Jump to content

നോളി മെ താങ്കറെ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'നോളി'-യുടെ ആദ്യപതിപ്പിന്റെ പുറംചട്ട
ദീർഘകാലം റിസാലിന്റെ കാമുകിയായിരുന്ന ലിയോനോർ റിവേരയുടെ, റിസാൽ വരച്ച ചിത്രം. 'നോളി'-യിലെ നായിക മരിയ ക്ലാരയുടെ മാതൃക ഇവർ ആണെന്നു കരുതപ്പെടുന്നു

പത്തൊൻപതാം നൂറ്റാണ്ടിലെ ഫിലിപ്പീൻ ദേശീയവാദിയും എഴുത്തുകാരനുമായ ഹോസെ റിസാലിന്റെ(Jose Rizal/1861-96) മുഖ്യരചനയാണ് നോളി മേ താങ്കറെ (Noli me Tangare) എന്ന നോവൽ. സ്പാനിഷ് കോളനിയുഗത്തിൽ ഫിലിപ്പീൻസിലെ ഭരണഭാഷയും ബൗദ്ധികമാദ്ധ്യമവും ആയിരുന്ന സ്പാനിഷിലാണ് മൂലരചന എങ്കിലും ഇക്കാലത്ത് ഈ കൃതി ഫിലിപ്പീൻസിൽ വായിക്കപ്പെടുന്നത് ഇംഗ്ലീഷിലോ ടാഗലോഗിലോ ഇതര ദേശീയഭാഷകളിലോ ഉള്ള പരിഭാഷകളിലാണ്. 'നോളി'-യും അതിനെ പിന്തുടർന്നെഴുതിയ രണ്ടാമത്തെ നോവലായ "എൽ ഫിലിബസ്റ്റെറിസ്മോ"-യും (El filibusterismo) ഫിലിപ്പീൻസ് ദ്വീപുകളിലാകെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ അവശ്യവായനയാണ്.

ഫിലിപ്പീൻസിൽ സ്പെയിനിന്റെ കോളനിഭരണത്തിന്റേയും അതിനു കീഴിലുള്ള വൈദേശികസന്യാസിവാഴ്ചയുടേയും തുറന്നുകാട്ടലായിരുന്നു ഈ കൃതി. 1887-ൽ ജർമ്മനിയിൽ ബെർലിൻ നഗരത്തിൽ വച്ച് അത് എഴുതിത്തീർക്കുമ്പോൾ റിസാലിന് 26 വയസ്സുണ്ടായിരുന്നു. അത് അദ്ദേഹത്തെ കോളണിഭരണകൂടത്തിന്റേയും കത്തോലിക്കാ സന്യാസ സമൂഹങ്ങളുടേയും ശത്രുവാക്കി. ഫിലിപ്പീൻസിൽ ലഗൂണയിലെ കളാംബയിൽ ഡോമിനിക്കൻ സന്യാസഭവനങ്ങൾ ഉടമസ്ഥത അവകാശപ്പെട്ട ഭൂമിയിൽ പാട്ടക്കൃഷിക്കാരായിരുന്നു റിസാലിന്റെ വീട്ടുകാർ. നോവലിൽ പ്രകടിപ്പിച്ച നിലപാടുകൾ മൂലമുണ്ടായ സന്യാസഭവനങ്ങളുടെ ശത്രുത അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രശ്നങ്ങൾ സൃഷ്ടിച്ചു. തെക്കൻ ഫിലിപ്പീൻസിൽ മിന്ദനാവോ ദ്വീപിന്റെ ഭാഗമായ ദാപ്പിത്താനിലേക്കുള്ള നാടുകടത്തലിലാണ് ഇതു കലാശിച്ചത്.[1]

