Jump to content

ന്യൂട്രിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ന്യൂട്രിനോ
ഘടകങ്ങൾഅടിസ്ഥാനകണം
മൗലിക കണത്തിൻ്റെ തരംഫെർമിയോൺ
പ്രതിപ്രവർത്തനങ്ങൾക്ഷീണബലം, ഗുരുത്വാകർഷണബലം
പ്രതീകംError no symbol defined, Error no symbol defined, Error no symbol defined
പ്രതികണംആന്റിന്യൂട്രിനോ
സാന്നിധ്യം പ്രവചിച്ചത്വുൾഫ്ഗാങ് പോളി (1930-ൽ)
കണ്ടെത്തിയത്1956 by Clyde Cowan, Frederick Reines, F. B. Harrison, H. W. Kruse, and A. D. McGuire.
തരങ്ങൾ3:
ഇലക്ട്രോൺ ന്യൂട്രിനോ
മ്യൂഓൺ ന്യൂട്രിനോ
ടൗ ന്യൂട്രിനോ
പിണ്ഡംപൂജ്യമല്ല, (പിണ്ഡവും പ്രവേഗവും) കാണുക
വൈദ്യുത ചാർജ്0
കളർ ചാർജ്0
ചക്രണം½
ചക്രണ നിലകൾ?

വൈദ്യുത ചാർജ്ജ് ഇല്ലാത്തതും പിണ്ഡം വളരെക്കുറവായതും പ്രകാശവേഗത്തിനു അടുത്തുള്ള വേഗതയിൽ സഞ്ചരിക്കുന്നതുമായ ഒരു അടിസ്ഥാന കണിക ആണ് ന്യൂട്രിനോ. ഫെർമിയോൺ കുടുംബത്തിൽപ്പെട്ട ഒരു ലെപ്ടോൺ ആണിത്. സാധാരണ ദ്രവ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ വളരെക്കുറച്ചു മാത്രമേ മാറ്റം സംഭവിക്കുന്നുള്ളൂ എന്നതിനാൽ ന്യൂട്രിനോയെ കണ്ടെത്താൻ വളരെ പ്രയാസമാണ്. ഗ്രീക്ക് അക്ഷരമായ ' ν 'ആണ് ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. ന്യൂട്രിനോകൾ മൂന്നു തരമുണ്ട് : ഇലക്ട്രോൺ ന്യൂട്രിനോ(νe), മ്യൂഓൺ ന്യൂട്രിനോ(νμ), ടൗ ന്യൂട്രിനോ(ντ). ഇവയിലോരോന്നിനും പ്രതികണങ്ങളായ ആന്റിന്യൂട്രിനോകളുമുണ്ട്.

ചരിത്രം

[തിരുത്തുക]

1930 ൽ വുൾഫ് ഗാങ്ങ് പോളി ആണ് ന്യൂട്രിനോയുടെ സാന്നിദ്ധ്യം പ്രവചിച്ചത്. ബീറ്റക്ഷയം നടക്കുന്ന വേളയിൽ ഊർജ്ജസംരക്ഷണനിയമവും ആവേഗസംരക്ഷണനിയമവും കോണീയആവേഗ സംരക്ഷണനിയമവും സംരക്ഷിക്കപ്പെടണമെങ്കിൽ പിണ്ഡമില്ലാത്ത ഒരു കണിക കൂടി അണുകേന്ദ്രത്തിൽ നിന്നും പുറത്തു വന്നേ തീരൂ എന്ന് പോളി പ്രവചിച്ചു. പിന്നീട് ഈ കണത്തെ കണ്ടെത്തുകയും ചെയ്തു. എന്നാൽ അത് പോളി കരുതിയപോലെ ന്യൂട്രിനോ ആയിരുന്നില്ല. ആന്റിന്യൂട്രിനോ എന്ന കണമായിരുന്നു അത്. 1956 ൽ ക്ലയിഡ് കൌൺസും ഫ്രഡറിക്ക് റെയിൻസും സഹപ്രവർത്തകരുമാണ് ന്യൂട്രിനോയുടെ അസ്തിത്വം തെളിയിച്ചത്.

പിണ്ഡവും പ്രവേഗവും

[തിരുത്തുക]

