ഉള്ളടക്കത്തിലേക്ക് പോവുക

പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ
ദേശീയതഇന്ത്യൻ
തൊഴിൽ(s)സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ വൈസ് പ്രസിഡന്റ് , മുൻ പ്രസിഡന്റ്
അറിയപ്പെടുന്നത്സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവ് [അവലംബം ആവശ്യമാണ്]

ഇരുപതാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ചിരുന്ന പ്രശസ്ത ഇസ്ലാമിക മതപണ്ഡിതനായിരുന്നു പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‍ലിയാർ. സൂഫി, സ്വാതന്ത്ര്യ സമര സേനാനി, നിസ്സഹകരണ പ്രസ്ഥാന മുന്നേറ്റകൻ, ഖിലാഫത്ത് സഭ നേതാവ്, പ്രഭാഷകൻ , ഗ്രന്ഥകാരൻ, മുഫ്തി, കവി എന്നീ നിലകളിൽ ശോഭിച്ച ഇദ്ദേഹം പാരമ്പര്യ കേരള മുസ്ലിം മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശിൽപ്പി എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ച വ്യക്തിത്വമാണ്.

ജീവിതരേഖ

[തിരുത്തുക]

ഏറനാട്ടിലെ പാങ്ങിൽ പുത്തൻ പീടിയേക്കൽ നൂറുദ്ദീൻ, വാകോട്ടിൽ പോക്കുഹാജിയുടെ മകൾ തിത്തു എന്നവരുടെ മകനായി ഹിജ്റ 1305 ലാണ് ആറംകോട് അഹമ്മദ് ബിൻ നൂറുദ്ദീൻ എന്ന എ.പി അഹമ്മദ് ജനിക്കുന്നത്. പാങ്ങ്, പൊന്നാനി എന്നിവിടങ്ങളിലെ ദർസുകളിലെ വിദ്യാഭ്യാസ ശേഷം വെല്ലൂർ ബാഖിയാത്തിൽ പഠനം. പാങ്ങിലെ പള്ളിയിൽ അധ്യാപനം നടത്തി. പടന്ന, മണ്ണാർക്കാട്, താനൂർ എന്നിവിടങ്ങളിലായി പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

രാഷ്ട്രീയപ്രവർത്തനം

[തിരുത്തുക]

കട്ടിലശ്ശേരി മുസ്ലിയാരോടൊപ്പം നിസ്സഹകരണ പ്രസ്ഥാനത്തിൽ ഭാഗമായി, ആലി മുസ്ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ എന്നിവരോടൊപ്പം ഖിലാഫത്ത് സഭയിൽ അംഗമായി. ആമിനുമ്മാൻറകത്ത് പരീക്കുട്ടി മുസ്ലിയാർ, പുതിയാപ്പിള അബ്ദു റഹ്മാൻ മുസ്‌ലിയാർ എന്നിവരോടൊത്ത് ബ്രിട്ടീഷുകാർക്കെതിരായ പ്രചാരണത്തിൽ ഏർപ്പെട്ടു. തുടർന്ന് കൈയെഴുത്ത് പ്രതികളുടെയും, പ്രസംഗങ്ങളുടെയും പേരിൽ ബ്രിട്ടീഷ് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചപ്പോൾ ഒളിവു ജീവിതം നയിച്ചു.[1] രക്തരൂക്ഷിതമായ മലബാർ കലാപാനന്തരം അനാഥരായവർക്ക് വേണ്ടി യത്തീം ഖാന ആരംഭിച്ചു. ഓത്തു പള്ളികൾ ബ്രിട്ടീഷ് സർക്കാർ അടച്ചുപൂട്ടിയതിനെ മതപണ്ഡിതർ പതുക്കെ മദ്രസ സംവിധാനത്തിലേക്ക് മാറി. ആദ്യകാല ഇസ്‌ലാമിക പ്രസിദ്ധീകരണമായ അൽബയാൻ മാസികയുടെ കർത്താവും മുസ്‌ലിയാർ ആണ്.