പിന്നീട് ഫിലിപ്പീൻസിൽ കോളനിഭരണത്തിനെതിരായ കാത്തിപ്പൂനാൻ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, കോളനിഭരണം നോളിയുടെ കർത്താവായ റിസാലിനെ അതിന്റെ പ്രേരകശക്തിയായി കരുതി. ഇത് റിസാലിന്റെ വിചാരണയിലേക്കും 1896-ൽ അദ്ദേഹത്തിന്റെ വധശിക്ഷയിലേക്കും നയിച്ചു. റിസാലിന്റെ വധത്തെ തുടർന്നുണ്ടായ ദേശീയബോധം ഫിലിപ്പീൻസിലെ സ്പാനിഷ് ഭരണത്തിന്റെ അന്ത്യത്തിനു വഴിയൊരുക്കുകയും ചെയ്തു.[2]

നോളി മെ താങ്കറെ എന്ന ഗ്രന്ഥനാമത്തിന്, ലത്തീൻ ഭാഷയിൽ "എന്നെ സ്പർശിക്കരുത്" എന്നാണർത്ഥം. യോഹന്നാന്റെ സുവിശേഷം 20-ആമദ്ധ്യായം 17-ആം വാക്യത്തെ ആശ്രയിച്ചാണത്. ഉയിർന്നേറ്റ യേശു മഗ്ദലനമറിയത്തിനു പ്രത്യക്ഷപ്പെടുന്ന സന്ദർഭത്തിലെ വാക്യമാണത്. "എന്നെ സ്പർശിക്കരുത്, ഞാൻ ഇനിയും പിതാവിന്റെ അടുത്തേക്ക് ഉയർന്നിട്ടില്ല" എന്നാണു സുവിശേഷവാക്യം.[3]

കോളനിഭരണത്തിനു കീഴിൽ ഫിലിപ്പീൻസിന്റെ രോഗാവസ്ഥയെ എടുത്തുകാട്ടുകയായിരുന്നു ഗ്രന്ഥനാമം. ഇംഗ്ലീഷിൽ നോവലിന്റെ ആദ്യകാലപരിഭാഷകൾ മൂലശീർഷകത്തിന്റെ പ്രതീകപ്രാധാന്യം അവഗണിച്ച് An Eagle Flight, The Social Cancer തുടങ്ങിയ പേരുകളിലാണ് പുറത്തിറങ്ങിയത്. എന്നാൽ പിന്നീടുള്ള പരിഭാഷകൾ മൂലഗ്രന്ഥത്തിന്റെ പേരു തന്നെ സ്വീകരിച്ചു. "നോളി മെ താങ്കറെ" എന്ന പ്രയോഗം നേത്രവൈദ്യന്മാർ കൺപോളയെ ബാധിക്കുന്ന അർബുദത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നെന്ന് ദീർഘകാലം റിസാലിന്റെ തൂലികാസുഹൃത്തായിരുന്ന ഓസ്ട്രിയൻ എഴുത്തുകാരൻ ഫെർഡിനാന്റ് ബ്ലൂമെൻട്രിറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നേത്രവൈദ്യനായിരുന്ന റിസാലിനെ ഗ്രന്ഥത്തിനു പേരിടുന്നതിൽ ഈ വസ്തുത സ്വാധീനിച്ചിരിക്കാനുള്ള സാദ്ധ്യത നോവലിനു ഗ്രന്ഥകാരൻ എഴുതിയ സമർപ്പണത്തിൽ ചില വായനക്കാർ കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. The First Philipini, എന്ന പേരിൽ ലിയോൺ മരിയ ഗിയെരോര എഴുതിയ റിസാലിന്റെ ജീവചരിത്രം
  2. 'നോളി'-യുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കെഴുതിയ ആമുഖത്തിൽ പരിഭാഷകൻ ലിയോൺ മരിയ ഗുയെരേരോ "Two Novels that made a revolution"
  3. "John 20 (King James Version)"
"https://ml.wikipedia.org/w/index.php?title=നോളി_മെ_താങ്കറെ_(നോവൽ)&oldid=2153428" എന്ന താളിൽനിന്ന് ശേഖരിച്ചത്