നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, മുംബൈ
സ്ഥാപിതം | 1996 |
---|---|
സ്ഥാനം | മുംബൈ, ഇന്ത്യ |
നിർദ്ദേശാങ്കം | 18°55′33″N 72°49′53″E / 18.925837°N 72.831357°E |
Type | ചിത്രശാല |
Director | ശിവപ്രസാദ് ഖെനേഡ് |
വെബ്‌വിലാസം | ngmaindia.gov.in |
പ്രശസ്തരായ ചിത്രകാരന്മാരുടെയും ശിൽപ്പികളുടെയും കൃതികൾ പ്രദർശിപ്പിക്കുന്ന ഒരു കലാസംഗ്രഹാലയമാണ് മുംബൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്[1]. ദക്ഷിണ മുംബൈയിലെ കൊളാബയിൽ കൊവാസ്ജി ജഹാംഗീർ ഹാളിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്[2].
ചരിത്രം
[തിരുത്തുക]വിവിധ സാംസ്കാരികപരിപാടികളുടെ ഒരു പ്രമുഖ വേദിയായിരുന്നു കൊവാസ്ജി ജഹാംഗിർ ഹാൾ. എന്നാൽ മുംബൈയിൽ എഴുപതുകളുടെ തുടക്കം മുതൽ ശീതീകരണസംവിധാനമുള്ള ഓഡിറ്റോറിയങ്ങൾ വ്യാപകമായി. ഇതോടെ കൊവാസ്ജി ജഹാംഗിർ ഹാൾ അവഗണനയിലായി. ബോക്സിങ്ങ് മൽസരങ്ങളും ആദായ താൽക്കാലിക വിപണനമേളകളും മറ്റും ഇവിടെ സംഘടിപ്പിക്കപ്പെട്ടു. പ്രശസ്ത ശിൽപിയായ പിലൂ പോച്ഖാനാവാലാ, കെകെ ഗാന്ധി തുടങ്ങിയവർ നേതൃത്വം നൽകിയ കലാസമൂഹത്തിന്റെ കൂട്ടായ്മ ഈ അവസ്ഥക്കെതിരെ എതിർപ്പുകൾ പ്രകടിപ്പിച്ചതോടെ സമകാലിക കലയുടെ ഒരു മ്യൂസിയമാക്കി ഇതിനെ മാറ്റാനുള്ള തീരുമാനമായി. ഒരു സംരക്ഷിത പൈതൃകഘടന ആയതിനാൽ കെട്ടിടത്തിന്റെ ബാഹ്യ രൂപമോ, ഘടനാപരമായ മാറ്റങ്ങളോ ഇതിൽ വരുത്താൻ കഴിയുമായിരുന്നില്ല. കരിങ്കൽ തറയുള്ള യഥാർത്ഥ കെട്ടിടത്തിനുള്ളിൽ രണ്ട് അടി അകലം വിട്ട് പുതിയ പുതിയ മാർബിൾ തറ സ്ഥാപിച്ച് നിർമ്മാണം നടത്തിയാണ് റോമി ഖോസ്ല എന്ന ആർക്കിടെക്റ്റ് ഈ കെട്ടിടം നവീകരിച്ചത്. 1996 മുതൽ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഇവിടെ പ്രവർത്തിച്ചു തുടങ്ങി[3]. വെളിച്ചം, ഈർപ്പം, താപനില എന്നിവ നിയന്ത്രിതമായ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഒരു പ്രദർശനവേദിയാണിത് [1].
പ്രദർശനങ്ങൾ
[തിരുത്തുക]14,000-ത്തോളം കലാസൃഷ്ടികളാണ് ഇവിടെ ഒരുകാലത്ത് പ്രദർശനത്തിനുണ്ടായിരുന്നത്. 1857 മുതലുള്ള പെയിന്റിംഗുകൾ ഇതിലുൾപ്പെടും. പ്രശസ്ത ചിത്രകാരന്മാരായ പാബ്ലോ പിക്കാസോ, രാജാ രവിവർമ്മ, ഗഗനേന്ദ്രനാഥ ടാഗോർ, എം.എഫ്. ഹുസൈൻ, അമൃതാ ഷെർഗിൽ, എഫ്.എൻ. സോസ തുടങ്ങിയവരുടെ ചിത്രങ്ങൾ ഇവിടെ പ്രദർശനത്തിനുണ്ടായിരുന്നു. മമ്മി അടക്കമുള്ള ഈജിപ്ഷ്യൻ പുരാവസ്തുശേഖരമായിരുന്നു മറ്റൊരു ആകർഷണം. എന്നാൽ ഇവയിൽ പലതും ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയത്തിലേക്ക് മാറ്റപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള ചിത്രകാരന്മാരുടെ താൽക്കാലിക പ്രദർശനങ്ങളാണ് ഇവിടെ ഇപ്പോൾ നടക്കാറുള്ളത്.[3].