സമസ്ത രൂപീകരണം

[തിരുത്തുക]

കോൺഗ്രസ് ഖിലാഫത്ത് പ്രവർത്തകരെ വഞ്ചിച്ചു എന്ന് വിശ്വസിച്ചതിനാൽ കലാപാനന്തരം കോൺഗ്രെസ്സുമായുള്ള സഹവാസത്തിനു അറുതി വരുത്തിയ പാങ്ങിൽ മതരംഗത്ത് മാത്രമായി പ്രവർത്തന മണ്ഡലമൊതുക്കി. ബ്രിട്ടീഷ് സർക്കാർ അടച്ചു പൂട്ടിയ ദർസുകളും ഓത്തുപള്ളികൾക്ക് പകരം മദ്രസകൾ ആരംഭിക്കാനും , നിരോധനമേർപ്പെടുത്തിയ നേർച്ചകൾ, റാത്തേബുകൾ പോലുള്ള ആചാരാനുഷ്ടാന്തങ്ങൾ പുനസംഘടിപ്പിക്കാനും പരിശ്രമിച്ചു. മലബാർ കലാപത്തിന് ശേഷം കൊടുങ്ങലൂർ കേന്ദ്രമാക്കി മുസ്ലിം നവോത്ഥാന നായകർ ഉദയം ചെയ്തു. യാഥാസ്ഥിതിക പൗരോഹിത്യ ആചാരാനുഷ്ടാനങ്ങളെ എതിർത്തും വിദ്യാഭ്യാസ പരിഷ്കരണം നടത്തിയുമൊക്കെയാണ്[2][3] നവോത്ഥാനനായകരുടെ ഉദയം[4]. മലബാറിലുള്ള യാഥാസ്ഥിതിക പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി പരിഷകർത്താക്കളെ നേരിടാനായി പാങ്ങിൽ ഉത്സാഹിച്ചു.

പാങ്ങിൽ അഹ്മദ് മുസ്ലിയാർ പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ ബാരി മുസ്‌ലിയാർ എന്നിവർ പാരമ്പര്യ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടുകയും ജംഇയത്തുൽ ഉലമയെന്ന പണ്ഡിത സഭ രൂപീകരിക്കുകയും ചെയ്തു എന്നാൽ നവോത്ഥാന കൂട്ടായ്മക്കാർ ഈ പേര് ആദ്യമേ രെജിസ്റ്റർ ചെയ്തായിരുന്നതിനാൽ നിയമ നടപടികൾ ഭയന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേര് സ്വീകരിച്ചു. 1926 ലാണ് സമസ്തയെന്ന പേരിൽ പാരമ്പര്യ മുസ്ലിം സംഘടനാ രെജിസ്റ്റർ ചെയ്യുന്നത്.

പരിഷ്കർത്താക്കളെ എതിർക്കാനായി സർക്കാർ വിരുദ്ധത ഉപേക്ഷിക്കണമെന്ന് യാഥാസ്ഥിതിക പണ്ഡിതന്മാർ പലരും ആവശ്യപ്പെടാൻ തുടങ്ങി. 1933 ലെ സമസ്തയോഗം ഇത്തരത്തിലുള്ള ബ്രിട്ടീഷ് അനുകൂല പ്രമേയം പാസാക്കി. ഇതിനെ തുടർന്ന് സർക്കാർ വേട്ടയാടലുകൾക്ക് അറുതി വന്നു. യോഗത്തിൽ പങ്കെടുത്ത പാങ്ങിൽ മുസ്ലിയാർ യോഗ തീരുമാനങ്ങളെ എതിർത്തിരുന്നില്ല. സർക്കാർ വേട്ടയാടലുകൾ അവസാനിപ്പിച്ചതിനെ തുടർന്ന് മലയാറിലും തിരുകൊച്ചി തിരുവിതാംകൂർ രാജ്യങ്ങളിലും ഒട്ടേറെ പൊതുയോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുകയും അവിടെയൊക്കെയും പാരമ്പര്യ വാദികൾക്ക് മേധാവിത്യം ഉറപ്പു വരുത്തുകയും ചെയ്തു.

വിയോഗം

[തിരുത്തുക]

1946 നവംബർ 19 അന്തരിച്ച മുസ്‌ലിയാരെ പാങ്ങിൽ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ മറവുചെയ്തു.

