Jump to content

നുസ്ലി വാഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നുസ്ലി വാഡിയ
ജനനം (1944-02-15) 15 ഫെബ്രുവരി 1944  (80 വയസ്സ്)
തൊഴിൽവ്യവസായി
ജീവിതപങ്കാളി(കൾ)മൗറീൻ വാഡിയ
കുട്ടികൾനെസ് വാഡിയ
ജഹാംഗീർ വാഡിയ
മാതാപിതാക്ക(ൾ)
കുടുംബംവാദിയ കുടുംബം കൂടാതെ ജിന്ന കുടുംബം

നുസ്ലി നെവിൽ വാഡിയ (ജനനം: 15 ഫെബ്രുവരി 1944) ശതകോടീശ്വരനായ ഒരു ഇന്ത്യൻ വ്യവസായിയും എഫ്എംസിജി, ടെക്സ്റ്റൈൽസ്, റിയൽ എസ്റ്റേറ്റ് തുടങ്ങി മറ്റ് വ്യവസായ മേഖലകളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ വാഡിയ ഗ്രൂപ്പിന്റെ ചെയർമാനാണ്.[1] 2021 ഓഗസ്റ്റിൽ ഫോർബ്സ് അദ്ദേഹത്തിന്റെ ആസ്തി 4.1 ബില്യൺ യുഎസ് ഡോളറായി കണക്കാക്കിയിരുന്നു.[2]

സ്വകാര്യ ജീവിതം[തിരുത്തുക]

മുംബൈയിലെ പ്രമുഖ പാർസി വാഡിയ കുടുംബത്തിലാണ് നുസ്ലി വാഡിയ ജനിച്ചത്. വ്യവസായിയായ നെവിൽ വാഡിയയുടെയും മുഹമ്മദാലി ജിന്നയുടെ മകൾ ദിന വാഡിയയുടെയും മകനാണ്.

അറിയപ്പെടുന്ന ഒരു വസ്ത്ര വ്യവസായിയായിരുന്ന അദ്ദേഹത്തിന്റെ പിതാമഹൻ സർ നെസ് വാഡിയ, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബോംബെ നഗരത്തെ ലോകത്തിലെ ഏറ്റവും വലിയ പരുത്തി വ്യാപാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. യോർക്ക്ഷെയറിൽ നിന്നുള്ള എവ്‌ലിൻ ക്ലാര പവൽ എന്ന ഇംഗ്ലീഷ് വനിതയായിരുന്നു നുസ്ലിയുടെ പിതാവ് വഴിയുള്ള മുത്തശ്ശി. അദ്ദേഹത്തിന്റെ മാതൃ മുത്തച്ഛനായ മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാൻ സ്ഥാപകനും അതേസമയം മാതൃ മുത്തശ്ശി രത്തൻബായ് പെറ്റിറ്റ് ഇന്ത്യയിലെ ഉന്നത പാഴ്സി കുടുംബങ്ങളിലൊന്നായ പെറ്റിറ്റ് കുടുംബത്തിൽ ജനിച്ച വനിതയുമായിരുന്നു. പിതാവ് യുകെയിൽ ജനിച്ചതിനാൽ അദ്ദേഹം ഒരിക്കൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നു. മുംബൈയിലെ കത്തീഡ്രൽ ആൻറ് ജോൺ കോണൺ സ്കൂളിലായിരുന്നു വാഡിയയുടെ വിദ്യാഭ്യാസം. ഇംഗ്ലണ്ടിലെ റഗ്ബി സ്‌കൂളിലും അദ്ദേഹം വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്. പിന്നീട് ഫ്ലോറിഡ സർവ്വകലാശാലയിൽനിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടി.[3] ഗ്ലാഡ്രാഗ്സ് മാസികയുടെ മേധാവിയും മിസിസ് ഇന്ത്യ സൗന്ദര്യമത്സരത്തിന്റെ സംഘാടകരിലൊരാളുമായ മുൻ എയർ ഹോസ്റ്റസ് മൗറീൻ വാഡിയയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് നെസ് വാഡിയ, ജഹാംഗീർ വാഡിയ എന്നീ രണ്ട് ആൺമക്കളുണ്ട്.[4]

2004-ൽ വാഡിയ തന്റെ മാതാവ് ദിന, മക്കളായ നെസ്, ജെഹാംഗീർ എന്നിവരോടൊപ്പമുള്ള പാകിസ്ഥാൻ സന്ദർശന വേളയിൽ കറാച്ചിയിലെ തൻറെ മുത്തച്ഛൻ മുഹമ്മദ് അലി ജിന്നയുടെയും മുത്തശ്ശി ഫാത്തിമ ജിന്നയുടെയും ശവകുടീരം സന്ദർശിച്ചിരുന്നു.[5]

കരിയർ[തിരുത്തുക]

