ്പുറമീ (മനാഖിബ്)
  • മവാഹിബുൽ ജലീൽ ഫീ മനാഖിബിൽ ഖുഥ്ബിസ്സയ്യിദി മുഹമ്മദ് ജമലില്ലൈൽ (മനാഖിബ്)
  • അല് ഫൈളുൽ മദീദ് ഫീ തവസ്സുലി ആലി ഐദീദ്(മനാഖിബ്)
  • ഖസീദത്തുൽ ഖുതുബിയ്യ ഫീ മദ്ഹി ഗൗസിൽ ബരിയ്യ (കാവ്യം )
  • അല് ഖസീദത്തുൽ മുസ്സമ്മാ ബിത്തുഹ്ഫതിറബീഇയ്യ ഫീ മദ്ഹി ഖൈറിൽ ബരിയ്യ(കാവ്യം )
  • ഫതാവൽ മുല്ലവി
  • തൻബീഹുൽ അനാം ഫീ തൻസീലി ദവിൽ അർറാം
  • ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതിൽ മുഹ്താജ് (കർമ്മ ശാസ്ത്രം )
  • അൽ ഖാലുൽ മുത്തസഖ് ഫീ ബയാനിൽ അഖ്വാലി വൽ ഔജുഹി വത്ത്വുറുഖ്(കർമ്മ ശാസ്ത്രം )
  • അൽ ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്ലീദ്(കർമ്മ ശാസ്ത്രം )
  • അന്നഹ്ജുൽ ഖവീം ലിമൻ യുഖല്ലിദു ഖൗലൽ ഖദീം ഫിൽ ജുമുഅ(കർമ്മ ശാസ്ത്രം )
  • തന്ബീഹുൽ ഗഫൂൽ ഫീ ദഅ്വാ അന്നന്നബി ദാവൂദ് നബിയ്യുൻ വറസൂലുൻ (വിശ്വാസ ശാസ്ത്രം)
  • റദ്ദുശ്ശറുശ്ശേരി(വിശ്വാസ ശാസ്ത്രം)
  • അൽ ബയാനുശ്ശാഫീ ഫീ ഇല്മയിൽ അറുളി വൽ ഖവാഫീ (സാഹിത്യ ശാസ്ത്രം)
  • ഇബ്റാസുൽ മുഹ്മിൽ ബിശറഹി നള്മി അലാഖാത്തിൽ മജാസിൽ മുർസൽ (സാഹിത്യ ശാസ്ത്രം)
  • ഖിസ്സതു ചേരമാൻ പെരുമാൾ (ചരിത്രം )
  • തൻഖീഹുൽ മന്തിഖ് ഫീ ശറഹി തസ്വ്രീഹിൽ മന്ത്വിഖ് (തർക്ക ശാസ്ത്രം)

മൗലാനാ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ രചനകളുടെ സമാഹാരമാണ് മജ്മൂഅത്തു റസാഇലിൽ മുല്ലവിയ്യ.ഗവേഷകനായ സി.പി ബാസിത് ഹുദവിയാണ് ഗ്രന്ഥം തയാറാക്കിയത്.

അനുസ്മരണ ഗ്രന്ഥം

[തിരുത്തുക]

പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം 2019-ൽ താനൂർ ഇസ്വ്‌ലാഹുൽ ഉലൂം അറബിക് കോളേജിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. യുവ എഴുത്തുകാരനായ സി.പി ബാസിത് ഹുദവി തിരൂരാണ് പ്രസ്തുത ഗ്രന്ഥം തയാറാക്കിയിട്ടുള്ളത്. മൗലാനാ പാങ്ങിലിനെക്കുറിച്ചുള്ള വിശദമായ പഠനങ്ങളും അദ്ദേഹത്തിന്റെ അഞ്ച് അറബി രചനകളും ചരിത്ര രേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1921 ഓഗസ്റ്റ് 16ന് കലക്ടര് ഇ.എഫ്.തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട്
  2. ഖിലാഫത്തിൽനിന്ന് നവസലഫിസത്തിലെത്തുമ്പോൾ മുജീബ് റഹ്മാൻ കിനാലൂർ മാധ്യമം ദിനപത്രം ശേഖരിച്ചത്10/2016
  3. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 1978- പു, 77,
  4. ആ വഹാബികളല്ല ഈ വഹാബികള്/ എം.എന്.കാരശ്ശേരി/ മാത്ര്ഭൂമി ആഴ്ച്ചപ്പതിപ്പ്/Feb 21-28, 2010