ന്യൂട്രിനോകൾക്ക് പിണ്ഡമില്ല എന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതപ്പെട്ടത്. പിണ്ഡമില്ലാത്ത വസ്തുക്കളെല്ലാം പ്രകാശപ്രവേഗത്തിൽ സഞ്ചരിക്കണം എന്നുള്ളതിനാൽ ന്യൂട്രിനോകളുടെ പ്രവേഗം പ്രകാശപ്രവേഗമാണെന്നും കരുതപ്പെട്ടു. എന്നാൽ ന്യൂട്രിനോ ആന്ദോളനം എന്ന പ്രക്രിയ നടക്കണമെന്നുണ്ടെങ്കിൽ ന്യൂട്രിനോകൾക്ക് പിണ്ഡം ഉണ്ടായിരിക്കണമെന്നുണ്ട്. 1998-ൽ സൂപ്പർ-കാമിയോകാൻഡെ പരീക്ഷണത്തിലൂടെ ന്യൂട്രിനോ ആന്ദോളനം സ്ഥിതീകരിക്കപ്പെട്ടു. അതിനാൽ ന്യൂട്രിനോകൾക്ക് പിണ്ഡമുണ്ട് എന്നു വന്നു. പിണ്ഡമുള്ള ഏതൊരു വസ്തുവിന്റെയും പ്രവേഗം ശൂന്യതയിലെ പ്രകാശപ്രവേഗത്തെക്കാൾ കുറവായിരിക്കണം എന്നതിനാൽ ന്യൂട്രിനോകളുടെ പ്രവേഗം പ്രകാശപ്രവേഗത്തെക്കാൾ കുറവാണെന്നും വന്നു.

ന്യൂട്രിനോ സ്രോതസ്സുകൾ

[തിരുത്തുക]
ബബിൾ ചേംബറിൽ ഒരു ന്യൂട്രിനോ പ്രോട്ടോണുമായി കൂട്ടിയിടിക്കുന്നതിന്റെ ചിത്രീകരണം.

ന്യൂട്രിനോകൾ പ്രധാനമായും സൃഷ്ടിക്കപ്പെടുന്നത് ന്യൂക്ലിയാർ പ്രവർത്തനങ്ങളിലൂടെയാണ്. ന്യൂക്ലിയാർ റിയാക്ടറുകളാണ് മനുഷ്യനിർമ്മിത ന്യൂട്രിനോകളുടെ പ്രഭവകേന്ദ്രം. ന്യൂട്രിനോയുടെ പ്രതികണമായ ആന്റിന്യൂട്രിനോ ആണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. അന്തരീക്ഷത്തിലെ കണങ്ങളുമായി കോസ്മിക് രശ്മികൾ പ്രതിപ്രവർത്തിക്കുന്നതിലൂടെയും ന്യൂട്രിനോകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കോസ്മിക്ക് രശ്മികളുടെ പ്രതിപ്രവർത്തന ഫലമായുണ്ടാകുന്ന പുതിയ കണങ്ങൾ പലതും അസ്ഥിരമാണ്. ഈ അസ്ഥിരകണങ്ങൾ ക്ഷയിക്കുമ്പോൾ ന്യൂട്രിനോകൾ പുറത്തുവരുന്നു.
സൂര്യനിലെ ന്യൂക്ലിയാർ സംലയനം ന്യൂട്രിനോകളുടെ മറ്റൊരു പ്രഭവകേന്ദ്രമാണ്. കോടിക്കണക്കിന് ന്യൂട്രിനോകളാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്. സൗരന്യൂട്രിനോകൾ ഭൂമിയിലൂടെ നിരന്തരം കടന്നുപോകുന്നുണ്ട്. ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിലൂടെ കോടിക്കണക്കിന് ന്യൂട്രിനോകൾ കടന്നു പോകുന്നു എന്നാണ് വയ്പ്പ്. ഒരു ചതുരശ്ര സെന്റിമീറ്ററിലൂടെ ഒരു സെക്കന്റിൽ 65 ബില്യൺ ന്യൂട്രിനോകളാണ് ഭൂമിയിലൂടെ കടന്നുപോകുന്നത്. മറ്റു കണങ്ങളുമായും ദ്രവ്യവുമായും പ്രതിപ്രവർത്തിക്കാൻ ന്യൂട്രിനോകൾ കാണിക്കുന്ന വിമുഖതയാണ് ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഏറ്റവും വലിയ തടസ്സം. സൂര്യന്റെ അന്തർഭാഗത്തെക്കുറിച്ച് അറിവ് ലഭിക്കാൻ സൗരന്യൂട്രിനോകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു. മറ്റു നക്ഷത്രങ്ങളിൽ നിന്നും ന്യൂട്രിനോകൾ എത്തുന്നുണ്ട്. സൂര്യനിൽ നടക്കുന്ന അതേ പ്രക്രിയകളാണ് ഇതിനും കാരണം. അതിശക്തമായ ന്യൂട്രിനോ പ്രഭവ കേന്ദ്രങ്ങളാണ് സൂപ്പർനോവകൾ. സൂപ്പർനോവയുടെ സാന്നിദ്ധ്യം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് അതിൽ നിന്നും വരുന്ന ന്യൂട്രിനോകളെക്കുറിച്ച് പഠിക്കുക എന്നത്[1]. ബിഗ് ബാങ് കാലഘട്ടത്തിലെ ന്യൂട്രിനോകളും ഇന്ന് പഠനാർഹമായ ഒരു വിഷയമാണ്.

അവലംബം

[തിരുത്തുക]
  1. http://hep.bu.edu/~superk/gc.html
"https://ml.wikipedia.org/w/index.php?title=ന്യൂട്രിനോ&oldid=3502271" എന്ന താളിൽനിന്ന് ശേഖരിച്ചത്