1962-ൽ സ്പ്രിംഗ് മില്ലുകളിൽ ട്രെയിനിയായി നുസ്ലി വാഡിയ പിതാവിൻറെ കമ്പനിയായ ബോംബെ ഡൈയിങ്ങിൽ പ്രവേശിച്ചു. 1970-ൽ നുസ്ലി കമ്പനിയുടെ മാനേജിംഗ് ജോയിന്റ് ഡയറക്ടറായി നിയമിതനായി. 1971-ൽ, ആർ.പി. ഗോയങ്കയ്ക്ക് കമ്പനി വിൽക്കാനും വിദേശത്തേക്ക് പോകാനും പിതാവ് പദ്ധതിയിടുന്നതായി നുസ്ലി അറിഞ്ഞു. അന്ന് നസ്ലിക്ക് കേവലം 26 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മാത്രമല്ല കമ്പനി നടത്താനുള്ള സ്വന്തം അഭിലാഷങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മ, സഹോദരി, സുഹൃത്തുക്കൾ, തന്റെ ഉപദേഷ്ടാവ് ജെ.ആർ.ഡി ടാറ്റ എന്നിവരുടെ സഹായത്തോടെ അദ്ദേഹം കമ്പനിയുടെ 11 ശതമാനം ഓഹരികൾ ശേഖരിക്കാൻ തുടങ്ങുകയും വിൽപ്പന തടയുന്നതിനായി ജീവനക്കാരോട് അവരുടെ സമ്പാദ്യം ശേഖരിക്കാനും ഓഹരികൾ വാങ്ങാനും പ്രേരിപ്പിച്ചു. തുടർന്ന് നസ്ലി ലണ്ടനിലേക്ക് പറക്കുകയും, അവിടെ കരാർ തയ്യാറാക്കിക്കൊണ്ടിരുന്ന പിതാവിനോട്, കമ്പനി വിൽക്കുകയോ വിദേശത്ത് കുടിയേറുകയോ ചെയ്യരുതെന്ന് ബോധ്യപ്പെടുത്തി. 1977ൽ നസ്‌ലി തന്റെ പിതാവിന്റെ പിൻഗാമിയെന്ന നിലയിൽ കമ്പനിയുടെ ചെയർമാനായി.

ടാറ്റ മോട്ടോഴ്‌സിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതിന് ശേഷം രത്തൻ ടാറ്റയ്ക്കും അദ്ദേഹത്തിന്റെ ടാറ്റ ഗ്രൂപ്പിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് 2016 ൽ വാഡിയ പ്രഖ്യാപിച്ചു.[6] 2016–19 കാലയളവിൽ, വിചാരണ നടന്നുകൊണ്ടിരിക്കുമ്പോൾ, വാഡിയയുടെ ആസ്തി 3.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 7 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. വാഡിയയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന ടാറ്റയുടെ പ്രസ്താവനയെ തുടർന്ന് 2020 ജനുവരിയിൽ വാഡിയ മാനനഷ്ടക്കേസ് പിൻവലിച്ചു.[7][8]

അവലംബം[തിരുത്തുക]

  1. "Nusli Neville Wadia Executive Profile & Biography". Bloomberg. Archived from the original on 13 January 2018. Retrieved 18 September 2014.
  2. "Nusli Wadia". Forbes (in ഇംഗ്ലീഷ്). Archived from the original on 3 August 2020. Retrieved 18 February 2020.
  3. Cover, Story (31 August 1989). "'Why should I be a threat?' - Interview with Nusli Wadia". India Today. Archived from the original on 29 November 2016. Retrieved 28 November 2016.
  4. Singh, Rohini (13 July 2009). "I want to consolidate: Nusli Wadia". Economic Times. Archived from the original on 26 December 2018. Retrieved 13 July 2009.
  5. "Dina Wadia visits mausoleum of Quaid". DAWN.COM (in അമേരിക്കൻ ഇംഗ്ലീഷ്). 27 March 2004. Archived from the original on 13 November 2017. Retrieved 12 January 2018.
  6. "Nusli Wadia To Go Ahead With Defamation Cases Against Tatas". Businessworld (in ഇംഗ്ലീഷ്). 1 December 2016. Archived from the original on 6 July 2019.
  7. Sharma, Prathma (13 January 2020). "Nusli Wadia withdraws criminal defamation suit against Ratan Tata". Livemint (in ഇംഗ്ലീഷ്). Archived from the original on 14 January 2020. Retrieved 16 January 2020.
  8. Rautray, Samanwaya (14 January 2020). "Nusli Wadia to withdraw defamation cases against Ratan Tata". The Economic Times. Archived from the original on 19 June 2020. Retrieved 11 May 2020.
"https://ml.wikipedia.org/w/index.php?title=നുസ്ലി_വാഡിയ&oldid=3980233" എന്ന താളിൽനിന്ന് ശേഖരിച്ചത്