നിപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു പുരാതന മെസൊപ്പൊട്ടേമിയൻ നഗരമാണ് നിപൂർ. പുരാതന നിപൂർ നഗരപ്രദേശത്താണ് ഇപ്പോൾ ആധുനിക നിഫർ (നൂഫർ) [Niffer (Nuffar)] നഗരം സ്ഥിതിചെയ്യുന്നത്. ബാഗ്ദാദിന് 160 കിലോമീറ്റർ തെക്കു കിഴക്കാണ് നിഫർ നഗരത്തിന്റെ സ്ഥാനം. ബാബിലോണിന് അല്പം തെക്ക് കിഴക്കായി യൂഫ്രട്ടീസ് നദിക്കരയിലായിരുന്നു ഏറെ പരിപാവനത കല്പിക്കപ്പെട്ടിരുന്ന പുരാതന നിപൂർനഗരം സ്ഥിതിചെയ്തിരുന്നത്. പുരാതന മെസൊപ്പൊട്ടേമിയയുടെ മത-സാംസ്കാരിക മേഖലകളിലേക്ക് വെളിച്ചം വീശുന്ന ധാരാളം പുരാവസ്തുക്കൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. നദിയുടെ എക്കൽത്തടത്തിൽ ഉയർന്നു നിൽക്കുന്ന ചെറുകുന്നുകൾ പോലെയാണ് നഗരാവശിഷ്ടങ്ങൾ കാണപ്പെടുന്നത്. 1889 മുതൽ ഇവിടെ പുരാവസ്തു ഗവേഷണങ്ങൾ ആരംഭിച്ചു. പെൻസിൽവാനിയ സർവകലാശാലയും ഷിക്കാഗോ സർവകലാശാലയുമാണ് ഈ ഗവേണഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

നഗരവത്കരണം[തിരുത്തുക]

മെസൊപ്പൊട്ടേമിയയിൽ നഗരവത്കരണം ആരംഭിച്ചകാലം മുതൽതന്നെ നിപൂർ നഗരത്തിന് ഒരു മതകേന്ദ്രമെന്നനിലയിൽ പ്രാധാന്യം ലഭിച്ചു തുടങ്ങിയിരുന്നു. ബി.സി. 17-ആം നൂറ്റാണ്ടുവരെയും നഗരത്തിന് ഈ പ്രാധാന്യം നിലനിർത്താനായി എന്നാണ് പുരാരേഖകൾ വ്യക്തമാക്കുന്നത്. നഗര രാഷ്ട്രങ്ങൾ നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ ഉറുക് (Uruk), ഉർ (Ur), അക്കാദ് (Akkad), ഇസിൻ (Isin), ലാർസ (Larsa) തുടങ്ങിയ നഗര രാഷ്ട്രങ്ങളായിരുന്നു മാറി മാറി നിപൂർ നഗരത്തിനുമേൽ ആധിപത്യം നേടിയത്. ബി.സി. 14-ആം നൂറ്റാണ്ടിൽ കൊടുങ്കാറ്റിന്റെ ദേവനായി സങ്കല്പിക്കപ്പെടുന്ന എൻലിലി(Enlil)ന്റെ ആസ്ഥാനം ഈ നഗരമായിരുന്നു.

നിപൂർ നഗരം[തിരുത്തുക]

പുരാതന നിപൂർ നഗരത്തെ രണ്ടു ഭാഗങ്ങളായി വിഭജിച്ചുകൊണ്ട് ഒഴുകിയിരുന്ന തോടിന്റെ അവശിഷ്ടങ്ങൾ ഇന്നും ഈ പ്രദേശത്തുകാണാം. നഗരത്തിന്റെ പൂർവഭാഗമാണ് പുരാവസ്തുഗവേഷകർ കൂടുതൽ പഠനവിധേയമാക്കിയത്. ദേവാലയങ്ങളും അനുബന്ധമന്ദിരങ്ങളും ഈ ഭാഗത്തായി സ്ഥിതി ചെയ്തിരുന്നു. ഇതിൽ എൻലിലിന്റെ ദേവാലയമായ ഇ-കുർ (E-Kur), എൻലിലി(Enlil)ന്റെ സഹചാരിയായിരുന്ന നിൻലിലി(Ninlil)ന്റെ ദേവാലയമായ ഇ-കി-ഉർ (E-Ki-Ur) എന്നിവയാണ് പ്രത്യേക പരാമർശമർഹിക്കുന്നത്. നഗരത്തിന്റെ പശ്ചിമ ഭാഗത്തുനിന്നും നിരവധി വാണിജ്യരേഖകൾ കണ്ടെടുത്തിട്ടുണ്ട്.

നിപൂർ നഗരത്തിന്റെ നാശം[തിരുത്തുക]

ബി.സി. ഏഴാം നൂറ്റാണ്ടിൽ അസീറിയൻ രാജാവായ ആഷുർബാനിപാൽ (Ashurbanipal) എൻലിലിന്റെ ദേവാലയം പുതുക്കിപ്പണിതു. പിന്നീട് ക്രമേണ നിപൂർ നഗരം ക്ഷയിച്ചുതുടങ്ങി. പാർഥിയൻ കാലഘട്ടത്തിൽ എൻലിൻ ദേവാലയപ്രദേശത്ത് ഒരു കോട്ട നിലനിന്നിരുന്നു. 1258-ൽ മംഗോളിയർ ഈ പ്രദേശം ആക്രമിച്ചു കൊള്ളയടിച്ചപ്പോഴോ, അതിനു മുൻപോ ആകാം ഈ നഗരം പൂർണമായി ഉപേക്ഷിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിപൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിപൂർ&oldid=1691859" എന്ന താളിൽനിന്ന് ശേഖരിച്ചത്