പ്രധാന രചനകൾ

[തിരുത്തുക]
  • മൻഹ ലുറവി ഫീ മനാഖിബി സയ്യിദ് അഹമ്മദ് ബദവി(മനാഖിബ്)
  • അന്നഫഹാതുൽ ജലീൽ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അൽ മമ്പുറമീ (മനാഖിബ്)
  • മവാഹിബുൽ ജലീൽ ഫീ മനാഖിബിൽ ഖുഥ്ബിസ്സയ്യിദി മുഹമ്മദ് ജമലില്ലൈൽ (മനാഖിബ്)
  • അല് ഫൈളുൽ മദീദ് ഫീ തവസ്സുലി ആലി ഐദീദ്(മനാഖിബ്)
  • ഖസീദത്തുൽ ഖുതുബിയ്യ ഫീ മദ്ഹി ഗൗസിൽ ബരിയ്യ (കാവ്യം )
  • അല് ഖസീദത്തുൽ മുസ്സമ്മാ ബിത്തുഹ്ഫതിറബീഇയ്യ ഫീ മദ്ഹി ഖൈറിൽ ബരിയ്യ(കാവ്യം )
  • ഫതാവൽ മുല്ലവി
  • തൻബീഹുൽ അനാം ഫീ തൻസീലി ദവിൽ അർറാം
  • ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതിൽ മുഹ്താജ് (കർമ്മ ശാസ്ത്രം )
  • അൽ ഖാലുൽ മുത്തസഖ് ഫീ ബയാനിൽ അഖ്വാലി വൽ ഔജുഹി വത്ത്വുറുഖ്(കർമ്മ ശാസ്ത്രം )
  • അൽ ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്ലീദ്(കർമ്മ ശാസ്ത്രം )
  • അന്നഹ്ജുൽ ഖവീം ലിമൻ യുഖല്ലിദു ഖൗലൽ ഖദീം ഫിൽ ജുമുഅ(കർമ്മ ശാസ്ത്രം )
  • തന്ബീഹുൽ ഗഫൂൽ ഫീ ദഅ്വാ അന്നന്നബി ദാവൂദ് നബിയ്യുൻ വറസൂലുൻ (വിശ്വാസ ശാസ്ത്രം)
  • റദ്ദുശ്ശറുശ്ശേരി(വിശ്വാസ ശാസ്ത്രം)
  • അൽ ബയാനുശ്ശാഫീ ഫീ ഇല്മയിൽ അറുളി വൽ ഖവാഫീ (സാഹിത്യ ശാസ്ത്രം)
  • ഇബ്റാസുൽ മുഹ്മിൽ ബിശറഹി നള്മി അലാഖാത്തിൽ മജാസിൽ മുർസൽ (സാഹിത്യ ശാസ്ത്രം)
  • ഖിസ്സതു ചേരമാൻ പെരുമാൾ (ചരിത്രം )
  • തൻഖീഹുൽ മന്തിഖ് ഫീ ശറഹി തസ്വ്രീഹിൽ മന്ത്വിഖ് (തർക്ക ശാസ്ത്രം)

മൗലാനാ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ രചനകളുടെ സമാഹാരമാണ് മജ്മൂഅത്തു റസാഇലിൽ മുല്ലവിയ്യ.ഗവേഷകനായ സി.പി ബാസിത് ഹുദവിയാണ് ഗ്രന്ഥം തയാറാക്കിയത്.

അനുസ്മരണ ഗ്രന്ഥം

[തിരുത്തുക]

പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം 2019-ൽ താനൂർ ഇസ്വ്‌ലാഹുൽ ഉലൂം അറബിക് കോളേജിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. യുവ എഴുത്തുകാരനായ സി.പി ബാസിത് ഹുദവി തിരൂരാണ് പ്രസ്തുത ഗ്രന്ഥം തയാറാക്കിയിട്ടുള്ളത്. മൗലാനാ പാങ്ങിലിനെക്കുറിച്ചുള്ള വിശദമായ പഠനങ്ങളും അദ്ദേഹത്തിന്റെ അഞ്ച് അറബി രചനകളും ചരിത്ര രേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1921 ഓഗസ്റ്റ് 16ന് കലക്ടര് ഇ.എഫ്.തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട്
  2. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 1978- പു, 77,
  3. ആ വഹാബികളല്ല ഈ വഹാബികള്/ എം.എന്.കാരശ്ശേരി/ മാത്ര്ഭൂമി ആഴ്ച്ചപ്പതിപ്പ്/Feb 21-28, 2010
  4. ഖിലാഫത്തിൽനിന്ന് നവസലഫിസത്തിലെത്തുമ്പോൾ മുജീബ് റഹ്മാൻ കിനാലൂർ മാധ്യമം ദിനപത്രം ശേഖരിച്ചത്10/2016